Sunday, 30 August 2026

ATLANTIS (2019)

 FILM : ATLANTIS (2019)

GENRE : DRAMA !!! WAR

COUNTRY : UKRAINE

DIRECTOR : VALENTYN VASYANOVYCH


    WAR GENRE സിനിമകളിലെ സ്ഥിരം കാഴ്ചകളിൽ നിന്ന് വിഭിന്നമായ അന്തരീക്ഷവും , ഗതിയുമാണ് ATLANTIS എന്ന യുക്രൈൻ സിനിമയ്ക്കുള്ളത്. യുദ്ധാനന്തര മനഃസംഘർഷങ്ങൾ പേറി നടക്കുന്ന സെർജി എന്ന മുൻ സൈനികനെ ചുറ്റിപ്പറ്റിയാണ് സിനിമ നീങ്ങുന്നത്. യുദ്ധത്തിൻ്റെ  ബാക്കിപത്രമെന്നോണം മനുഷ്യവാസ യോഗ്യമല്ലാതായിപ്പോയ പ്രദേശത്തെ കാഴ്ചകൾ  സെർജി ചെയ്യുന്ന വിവിധ ജോലികളോടൊപ്പം ഫ്രെയിമുകൾ കയ്യടക്കുമ്പോൾ യുദ്ധം എന്താണ് അവശേഷിപ്പിക്കുന്നത് എന്നതിന് അടിവരയിടുന്നു. പാകിയ മൈനുകൾ കണ്ടെത്താനുള്ള സൈനികരുടെ ശ്രമങ്ങളും, യുദ്ധത്തിൽ കാണാതായവരെ കണ്ടെത്താനുള്ള ഉദ്ഖനനങ്ങളും, അവയുടെ ഓട്ടോപ്സിയുമെല്ലാം യുദ്ധാന്തര ലോകത്തിൻ്റെ നേർകാഴ്ചകളാവുന്നു. യുദ്ധം ആവേശിച്ച നേതൃമനസ്സുകൾ സൃഷ്ടിക്കുന്ന ക്രൂരതകളും, ഭീകരതകളും മാനവരാശിയുടെ നിലനിൽപ്പിനെ തന്നെ പ്രതിസന്ധിയിലാക്കുന്ന സമകാലിക ലോകത്തും / എല്ലാ കാലത്തും പ്രസക്തമാണ് ഈ സിനിമയുണർത്തുന്ന ചിന്തകൾ ......



Saturday, 29 August 2026

THE GRAVEDIGGER'S WIFE (2021)

 FILM : THE GRAVEDIGGER'S WIFE (2021)

COUNTRY : SOMALIA

GENRE : DRAMA

DIRECTOR : KHADAR AYDERUS AHMED


     ആഫ്രിക്കൻ സിനിമകളിലെ ദൃശ്യങ്ങൾ എപ്പോഴും വേറിട്ട അനുഭവമേകുന്നവയാണ്. നമ്മുടെ  കാഴ്ചകൾക്കും  ചിന്തകൾക്കും അന്യമായ പ്രതലങ്ങളിലാണ് അവയിലെ കഥാപാത്രങ്ങളും അവരുടെ ജീവിതങ്ങളും നിലകൊള്ളുന്നത്. സന്തോഷത്തിന്റെ അരണ്ട വെളിച്ചം പോലും അകന്നു നിൽക്കുന്ന കാഴ്ചകളാണ് ആഫ്രിക്കൻ സിനിമകൾ പലപ്പോഴും സമ്മാനിക്കാറുള്ളത്. 
          ഈ  സിനിമ ശവക്കുഴിയെടുത്ത് ജീവിക്കുന്ന ഗുലാദിൻ്റെയും കുടുംബത്തിൻ്റെയും കഥയാണ്. തൻ്റെ ഭാര്യയുടെ ജീവൻ രക്ഷിക്കുന്നതിനാവശ്യമായ ഓപ്പറേഷന്‌ പണം കണ്ടെത്താനുള്ള ശ്രമങ്ങളിലാണ് അയാൾ. ഹോസ്പിറ്റലിന് സമീപം തമ്പടിച്ചിരിക്കുന്ന സഹജോലിക്കാരിലൊരാൾ നിരാശയോടെ  പറയുന്ന , " ഇന്ന് ഒരാൾ പോലും മരിച്ചില്ല" എന്ന കറുത്ത ഹാസ്യത്തിൽ ഗുലാദിൻ്റെ മാത്രമല്ല ഒരു ജനതയുടെ ദൈന്യതയെ കണ്ടെടുക്കാം. ജീവിത സാഹചര്യങ്ങളാൽ പ്രതീക്ഷകളറ്റു പോകുന്ന ജീവിത യാഥാർഥ്യങ്ങളെ മുൻനിർത്തി  മനസ്സിനെ വൈകാരികമായി സ്പർശിക്കുന്ന ഒരു മികച്ച ദൃശ്യാനുഭവം തന്നെയാണ് THE GRAVEDIGGER'S WIFE .


Wednesday, 26 August 2026

RAUF (2016)

 FILM  : RAUF (2016)

COUNTRY : TURKEY

GENRE : DRAMA !!! WAR !!! ROMANCE

DIRECTOR : SONER CANER , BARIS KAYA


        കുർദിഷ് പശ്ചാത്തലമുള്ള സിനിമകളെ യുദ്ധത്തിന്റെ നിഴലുകളിൽ നിന്ന് അടർത്തി നിർത്തുക അസാധ്യമാണെന്നിരിക്കെ ഈ സിനിമയും നിശ്വസിക്കുന്നത് യുദ്ധത്തിന്റെ വിഹ്വലതയും, നിശ്ശബ്ദതകളും തന്നെയാണ്. കുട്ടികളും, പ്രായമായവരും മാത്രം കാഴ്ച്ചയിൽ വരുന്ന ഒരു കുർദ്ദിഷ് മലയോര ഗ്രാമത്തിന്റെ മഞ്ഞുപുതഞ്ഞ പശ്ചാത്തലമാണ് സിനിമയ്ക്കുള്ളത്. ആഭ്യന്തരയുദ്ധം വെടിയൊച്ചകളുടെ പ്രകമ്പനങ്ങളായി ചേർന്നുനിൽക്കുന്ന ഗ്രാമീണതയിൽ സ്‌കൂൾ പഠനം നിർത്തി ആശാരിയുടെ സഹായിയായി പണി പഠിക്കുന്ന റൗഫിനൊപ്പം നമ്മളും ചേരുന്നു, കാരണം അവന്റെ കാഴ്ചകളാണ് സിനിമയുടെ കാഴ്ചകൾ. അവന്റെ കാഴ്ചകളിലൂടെയും, പ്രണയ ചിന്തകളിലൂടെയും സിനിമ മുന്നോട്ടായുമ്പോൾ യുദ്ധത്തിന്റെ വേദനകൾ കാഴ്ചക്കാരനിലേക്ക് നിശബ്ദമായി സംവദിക്കപ്പെടുന്നുണ്ട്. പ്രായവും,  ഉയരവും, ഭാരവും മരണത്തിന്റെ വിളംബരമാകുമ്പോൾ "കാരണം" മലനിരകളിൽ ഒളിഞ്ഞിരിക്കുന്ന യാഥാർത്യമായാണ് നമ്മിലേക്ക്‌ പടരുന്നത്. പതിഞ്ഞ താളത്തിൽ മനോഹരമായ ഭൂപ്രകൃതിയിൽ സാഹചര്യങ്ങൾക്കൊപ്പം താളാത്മകമായി സ്പന്ദിക്കുന്ന സംഗീതവും കലർന്ന ഒരു സിനിമ.


Tuesday, 25 August 2026

WHERE THE WIND COMES FROM (2025)

 FILM    : WHERE THE WIND COMES FROM (2025)

GENRE : DRAMA !!! ROAD MOVIE

COUNTRY : TUNISIA

DIRECTOR : AMEL GUELLATY


     WHERE THE WIND COMES FROM എന്ന ടുണീഷ്യൻ സിനിമ സൗഹൃദവും പുതുതലമുറയുടെ പ്രതീക്ഷകളും ഇന്ധനമാകുന്ന മനോഹരമായ ഒരു റോഡ് മൂവിയാണ്. Rebellious-ആയ അലീസയോടൊപ്പമുള്ള യാത്ര ഒന്നിനു പിറകെ മറ്റൊന്നായി പ്രശ്നങ്ങളെ ക്ഷണിച്ചു വരുത്തുമ്പോഴും, മെച്ചപ്പെട്ട ഒരു ഭാവി എന്ന പ്രതീക്ഷയും, അവളോടുള്ള സൗഹൃദവുമാണ് മെഹ്ദി എന്ന ചിത്രകാരനെ മുന്നോട്ടു നയിക്കുന്നത്. ടുണീഷ്യയിൽ നിന്ന് പുറത്തുകടക്കാൻ മെഹ്ദിക്ക് കൈവന്ന  അവസരം സ്വന്തമാക്കാൻ ഒരു മത്സരത്തിൽ പങ്കെടുക്കാനാണ് ഇരുവരുടെയും യാത്ര. അതിരില്ലാത്ത പ്രതീക്ഷയും, അരക്ഷിതമായ സാഹചര്യങ്ങളുമെല്ലാം പല അനിവാര്യതകളിലേക്കും അവരെ കാലെടുത്തുവെയ്പ്പിക്കുന്നു. ടുണീഷ്യയിലെ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങൾ  സാന്നിധ്യമായി കഥാപാത്രങ്ങളിലും, അവരുടെ ചിന്തകളിലും, അവരുടെ ചുറ്റുപാടുകളിലും നിഴൽ വീഴ്ത്തുന്നതായി കാണാം. സന്തോഷവും, സങ്കടങ്ങളും, പ്രയാസങ്ങളും, തിരിച്ചറിവുകളുമെല്ലാം നിറഞ്ഞ യാത്രയിലെ സംഭാഷണങ്ങൾക്കിടയിൽ ഇരുകഥാപാത്രങ്ങളും കൂടുതൽ തെളിമയാർജ്ജിക്കുന്നുണ്ട്. മികച്ച സിനിമാട്ടോഗ്രഫിയും, സംഗീതവും സിനിമയ്ക്ക് മുതൽക്കൂട്ടാവുന്നു .