FILM : IN THE LAND OF BROTHERS (2024)
COUNTRY : IRAN
GENRE : DRAMA
DIRECTOR : RAHA AMIRFAZLI , ALIREZA GHASEMI
യുദ്ധങ്ങളും, രാഷ്ട്രീയ അസ്ഥിരതകളുമെല്ലാം മനുഷ്യനെ തള്ളിയിടുന്നത് പലതരം ജീവിതാവസ്ഥകളിലേക്കാണ്. സങ്കല്പിക്കാനാവാത്ത ജീവിതപരിസരങ്ങളിൽ എരിഞ്ഞു തീരുവാനും, അടയാളങ്ങളില്ലാതെ അലിഞ്ഞു തീരുവാനും വിധിക്കപ്പെട്ട നിരവധി ജീവിതങ്ങളേയും മനുഷ്യാവസ്ഥകളെയും ഓർമിപ്പിക്കുന്നു ഇറാനിയൻ സിനിമയായ IN THE LAND OF BROTHERS.
അഭയാർത്ഥി ജീവിതത്തിന്റെ പലതരം ദുർഘട സന്ധികളിലൂടെ സഞ്ചരിക്കുന്ന സിനിമ വിവിധ ദശകങ്ങളിലേയ്ക്ക് കാലൂന്നുമ്പോഴും ആശങ്കകളും, സ്വത്വ പ്രതിസന്ധികളുമെല്ലാം കഥാപാത്രങ്ങളെ നിഴലുപോലെ പിന്തുടരുന്നു എന്ന യാഥാർഥ്യം തെളിഞ്ഞു നിൽക്കുന്നു. പരസ്പര ബന്ധമുള്ള മൂന്നു കഥാപാത്രങ്ങളുടെ ജീവിതങ്ങളെ വ്യത്യസ്ത ടൈംലൈനിൽ അവതരിപ്പിക്കുന്നതിലൂടെ അഭയാർത്ഥി ജീവിതങ്ങളുടെ സാമൂഹികമായ പരിണാമവും അനാവൃതമാകുന്നു. മുഹമ്മദും, ലൈലയും, ക്വസവുമെല്ലാം നടന്നു തീർത്ത പാതകളിൽ ദുഃഖസാന്ദ്രമായ ശേഷിപ്പുകൾക്കപ്പുറം ജീവിതത്തിന്റെ വർണ്ണങ്ങളെ കണ്ടുമുട്ടാനാവുന്നില്ല. സാഹചര്യങ്ങൾ അടിച്ചേൽപ്പിച്ച അവരുടെ ജീവിതത്തിലെ നിസ്സഹായതയുടെ / നിരാശയുടെ / തകർന്ന സ്വപ്നങ്ങളുടെ / അസ്തമിച്ച പ്രതീക്ഷകളുടെയെല്ലാം പതിഞ്ഞ തേങ്ങലുകൾ അവരിൽ തന്നെയൊടുങ്ങുന്നു.
ചൂഷണങ്ങളും , നഷ്ടങ്ങളും, വേദനകളുമെല്ലാം ജീവശ്വാസം പോലെ ഒപ്പം നടക്കുന്ന അഭയാർത്ഥി ജീവിതത്തിന്റെ വേറിട്ട കാഴ്ചകളിലേക്ക് ക്യാമറ തിരിക്കുന്ന ഈ സിനിമ മനസ്സിൽ ഒരു നൊമ്പരമായി അവശേഷിക്കുന്നു. കഥാപാത്രങ്ങളുടെ മികച്ച പ്രകടനങ്ങളും, അളന്നു മുറിച്ച സംഭാഷണങ്ങളും , മികച്ച സിനിമാറ്റോഗ്രഫിയും, ശ്രദ്ധയാകർഷിക്കുന്ന സൗണ്ട് ട്രാക്കുമെല്ലാം ഈ സിനിമയെ മികച്ച ദൃശ്യാനുഭവമാക്കുന്നു.
No comments:
Post a Comment