Sunday, 22 October 2017

BITTER DREAM (2004)



FILM : BITTER DREAM (2004)
GENRE : BLACK COMEDY
COUNTRY : IRAN
DIRECTOR : MOHSEN AMIRYOUSSEFI

               ഇറാനിയൻ സിനിമ എന്നും വിസ്മയിപ്പിച്ചിട്ടേയുള്ളൂ. പ്രമേയത്തിലും, ആഖ്യാനത്തിലും അവയ്ക്ക്   പ്രത്യേകമായ ഒരു സൗന്ദര്യം ഉള്ളതായി തോന്നാറുണ്ട്. നിയന്ത്രണങ്ങൾക്കുള്ളിൽ നിന്നും, അവയോട് നിരന്തരം കലഹിച്ചും ദൃശ്യഭാഷയിലൂടെ ഇറാനിയൻ സിനിമകൾ തീർക്കുന്ന നിലപാടുകളെ അത്ഭുതത്തോടെയാണ് കണ്ടിട്ടുള്ളത്. ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഇന്നത്തെ പോസ്റ്റ് ഒരു ഇറാനിയൻ സിനിമയേക്കുറിച്ചു തന്നെയാവാം. മൊഹ്‌സിൻ ആമിർയൂസഫിയുടെ  "BITTER DREAM" എന്ന സിനിമയെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
സിനിമയെക്കുറിച്ച് 
              മരണവും, ശ്‌മശാനവും കഥാപാത്രങ്ങളുടെ ഉപജീവനവും, പശ്ചാത്തലവുമാകുന്ന സിനിമയെ കോമഡിയെന്ന് വിശേഷിപ്പിക്കുമ്പോൾ അത് ബ്ലാക്ക് കോമഡിയാകും എന്ന് പ്രത്യേകം പറയേണ്ടതില്ല. മൃതശരീരത്തെ കുളിപ്പിക്കുന്ന എസ്ഫന്ദറും, കുഴിയെടുക്കുന്നയാളും, മരിച്ചവരുടെ വസ്ത്രങ്ങൾക്ക് തീയിടുന്ന ആളും, ദിൽബർ എന്ന വിധവയും, പ്രാദേശിക പുരോഹിതനുമെല്ലാം ഈ സിനിമയിലെ കഥാപാത്രങ്ങളാകുന്നു. ഒരു ഡോക്യുമെന്ററി  സ്റ്റൈലിലാണ് സിനിമയെടുത്തിരിക്കുന്നത്. ശ്മശാനത്തിന്റെ തലവനെന്നു തോന്നിക്കുന്ന എസ്ഫന്ദറുടെ വോയ്‌സ് ഓവറുകളും, അസ്തിത്വ ചിന്തകളും പ്രേക്ഷക മനസ്സിനെ പിന്തുടരുക തന്നെ ചെയ്യും. ചിലപ്പോഴൊക്കെ സറ്റയറിക്കലായി മാറുന്ന കാഴ്ചകളെ ഇറാനിയൻ സാമൂഹിക പശ്ചാത്തലത്തെ മുൻനിർത്തി മാത്രമേ വിലയിരുത്താനാവൂ. ചിരിപ്പിക്കുക എന്നതിലുപരി ചിന്തയിലേക്ക് പാഞ്ഞുകയറി മനസ്സിനെ പിടിച്ചുലയ്ക്കുക എന്നതാണ് കറുത്ത ഹാസ്യത്തിന്റെ സ്വഭാവം. ഇവിടെ, മരണവും, ശ്‌മശാനവും, നിശബ്ദതയും നിറഞ്ഞ ഫ്രെയിമുകളിൽ ഹാസ്യം ഇരുട്ടണിഞ്ഞു നിൽക്കുമ്പോൾ കഥാപാത്രങ്ങൾക്കൊപ്പം പ്രേക്ഷകനും അസ്തിത്വ ചിന്തകളിലേക്ക് ചേക്കേറുന്നു. സ്വന്തം മരണത്തെക്കുറിച്ചുള്ള ചിന്തകൾ എസ്ഫന്ദറിനെ കീഴടക്കുമ്പോൾ അയാളിൽ വരുന്ന മാറ്റങ്ങളും, അയാളുടെ തയ്യാറെടുപ്പുകളും മനുഷ്യ മനസ്സുകളുടെ ദൗർബല്യങ്ങളെയാണ് പ്രേക്ഷകന് കാണിച്ചു തരുന്നത്.
       സിനിമയെക്കുറിച്ചു ഇത്രയും കുറിച്ചതിൽ നിന്ന് ഒരു ഏകദേശ ധാരണ കിട്ടിയിരിക്കും എന്ന് കരുതുന്നു. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു കാഴ്ചയല്ല BITTER DREAM. എനിക്ക് ഈ സിനിമ കയ്പ്പേറിയ അനുഭവമല്ല സമ്മാനിച്ചത്. നിങ്ങൾക്ക് ..........................................  


1 comment:

  1. മരണവും, ശ്‌മശാനവും കഥാപാത്രങ്ങളുടെ
    ഉപജീവനവും, പശ്ചാത്തലവുമാകുന്ന സിനിമയെ
    കോമഡിയെന്ന് വിശേഷിപ്പിക്കുമ്പോൾ അത് ബ്ലാക്ക്
    കോമഡിയാകും എന്ന് പ്രത്യേകം പറയേണ്ടതില്ല. മൃതശരീരത്തെ
    കുളിപ്പിക്കുന്ന എസ്ഫന്ദറും, കുഴിയെടുക്കുന്നയാളും, മരിച്ചവരുടെ വസ്ത്രങ്ങൾക്ക് തീയിടുന്ന ആളും, ദിൽബർ എന്ന വിധവയും, പ്രാദേശിക പുരോഹിതനുമെല്ലാം ഈ സിനിമയിലെ കഥാപാത്രങ്ങളാകുന്നു.

    ReplyDelete