Sunday, 1 October 2017

VODKA LEMON (2003)



FILM : VODKA LEMON (2003)
GENRE : DRAMA !!! COMEDY
COUNTRY : ARMENIA
DIRECTOR : HINER SALEEM

       ദുഖവും, നിരാശയും കലർന്ന മനസ്സും ഭാവവുമാണ് ഗ്രാമനിവാസികൾക്കെല്ലാം. ഓരോ ദിവസത്തെയും നിലനിൽപ്പിനുള്ള ശ്രമങ്ങളിലാണ് ഓരോരുത്തരും. ബാഹ്യലോകത്തിൽ നിന്നും ഒറ്റപ്പെട്ടു കിടക്കുന്ന മഞ്ഞുപുതഞ്ഞ ഗ്രാമത്തിലെ കുർദ്ദുകളുടെ കഥയാണ് HINER SALEEM-ന്റെ VODKA LEMON പറയുന്നത്. അതിമനോഹരമായ സിനിമാറ്റോഗ്രാഫിയും ഹൃദയസ്പർശിയായ മുഹൂർത്തങ്ങളുമായ് ഈ സിനിമ പ്രേക്ഷകന്റെ ഇഷ്ടം പിടിച്ചു പറ്റുന്നു.
         സാമ്പത്തികമായി തകർന്ന ഗ്രാമനിവാസികളെല്ലാം അതിജീവനത്തിനായ് വീട്ടുസാധനങ്ങൾ പോലും വിൽക്കുകയാണ്. നഷ്ടങ്ങളുടെയും, ഇല്ലായ്മകളുടെയും വേദനകളാണ് കഥാപാത്രങ്ങളുടെ കൂട്ടാളികളെങ്കിലും, നമ്മെ ചിരിപ്പിക്കാൻ സിനിമ മറന്നു പോകുന്നില്ല. പ്രായമേറിയവർ കൂടുതലുള്ള ഗ്രാമത്തിലെ ആളുകളുടെ ദിനചര്യകളിലൂടെ സിനിമ മുന്നോട്ടു പോകുമ്പോൾ പ്രേക്ഷകനും അവരോടൊപ്പം കൂടാനാവുന്നു. വിഷ്വലി റിച്ച് എന്നതിലുപരി കൾച്ചറലി റിച്ച് എന്ന നിലയിലാണ് എനിക്ക് ഈ സിനിമ കൂടുതൽ ആസ്വദിക്കാനായത്. സിനിമയിൽ ദൃശ്യമായ രാഷ്ട്രീയ സൂചനകളെ എങ്ങനെ വിലയിരുത്തുമെന്നത് സിനിമ ബാക്കിവെയ്ക്കുന്ന ചിന്തകളാണ്.  ചുമരുകളിൽ തൂങ്ങിക്കിടക്കുന്ന ചരിത്രങ്ങളേയും, ചരിത്രപുരുഷന്മാരെയും യാദൃശ്ചികതയായ്‌ അവഗണിക്കാനാവില്ല എന്നത് തന്നെയാണ് നമുക്ക് മനസ്സിലാക്കാനാവുന്നത്.
     പറയത്തക്ക കഥയൊന്നുമില്ലെങ്കിലും, നൊമ്പരങ്ങളെ ഉള്ളിലൊതുക്കി ജീവിതം തള്ളിനീക്കുന്ന കഥാപാത്രങ്ങളും, അവരുടെ സംഭാഷണങ്ങളും മഞ്ഞുപെയ്യുന്ന, മഞ്ഞുപുതഞ്ഞ മലയോരങ്ങളും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന കാഴ്ചകളാണ്. കണ്ണിനു കുളിർമ്മയേകുന്ന ഈ അർമേനിയൻ സിനിമയുടെ അവസാന രംഗവും മികവുറ്റതാണ്. വിദേശ സിനിമകൾ കാണാനിഷ്ട്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് വോഡ്ക ലെമൺ.



1 comment:

  1. പറയത്തക്ക കഥയൊന്നുമില്ലെങ്കിലും, നൊമ്പരങ്ങളെ ഉള്ളിലൊതുക്കി ജീവിതം തള്ളിനീക്കുന്ന കഥാപാത്രങ്ങളും, അവരുടെ സംഭാഷണങ്ങളും മഞ്ഞുപെയ്യുന്ന, മഞ്ഞുപുതഞ്ഞ മലയോരങ്ങളും പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന കാഴ്ചകളാണ്. കണ്ണിനു കുളിർമ്മയേകുന്ന ഈ അർമേനിയൻ സിനിമയുടെ അവസാന രംഗവും മികവുറ്റതാണ്. വിദേശ സിനിമകൾ കാണാനിഷ്ട്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് വോഡ്ക ലെമൺ.

    ReplyDelete