Saturday, 14 October 2017

TULPAN (2008)



FILM : TULPAN (2008)
GENRE ; COMEDY !!! DRAMA
COUNTRY : KAZAKHSTAN
DIRECTOR  : SERGEY DVORTSEVOY

              ചില ഭൂപ്രദേശങ്ങൾ കാണുമ്പോൾ അവിടെ വസിക്കുന്നവരുടെ അഡാപ്റ്റബിലിറ്റിയെക്കുറിച്ചു ഓർത്തുപോവാറുണ്ട്. വളരെ കടുപ്പമേറിയ സാഹചര്യങ്ങളിലും ജീവിതം കരുപിടിപ്പിക്കാനുള്ള ശ്രമങ്ങളുമായി പ്രകൃതിയോട് മല്ലടിക്കുന്ന ഒരു കുടുംബത്തിന്റെ ജീവിതമാണ് ഈ സിനിമ കാണിച്ചു തരുന്നത്. കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ സെൻട്രൽ ഏഷ്യൻ രാജ്യങ്ങളിലെ ഗ്രാമീണ കാഴ്ചകളടങ്ങിയ സിനിമകളിൽ മുൻപും കണ്ടിട്ടുള്ള സാംസ്‌കാരിക വൈവിധ്യങ്ങളാണ് ഈ സിനിമയിലും കാണാനായത്, എങ്കിലും ചില കാഴ്ചകൾ "അപൂർവ്വങ്ങളിൽ അപൂർവ്വം" എന്നു  വിശേഷിപ്പിക്കേണ്ടവ തന്നെയായിരുന്നു.
           ജീവിതം ദുസ്സഹമായ പുൽമേടുകളിൽ ആടുകളെ മേച്ചുകൊണ്ടു ഒരിടത്തും നിലയുറപ്പിക്കാതെ ജീവിക്കുന്ന "നൊമാഡുകളുടെ" ജീവിതമാണ് ഈ സിനിമ. കപ്പൽ യാത്രികനായിരുന്ന ASA എന്ന യുവാവ് സഹോദരിയുടെ കുടുംബത്തിനൊപ്പം പുതിയ ജീവിത സ്വപ്നങ്ങളുമായി താമസിക്കാനെത്തുകയാണ്. സ്വന്തമായി ആട്ടിൻകൂട്ടവും, കൂരയുമെന്ന അയാളുടെ സ്വപ്നത്തിലേക്കുള്ള ആദ്യ പടിയെന്നത് വിവാഹമാണ്. പ്രദേശത്തെ ഏക പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുകയാണ് ASA.
     വിജനമായ, വരണ്ട, പൊടിക്കാറ്റ് വീശുന്ന ഭൂപ്രദേശങ്ങളിലെ നൊമാഡുകളുടെ  വേറിട്ട ജീവിത രീതികളെ അടുത്തറിയാൻ TULPAN സഹായിക്കുന്നു. ആടുകളെ പരിശോദിക്കാനെത്തുന്ന മൃഗഡോകറ്ററുടെ കഥാപാത്രം കുറച്ചു നിമിഷങ്ങൾ മാത്രമേയുളളൂയെങ്കിലും വളരെ ഹാസ്യാത്മകമായി. കുട്ടികളായി അഭിനയിച്ചവർ മനോഹരമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. സിനിമയിൽ കാണാവുന്ന വാഹനങ്ങൾ പോലും ദുസ്സഹമായ ആ ജീവിതത്തിന്റെ  ചേരുവകളായി നമുക്ക് തോന്നും. സിനിമയിലെ ചില ദൃശ്യങ്ങൾ എത്രമാത്രം "റിയൽ" ആയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നത് കണ്ടറിയുക തന്നെ വേണം. സിനിമയിൽ എന്നെ ഏറ്റവുമധികം സ്പർശിച്ചത് ASA യും , സഹോദരിയും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതയാണ്.
      TULPAN എന്ന പേരിനോട് തോന്നിയ കൗതുകവും സിനിമ കാണാൻ പ്രേരിപ്പിച്ച കാര്യങ്ങളിലൊന്നാണ്. TULPAN  ഈ സിനിമയിൽ എത്രത്തോളം പ്രാധാന്യമർഹിക്കുന്നു എന്നത് നിങ്ങൾ കണ്ടുമനസ്സിലാക്കുന്നതാണ് ഉത്തമം. വ്യത്യസ്തമായ ഒരു ജീവിതരീതിയുടെ, സംസ്കാരത്തിന്റെ നേർക്കാഴ്ച്ചയെന്ന രീതിയിൽ അപൂർവ്വമായ സിനിമാനുഭവങ്ങളാണ് ഇത്തരം കാഴ്ചകൾ.


No comments:

Post a Comment