Thursday, 12 October 2017

LUMUMBA (2000)



FILM : LUMUMBA (2000)
GENRE : POLITICAL DRAMA
COUNTRY : HAITI
DIRECTOR : RAOUL PECK

             പൊളിറ്റിക്കൽ ഡ്രാമകളും മറ്റും കാണുമ്പോൾ മുൻവിധികൾ മനസ്സിലേക്ക് ചേക്കേറുന്ന പതിവുണ്ട്. ചരിത്രത്തിലെ നിർണ്ണായക നിമിഷങ്ങളെ റിയാലിറ്റിയിൽ നിന്ന് അടർത്തി മാറ്റാതെ  അവതരിപ്പിക്കപ്പെട്ട LUMUMBA എന്ന ഹെയ്തി സിനിമ എല്ലാ നിലയ്ക്കും എനിക്ക് വിസ്മയമാണ് സമ്മാനിച്ചത്. ഇരുപതാം നൂറ്റാണ്ടിലെ അതിപ്രശസ്തരായ ആഫ്രിക്കൻ നേതാക്കളിൽ ഒരാളായ "പാട്രീസ് എമാരി ലുമുംബ" എന്ന കോംഗോ നേതാവിന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണ്ണായക ഏടുകൾ ഫ്രെയിമുകളിലേക്ക് പകർത്തിയ ഈ സിനിമ, കോംഗോ എന്ന രാജ്യത്തിന്റെ സ്വാതന്ത്ര്യ ചരിത്രത്തെയും, അതിലുപരി സാമ്രാജ്യത്വത്തിന്റെ താൽപര്യങ്ങളിലും കൗശലങ്ങളിലും ഞെരിഞ്ഞമരുന്ന ആഫ്രിക്കൻ യാഥാർഥ്യങ്ങളെയും തുറന്നു കാട്ടുന്നു.  
        ബെൽജിയൻ കോളനിയായിരുന്ന കോംഗോയെ സ്വതന്ത്രയാക്കാനുള്ള പോരാട്ടത്തിലെ മുന്നണി പോരാളിയായിരുന്ന ലുമുംബ തന്നെയായിരുന്നു ആ രാജ്യത്തിൻറെ ആദ്യ പ്രധാനമന്ത്രി. രാജ്യത്തിന്റെ ഐക്യത്തിലും, പൂർണ്ണ സ്വാതന്ത്ര്യത്തിലും ഉറച്ചു വിശ്വസിച്ച അയാളുടെ നിലപാടുകളും, വാക്കുകളും പലർക്കും അസ്വസ്ഥത ഉളവാക്കി എന്നതാണ് സത്യം. സാമ്രാജ്യത്ത താൽപര്യങ്ങൾ ഉടക്കിനിന്ന ഖനികളാലും, മറ്റു പ്രകൃതി വിഭവങ്ങളാലും സമ്പന്നമായ ഒരു രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള വമ്പൻ ശക്തികളുടെ കുടിലതകൾക്കു മുന്നിൽ പരാജയം രുചിച്ച ആ പോരാളിയോടൊപ്പം തകർന്നടിഞ്ഞത് ആ രാജ്യത്തിൻറെ സ്വപ്‌നങ്ങൾ തന്നെയായിരുന്നു എന്ന് കാലമാണ് സാക്ഷ്യപ്പെടുത്തിയത്.
      ബയോഗ്രഫികളിൽ കാണപ്പെടാറുള്ള പോലെ വ്യക്തിത്വത്തെ മഹത്വവൽക്കരിക്കാനുള്ള ശ്രമങ്ങൾ ഈ സിനിമയിൽ കാണാനായില്ല. നിലപാടുകളിലെ കാർക്കശ്യവുമായി രാജ്യത്തെ നയിച്ച ലുമുംബയുടെ ചില എടുത്തുചാട്ടങ്ങൾ തന്നെയാണ് സ്വന്തം ജനതയുടെ തോക്കിന്റെ മറുവശത്ത് അയാളെ നിർത്തിയത്. ആരുടെയൊക്കെയോ സ്വാർത്ഥതകളാൽ നിയന്ത്രിക്കപ്പെട്ട നേതാക്കൾ കൈക്കൊണ്ട തീരുമാനങ്ങളുടെ ആകെത്തുകയായി ആ രാജ്യം പടുകുഴിയിൽ വീഴുകയായിരുന്നു.
       ബൃഹത്തായ ഒരു കാലഘട്ടത്തെ അവതരിപ്പിക്കാതെ സ്വാതന്ത്ര്യത്തിനു മുമ്പും, ശേഷവുമുള്ള ചെറിയ ഒരു കാലത്തിലാണ് സിനിമ നിലയുറപ്പിക്കുന്നത്. ഹോളിവുഡ് സിനിമകളുടെ ശൈലിയുടെ പുറകെ പോകാതെ ആഫ്രിക്കൻ ശൈലിയിൽ തന്നെ ഈ സിനിമ അണിയിച്ചൊരുക്കിയത് വളരെ നന്നായതായ് തോന്നി. ഓരോ സംഭവങ്ങളും വിശ്വാസയോഗ്യമായ രീതിയിൽ കാലഘട്ടത്തോടും, കഥാപാത്രങ്ങളോടും നീതിപുലർത്തി അവതരിപ്പിച്ചതായാണ് തോന്നിയത്. ഒരു ചരിത്ര വിദ്യാർത്ഥിയിൽ ആകാംഷയുണർത്തും വിധം മൂർച്ചയുള്ളവയായിരുന്നു സംഭാഷണങ്ങൾ. സിനിമയുടെ അവസാന ഭാഗങ്ങൾ വളരെ അസ്വസ്ഥതയോടെയാണ് കണ്ടു തീർത്തത്. ചരിത്രത്തിലെ കറുത്ത അധ്യായങ്ങളിലെ ക്രൂരത നിറഞ്ഞ രാത്രികളിലൊന്നിനെ ഭീകരത ചോരാതെ തന്നെ കാണാനായതാണ് അതിനുള്ള കാരണം. ലുമുംബ എന്ന ടൈറ്റിൽ റോൾ ഉൾപ്പെടെ എല്ലാവരും മികച്ച അഭിനയമാണ് പടത്തിലുടനീളം കാഴ്ചവെച്ചത്.
     അവശേഷിക്കുന്നവനും, വിജയിച്ചവനും രചിക്കുന്ന ചരിത്രത്താളുകളിൽ യഥാർത്ഥ പോരാളികൾക്ക് നീതിയുണ്ടാവില്ല, എന്നാൽ കാലം അതിനൊക്കെ മറുചരിതമെഴുതി നീതി വിളയിക്കുമെന്ന് തന്നെയാണ് ഇന്നോളമുള്ള ചരിത്രം വിളിച്ചുപറയുന്നത്.


No comments:

Post a Comment