FILM : DOGMAN (2018)
GENRE : DRAMA !!!
THRILLER
COUNTRY : ITALY
DIRECTOR : MATTEO
GARRONE

"മനുഷ്യൻ" എന്ന പദം ഏറ്റവും സുന്ദരമോ, നികൃഷ്ടമോ ആകുന്നത് അവന്റെ മനസ്സിന്റെ സഞ്ചാരപഥങ്ങളെ പിന്തുടർന്ന് അവനിലേക്ക് സൂക്ഷ്മതയോടെ നോക്കുമ്പോഴാണ്. നിഷ്ക്കളങ്കതയുടെ എല്ലാ ഭാവങ്ങളും പ്രത്യക്ഷത്തിൽ പ്രസരിപ്പിക്കുന്ന ആൾ തിന്മയോട് കണ്ണിചേരുന്ന വൈരുദ്ധ്യം കൂടിയാണ് മനുഷ്യമനസ്സിന്റെ ഐഡന്റിറ്റി. പരസ്പര വിരുദ്ധമായ ധ്രുവങ്ങളിലേക്ക് OSCILLATE ചെയ്യപ്പെടാനുള്ള സാധ്യതയും, ശേഷിയും തന്നെയാണതിന്റെ സവിശേഷതയും. അത്തരത്തിലുള്ള സാധ്യതകളിലേക്ക് നയിക്കുന്നതോ?.... ജീവിതമെന്ന യാഥാർത്യവും.
DOGMAN എന്ന ഇറ്റാലിയൻ സിനിമ എന്നിലുണർത്തിയ ചിന്തകളാണ് മുകളിൽ എഴുതിയിട്ടുള്ളത്. സിനിമയെക്കുറിച്ചു പറയുകയാണെങ്കിൽ അത് മാഴ്‌സലോയിൽ നിന്ന് തുടങ്ങണം, അയാളിലൂടെ മുന്നേറണം, അയാളിൽ തന്നെ അവസാനിപ്പിക്കുകയും വേണം. നായകളെ പരിപാലിക്കുന്നതിൽ വൈദഗ്ധ്യമുള്ള മാഴ്‌സലോ എല്ലാവർക്കും പ്രിയങ്കരനാണ്. വാക്കിലും, ശരീരഭാഷയിലും, പ്രവർത്തിയിലും അയാളുടെ നന്മകളെ തിരിച്ചറിയാനാവുന്നതാണ് അതിന്റെ കാരണങ്ങളിലൊന്ന്. വാത്സല്യ നിധിയായ പിതാവായും, സാമ്പത്തിക പരാധീനതകൾക്കിടയിലും മകളുടെ ആഗ്രഹങ്ങളെ മാനിക്കുന്നയാളായും മാഴ്‌സലോയെ കാണാം. സാമ്പത്തിക ഞെരുക്കങ്ങളെ മെരുക്കിയെടുക്കാനുള്ള വഴിയാണ് ചെറിയ തോതിലുള്ള അയാളുടെ ഡ്രഗ് ഡീലുകൾ. അക്രമങ്ങളിൽ നിന്നും , കുറ്റകൃത്യങ്ങളിൽ നിന്നും പരമാവധി വിട്ടുനിൽക്കാൻ ശ്രമിക്കുന്നയാളാണ് മാഴ്‌സലോ. തന്റെ കസ്റ്റമറായ സിമോൺ എന്ന വാഴക്കാളിയുമായുള്ള സൗഹൃദം കനക്കുന്നതോടെ സാഹചര്യങ്ങൾ സങ്കീർണ്ണമാകുന്നു. ഈ പ്രശ്‍നങ്ങളെ എങ്ങനെയാണ് മാഴ്‌സലോ നേരിടുന്നത്?..... അതിനപ്പുറം മാഴ്‌സലോയെന്ന വ്യക്തിയ്ക്ക് എന്ത് സംഭവിക്കുന്നു?..... ഇതിനുള്ള ഉത്തരങ്ങൾ സിനിമയിൽ നിന്ന് തേടുന്നതാണ് ഉത്തമം.
സൂക്ഷ്മദർശിനിയിലൂടെ നോക്കുമ്പോൾ
നിർബന്ധങ്ങൾക്ക് വശംവദനായി കുറ്റകൃത്യങ്ങളിൽ പങ്കുകൊള്ളേണ്ടി വരുന്ന സാഹചര്യങ്ങളിലെല്ലാം നിസ്സഹായതയെ സ്ഫുരിക്കുന്ന അയാളുടെ മുഖത്തിനു പിറകിൽ അതിനോട് സന്ധി ചെയ്തു കഴിഞ്ഞ മനസ്സ് ഒളിച്ചിരിക്കുന്നതായി കാണാം. നന്മകളുടെ ആധിക്യങ്ങൾക്കിടയിൽ ഒന്നുമല്ലാത്തതെന്ന രീതിയിൽ ഇടം പിടിക്കുന്ന തിന്മകൾ അവസരോചിതമായി ഉപരിതലത്തിലേക്കു പൊന്തിവരുന്നതാണ് ഇവിടെ ദർശിക്കാവുന്ന യാഥാർത്യം. മാഴ്‌സലോയുടെ വിഷമതകൾ അയാളുടെയും കൂടി സൃഷ്ടികളല്ലേ(?) എന്ന ചോദ്യവും സിനിമ തൊടുക്കുന്നു. അകവും പുറവും മറയില്ലാത്ത വിധം തുറന്നു കാട്ടുന്ന സിമോണിനോളം തിന്മ അകമനസ്സിൽ മാഴ്‌സലോയും പേറുന്നുണ്ട് എന്നാണ് തോന്നിയത്. ഭീഷണികൾ ചെലുത്തുന്ന ഭീതിയാണ് മാഴ്‌സലോയെ സിമോണിനൊപ്പം ചേർക്കുന്നതെങ്കിലും, ഭീതിതമായ രൂപത്തിലേക്ക് സിമോണിനെ ഒരുക്കിയെടുക്കുന്നതിൽ മാഴ്‌സലോയ്ക്കും പങ്കുണ്ടെന്നതാണ് സത്യം. നിസ്സഹായതയോടെ കൂട്ടുകൂടേണ്ടി വരുന്ന തിന്മയുടെ ഓഹരി മാഴ്‌സലോയുടെ നേരെ വച്ചുനീട്ടുമ്പോൾ അയാളിലെ നിഷ്കളങ്കത ലോപിച്ചു പോകുന്നതായും തോന്നുന്നു. സിമോണിനെ ഒറ്റുകൊടുക്കാതെ ജയിൽ ശിക്ഷയെ ആശ്ലേഷിക്കാൻ മാഴ്‌സലോയെ പ്രേരിപ്പിച്ചതെന്താവാമെന്ന ചിന്തയിൽ യുക്തിയെ ഒപ്പം കൂട്ടിയപ്പോൾ തോന്നിയത്, അയാളുടെ സുരക്ഷയെ കരുതിയാകുമെന്നാണ്. എന്നാൽ, അതിനപ്പുറം ചിന്തിക്കാനുള്ള കുടിലത ആ നിഷ്കളങ്കതയുടെ ആവരണത്തിനുള്ളിൽ വാഴുന്നുണ്ടെന്നത് തിരിച്ചറിവ് കൂടിയായിരുന്നു. നിസ്സഹായതയും, നിരാശയും,ദേഷ്യവും, പ്രതികാരദാഹവുമെല്ലാം ആ ശുഷ്ക ശരീരത്തിനുള്ളിൽ നിന്ന് തീവ്രതയോടെ പുറത്തു വരുന്നത് കാണേണ്ടത് തന്നെയാണ്. തന്നെക്കാൾ വലിയ നായകളെ "ഇര" കാട്ടി വരുതിയിലാക്കി മെരുക്കിയെടുക്കുന്ന ലാഘവത്തോടെ ഭീമാകാരനായ സിമോണിനെ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്ന മാഴ്‌സലോ വൈരുദ്ധ്യങ്ങളുടെ കലവറയായ മനുഷ്യമനസ്സിനെ പ്രതിനിധീകരിക്കുന്ന ഉദാഹരണങ്ങളിലൊന്നാകുന്നു.
സിനിമയുടെ തീമിനോടും, ഫീലിനോടും ചേർന്ന് നിൽക്കുന്ന സിനിമാട്ടോഗ്രഫിയും, മാഴ്‌സലോ എന്ന കഥാപാത്രമായി വിസ്മയിപ്പിച്ച MARCELLO FONTE എന്ന നടന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. മനുഷ്യമനസ്സിന്റെ ഇരുളിടങ്ങളെക്കുറിച്ചുള്ള ചിന്തകളെ എനിക്ക് സമ്മാനിച്ച ഈ സിനിമ ഒരു MUST WATCH തന്നെയാണെന്നാണ് എന്റെ "മനസ്സ്" പറയുന്നത്.