Thursday, 3 April 2014

THREE MONKEYS



FILM            : THREE MONKEYS
DIRECTOR : NURI BILGE CEYLAN    !! TURKEY
GENRE        : EMOTIONAL DRAMA


           "uzak " എന്ന  സിനിമയിലൂടെ  നമ്മെ  വിസ്മയിപ്പിച്ച Nuri Bilge  Ceylan  എന്ന തുർകി  സംവിധായകന്റെ ഏറ്റവും  മികച്ച സിനിമകളിൽ  ഒന്നാണ്  THREE MONKEYS  .ശക്തമായ ഒരു ഇമോഷണൽ  ഡ്രാമയായി  ഇതിനെ വിശേഷിപ്പിക്കാം .
         തിന്മയുടെ തുടർക്കണ്ണികളാകുന്ന  ഒരു കുടുംബത്തിലെ  മൂന്നു വ്യക്തികളാണ് സിനിമയിലെ മുഖ്യ കഥാപാത്രങ്ങൾ (അച്ഛൻ, അമ്മ ,പുത്രൻ ). പണത്തോടുള്ള  ആർത്തിയും , സാഹചര്യങ്ങളുടെ സമ്മർദവും , ചഞ്ചലതയാന്ന മനസ്സും   തിന്മയുടെ  വഴികൾ  തെളിഞ്ഞു  കാണിക്കുന്ന  കണ്ണുകളായി മാറുന്ന സാഹചര്യങ്ങൾ സിനിമയിൽ കണ്ടെടുക്കാം.
           മനസ്സിന്റെ അന്തർസംഘർഷങ്ങൾ  ആവോളം അനുഭവിക്കുന്ന  കഥാപാത്രങ്ങളെ  മികവാർന്ന സംവിധാന ശൈലിയിൽ , ക്ലോസപ്പ്  ഷോട്ടുകളിലൂടെ  ശ്രദ്ധാപൂർവ്വം  കൈകാര്യം ചെയ്യാൻ സംവിധായകനു  കഴിഞ്ഞിട്ടുണ്ട് .ഒരു ഫോടോഗ്രാഫരുടെ  മനസ്സും ,സ്കില്ലും  കൈമുതലായുള്ള സംവിധായകൻ  സിനെമാടോഗ്രഫിയുടെ സാധ്യതകൾ തന്റെ  ഇതര സിനിമകളിലെ പോലെ  ഇവിടെയും ഉപയോഗിച്ചിരിക്കുന്നു.
        മറ്റൊരാളുടെ കുറ്റം  പണത്തിനായി ഏറ്റെടുക്കുന്ന  പിതാവ്  , ജയിലിൽ  കഴിയുന്ന  താവിന്റെ അസാന്നിധ്യത്തിൽ  മുതലാളിയുമായി  രമിക്കുന്ന  അമ്മ , മടിയനും, ധൂതനുമായ  മകൻ (കൊലപാതകിയും) എന്നിവരുടെ ആത്മ സംഘർഷങ്ങളാണ്  സിനിമ .തെറ്റുകളുടെ  തുടർച്ചയെന്നോണം കൂടുതൽ തെറ്റുകളിലേക്ക്  വ്യക്തികൾ സഞ്ചരിക്കുന്നത്  വളരെ ലളിതമായി  സിനിമ വരച്ചു കാണിക്കുന്നു.  

  തിന്മയുടെയും, നന്മയുടെയും ശിഖരങ്ങളാൽ  സമ്പന്നമായ  മനുഷ്യ മനസ്സിന്റെ വന്യതയിൽ  ചഞ്ചല മനസ്സുകളുടെ ചാഞ്ചാട്ടങ്ങൾ , വാനര സമാനമായ അസ്ഥിരതയുമായി  സാമ്യപ്പെടുത്തിയായിരിക്കാം  സിനിമയ്ക്ക് പേര് നല്കിയത് എന്ന് അനുമാനിക്കാം.
              സംഘർഷ  പ്രക്ഷുബ്ധമായ  മനസുമായി  കടലിനഭിമുഖമായി നികുന്ന ഓവർബ്രിഡ്ജിന്റെ  കൈവരിയിൽ മുഖമമർത്തി  നിക്കുന്ന സ്ത്രീ കഥാപാത്രവും  , മുന്നിൽ  സായാഹ്നത്തിന്റെ  തിരയിളക്കവും ........ ഒരു ദൃശ്യം  വാക്കുകൾകതീതമായി ഭാവ-തലങ്ങളെ  കാഴ്ചക്കാരിലേക്ക് പകരുന്ന സന്ദേശ വാഹകരാകുന്ന  നിമിഷങ്ങളിലൊന്നായി  സീൻ നിറഞ്ഞു നിൽകും.
        പിതാവിൽ തുടങ്ങി മാതാവിലൂടെ  പുത്രനിൽ പൂർത്തീകരിക്കപ്പെടുന്ന  തിന്മയുടെ  വലയം അവസാനിക്കുന്നില്ല .സിനിമയുടെ അവസാന ഷോട്ടിൽ  കാർമേഘങ്ങൾ  പെയ്തൊഴിയുന്നുണ്ടെങ്കിലും     , മറ്റെവിടെയോ  കാർമേഘങ്ങൾ  ഉരുണ്ടു കൂടുന്നുണ്ടെന്നും , തിന്മയുടെ വലയങ്ങൾ അവസാനിക്കുന്നില്ല  എന്ന സത്യവും  സിനിമ അവശേഷിപ്പിക്കുന്നു.

           നിങ്ങൾ സിനിമ കാണുമെന്നും , സിനിമ അനുഭവങ്ങള പങ്കുവയ്ക്കുമെന്നുമുള്ള  പ്രതീക്ഷയോടെ  നിത്തുന്നു.

THE ROCKET (2013)



FILM            : THE ROCKET (2013)
COUNTRY   : LAOS !!! AUSTRALIA
DIRECTOR : KIM MORDAUNT

    സിനിമയെ കുറിച്ച് കേട്ട നാൾ മുതൽ കാണാൻ കൊതിച്ചിരിക്കുകയായിരുന്നു. അവസാനം ഇന്നാണ് സാധിച്ചത്. വാനോളമുയർന്നിരുന്ന എന്റെ പ്രതീക്ഷകൾകും മുകളിലേക്കുയർന്നാണ്    "ROCKET " വർണ വിസ്ഫോടനം തീർത്തത്. ഓസ്ട്രേലിയൻ സംവിധായകനായ KIM MORDAUNT ലാവോസ് എന്ന രാജ്യത്തിലെ പ്രകൃതി രമണീയതയിൽ  തീർത്ത , അനേകം ഉൾ-വായനകൾക്ക് ഇടം നൽകുന്ന , ലളിതമായ, ആസ്വാദ്യകരമായ  മികച്ച ഒരു സിനിമാ കാഴ്ചയാണ് THE ROCKET .
          സിനിമ കടം കൊണ്ട അന്ധ വിശ്വാസങ്ങളും , വംശ-ഗോത്ര ആചാരങ്ങളും സിനിമയ്ക്ക്പ്രാദേശികമായ മൗലികത  ചാർത്തി  നല്കുന്നു.  ഇരട്ടകൾ ജനിച്ചാൽ അതിൽ ഒരാള് ഭാഗ്യവും  മറ്റൊരാൾ ശാപം പേറി നിർഭാഗ്യവും ആനയിക്കുമെന്ന വേരുറച്ച വിശ്വാസത്തിലാണ് സിനിമ പടർന്നു പന്തലിക്കുന്നത്.    ടോമ -മാലി  ദമ്പതികൾക്ക് പിറയ്ക്കുന്ന ഇരട്ടകളിൽ ahlo  മാത്രം രക്ഷപ്പെടുന്നു. നിർഭാഗ്യങ്ങളുടെയും , ദുരിതങ്ങളുടെയും  പടയോട്ടങ്ങളിൽ പടത്തലവനാകുന്നത്  കൊച്ചു ahlo  ആണെന്ന് കുടുംബാംഗങ്ങൾ തന്നെ വിശ്വസിക്കുന്നു .കുടുംബത്തെ വിടാതെ  പിന്തുടരുന്ന നിർഭാഗ്യങ്ങളിൽ (സ്ഥല-പാർപ്പിട-ആൾനാശം) വിശ്വാസങ്ങളുടെ ബലിയാടായി മാറുന്നു ahlo .

   മനോഹരമായ പ്രകൃതി ഭംഗി  നിറയുന്ന ഫ്രൈമുകൾക്ക് ഒട്ടും പഞ്ഞമില്ല. ഏച്ചുകെട്ടൽ തോന്നിപ്പിക്കാത്ത വിധം അനേകം പാളികൾ ചേർക്കാൻ സംവിധായകനു കഴിഞ്ഞിരിക്കുന്നു.ahlo  ഒരു കുരങ്ങനെ ഉന്നം വെയ്ക്കുമ്പോൾ  kia ( ആഹ്ലോയുടെ കൊച്ചു കൂട്ടുകാരി) പറയുന്നത് " അത് കാട്ടിലെ അവസാനത്തേതാണ് എന്നാണ് "...പറയാതെ പറഞ്ഞ ഇത്തരം ഫ്രൈമുകളിൽ ചിലത്, വികസ്വര-ദരിദ്ര രാജ്യങ്ങളിലെ രാഷ്ട്രീയ-ചരിത്ര യാഥാർത്യങ്ങളെ  മിപ്പിക്കുന്നു.ഏഷ്യക്ക് മുഴുവൻ വൈദ്യുതി നൽകുന്ന നമ്മൾ ഇരുട്ടിലെന്ന പതിഞ്ഞ പരിഭവവും ,കുടിയോഴിപ്പിക്കപ്പെട്ടവരോട്  സംസാരിക്കുന്ന ഉദ്യോഗസ്ഥരുടെ  മലക്കം മറിച്ചിലുകളും , വാഗ്ദാനം ചെയ്യപ്പെട്ട വീട് പണിയാൻ പോകുന്ന ഇടം ചൂണ്ടി ക്കാണിക്കുമ്പോൾ തെളിയുന്ന ബോർഡിലെ രാഷ്ട്രീയ ചിഹ്നങ്ങളും , വന്യമായ കാടുകളിൽ ഉറങ്ങി കിടക്കുന്ന ചരിത്ര ശേഷിപ്പുകൾ ( ബോംബ്‌, സ്ഫോടക വസ്തുക്കൾ ) കാതടപ്പിക്കും വിധം ഉണരുന്നതും സിനിമയ്ക്ക്പറയാനുള്ള രാഷ്ട്രീയം പങ്കുവെയ്ക്കുന്നു. " പുഴയില്ലാത്തയിടത്ത്  പാലം വാഗ്ദാനം ചെയ്യുന്ന " രാഷ്ട്രീയം സാർവ്വ ദേശീയ മാണെന്ന്  ഇവിടെയും ആവർത്തിക്കുന്നു
           ahlo -kia  എന്നീ കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത കുട്ടികൾ സിനിമയിലെ ശുഭാപ്തി വിശ്വാസം , ദൃഡനിശ്ചയം എന്നിവയുടെ പുതു- പ്രതീകങ്ങളാകുന്നു .അമ്മൂമ്മയുടെ കുറ്റപ്പെടുത്തലുകൾക്ക് മുന്നിൽ വാടാതെ ahlo യെ വെള്ള മൊഴിച്ചു നിർത്തുന്ന അച്ഛൻ അതിജീവനത്തിന്റെയും , പുരോഗമന ചിന്തയുടെയും അച്ചുകളോട് വിദൂര സാമ്യം പുലർത്തി .
         ശാപത്തിന്റെ  / നിർഭാഗ്യതിന്റെ അടിച്ചേൽപ്പിക്കപ്പെട്ട  മേലങ്കി ഊരി വെയ്ക്കാനുള്ള അവസാന ശ്രമമാകുന്ന " റോക്കറ്റ് ഫെസ്റ്റിവലിൽ" ahlo ക്ക്  കൂട്ടാകുന്നത് eccentric  ആയ പർപ്പിൾ  അങ്കിൾ  ആണ്. മേഘങ്ങളിലേക്ക് തൊടുത്തു വിടുന്ന റോക്കറ്റുകൾക്കൊപ്പം ആഹ്ലോ-യുടെ  ശാപത്തിന്റെ കറകൾ കഴുകിക്കളയപ്പെടുമോ .............

       അതിമനോഹരം എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയെയെല്ലാം  തഴഞ്ഞാണ്  "The great  beauty "  എന്ന സിനിമയ്ക്ക്  ഓസ്കാർനൽകിയത് എന്നോർത്തപ്പോൾ സങ്കടം തോന്നി. സിനിമയുടെ ലളിതമായ ഒഴുക്കിൽ നിന്നും ഞാൻ പെറുക്കിയെടുത്ത സൂക്ഷ്മങ്ങളായ കല്ലുകൾ മാത്രമാണ് ഇവിടെ നിരത്തിയിരിക്കുന്നത് .   തെളിഞ്ഞ നീരുറവയിലേക്ക്  കണ്ണുകളാഴ്ത്താൻ വെമ്പി നിൽക്കുന്ന നിങ്ങളെ കാത്തിരിക്കുന്നത് അനിർവചനീയമായ , കുളിർമയേകുന്ന, പുതുമയാർന്ന അനുഭവം തന്നെയാകുമെന്ന ഉറപ്പോടെ, സിനിമ കണ്ടില്ലെങ്കിൽ ഒരു നഷ്ടമാണെന്ന  ഓർമപ്പെടുത്തലോടെ  നിർത്തുന്നു ....
 
              by
            
          ഷഹീർ ചോലശ്ശേരി

THE PATIENCE STONE (2012)



FILM  : THE PATIENCE STONE (2012)

DIRECTOR : ATIQ RAHIMI

GENRE  : DRAMA



                               സ്ത്രീ കഥാപാത്ര കേന്ദ്രീകൃതമായ മികച്ച ഒരു സിനിമാ അനുഭവമാണ് ഈ സിനിമ. ATIQ RAHIMI  അദേഹത്തിന്റെ നോവലിനെ ആസ്പദമാക്കി സംവിധാനം ചെയ്ത മികച്ച ഒരു ഇമോഷണൽ  ഡ്രാമയാണ് ഇത്. വളരെ സാവധാനത്തിൽ ഡയലോഗുകളിലൂടെ മുന്നോട്ട് നീങ്ങുന്ന സിനിമ എല്ലാവരെയും രസിപ്പിക്കണമെന്നില്ല. എങ്കിലും ഒരു മികച്ച സിനിമ കണ്ടിരിക്കാൻ നിങ്ങൾക്ക് വിഷമം ഇല്ലെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് ഈ സിനിമ.

        ആദ്യമേ പറയട്ടെ,  GOLSHIFTE FARHANI  എന്ന ഇറാനിയൻ  നടി ഈ സിനിമയെ ഒറ്റയ്ക്ക്  ചുമലിലേറ്റി എന്ന് പറഞ്ഞാലും അതിശയോക്തി ആവില്ല. അത്ര മനോഹരമായ പ്രകടനമാണ് അവർ ഈ സിനിമയിൽ ഉടനീളം കാഴ്ച വെയ്ക്കുന്നത്. ആഭ്യന്തര കലാപ കലുഷിതമായ അഫ്ഗാനിസ്ഥാനിലെ ഒരു ഗ്രാമത്തിലാണ് സിനിമ ആരംഭിക്കുന്നത്. കഴുത്തിൽ വെടിയേറ്റ്  നിശ്ചലനും , ജീവച്ഛവവുമായ ഭർത്താവിനെ ( മുൻ ജിഹാദി പോരാളി ) ശുശ്രൂഷിക്കുന്ന ഒരു യുവതിയുടെ കഥയാണ് സിനിമ പറയുന്നത്. സിനിമയുടെ പേര് പോലെ (പേർഷ്യൻ മിത്തിൽ നിന്നും കടം കൊണ്ടത് ) എല്ലാ ദുഖങ്ങളും, ആകുലതകളും, പാപങ്ങളും ആവാഹിച് CATHARSIS ന്റെ   ഒറ്റ മൂലിയായി മാറുന്നു ഭർത്താവ്. "പ്രതികരണ ശേഷിയില്ലാത്ത"  ഭർത്താവിനോട്  തന്റെ  കുട്ടിക്കാലം, വിവാഹം, ദാമ്പത്യ സ്വപ്‌നങ്ങൾ, മോഹങ്ങൾ, പാപങ്ങൾ, പ്രതിഷേധങ്ങൾ, രഹസ്യങ്ങൾ  എന്നിവ പറയുന്ന ഭാര്യയിലൂടെയാണ് സിനിമ ഫ്രൈമുകൾ മാറുന്നത്. ഒട്ടനേകം വൈകാരിക തലങ്ങളിലൂടെ സിനിമ തെന്നി നീങ്ങുന്നു. ഈ വൈകാരിക തലങ്ങളെ സൂക്ഷ്മമായി ഭാവതലങ്ങളിൽ പകർന്നു നൽകാൻ നായികയ്ക്ക് പൂർണമായി സാധിച്ചിട്ടുണ്ട് .
        പുരുഷ കേന്ദ്രീകൃത സമൂഹം, സാമൂഹിക-ദാമ്പത്യ-കുടുംബ ഘടന, ലൈംഗികത, സംസ്കാരം, സദാചാരം, ധാർമികത, യുദ്ധം എന്നിവയെല്ലാം സിനെമയ്കൊപ്പം  സഞ്ചരിക്കുന്ന, സിനിമയുടെ പ്രമേയത്തോട് ചേർന്ന് നില്ക്കുന്ന, സിനിമയുടെ നിഴലുകളിൽ വ്യക്തമായി കണ്ടെടുക്കാവുന്ന തീമുകൾ തന്നെയാണ്.

              ഗോത്ര സംസ്കൃതിയുടെ തുടർച്ചയെന്നോണം തുടർന്ന് പോരുന്ന ആണ്‍കോയ്മയുടെ ദുർഭൂതങ്ങൾ ചലനമറ്റ ശരീരത്തിൽ നിന്ന് പോലും പല്ലിളിക്കുന്ന സാമൂഹിക യാഥാർത്ഥ്യം നിങ്ങക്ക് നായികയുടെ സംഭാഷണങ്ങൾക്കിടയിൽ  നിന്നും കണ്ടെടുക്കാം. എങ്കിലും, അടിച്ചമർത്തപ്പെട്ട  ശാരീരിക തൃഷ്ണകളുടെ വിത്തുകൾ അനുകൂല  / പ്രതികൂല (?) സാഹചര്യങ്ങളിൽ മനസ്സിന്റെ ലൗകിക-ചിത്തമായ ചഞ്ചാട്ടങ്ങലുടെ  ചൂടിനാൽ മുളച്ചു പൊന്തുന്നതും കാണാം.

     നായികയുടെ കാമനകളുടെ പൂർത്തീകരണം സാധ്യമാകുന്നത് യുദ്ധക്കെടുതിയുടെ ഉത്പന്നമായി വന്നടിയുന്ന യുവ പോരാളിയിലൂടെയാകുന്നു. അരക്ഷിതമായ ഇടങ്ങളിൽ ധാർമികത അനിവാര്യമായ മെലിച്ചിലിനു സാക്ഷ്യം വഹിക്കുന്നു.......... മനസ്സാക്ഷിയുടെ കോടതി മുറികളിലേക്ക് അവളെ വലിചിഴക്കെണ്ടതുണ്ടോ? ....... സദാചാരത്തിന്റെ, വിശ്വാസത്തിന്റെ കണ്ണാടികൾ  അവൾക്ക് നേരെ പിടിക്കേണ്ടതുണ്ടോ?.ഇത്തരം ചോദ്യങ്ങൾ നമ്മളിൽ ജനിപ്പിച് അനേകം ഫ്രൈമുകൾ കടന്നു പോകുന്നു. വിലാപങ്ങളില്ലാത്ത കീഴ്പ്പെടൽ  വിമോചനത്തിന്റെ  അടയാളപ്പെടുത്തലാകുന്ന  വൈരുദ്ധ്യം നമ്മെ വിസ്മയിപ്പിക്കുന്നു.

      സംഭാഷണങ്ങൾ നട്ടെല്ലാകുന്ന ഇത്തരം സിനിമകളെ മികച്ച കലാസൃഷ്ട്ടിയാക്കുന്നതിൽ സുപ്രധാന പങ്ക് സ്ക്രിപ്റ്റിനു തന്നെയാണ്. അത് വളരെ മികച്ചതായി എന്ന് തന്നെ പറയാം. സിനിമയിലെ ഫ്രൈമുകളിൽ വർണങ്ങൾ ഉപയോഗിച്ചത് ബുദ്ധിപൂർവ്വമാണ് . ദൃശ്യ തലത്തിൽ വിരസമായേക്കാവുന്ന ഇമേജുകളെ  നായികയുടെ വസ്ത്രങ്ങൾ, നായികയ്ക്ക് ചുറ്റും റൂമിലെ മറ്റു വസ്തുക്കളുടെ നിറങ്ങൾ എന്നിവയുടെ കളർ കോമ്പിനേഷനിലൂടെ  മികച്ചതാക്കാൻ സംവിധായകൻ ശ്രദ്ധിച്ചിരിക്കുന്നു.  
         സിനിമയിലെ ആദ്യ ഭാഗങ്ങളിൽ നായികയുടെ സംഭാഷണങ്ങളിൽ ഭൂതകാലം കടന്നു വരുന്ന ദൃശ്യങ്ങളിൽ  "MALE  CHAUVINISM " നിറയുന്നതായും, അന്ത്യത്തിൽ പെണ്‍കരുത്തിന്റെ  സാധ്യതയെ അവ്വ്യക്തമായി വരച്ചിടാനും സംവിധായകൻ ശ്രമിക്കുന്നുണ്ട്....

   എല്ലാ വൈവിധ്യങ്ങളോടും കൂടി സിനിമ എന്നാ കലാരൂപം നില കൊള്ളുമ്പോഴും, ആസ്വാദനതിനപ്പുറമുള്ള ഇത്തരം സാധ്യതകളെയും , സിനിമ ഭാഷ്യങ്ങളെയും  സിനിമ സൃഷ്ടാക്കൾ  പുല്കണമെന്നു ആത്മാർത്ഥമായി ആഗ്രഹിച്ചു കൊണ്ട്, നിങ്ങൾ ഈ  റിവ്യു  വായിക്കുമെന്നും സിനിമ കാണുമെന്നും പ്രതീക്ഷിച്ച്  നിർത്തുന്നു ...

      BY    
             ഷഹീർ ചോലശ്ശേരി

THE MAN WITHOUT A HEAD (SHORT FILM)



FILM           : THE MAN WITHOUT A HEAD (SHORT FILM) !! FRENCH
DIRECTOR : JUAN SOLANAS   ( ARGENTINA)
GENRE       : FANTASY , ROMANCE

      അയഥാർത്ഥമായ ഇമേജുകളിലൂടെ യാഥാർത്യത്തിന്റെ  അകകാമ്പ് നിവർത്തി വച്ചിരിക്കുന്ന അനുഭവമാണ്   ഷോർട്ട് ഫിലിം കുന്നത്.വെറും 18 മിനുട്ടിൽ തീരുന്ന വശ്യവും,ദൃശ്യ മനോഹരവും,ചിന്താ ചോദകവുമായ ലഖു ചിത്രം മികച്ചതെന്നു പറയാതെ വയ്യ.
     ഫാന്റസിയും,റൊമാൻസും എല്ലാം നിറയുന്ന ക്യാൻവാസിൽ നമ്മുടെ "PERSONA " (മുഖംമൂടി ) യുടെയും, മനസ്സിന്റെയും ദ്വിമുഖത തികട്ടി  വരുന്നു. നഗരത്തിലെ ഒരു മുറിയി ഏകനായി കഴിയുന്ന  " തലയില്ലാത്ത " നായകന്  ലഭിക്കുന്ന ഒരു സംഗീത പരിപാടിയുടെ ടിക്കെറ്റിൽ  നിന്നാണ് സിനിമ  ആരംഭിക്കുന്നത്. ടെലിഫോണിലൂടെ വിവരം കാമുകിയെ അറിയിക്കുന്നതോടൊപ്പം , അവരെ പ്രൊഗ്രാമ്മിലെക്ക്  ക്ഷണിക്കുവാനും നായകന് അവസരം ലഭിക്കുന്നു.
   പ്രണയത്തെ ഭൗതികതയുടെ അളവുകോലുകളിൽ (സൌന്ദര്യം, പണം, പ്രായം) അളക്കുന്ന മനുഷ്യ മനസ്സിന്റെ  ബലിഷ്ടമായ അടിത്തറകൾ നായകനെ അസ്വസ്ഥനാക്കുന്നു.സ്വന്തം  പരിമിതിയായി നായകൻ  കരുതുന്ന  "തലയില്ലയ്മയെ" മറികടക്കുവാൻ  തല അന്വേഷിച്ചിറങ്ങുന്ന ഇയാളിൽ മുഖങ്ങളും, മുഖംമൂടികളും  മാറി-മാറി വരുന്നു. നേട്ടങ്ങൾക്ക്  വേണ്ടി   ഉണ്മയെ ( ഇവിടെ യാഥാർത്യത്തെ ) MANIPULATE  ചെയ്യുന്ന നമ്മെ ഇവിടെ കണ്ടെടുക്കാം . പണമുണ്ടെങ്കിൽ മികച്ച ഒരു "തല" തരാം എന്ന വിൽപനക്കാരന്റെ  പ്രസ്താവന  ലോക -മനസ്സിന്റെ  ശ്രാവ്യ  പ്രതിധ്വനിയായി  കർണങ്ങളിൽ  അലയടിക്കുന്നു.
           തലയില്ലാതെ നടക്കുമ്പോൾ ആരും അയാളുടെ പരിമിതിയെ ശ്രദ്ധിക്കുന്നുമില്ല . ഒരു സർറിയലിസ്റ്റിക് പെയിന്റിംഗ് പോലെ മനോഹരമാണ് ലഘു ചിത്രം. നായികയെ കാണുമ്പോൾ സന്തോഷപൂർവ്വം അവരുടെ കണ്ണി പെടാതെ ഒരു മൂലയിലേക്ക് മാറി നിന്ന് തന്റെ പരിമിതികളെ വെള്ള പൂശാൻ  വാങ്ങിയ "തല" ഫിറ്റ് ചെയ്യുന്നു.ആദ്യം  അതിന്റെ  പ്രതിബിംബം അയാളിൽ സന്തോഷം ഉണർത്തിയെങ്കിലും , മുഖത്തിനൊപ്പം ഉയർത്തിയ കൈ നിറവ്യത്യാസം പ്രകടമാക്കിയത് വീണ്ടും ദുഖമുണർതി.

            അവസാനം എല്ലാ പുറം മോടികളെയും  തഴഞ്ഞ് അവളെ സമീപിക്കുന്ന നായകനെ കറ തീർന്ന സ്നേഹത്തിന്റെ  നിറഞ്ഞ  പുഞ്ചിരിയുമായി സ്വീകരിക്കുന്നു നായിക .ടേബിളിൽ വെയ്ക്കുന്ന ടിക്കെറ്റ്ലേക്ക്  ഇഴഞ്ഞടുക്കുന്ന അവരുടെ കൈകൾക്കിടയിൽ  വർഷങ്ങളുടെ വിടവുകൾ (പ്രായം) ദൃശ്യമാണെങ്കിലും പ്രണയത്തിന്റെ കാന്തികതയിൽ  അവ ചേർന്ന് നിക്കുന്നു. അവിടെ നിന്നും  ഇറങ്ങി പ്രോഗ്രാമ്മിനായി  ചേർന്ന് നീങ്ങുന്ന അവർക്ക് പിന്നിൽ  ധാരാളം ചിന്തകളുമായി നമ്മൾ അവശേഷിക്കുന്നു.

     നിങ്ങൾ കാണുമെന്ന പ്രതീക്ഷയോടെ  നിത്തുന്നു.
      
      by
              ഷഹീർ ചോലശ്ശേരി 

THE LIFE OF FISH



FILM     : THE LIFE OF FISH
COUNTRY : CHILE
GENRE   : ROMANCE
DIRECTOR : MATHIAS BIZE

      സ്നേഹത്തിന്റെ  ആഡംബരമത്രെ  പ്രണയം .സ്നേഹമാപിനികളുടെ അളവുകോലുകളിൽ ഒതുങ്ങാതെ സ്നേഹം കവിഞ്ഞൊഴുകുമ്പോൾ , പ്രണയം മറ നീക്കി  സാന്നിധ്യം അറിയിക്കുന്നു . പ്രണയം എല്ലാ കാലത്തും സിനിമയുടെ, സിനിമ പ്രേമികളുടെ മടുക്കാത്ത വിഷയമാണ്‌.എല്ലായിടത്തും  എല്ലാകാലത്തും അത്തരം സിനിമകൾ ധാരാളം ഉണ്ടായിട്ടുണ്ട്.പ്രണയത്തിന്റെ ഭിന്ന ഭാവ-വൈകാരിക തീക്ഷണതകൾ തേടിയുള്ള യാത്രയിലാണ് സിനിമ കാണുവാൻ ഇടയായത്.
      ചിലിയൻ  സംവിധായകനായ " മത്യാസ്  ബിസെ " സംവിധാനം ചെയ്ത "THE  LIFE  OF  FISH " വൈകാരികതയുടെ ചിറകിലേറിയുള്ള ഒരു കൊച്ചു യാത്രയാണ്.വാക്കുകളും, വക്കുകല്കിടയിലുള്ള  മൗനവും ,മന്ദ ഗതിയിലുള്ള  ദൃശ്യവിന്യാസങ്ങളും  സിനിമയെ കൂടുതൽ ആസ്വാദ്യകരമാക്കുന്നു.
      നഷ്ട പ്രണയത്തിന്റെയും , പറയാതെ പോയ  വാക്കുകളുടെയും  നീറ്റലുകൾ "ആന്ദ്രിയാസ് " എന്ന കഥാപാത്രത്തിൽ ഉറഞ്ഞു കൂടിയിട്ടുള്ളതായി  തോന്നുന്നു. നിർമലമായ  മുഖഭാവങ്ങളിലൂടെ സ്നേഹത്തിന്റെ  വശ്യമായ ശാന്തതയുടെ  പ്രതീകമായി സ്ക്രീനിൽ  നിറയുന്ന "ബിയാട്രീസ് " നമ്മെ  കൊതിപ്പിക്കുന്നു. ഒരു പാർട്ടിയിലെ സംഭവ വികാസങ്ങളെ മാത്രം ഉപയോഗിച്ചുകൊണ്ട് , പലപ്പോഴും ആവർതനമെന്നു  തോന്നിപ്പിക്കുന്ന ഫ്രൈമുകളിലൂടെ  മുന്നേറുന്ന  സിനിമ നമ്മെ പിടിച്ചിരുത്തുന്നത്  കഥാപാത്രങ്ങൾ റിയലിസ്ടിക്കായി  നമുക്ക് അനുഭവപ്പെടുന്നത് കൊണ്ടാണ്.
       പ്രണയത്തിന്റെ വീണ്ടെടുപ്പ് ശ്രമങ്ങളിൽ നായകന്റെയും  നായികയുടെയും  പക്ഷത്ത്   അവർക്ക്  മുൻപേ  നമ്മൾ സ്ഥാനം പിടിക്കുന്ന വിധത്തിൽ    സിനിമ  നമ്മളിലേക്ക്  ആഴ്ന്നിറങ്ങുന്നു.സിനിമയുടെ ക്ലൈമാക്സ്  എന്തു കൊണ്ടും ഇത്തരം സിനിമകളിലെ  "മികച്ചത്' എന്ന് അവകാശപ്പെടാവുന്ന ഒന്നാണ്.

     വ്യത്യസ്തമായ സിനിമ ശൈലിക്കുടമയായ "മത്യാസ് ബിസെ " സിനിമയിലും തന്റെ ശൈലിയുടെയും , സ്ക്രിപ്ടിന്റെയും  കരുത്ത്  തെളിയിക്കുന്നു.പ്രണയ സിനിമകൾ ഇഷ്ടപെടുന്നവരെയും , പ്രണയാതുരമായ മനസ്സുള്ളവരെയും    സിനിമ നിരാശപ്പെടുത്തില്ല  എന്ന ഉറപ്പോടെ  നിർത്തുന്നു.

LAST LIFE IN THE UNIVERSE (2003)



FILM: LAST LIFE IN THE UNIVERSE (2003)
COUNTRY : THAILAND
DIRECTOR :PEN-EK RATANARUANG
GENRE: COMEDY , DRAMA, ROMANCE

                    "മരണം ഒരു ആശ്വാസമാണെന്ന് ചില പുസ്തകങ്ങൾ പറയുന്നു "-- മരണത്തിന്റെ  പ്രശാന്തതയെ പുൽകാൻ വെമ്പുന്ന മനസുമായി ജീവിക്കുന്ന നായകൻ നമ്മളിലേക്ക് പകരുന്ന ആദ്യ സന്ദേശം ഇതാണ്.
      
        ജീവിതത്തെ മറ്റ് വീക്ഷണ തലങ്ങളിലൂടെ , ഒരു പക്ഷെ വിരുദ്ധ ധ്രുവങ്ങളിലുള്ള രണ്ട് മനസ്സുകളുടെ  വിചാര-വികാരങ്ങളിലൂടെ  സൂക്ഷ്മമായി അവതരിപ്പിച്ച  ചലച്ചിത്ര കാവ്യമാണ് സിനിമ. അത്യധികം സുന്ദരവും , വശ്യവുമായ ഇമേജുകളിലൂടെ , മന്ദഗതിയിലുള്ള  ദൃശ്യ വിന്യാസങ്ങളിലൂടെ , മൗനം പോലും സംഗീതമാകുന്ന കൈയ്യടക്കത്തോടെ , മൃദു മർമ്മരം പോലെയുള്ള  പശ്ചാത്തല സംഗീതങ്ങളിലൂടെയും  കാഴ്ചക്കാരന് മുന്നിൽ വ്യത്യസ്തമായ ദൃശ്യാ-ശ്രാവ്യ മണ്ഡലങ്ങൾ  തീർക്കാൻ സംവിധായകന് കഴിഞ്ഞിരിക്കുന്നു.
       വിഷാദം ഇറ്റിറ്റായി വീണു പരന്നിടങ്ങളിലാണ്  സിനിമ ജീവിതങ്ങളെയും , സന്തോഷങ്ങളെയും  തേടുന്നത്.സുലഭതകളുടെ  നടുവിലും  നിർജീവമായ  യാന്ത്രികതയിൽ, അച്ചുകൾ ഉയിരേകിയ അക്ഷരങ്ങളില മുഴുകി കഴിയുന്ന നായകൻ. താളം നഷ്ടപ്പെട്ട  ജീവിതത്തിലേക്കുള്ള  സന്താപങ്ങളുടെയും , നിർഭാഗ്യങ്ങളുടെയും  കുത്തൊഴുക്ക് വരുന്നതും നോക്കിയിരിക്കുന്ന നായിക. വ്യത്യസ്തങ്ങളായ അനുഭവ -മാനസിക തലങ്ങളിലുള്ള ഇവരിൽ പൊതുവായി കണ്ടെടുക്കാവുന്ന  "വിഷാദ  തുള്ളികളിൽ "  തട്ടി പ്രതിഫലിക്കുന്ന പ്രകാശം അവരുടെ ജീവിതത്തിന്റെ  ചലനമറ്റ ഇരുൾ  വീഥികളെ  പ്രകാശമാനമാക്കുന്ന  വഴി വെളിച്ചങ്ങൾ തീർക്കുന്ന സുന്ദര നിമിഷങ്ങൾ സിനിമ സൃഷ്ടിക്കുന്നു.

      താള രാഹിത്യത്തിൽ നിന്നും താളക്രമങ്ങളിലെക്കുള്ള ജീവിതത്തിന്റെ ചുവടു വയ്പ്പ്  റിയലിസതിന്റെയും , സർ റിയലിസത്തിന്റെയും  പ്രായോഗിഗമായ മിശ്രണ ശൈലിയുടെ മികച്ച ഉദാഹരണമായി.

    സിനിമയുടെ  ഉള്ളറയിലേക്ക്  കയറി , ചികഞ്ഞ് നിങ്ങളുടെ ആസ്വാദനത്തിനു  കത്രിക വെയ്കുന്ന തരത്തിൽ ഒന്നും പുറത്തേക്കിടുന്നില്ല .സിനിമയെ ഉപരിപ്ലവമായി മാത്രം സ്പർശിച്ചു കൊണ്ട് , സിനിമ സഞ്ചരിക്കുന്ന വീഥിയിൽ  ഞാൻ പറയാത്തതും, കാണാത്തതും, നിങ്ങൾക്ക് കണ്ടെടുക്കാവുന്നതുമായ പലതും കണ്ടേക്കാം എന്ന് ഓർമിപ്പിച്ചു കൊണ്ട്,   സിനിമ സജ്ജെസ്റ്റ്  ചെയ്ത സുഹൃത്തിനെ ഒർമിച്ചു കൊണ്ട് നിർത്തട്ടെ .....

BY
      ഷഹീർ  ചോലശ്ശേരി

THE FIFTH SEASON (2012)



FILM                : THE FIFTH SEASON (2012)

COUNTRY       : BELGIUM    !! DRAMA – MYSTERY

DIRECTORS   : PETER BROSENE , JESSICA WOODWORTH

           
            അപൂർവ്വമായി  മാത്രമേ സിനിമകൾ കണ്ടതിനു ശേഷം "WOW " എന്ന് പറഞ്ഞിട്ടുളൂ . നമ്മുടെ പ്രതീക്ഷകൾക്കപ്പുറം മികവു പുലർത്തിയതിനുള്ള  ആത്മാർഥമായ അംഗീകാരം ആണ് അത്തരം പ്രതികരണങ്ങൾ. ബെൽജിയൻ mystery -drama യായ "  THE  FIFTH  SEASON " (2012) അത്തരം ഒരു സിനിമയാണ്. PETER  BROSENS  , JESSICA  WOODWORTH  എന്നിവരാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത് .

              വിഷ്വൽ പോയെട്രിയുടെ തലത്തിലുള്ള ഈ സിനിമ ഒരു കലാ രൂപമെന്ന നിലയിൽ സിനിമയുടെ സൗന്ദര്യത്തിന്റെ മറ്റൊരു രൂപ ഭേദം ദൃശ്യമാക്കുന്നു. സ്രഷ്ടാവിന്റെ  അഹങ്കാരവും, അധികാരവും പേറി നടക്കുന്ന  മർത്യനു മുന്നിൽ  സ്വന്തം സ്വത്വം  (കേവല സൃഷ്ടി) തെളിയുന്ന കണ്ണാടിയാണ് ഈ സിനിമ. മനുഷ്യന്റെ നിലവിളികൾക്ക്‌ മറുപടി നൽകാത്ത പ്രകൃതിയുടെ നിസ്സംഗതയിൽ  ഒരു ഗ്രാമവും, ഗ്രാമവാസികളും വിറങ്ങലിച്ചു നിൽകുന്നതാണ് സിനിമയുടെ ഇതിവൃത്തം. പ്രകൃതിയുടെ ഭീതിതമായ നിശബ്ദത  പലപ്പോഴും അനുവാചകന്  അക്രമണോത്സുകമായ ചുവടു വെപ്പായി  അനുഭവപ്പെടും.
           
           ഗ്രമാവാസികളുടെ  ഉപജീവന  മാർഗങ്ങൾ  പ്രകൃതിയോടു  ബന്ധപ്പെട്ടവയായതിനാൽ  പ്രകൃതിയുടെ തിരിച്ചടി  അവരെ അതി ജീവനത്തിന്റെ അനിവാര്യതയിലേക്ക് തള്ളി വിടുന്നു . മുളയ്കാത്ത  വിത്തുകളും , പാൽ  ചുരത്താത്ത  പശുക്കളും , ചത്തൊടുങ്ങുന്ന  തേനീച്ചകളും , ചത്ത്‌ പൊങ്ങുന്ന മീനുകളും , കട പുഴകി വീഴുന്ന വൻ മരങ്ങളും  ഒരു അനിർവചനീയമായ പ്രകൃതി ദുരന്തത്തിന്റെ  തെളിവുകളായി അവതരിക്കപ്പെടുന്നു.
            ഈ ദുരന്ത ഭൂമികയിൽ ഓരോരുത്തരും അവരുടെ അതിജീവനത്തിനായുള്ള  ശ്രമങ്ങളിൽ എർപെടുന്നു. കച്ചവടക്കാരൻ പ്രാണികളെയും  , പുഴുക്കളെയും  നാളെയുടെ  ആഹാരമെന്ന നിഗമനത്തിൽ ശേഖരിക്കുന്നു. കർഷകൻ കൂടുതൽ വളപ്രയോഗം നടത്തി വിത്തുകളെ ഉണർതാൻ ശ്രമിക്കുന്നു. എന്നാൽ എല്ലാ ശ്രമങ്ങളും പരാജയത്തിനു വഴിമാറുന്നു .നിരാശയിലാണ്ട് നിൽക്കുന്ന ഗ്രാമത്തിലേക്ക് ശുഭ പ്രതീക്ഷകളുടെ പ്ലാസ്ടിക്  പൂക്കളുമായി കടന്നു വരുന്ന ആളോടൊപ്പം  ഗ്രാമവാസിയായ സ്ത്രീ രക്ഷപ്പെടുന്നത്  സിനിമയിലെ ഒരു ഐറണിയായി  നിറഞ്ഞു നില്ക്കുന്നു.
                  ഗ്രീക്ക്  സംവിധായകനായ "തിയോ  ആൻജെലോപോളസിന്റെ"  ഫ്രൈമുകളെ  അനുസ്മരിപ്പിക്കുന്ന വിധത്തിൽ  LONG  SHOT   കളാൽ  സമ്പന്നമാണ് ഈ സിനിമ . നിശ്ചലമായ്‌, മന്ദഗതിയിലുളള  പല ദൃശ്യങ്ങളും " TALKING  PICTURES "  എന്ന രീതിയിൽ സ്വയം narrate  ചെയ്യുന്നവയാണ്.  കാഴ്ചക്കാരനെ  താത്വികമായ  ഉൾകാഴ്ചയോടെ സാഹചര്യങ്ങളെ  വിലയിരുത്തി തന്റേതായ അനുമാനങ്ങളും , ആസ്വാദന  അനുഭൂതിയും  ലഭിക്കത്തക്ക രീതിയിലുള്ള  ഒരു സംവിധാന ശൈലി സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്.

        പ്രമേയത്തിന്റെ ആണിക്കല്ലും , സിനിമയിലുടനീളം  നിറഞ്ഞു നില്കുന്നതും  പ്രകൃതിയായതിനാൽ പ്രകൃതി ദത്തമായ  ശബ്ദങ്ങൾ മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്. പശ്ചാത്തല സംഗീതവും , ശബ്ദ മിശ്രണവും  സിനിമയുടെ പ്രമേയതോടൊപ്പം ചേർന്ന് നിൽക്കുന്നു . അഭിനേതാക്കൾ അഭിനയിക്കുകയായിരുന്നില്ല , ജീവിക്കുകയായിരുന്നു. ഒരാൾ പോലും മുഴച്ചു നില്കാത്ത വിധം  തങ്ങളുടെ റോളുകൾ ഭംഗിയാക്കി.

           ദുരന്ത ഭൂമികളിലെ ചി-പരിചിതമായ സാഹചര്യങ്ങൾ  ഇവിടെയും കാണാവുന്നതാണ്.ദൈന്യതയാർന്ന കണ്ണുകളെ തേടിയെത്തുന്ന  കാമാർതമായ സഹായ ഹസ്തങ്ങളും , സഹകരണവും, ഐക്യവും  ക്ഷണികവും, നൈമിഷികവുമാണെന്ന  വ്യാപാര മനസ്സിന്റെ സ്വാർത്ഥതകളും, സ്വന്തം  ദുഷ് ചെയ്തികളും, തിന്മകളും മറ്റൊരാളിൽ  ചാർത്തി  ബലി കൊടുക്കുന്ന (ക്രൂശിക്കുന്ന) ഗ്രാമ വാസികളും എല്ലായിടത്തും തെളിഞ്ഞു മങ്ങുന്ന മനുഷ്യ സത്യങ്ങളാണ്.

        അനേകം ദൃശ്യ ബിംബങ്ങളും, പ്രതീകങ്ങളും  ഉപയോഗിചിട്ടുള്ളതിനാൽ  ഈ സിനിമ ഓരോരുത്തരിലും ബാക്കിയാക്കുന്ന ഇംപ്രഷൻ  വ്യത്യസ്തമായിരിക്കും  എന്നത് തീര്ച്ചയാണ്. എങ്കിലും ഈ സിനിമ നമ്മുടെ ചിന്തകളിൽ കോരിയിടുന്ന കനലുകൾ അണയ്ക്കാൻ  തിരിച്ചരിവുകൾക്കു  മാത്രമേ കഴിയൂ..
             ഗൗരവമേറിയ   സിനിമകൾ ഇഷ്ടപ്പെടുന്നവർ കണ്ടിരിക്കേണ്ട ഒരു അതുല്ല്യ സിനിമയാണ് ഇത്. നിങ്ങൾ കാണുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു.

         BY
               ഷഹീർ ചോലശ്ശേരി