Friday, 3 March 2017

TENGRI : BLUE HEAVENS (2008)



FILM : TENGRI : BLUE HEAVENS (2008)
GENRE : DRAMA !!! ROMANCE
COUNTRY : KYRGYZSTAN
DIRECTOR : MARIE JAOAL DE PONCHEVILLE

          സിനിമകളുടെ സാങ്കേതിക വശങ്ങളെക്കുറിച്ചു വലിയ പിടിപാടില്ലാത്തതിനാൽ എന്റെ സിനിമാസ്വാദനത്തെ നിർണ്ണയിക്കുന്നത് സിനിമയുടെ പ്രമേയം, ദൃശ്യഭംഗി, പശ്ചാത്തല സംഗീതം, അഭിനയം എന്നീ ഘടകങ്ങളാണ്. അതുകൊണ്ടു തന്നെ സിനിമയുടെ മികവിനെ വിലയിരുത്താനുള്ള ശ്രമം നടത്തുമ്പോൾ എന്റെ അറിവില്ലായ്കളുടെ പിൻബലത്തിൽ മാത്രം നിലകൊള്ളുന്ന മാനദണ്ഡങ്ങളെ ഞാൻ ഒരുക്കാറുളളൂ. ഞാൻ പരിചയപ്പെടുത്താറുള്ള സിനിമകളെല്ലാം എന്നിലെ ആസ്വാദകന്റെ ഇഷ്ടങ്ങളിലേയ്ക്ക്  ചേക്കേറിയവയാണ്. വ്യക്ത്യാധിഷ്ഠിതമായ ഇഷ്ടാനിഷ്ടങ്ങളുടെ വിടവുകളാണ് ആസ്വാദനത്തിന്റെ രുചിഭേദങ്ങളെ തീരുമാനിക്കുന്നത് എന്നതിനാൽ ആസ്വാദന തലത്തിന്റെ ഉച്ച-നീചതകളെക്കുറിച്ചു വേവലാതി കൊള്ളേണ്ടതുമില്ല. സങ്കീർണതകളും-ലാളിത്യവും, റിയാലിറ്റിയും-ഫാന്റസിയും, ഡ്രാമയും-ത്രില്ലറും ഒരുപോലെ ഇഷ്ടങ്ങളാവുക എന്നതാണ് ഒരു സിനിമാപ്രേമിയുടെ ഭാഗ്യം.
           സെൻട്രൽ ഏഷ്യൻ സിനിമകളിലെ കാഴ്ചകൾക്കും, പ്രമേയങ്ങൾക്കും വേറിട്ട സവിശേഷതയാണ് തോന്നിയിട്ടുള്ളത്. പല രാജ്യങ്ങളിലെ സിനിമകൾ തേടിപ്പിടിക്കാനുള്ള പ്രചോദനം ഇത്തരം വൈവിധ്യങ്ങൾ നൽകുന്ന പുതുമകളെ നുകരാനുള്ള ആഗ്രഹം തന്നെയാണ്. മഞ്ഞു പുതഞ്ഞു നിൽക്കുന്ന മലനിരകളിലെ ജീവിതവും, ആചാര-ആഹാര-വേഷ-സംഗീത വൈവിധ്യങ്ങളും നിറയുന്ന ഒരു കൾച്ചറൽ ഡോക്യുമെൻറുകൾ തന്നെയാണ് ഇത്തരം സിനിമകൾ. ഇന്ന് പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്ന TENGRI: BLUE HEAVENS ഒരു കിർഗിസ്ഥാൻ സിനിമയാണ്. റൊമാന്റിക് ഡ്രാമ എന്ന് വിളിക്കാവുന്ന ഈ സിനിമ, AMIRA എന്ന യുവതിയുടെയും TEMUR എന്ന യുവാവിന്റെയും പ്രണയത്തിന്റെ കഥ പറയുന്നു. പച്ച പുതച്ചു നിൽക്കുന്ന മലനിരകളുടെ ചെരിവിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പിൽ നിന്ന് രക്ഷ തേടാൻ തീകായുമ്പോൾ പാടിപുകഴ്ത്താവുന്ന പ്രണയകാവ്യമല്ല അവരുടേത്. ലക്ഷ്യ ബോധമില്ലാതെ ഒരു നൊമാഡിനെ പോലെ പല രാജ്യങ്ങളും അലഞ്ഞു അവസാനം ജന്മഗ്രാമത്തിലേക്ക് മടങ്ങി വന്നിരിക്കുകയാണ് TEMUR. നഷ്ടങ്ങളും, വേദനകളും മാത്രമാണ് അയാൾക്ക് പിറകിലുള്ളത്. ഭർത്താവിന്റെ അവഗണനയും, പീഡനങ്ങളും മാത്രം നിറഞ്ഞ ജീവിതമാണ് AMIRA-യുടേത്. ഇവർക്കിടയിൽ പ്രണയം കടന്നുകൂടുമ്പോൾ ഉടലെടുക്കുന്ന പ്രശ്നങ്ങളാണ് ഈ സിനിമയുടെ തുടർന്നുള്ള ദൃശ്യങ്ങളെ കൈയ്യടക്കുന്നത്.
         പല സിനിമകളും പല വിധത്തിലാണ് നമ്മെ സ്വാധീനിക്കുന്നത്. ചിലത് ഉപരിപ്ലവമായി നമ്മെ രസിപ്പിച്ചു കടന്നുപോകുമ്പോൾ മറ്റുചിലത്‌, പ്രമേയം ഉയർത്തുന്ന ചോദ്യങ്ങളായും, യാഥാർത്യങ്ങളെക്കുറിച്ചുള്ള ഉൾക്കിടിലങ്ങളായും, വൈകാരികളുടെ നീറ്റലുകളായും, തിരിച്ചറിവിന്റെ ശാന്തമായ അകമനസ്സുകളായും മാറാറുണ്ട്. കുളിർമ്മയേകുന്ന കാഴ്ച്ചകളേകി ലളിതമായി കഥപറഞ്ഞു മറയുന്ന സിനിമകളുടെ കൂട്ടത്തിൽ എണ്ണാവുന്ന സിനിമയാണ് TENGRI.


Thursday, 16 February 2017

KAMCHATKA (2002)



FILM : KAMCHATKA (2002)
GENRE : DRAMA
COUNTRY : ARGENTINA
DIRECTOR : MARCELO PINEYRO

              ബാല്യത്തിന്റെ നിഷ്കളങ്കത സൃഷ്ടിക്കുന്ന വിസ്മയലോകമാണ് ബാല്യകാലത്തെ പ്രിയങ്കരമാക്കുന്നത്. കൗമാരവും, യൗവ്വനവും ബാല്യത്തെ ചവിട്ടിമെതിച്ചു കടന്ന് വരുമ്പോൾ നഷ്ടമാകുന്നത് സന്തോഷം ചിതറുന്ന സുദിനങ്ങളെയാണ്. പലർക്കും ബാല്യം ഓർത്താലും, അനുഭവിച്ചാലും മതിവരാത്ത ഒന്നാണ്. എന്നാൽ സ്മരണകളിലേക്ക് പോലും ക്ഷണിക്കാനാവാത്ത വിധം നടുക്കമുണർത്തുന്ന ബാല്യം സ്വന്തമായുള്ളവരും നമുക്കിടയിൽ ഉണ്ടാകാം. അത്തരം നഷ്ടങ്ങളും, വേറിട്ട അനുഭവങ്ങളും സൃഷ്ട്ടിക്കുന്നത് അവർക്ക് ചുറ്റിലുമുള്ള വ്യക്തികളും, സാഹചര്യങ്ങളുമാണ്. യുദ്ധങ്ങളും, രാഷ്ട്രീയാവസ്ഥകളും നിറം കെടുത്തുന്ന ബാല്യത്തെ, ചരിത്രത്തിലെ ദുരവസ്ഥകളെ അടയാളപ്പെടുത്തിയ സിനിമകളിലൂടെ നമുക്ക് പരിചിതവുമാണ്.
       പല സിനിമകളിലും പ്രമേയമായിട്ടുള്ള 1970-കളിലെ അർജന്റീനയിലെ രാഷ്ട്രീയ അസ്ഥിരതയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന KAMCHATKA അക്കാലത്തെ ബാല്യാനുഭവങ്ങളുടെ ഓർമ്മപ്പെടുത്തലാവുന്നു. അധികാരികളുടെ വേട്ടയാടലിനെ അതിജീവിക്കാനായുള്ള നെട്ടോട്ടങ്ങളിൽ നഷ്ടങ്ങളുടെ കണക്കെടുക്കുമ്പോൾ ഹാരിയെന്ന 10-വയസ്സുകാരന് നഷ്ടമാവുന്നത് സൗഹൃദങ്ങളുടെ വിലമതിക്കാനാവാത്ത നിമിഷങ്ങളാണ്. "ഹ്യുഡിനിയുടെ" ആരാധകനായ അവൻ അയാളെ ഒരു മജീഷ്യൻ എന്നതിലുപരി 'ESCAPIST" ആയാണ് പരിഗണിക്കുന്നത്. സാഹചര്യങ്ങളുടെ വരിഞ്ഞുമുറുക്കലിൽ നിന്നും രക്ഷ തേടിക്കൊണ്ടിരിക്കുന്ന അവനും, കുടുംബത്തിനും ജീവിതം തന്നെ സാഹസമാകുമ്പോളാണ് ഈ ചിന്തയുടെ താദാത്മ്യം പ്രേക്ഷകന് മനസ്സിലാവുന്നത്. മാതാവിന്റെയും, പിതാവിന്റെയും അസാന്നിധ്യത്തിൽ അനിയനെ പരിചരിക്കുന്നതും, ആശ്രിതത്വത്തിന്റെ ദൗർബല്യങ്ങളിൽ നിന്ന് സ്വയം പര്യാപ്തതയുടെ പാഠങ്ങളെ അവൻ ഉൾകൊള്ളുന്നതും സിനിമയുടെ ഉള്ള് തെളിയുന്ന കാഴ്ച്ചയാകുന്നു. ഹാരിയുടെ കുടുംബം എതിരിടുന്ന സാഹചര്യങ്ങളുടെ ഭീകരതകളെ ദൃശ്യാനുഭവങ്ങളാക്കി അനുഭവിപ്പിക്കുന്നില്ലെങ്കിലും, അവരുടെ തിരക്കിട്ട കൂടുമാറ്റങ്ങളിൽ നിന്ന് നമുക്ക് അത് തിരിച്ചറിയാനാവുന്നു. സിനിമയെ ഹാരിയുടെ കണ്ണുകളിലൂടെയും, ചിന്തകളിലൂടെയുമാണ് നമുക്ക് നുകരാനാവുന്നത്. RICARDO DARIN ഉൾപ്പെടെയുള്ള അഭിനേതാക്കൾ, പ്രത്യേകിച്ച് കുട്ടികൾ മികവുറ്റ അഭിനയം കാഴ്ചവെച്ചിരിക്കുന്നു.
             സിനിമയുടെ പേര് പ്രമേയത്തെ എങ്ങനെ ഉൾക്കൊള്ളുന്നു എന്ന സംശയം തുടക്കത്തിലേ ഉണ്ടായിരുന്നു. "KAMCHATKA" സിനിമയുടെ സത്ത തന്നെയാവുന്നത് തിരിച്ചറിയണമെങ്കിൽ സിനിമ കാണേണ്ടതുണ്ട്. നിലനിൽപ്പിന്റേയും, അതിജീവനത്തിന്റെയും, ശുഭാപ്തി വിശ്വാസത്തിന്റെയും പാഠങ്ങൾ ഹാരിയിലേക്ക് പകരുന്ന തുരുത്തായി "KAMCHATKA" അവശേഷിക്കുമ്പോഴാണ് വേർപ്പാടിന്റെ വേദനിപ്പിക്കുന്ന യാഥാർത്യം അവന്റെ ജീവിതത്തിലേക്ക് വന്നെത്തുന്നത്. സിനിമയുടെ അവസാന ദൃശ്യം വളരെ മികച്ചു നിന്നു. നല്ല സിനിമകൾ നല്ല നിമിഷങ്ങളേകുന്നു, നല്ല നിമിഷങ്ങൾക്കായ്.......


Wednesday, 1 February 2017

ABOUNA AKA OUR FATHER (2002)



FILM : ABOUNA  AKA OUR FATHER (2002)
GENRE : DRAMA
COUNTRY : CHAD
DIRECTOR : MAHAMAT SALEH HARUN

                       സാങ്കേതികതയുടെ മുന്നേറ്റം സിനിമയെ ഒരു ദൃശ്യകല എന്ന രീതിയിൽ വിസ്മയിപ്പിക്കുന്ന ഒന്നാക്കി മാറ്റിയിരിക്കുന്നു. സിനിമ അതിന്റെ നവീന സങ്കേതങ്ങളെ പുണരുന്ന ഈ കാലത്തും, അവ അധികം സാന്നിധ്യമറിയിക്കാത്ത ആഫ്രിക്കൻ സിനിമകളിലും രാജ്യാന്തര നിലവാരമുള്ള മികച്ച സൃഷ്ടികൾ ഉണ്ടാകുന്നുണ്ട്. ആഫ്രിക്കൻ സിനിമയെന്ന പേര് നമ്മിൽ ജനിപ്പിക്കുന്ന വേറിട്ട ചിത്രങ്ങൾ തന്നെയാണ് ഇത്തരം സിനിമകളുടെ സവിശേഷതയും. ആഫ്രിക്കൻ സംസ്കാരങ്ങളുടെയും, ജീവിതങ്ങളുടെയും ലളിതമായ അവതരണങ്ങളാണ് ഈ സിനിമകളിൽ കാണാനാവുക. ഇന്നും ആഫ്രിക്കൻ മണ്ണിൽ കണ്ടുമുട്ടാവുന്ന യാഥാർത്യങ്ങളെ കലർപ്പില്ലാതെ അവതരിപ്പിക്കുന്ന ഇത്തരം  സിനിമകൾ ഇരുണ്ട ഭൂഖണ്ഡത്തിന്റെ പ്രതീക്ഷകളും, ആശങ്കകളും പ്രതിഫലിപ്പിക്കുന്നവയാണ്.
            ആഫ്രിക്കൻ രാജ്യമായ CHAD-ൽ നിന്നുള്ള ABOUNA എന്ന സിനിമയെയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഞാൻ മുമ്പൊരിക്കൽ കുറിപ്പെഴുതിയ DARATT (2006) എന്ന സിനിമയുൾപ്പെടെ ഒട്ടനവധി മികവുറ്റ സിനിമകളുടെ സംവിധായകനായ MAHAMAT SALEH HARUN-ന്റെ ആദ്യകാല സിനിമകളിൽ ഒന്നാണിത്. താഹിർ, അമീൻ എന്നീ കുട്ടികളാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഒരു ദിവസം അവർ ഉറക്കമുണരുമ്പോൾ പിതാവ് വീടുപേക്ഷിച്ചു പോയ വിവരമറിയുന്നു. പിതാവിന്റെ  അസാന്നിദ്ധ്യം മൂലം വിഷമിക്കുന്ന അവർ അയാളെ അന്വേഷിച്ചിറങ്ങുകയാണ്. ഈ അന്വേഷണം മൂലം ഗതിമാറുന്ന അവരുടെ ജീവിതത്തെയാണ് പിന്നീട് നമുക്ക് സിനിമയിൽ കാണാനാവുക. പിതാവിന്റെ തിരോധാനത്തെക്കുറിച്ച് ചോദിക്കുന്ന അമീനോട് മാതാവ് പറയുന്നത് "IRRESPONSIBLE" എന്ന മറുപടിയാണ്. അതിന്റെ പൊരുൾ മനസ്സിലാകാതെ ആ വാക്കിനെ വിശകലനം ചെയ്യാനുള്ള ശ്രമവും അവൻ നടത്തുന്നുണ്ട്. ആവർത്തിച്ചുറപ്പിക്കാനും, ഉച്ചത്തിൽ കേൾപ്പിക്കാനും സംവിധായകൻ ആഗ്രഹിക്കുന്ന "ഉത്തരവാദിത്വമില്ലായ്മ" പിതാവിനുമേൽ ആരോപിക്കപ്പെടുകയും, അയാളുടെ അസാന്നിദ്ധ്യത്തിൽ കുടുംബം തകരുകയും ചെയ്യുന്നത് സിനിമയുടെ രാഷ്ട്രീയ സൂചനയാണോ എന്ന സന്ദേഹമുണർത്തുന്നു. ആഫ്രിക്കൻ കാഴ്ചകൾ തിരയുന്നവർക്ക് നല്ല കാഴ്ച്ച തന്നെയാകും ABOUNA.


Friday, 27 January 2017

LOST ISLANDS (2008)



FILM : LOST ISLANDS (2008)
GENRE : COMEDY !!! DRAMA
COUNTRY : ISRAEL
DIRECTOR : RESHEF LEVI

              റോം-കോം സിനിമയാകുമെന്ന ധാരണയിലാണ് കണ്ടുതുടങ്ങിയത്. സിനിമയുടെ പ്ലോട്ട് വായിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞതും അങ്ങനെയൊരു ചിത്രമാണ്. 2008-ൽ പുറത്തിറങ്ങിയ ഇസ്രായേൽ  ചിത്രമായ LOST ISLANDS-നെ കുറിച്ചാണ് പറഞ്ഞു വരുന്നത്. 80-കളുടെ പശ്ചാത്തലത്തിലുള്ള ഒരു ഇസ്രായേലി കുടുംബത്തിന്റെ കഥ പറയുന്നു ഈ സിനിമ. അഞ്ച് ആൺമക്കളുള്ള കുടുംബത്തിലെ ഇരട്ടകളായ ഒഫെർ, ഇറസ് എന്നിവർക്ക് ഒരു പെൺകുട്ടിയുമായി പ്രണയം തോന്നുന്നു. കൗമാരത്തിന്റെ ചാപല്യങ്ങൾ ആവോളമുള്ള അവരുടെ കൂട്ടിന് സുഹൃത്തും കൂടിയെത്തുമ്പോൾ നർമ്മ മുഹൂർത്തങ്ങൾ സ്വാഭാവികതയായി വന്നണയുന്നു. NETA എന്ന പെൺകുട്ടിയുമായുള്ള ഒരു ത്രികോണ പ്രണയം എന്നതിലേക്ക് ഒതുങ്ങി  നിൽക്കാതെ, പ്രണയം, വിശ്വാസ്യത, കുടുംബം, ഉത്തരവാദിത്വം എന്നിവയെക്കുറിച്ചൊക്കെ ചിന്തിക്കാനുള്ള സ്‌പേസ് സിനിമ നൽകുന്നുണ്ട്. കോമഡി എന്നതിനപ്പുറത്തേക്ക് സിനിമയെ മാറ്റി പ്രതിഷ്ഠിക്കാനുള്ള എലമെൻറ്സ് പ്രമേയപരമായി തന്നെ ഒരുക്കിവെച്ചിട്ടുണ്ട് സംവിധായകൻ.
        പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ ഒളിഞ്ഞും, തെളിഞ്ഞും പരാമർശിക്കുന്ന പതിവ് ഇസ്രായേൽ സിനിമകളിൽ പലപ്പോഴും കാണാറുള്ളതാണ്. ഈ സിനിമയിലും വെർബലായുള്ള ചില സൂചനകളിലൊതുങ്ങി അത് സാന്നിദ്ധ്യമാകുന്നുണ്ടെങ്കിലും അവഗണിക്കാവുന്നതേയുള്ളൂ. പ്രണയവും, കോമഡിയും, ട്രാജഡിയുമെല്ലാം രംഗപ്രവേശം ചെയ്യുന്ന സിനിമ അവശേഷിപ്പിക്കുന്ന ചിന്തകൾ കുടുംബത്തെ സംബന്ധിച്ചുള്ളതായിരിക്കും. പ്രണയത്തെ വ്യക്ത്യാധിഷ്ഠിതമായി ഇന്റർപ്രെട്ടു ചെയ്യാനുതകുന്ന രീതിയിലാണ് കഥാപാത്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നത്. സ്നേഹവും, ത്യാഗവും, തിരുത്തലുകളും ചലനാത്മകതയേകുന്ന കുടുംബത്തിന്റെ ചിത്രമാണ് ഈ സിനിമയുടേതായി മനസ്സിൽ തങ്ങി നിൽക്കുന്ന ഓർമ്മയാകുന്നത്.


Monday, 23 January 2017

WAJMA , AN AFGHAN LOVE STORY (2013)



FILM : WAJMA , AN AFGHAN LOVE STORY (2013)
COUNTRY : AFGHANISTAN
GENRE : DRAMA
DIRECTOR : BARMAK AKRAM

               സിനിമയുടെ പേര് തെറ്റിദ്ധരിപ്പിക്കുന്ന ഒന്നായാണ് തോന്നിയത്. കാരണം, ഒരു അഫ്ഗാൻ പ്രണയ കാവ്യം പ്രതീക്ഷിച്ചാൽ കടുത്ത നിരാശയാകും ഫലം. സിനിമയുടെ തുടക്കത്തിൽ പ്രണയം തെളിഞ്ഞു കാണുന്നുണ്ടെങ്കിലും സിനിമ മറ്റു പലതുമാണ് പറയാൻ വെമ്പുന്നത്. അഫ്‌ഗാൻ പോലെയുള്ള ഒരു രാജ്യത്തിന്റെ സാമൂഹിക ചിത്രം  വ്യക്തമായി അറിയുന്നതിനാലും, ഒരു പുരുഷാധിപത്യ സമൂഹത്തിന്റെ ജീർണ്ണതകൾ പല രീതിയിൽ ഉള്ളിൽ വെച്ചു പുലർത്തുന്ന സമൂഹത്തിൽ ജീവിക്കുന്നതിനാലും നമുക്ക് ഈ സിനിമയുടെ പ്രമേയത്തിൽ പുതുമ തോന്നാനിടയില്ല. ഒരു സമൂഹത്തിന്റെ ശരികളെ (രീതികളെ) ലംഘിക്കുന്നതിൽ ആണും, പെണ്ണും ഒരുപോലെ പങ്കാളികളായിട്ടും പെണ്ണിനേയും, അവളുടെ കുടുംബത്തെയും നോക്കിമാത്രം ഓരിയിടുന്ന സമൂഹം, പുരുഷനെ കാണാത്ത വിധം അന്ധത നടിക്കുമെന്ന സാമൂഹിക യാഥാർത്യമാണ് WAJMA-യുടെ പിതാവിനെ നിസ്സഹായനാക്കുന്നത്. യാഥാസ്ഥികതയുടെ തണലിൽ വ്യാപാരിക്കുന്ന ഭരണകൂട നിയമങ്ങൾ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന അർഥശൂന്യമായതും, കാലഹരണപ്പെട്ടതുമായ പ്രായോഗിക പരിഹാരങ്ങളെ ചൂണ്ടിക്കാണിക്കുമ്പോഴാണ് ഈ സിനിമയുടെ നിലവിളികൾ നമ്മുടെ കർണ്ണപടങ്ങളിൽ നിലയ്ക്കാത്ത കമ്പനങ്ങളാകുന്നത്.
           മാറ്റപ്പെടേണ്ടവയെ ചൂണ്ടിക്കാണിക്കുന്നത് മാറ്റത്തിലേക്കുള്ള ആദ്യ പടിയാണെന്നതിനാൽ ഈ സിനിമ ആസ്വാദനോപാധിയെന്ന ഭൂരിപക്ഷ മാതൃകകളോട് അകലം പാലിച്ചു നിൽക്കുന്നു. ഈ സിനിമയുടെ പ്രസക്തിയും അത് തന്നെയാണെന്നാണ് എന്റെ പക്ഷം.


Monday, 16 January 2017

KOBLIC (2016)



FILM : KOBLIC (2016)
COUNTRY : ARGENTINA
GENRE : DRAMA !!! THRILLER
DIRECTOR : SEBASTIAN BORENSZTEIN

              ലാറ്റിനമേരിക്കൻ സിനിമയിലെ അതികായനായ റിക്കാർഡോ ഡരിന്റെ സാന്നിധ്യമാണ് ഈ അർജന്റീനൻ സിനിമ കാണാൻ കാരണം. ഡ്രാമ ത്രില്ലർ എന്ന് വിളിക്കാവുന്ന ഈ സിനിമ 1970-കളിലെ ഡിക്റ്റേറ്റർഷിപ്പിന്റെ കാലത്തെ ഒരു നേവി പൈലറ്റിന്റെ ഒളിവുജീവിതത്തെയാണ് പ്രമേയമായി അവതരിപ്പിക്കുന്നത്. ഹിസ്റ്റോറിക്കൽ കണ്ടന്റിനു അധികം ഊന്നൽ നൽകാതെ, തന്റെ ഭൂതകാല ചെയ്തികളെ ഓർത്തു വിഷമിക്കുന്ന KOBLIC എന്ന പട്ടാളക്കാരന്റെ വർത്തമാന യാഥാർത്യങ്ങളെയാണ് സിനിമ പങ്കുവെയ്ക്കുന്നത്. യഥാർത്ഥ സംഭവം എന്ന് പറയാനാവില്ലെങ്കിലും ചില ചരിത്ര യാഥാർത്യങ്ങളെ ഓർമ്മപ്പെടുത്താൻ ഈ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടാകും എന്നത് തീർച്ച.
     പാടങ്ങളിൽ വിളകൾക്ക് കീടനാശിനി തളിക്കുന്ന ചെറുവിമാനത്തിന്റെ പൈലറ്റായി രഹസ്യ ജീവിതം നയിക്കുന്ന കോബ്ലിക്കിന്റെ ഐഡന്റിറ്റിയെക്കുറിച്ച് സ്ഥലത്തെ പോലീസ് മേധാവിക്ക് സംശയം ഉദിക്കുന്നതോടെ സിനിമയുടെ ഗതിമാറുന്നു. വേണ്ടത്ര സ്‌പേസ് ലഭിക്കുന്നില്ലെങ്കിലും ഗ്രാമത്തിലെ സ്റ്റോർ ജോലിക്കാരിയായ നാൻസിയെന്ന കഥാപാത്രം കഥയെ സ്വാധീനിക്കുന്ന സാന്നിധ്യമാകുന്നു. സംശയങ്ങളും, യാഥാർത്യങ്ങളുമെല്ലാം സാഹചര്യങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നു. 
           എന്റെ പ്രതീക്ഷയോളം ഈ സിനിമ ഉയർന്നിട്ടില്ലെങ്കിലും, ഒരു തവണ ആസ്വദിക്കാവുന്ന ത്രില്ലർ തന്നെയാണ് KOBLIC.


Wednesday, 11 January 2017

TWO LIVES (2012)



FILM : TWO LIVES (2012)
GENRE : DRAMA !!! THRILLER
COUNTRY : GERMANY !! NORWAY
DIRECTOR : GEORG MASS , JUDITH KAUFMAN

                  യുദ്ധങ്ങളും, അധിനിവേശങ്ങളും ലോകത്തിന്റെയും ജനതയുടെയും ഗതി നിർണ്ണയിക്കുകയും വ്യക്തിജീവിതങ്ങളെ മാറ്റിമറിക്കുകയും ചെയ്യുന്ന കാഴ്ചകൾ പല സിനിമകളിലും കണ്ടിട്ടുണ്ട്. വിദ്വേഷവും, സ്നേഹവും, ദുരിതങ്ങളും, അതിജീവനവുമെല്ലാം യുദ്ധപശ്ചാത്തലത്തിലുള്ള സിനിമകളിലെ സ്ഥിരം കാഴ്ചകളുമാണ്. യുദ്ധങ്ങളോടൊപ്പം കുഴിച്ചു മൂടപ്പെടുന്ന രഹസ്യങ്ങളും, ഭൂതകാലവും വർഷങ്ങൾക്കു ശേഷം ഉയർത്തെഴുന്നേൽക്കുമ്പോൾ നമുക്ക് കാണാനാവുന്നത് യുദ്ധഭീകരതയുടെ അറിയാത്ത കാഴ്ചകളാണ്.
          ഭർത്താവിനും, മാതാവിനും മകൾക്കും, പേരമകൾക്കും ഒപ്പം സുഖജീവിതം നയിക്കുന്ന കാതറിനെ ഭൂതകാലം വേട്ടയാടാനെത്തുന്നത് ഒരു അഭിഭാഷകന്റെ രൂപത്തിലാണ്. ന്യായമെന്ന് തോന്നുന്ന അയാളുടെ ആവശ്യങ്ങളെ നിരാകരിക്കാൻ കാതറിന് അവളുടേതായ കാരണങ്ങൾ ഉണ്ടായിരുന്നു. വെളിപ്പെടുമെന്ന് അവൾ ഭയപ്പെടുന്ന ഭൂതകാല രഹസ്യങ്ങൾ തന്നെയാണ് ഈ സിനിമയെ ത്രില്ലിംഗ് അനുഭവമാക്കുന്നത്. പ്രധാന കഥാപാത്രമായ കാതറിന്റെ റോൾ കൈകാര്യം ചെയ്ത JULIANE KOHLER-ന്റെ പ്രകടനം പ്രത്യേകം എടുത്തുപറയേണ്ടത് തന്നെയാണ്. നിഗൂഢതയിൽ മുങ്ങിനിൽക്കുന്ന വ്യക്തിത്വത്തെയും, ഇന്നോളം നേടിയതെല്ലാം നഷ്ടപ്പെടുമെന്ന ആശങ്കയും ഒരുപോലെ പ്രതിഫലിപ്പിക്കാൻ അവർക്കു കഴിയുന്നു
        അധിനിവേശങ്ങളുടെ അവശേഷിപ്പുകളായി നിലനിൽക്കുമ്പോഴും, പുറംലോകം അധികം ചർച്ച ചെയ്യാത്ത ഇത്തരം സംഭവങ്ങളെ സിനിമകളിലൂടെയാണ് പലപ്പോഴും അറിയാനായിട്ടുള്ളത്. ചരിത്രത്തിന്റെ താളുകളിൽ ഇനിയും എണ്ണമറ്റ കഥാബീജങ്ങൾ ഉണ്ടാകുമെന്നതിൽ സംശയമില്ലാത്തതിനാൽ, കെട്ടുകഥകളേക്കാൾ വിസ്മയമേകുന്ന സംഭവങ്ങളെ ഇനിയും സിനിമകളിൽ കണ്ടുമുട്ടുക തന്നെ ചെയ്യും. പിന്നിട്ട കാലങ്ങൾ സാക്ഷിയായ യാഥാർത്യങ്ങളെ സിനിമാക്കാഴ്ചകളായി കാണാൻ ആഗ്രഹിക്കുന്നവർക്ക്‌ ഈ സിനിമയും ആസ്വാദ്യകരമാകും....