Tuesday, 10 March 2015

MUCIZE (2015)



FILM : MUCIZE (2015)
GENRE : DRAMA !! COMEDY
COUNTRY : TURKEY
DIRECTOR : MAHSUN KIRMIZIGUL

             ചില സിനിമകളുടെ സൗന്ദര്യം അവയുടെ ലാളിത്യമാണ്. ചില സിനിമകൾ ചില പ്രദേശങ്ങൾക്ക് മാത്രം  പറയാനുള്ളവയുമാണ്. കാരണം, സിനിമയുടെ ഓരോ നിശ്വാസവും ആ മണ്ണിനോട് കലർന്നിരിക്കുന്നതായി തോന്നും.  തുർക്കിയുടെ പ്രാന്തമായ മലനിരകളിലുള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച  മനോഹരമായ സിനിമയായ MUCIZE ഇത്തരമൊരു അനുഭവമാണ് ബാക്കിയാക്കുന്നത്.
                വർഷങ്ങളായി അധികൃതർ വിസ്മരിച്ച ഒരു  ഗ്രാമത്തിലേക്ക് പുതുതായി വന്നെത്തിയ അധ്യാപകനാണ് മാഹിർ. സ്കൂൾ പോലുമില്ലാത്ത ആ നാട്ടിലെ നിവാസികളുടെ സ്നേഹത്തിനു മുന്നിൽ കീഴടങ്ങിയ അയാൾ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ അവരുടെ ഹൃദയങ്ങളെ കീഴടക്കുന്നു. ഗ്രാമത്തിലെ തലവന്റെ മകനും, ഏവരുടെയും പരിഹാസങ്ങൾക്ക് ഇരയാകുന്ന  വികലാംഗത്വം ഉൾപ്പെടെ നിരവധി  പ്രശ്നങ്ങളുളള  AZIZ-നെയും വളരെയധികം പരിഗണിക്കുന്നു അയാൾ. സ്കൂളും, വളർത്തു മൃഗങ്ങളും , രസകരങ്ങളായ ഗ്രാമീണ നിമിഷങ്ങളുമാണ് തുടർന്നുള്ള ഫ്രൈമുകളെ അലങ്കരിക്കുന്നത്.
                  സിനിമ പകരുന്ന കാലഘട്ടത്തെ പട്ടാള അട്ടിമറി എന്ന രാഷ്ട്രീയ സൂചനയിലൂടെ വായിച്ചെടുക്കാൻ അവസരം ലഭിക്കുന്നു. മലനിരകളുടെ മാസ്മരിക സൗന്ദര്യം ഒപ്പിയെടുത്ത ഫ്രൈമുകളിൽ നിന്ന് പലപ്പോഴും കണ്ണെടുക്കാനാവില്ല. മഞ്ഞും, തടാകവും, പാറക്കെട്ടുകളും പ്രകൃതിയുടെ വിസ്മയക്കാഴ്ച്ചകളാകുന്നു. ഗ്രാമീണ ജീവിതത്തെ അടയാളപ്പെടുത്തുന്ന സാംസ്കാരിക അംശങ്ങളായി വിവാഹം, സാമൂഹിക ജീവിതം എന്നിവയെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. നന്മ നിറഞ്ഞ ഗ്രാമീണ മനസ്സും, പെണ്ണുകാണൽ ചടങ്ങുകളും വൈവിധ്യമാർന്ന സംസ്കൃതികളെക്കുറിച്ചുള്ള ചിന്തകളായി മനസ്സിൽ തങ്ങി നിൽക്കുന്നു.  തമാശ നിറഞ്ഞ ഇത്തരം പുതുമകൾ തന്നെയാണ് ആ സാംസ്കാരികതയ്ക്ക് പുറത്തുള്ള നമ്മളെ പോലുള്ള സിനിമാ പ്രേമികളെ ആകർഷിക്കുന്നത്. ക്ലൈമാക്സിന്റെ അവതരണം സിനിമയുടെ മൊത്തത്തിലുള്ള മികവിനോട് ചേരുന്നതായി തോന്നിയില്ല എന്ന കല്ലുകടി ബാക്കിയാവുന്നു.  AZIZ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. യഥാർത്ഥ ജീവിതാനുഭവങ്ങളിൽ നിന്ന് കടമെടുത്തതാണ് ഈ സിനിമയുടെ കഥയെന്നതും സന്തോഷമേകി.
                ചിലയാളുകൾ  കണ്ണിനു പുറമേ ഹൃദയം കൊണ്ടും ലോകത്തെ വീക്ഷിക്കും എന്ന് കേട്ടിട്ടുണ്ട്, അതുപോലെ ചില സിനിമകൾ ഹൃദയം കൊണ്ടാണ് കാണേണ്ടതും.......


Monday, 9 March 2015

METRO MANILA (2013)



FILM : METRO MANILA (2013)
COUNTRY : UK !!! PHILIPPINES
GENRE : CRIME DRAMA
DIRECTOR : SEAN ELLIS

              ബ്രിട്ടീഷ് സംവിധായകനായ SEAN ELLIS ഫിലിപ്പൈൻസിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ക്രൈം-ഡ്രാമയാണ് METRO MANILA. 2013-ൽ പുറത്തിറങ്ങിയ ഈ സിനിമ "ഓസ്കാർ   റെമിറാസ്‌ എന്ന സാധാരണക്കാരന്റെയും കുടുംബത്തിന്റെയും കഥ പറയുന്നു. ഫിലിപ്പൈൻസിലെ ഗ്രാമങ്ങളിലെവിടെയോ കർഷകനായി ദുരിത ജീവിതം നയിക്കുന്ന അയാൾ മറ്റു പോം വഴികളില്ലാതെ കുടുംബ സമേതം "മനില" എന്ന മഹാനഗരത്തിലെത്തുന്നു. "മരിച്ചവർ ചെന്നെത്തുന്ന പറുദീസ ഇതാണോ ?" എന്ന അയാളുടെ മകളുടെ ചോദ്യം ഗ്രാമത്തിന്റെ ശൂന്യതയിൽ നിന്ന് നഗരത്തിന്റെ കോലാഹലങ്ങളിലേയ്ക്കും , വർണ്ണ വിസ്മയങ്ങളിലെയ്ക്കും, അംബര ചുംബികൾക്കിടയിലേയ്ക്കും വന്നണഞ്ഞ കുഞ്ഞു മനസ്സിന്റെ തോന്നൽ മാത്രമാകുന്നു. എല്ലാ വൻനഗരങ്ങളേയും പോലെ കണ്ണഞ്ചിപ്പിക്കുന്ന പുറം മോടികൾക്കുള്ളിലുള്ള ഇരുണ്ടതും , ക്രൂരവുമായ യാഥാർത്യങ്ങൾ റെമിരസിനെയും കുടുംബത്തേയും വേട്ടയാടുന്നു. നിലനിൽപ്പിനായുള്ള നെട്ടോട്ടത്തിനൊടുവിൽ കരഗതമാകുന്ന ജോലി അയാളെയും കുടുംബത്തേയും സന്തോഷ നിമിഷങ്ങളിലേയ്ക്ക് കൈപിടിച്ചുയർത്തുകയാണ്. എന്നാൽ അയാളുടെ കൂട്ടാളിയുടെ പദ്ധതികൾ, സാഹചര്യങ്ങൾ സങ്കീർണ്ണവും , ജീവിതം അപകടകരവുമാക്കുന്നു. മുന്നിലുള്ള എല്ലാ വഴികളും അടയുമ്പോൾ അയാൾക്ക് എന്ത് ചെയ്യാനാകും........
              പുതുമയില്ലാത്ത കഥയാണെങ്കിലും മനിലയുടെ പശ്ചാത്തലത്തിൽ ഫ്രൈമുകളും, കഥാസന്ദർഭങ്ങളും ഒരു  ഫ്രെഷ്നസ്സ് ഫീൽ ചെയ്യിക്കുന്നു. ക്ലൈമാക്സ് നമ്മുടെ പ്രതീക്ഷകളെ തകിടം മറിക്കാൻ പ്രാപ്തമല്ലെങ്കിലും   മനസ്സിന് തൃപ്തി നൽകുന്നതാണ്. 2013-ലെ മികച്ച സിനിമകളിൽ ഒന്നായി ഇടം പിടിക്കാനുള്ള അവകാശവാദങ്ങൾ ഈ സിനിമയുടെ സൃഷ്ടാക്കൾ നിരത്തിയാൽ അവരെ കുറ്റം പറയാനാവില്ല. കാരണം, ഈ സിനിമ അത് അർഹിക്കുന്നു.


Saturday, 7 March 2015

MANUSCRIPTS DON’T BURN (2013)



FILM : MANUSCRIPTS DON’T BURN (2013)
GENRE : DRAMA
COUNTRY : IRAN
DIRECTOR : MOHAMMAD RASOULOF

            സെൻസർഷിപ്പിന്റെ കടുത്ത വാൾതലപ്പുകൾക്ക് ഇരയാകുന്ന സൃഷ്ടികൾക്ക് പൂർണ്ണതയുടെ സൗന്ദര്യത്തെ ഉൾക്കൊള്ളാനാവില്ല. സാഹചര്യങ്ങളുടെ ഉരുക്ക് മുഷ്ടികളിൽ ഓർമ്മയിലെയും , ചുറ്റുപാടുകളിലേയും പുഴുക്കുത്തുകളോട് മുഖം തിരിക്കേണ്ടി വരുകയും , ദുർഗന്ധങ്ങളെ സഹിക്കേണ്ടിയും വരുന്ന കലാകാരന്റെ / എഴുത്തുകാരന്റെ നിസ്സഹായതകളെ അയാളുടെ സൃഷ്ടികളിലെ അപൂർണ്ണതയുടെ വിടവുകളിലേയ്ക്ക് ചേർത്ത് വച്ച് സൗന്ദര്യത്തേയും, വേദനയാർന്ന യാഥാർത്യങ്ങളെയും ഉൾക്കൊള്ളുകയാണ് വേണ്ടത്.
                MANUSCRIPTS DON'T BURN എന്ന സിനിമ ഇറാനിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളിൽ എഴുത്തുകാരനുഭവിക്കുന്ന  നിസ്സഹായതയെയും , വിദൂര സ്വപ്നമാകുന്ന അഭിപ്രായ സ്വാതന്ത്ര്യങ്ങളെയും തുറന്നു കാണിക്കുന്നതിലൂടെ പ്രതിഷേധാഗ്നിയായി ജ്വലിച്ചു നിൽക്കുന്നു. ഒരു പോളിറ്റിക്കൽ ത്രില്ലർ എന്നും വിളിക്കാവുന്ന ഈ സിനിമയുടെ റിയലിസ്റ്റിക്കായുള്ള അവതരണം പലപ്പോഴും നടുക്കമുളവാക്കുന്നു.  രണ്ട് എഴുത്തുകാരെ ആത്മഹത്യ എന്ന രൂപേണ കൊലചെയ്യേണ്ട ദൌത്യവുമായി  രണ്ടു വ്യക്തികൾ, എഴുത്തുകാരുടെ കൈവശമുള്ളത് എന്ന് കരുതപ്പെടുന്നതും, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്നതുമായ കൈയ്യെഴുത്തുപ്രതികൾ, ആജ്ഞകളുടെ ക്രൂരത മുഖത്ത് പ്രതിഫലിക്കാത്ത സുമുഖനായ തലവൻ എന്നിവയോടൊപ്പം കൊലപാതകിയുടെ സാധാരണ ജീവിത സാഹചര്യങ്ങളും , നടുക്കുന്ന യാഥാർത്യങ്ങളും കൂടി ചേരുമ്പോൾ കാഴ്ച്ചയുടെ ആഴവും, സിനിമയുടെ ധർമ്മവും മറ്റൊന്നാകുന്നു.
                   അക്ഷരങ്ങളുടെ ചൂടും, എഴുത്തുകാരന്റെ ശക്തിയും തിരിച്ചറിയുന്ന എല്ലാ അധികാര വ്യവസ്ഥകളും , തങ്ങൾ തീർക്കുന്ന സാമൂഹിക മൂല്യങ്ങളെ മുൻനിർത്തി ആസൂത്രണം ചെയ്യുന്ന "IMMORAL BRANDING" എന്ന ഭീഷണിയിലൂടെ എതിർ ശബ്ദങ്ങളെ അമർച്ച ചെയ്യുന്ന യാഥാർത്ഥ്യം ഈ സിനിമയും പങ്കുവെക്കുന്നു. ആവർത്തിച്ചു വരുന്ന പാത്രം കഴുകൽ സീനുകൾ, സമൂഹത്തിന്റെ വിഴുപ്പുകളെ ഇല്ലായ്മ ചെയ്യുന്ന എഴുത്തുകാരന്റെ ധർമ്മത്തെയാവാം ഉദ്ദേശിച്ചത്. സമാധാന ഭിക്ഷകൾക്കായി വിധേയത്വത്തിന്റെ മൌനരാഗങ്ങൾ കുറിക്കേണ്ടി വരുന്ന ക്രൂരതയെയും സിനിമ ആവിഷ്ക്കരിക്കുന്നു. ദരിദ്ര പരിസരങ്ങളുടെ അധിപനാണെങ്കിലും  തന്റെ ചെയ്തികൾ പണത്തിനു വേണ്ടിയല്ല എന്ന് പലവുരു ആണയിടുന്ന കൊലപാതകി വ്യവസ്ഥിതി സൃഷ്ടിക്കുന്ന മാനസികനിലയിൽ കുരുത്ത പോരാളിയാകുന്നു.
                   സിനിമയുടെ അവസാന രംഗങ്ങൾ നിറയുന്ന ഫ്രൈമുകൾ നമ്മിൽ ചെലുത്തുന്ന ഭീതിജനകമായ അസ്വസ്ഥതയ്ക്ക് അവതരണത്തിലെ കൈയ്യടക്കത്തെ പ്രകീർത്തിക്കാം. പറയാനുള്ളവ ഉറക്കെ വിളിച്ചു പറയാൻ സംവിധായകൻ കാണിച്ച ധൈര്യം പ്രേക്ഷകരിലേയ്ക്കും പടരട്ടെ. എന്ന് ആഗ്രഹിക്കുന്നു. സമൂഹത്തിന്റെ വഴികാട്ടികളായ ധിഷണകളിൽ നിന്നും ഒഴുക്കി വിടുന്ന രക്തത്തിൽ മുങ്ങിക്കുളിക്കുന്ന  ഒരു ദേശത്തിനും സാമൂഹികാരോഗ്യത്തിലേക്കും , പുരോഗതിയിലേയ്ക്കും കുതിക്കാനാവില്ല.


Wednesday, 4 March 2015

THE MISSING PICTURE (2013)



FILM : THE MISSING PICTURE (2013)
GENRE : DOCUMENTARY
COUNTRY  : CAMBODIA
DIRECTOR : RITHY PANH

                     പലപ്പോഴും സിനിമകളിലെ അവതരണ വൈവിധ്യവും , പുതുമയും അത്ഭുതമേകാറുണ്ട്. 86-മത് ഓസ്കാർ അവാർഡിൽ വിദേശഭാഷാ  ചിത്രത്തിനായുള്ള മത്സരത്തിൽ അവസാന അഞ്ചിൽ ഇടം നേടിയ ഡോക്യുമെന്ററി  സിനിമയായ THE MISSING PICTURE അവതരണത്തിലെ പുതുമ കൊണ്ട് നമ്മെ  വിസ്മയിപ്പിക്കുന്നു. ഇത്തരം പരീക്ഷണങ്ങളെ ഇരു കൈയും നീട്ടി സ്വീകരിക്കുമ്പോഴാണ് സിനിമകളെ പുതുമോടികളോടെ അവതരിപ്പിക്കാൻ സംവിധായകർ തുനിയുക.
             കമ്പോഡിയൻ രാഷ്ട്രീയ ചരിത്രത്തിലെ കുപ്രസിദ്ധിയാർജ്ജിച്ച ഖമറൂഷ് ദിനങ്ങളെ , ആ കാലഘട്ടത്തെ അതിജീവിച്ച ഇരയുടെ (സംവിധായകന്റെ) ഓർമ്മകളിലൂടെ നമുക്ക് പകരുകയാണ് THE MISSING PICTURE. പുരോഗതിയുടെ നല്ല ദിനങ്ങളെന്ന നുണയുമായെത്തിയ ദുസ്വപ്നത്തിന്റെ സാക്ഷാത്ക്കാരത്തിനായുള്ള  വൃഥാശ്രമങ്ങളുടെ ഒറിജിനൽ ഫൂട്ടേജുകളും , കളിമണ്‍ പാവകളുമാണ് ഈ സിനിമയുടെ ഫ്രൈമുകൾ കയ്യേറുന്നത്. വ്യക്തിയുടെ സ്വാതന്ത്ര്യവും, സ്വപ്നങ്ങളും രാജ്യത്തിനായി ബലികഴിക്കേണ്ടി വരുകയോ അടിച്ചമർത്തപ്പെടുകയോ  ചെയ്യുന്നു. സംഘടിത ശക്തിയെ സ്വയം പര്യാപ്തതയിലേക്കുള്ള കുതിപ്പായി കരുതി ഖമറൂഷുകൾ സൃഷ്ടിക്കുന്ന ആൾക്കൂട്ടങ്ങളുടെ നഷ്ട-ജീവിതങ്ങളെ ഈ സിനിമ ഓർമ്മിപ്പിക്കുന്നു. കഥാപാത്രങ്ങളായ കളിമണ്‍ പാവകളുടെ മുഖങ്ങളിൽ കലുഷിതവും , ക്രൂരവുമായ ആ ദിനങ്ങളെ ദൈന്യതയുടെയും , ഭീതിയുടെയും, നിരാശയുടെയും സ്ഥായീഭാവങ്ങളായി കണ്ടെടുക്കാം. ഏകാധിപത്യ ധിഷണകളിൽ ഉദിക്കുന്ന വികലമായ കാഴ്ച്ചപ്പാടുകൾ പ്രായോഗികതയുടെ നിലങ്ങളിലേയ്ക്ക് ഇറങ്ങുമ്പോൾ വിശപ്പും, ദാരിദ്ര്യവും പങ്കിട്ടെടുക്കുന്ന മനുഷ്യക്കോലങ്ങളാണ് ബാക്കിയാവുക എന്നത് ഈ സിനിമയും വിളിച്ചു പറയുന്നു. പ്രത്യയശാസ്ത്ര പ്രയോക്താക്കളുടെ പരീക്ഷണ ശാലകളിൽ ഓർമ്മകൾ മാത്രം "സ്വന്തവും", കവർന്നെടുക്കാൻ കഴിയാത്തതുമാവുന്നു. ഓർമ്മകളിൽ പോലും അവശേഷിക്കാത്ത ചിത്രങ്ങളെയോ , ബാല്യത്തേയോ ആവാം സംവിധായകൻ തേടുന്നതും.
              ഈ DOCUMENTARY സിനിമയിലെ നിശ്ചല ദൃശ്യങ്ങളെ വോയിസ് ഓവർ നരേഷനുമായി കൂട്ടിവായിക്കുമ്പോഴാണ് സിനിമയ്ക്കൊപ്പം നമുക്ക് സഞ്ചരിക്കാനാവുക. പോൾ പോൾട്ട് സൃഷ്ടിച്ച വരണ്ട ദിനങ്ങളെ സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തിൽ വെളിവാക്കുന്ന സംവിധായകൻ  പ്രതി ചേർക്കാനും വിധിക്കാനുമുള്ള സ്വാതന്ത്ര്യം പ്രേക്ഷകന് നൽകുന്നു.
                    സിനിമയുടെ ഏറ്റവും വലിയ സവിശേഷതയായ അഭിനേതാക്കളെ  ഒരുക്കിയെടുത്ത കൈകളുടെ വൈദഗ്ധ്യത്തെ  പുകഴ്ത്താതെ വയ്യ. കാൻ ചലച്ചിത്ര മേളയിലടക്കം ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഈ സിനിമ ചരിത്രത്തിലെ  മായ്ച്ചുകളയാൻ കഴിയാത്ത ഏടുകളിലേക്കാണ് വെളിച്ചം വിതറുന്നത്....... 


Thursday, 26 February 2015

WILD TALES (2014)



FILM : WILD TALES (2014)
GENRE : COMEDY !!! DRAMA
COUNTRY : ARGENTINA
DIRECTOR : DAMIAN SZIFRON

         പേര് പോലെ വന്യമായ അനുഭവമേകുന്ന അർജന്റീനിയൻ സിനിമയാണ് WILD TALES. പരസ്പര ബന്ധമില്ലാത്തതെന്നു തോന്നിപ്പിക്കുന്ന 6 കഥകളിലൂടെ , നമുക്ക് പരിചിതമായ സിനിമാ ശൈലികളെ തച്ചുടച്ച് ഹിംസയെ എണ്ണക്കറുപ്പുള്ള ഹാസ്യത്മകതയിൽ മുക്കിയെടുത്ത്   വിസ്മയമേകുന്ന ദൃശ്യവിരുന്നാണ് ഈ സിനിമ.
                പ്രതികാരവും, വഞ്ചനയും, അഴിമതിയും, വിദ്വേഷവും, ദുരന്തം വിതച്ച ഭൂതകാല ഓർമ്മകളും, സ്വാതന്ത്ര്യ വാഞ്ചകളും ഉള്ളിൽ പുകയുമ്പോൾ  മനുഷ്യ മനസ്സിന്റെ വന്യതയിലെ ഒളിത്താവളങ്ങൾ ഉപേക്ഷിച്ചിറങ്ങുന്ന "ഹിംസ"  , അവന്റെ ബോധതലങ്ങളെ അടക്കി മേയുന്ന സത്യത്തെയാണ്‌ ഈ സിനിമ അനാവരണം ചെയ്യുന്നത്. പല രംഗങ്ങളും നമ്മിലുണർത്തുന്ന ചിരി,  നമുക്ക് സാധ്യമാകുന്നത് എന്തുകൊണ്ടാണെന്ന അസ്വസ്ഥ ജനകമായ ചിന്തകളിലേക്ക് തന്നെയാണ് ഈ സിനിമ ലക്ഷ്യം വെയ്ക്കുന്നത്. സിനിമയിലെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിൽ ചിലരുടെ മാനസിക വ്യാപാരങ്ങളോട് നൈമിഷികമായെങ്കിലും താദാത്മ്യം പുലർത്തുന്നവയാണ് മനുഷ്യ മനസ്സിന്റെ സഞ്ചാര പഥങ്ങൾ എന്ന തിരിച്ചറിവും സിനിമയേകുന്നു. ചില കഥകൾ പ്രവചനീയമാണെങ്കിലും , സിനിമയുടെ മികവിനെ വലിച്ചു താഴ്ത്താത്ത വിധം അഭിനയവും, സ്ക്രിപ്റ്റും സിനിമയിലുടനീളം മികച്ചു നിന്നു.              
      സമൂഹവും, വ്യവസ്ഥകളും ഒരുക്കുന്ന സാഹചര്യങ്ങൾ സഹന സീമകളെ നിഷ്ക്കരുണം ലംഘിക്കുമ്പോൾ, അക്രോശങ്ങളില്ലാതെ ഉണരുന്ന ഹിംസയുടെ ചിത്രണമാണ് ഈ സിനിമയൊരുക്കുന്നത്. ചിരിയും ചിന്തയും അവശേഷിപ്പിക്കുന്ന  ആക്ഷേപ ഹാസ്യങ്ങളേയും,  കറുത്ത ഹാസ്യങ്ങളേയും  പുതുമയുള്ള തിരഭാഷ്യങ്ങളിൽ ആവോളം ചേർത്തൊരുക്കുന്ന ദൃശ്യ വിരുന്നുകൾക്കായുള്ള കാത്തിരിപ്പോടെ ഈ കുറിപ്പിന് വിരാമമിടുന്നു.


Monday, 23 February 2015

FIRECROSSER (2011)



FILM : FIRECROSSER (2011)
COUNTRY : UKRAINE
GENRE : BIOGRAPHY !!! ADVENTURE !!! DRAMA
DIRECTOR : MYKHAILO ILLIENKO

                ദേശങ്ങളുടെയും , ഭാഷകളുടെയും അതിരുകൾക്കപ്പുറത്തേക്ക് സിനിമാ കാഴ്ചകൾക്കായി കണ്ണുകൾ  പരതുമ്പോൾ വിചിത്രമായ കാഴ്ചകളും, കെട്ടുകഥകളുമാണ്‌ നമ്മെ സ്വീകരിക്കുക. നമ്മുടെ ഇടങ്ങളിൽ പ്രതീക്ഷിക്കാനാവാത്ത ഇത്തരം പുതുമകളോടുള്ള താൽപര്യം തന്നെയാണ് ഈ അന്വേഷണ ത്വരയുടെ ചോദനയും.
                    അവിശ്വസനീയമായ ജീവിതാനുഭവങ്ങളുടെ തീച്ചൂളകളെ മറികടന്ന സോവ്യറ്റ് പൈലറ്റിന്റെ ജീവിതാനുഭവങ്ങളുടെ സ്പര്ശനമേൽപ്പിച്ചാണ് FIRECROSSER എന്ന ഉക്രൈനിയൻ സിനിമയെ അവതരിപ്പിച്ചിരിക്കുന്നത്. സത്യം എന്നുറപ്പിക്കാനാവില്ലെങ്കിലും സംഭവ ബഹുലമായ അയാളുടെ ജീവിത അനുഭവങ്ങളെ ആഖ്യാന പുതുമയുടെ മേമ്പൊടിയോടെ കാഴ്ച അർഹിക്കുന്ന തരത്തിൽ അവതരിപ്പിക്കാനും സംവിധായകൻ ശ്രമിച്ചിരിക്കുന്നു. സാഹസികതയും, പ്രണയവും, സൗഹൃദവും  കലർന്ന  DODOKA-യുടെ ജീവിതത്തിന്  വഞ്ചനയുടെയും പ്രഹരങ്ങളേൽക്കുന്നു. യുദ്ധനായകൻ , തടവുകാരൻ , ഗോത്ര നേതാവ് എന്നീ വിചിത്രമായ സാഹചര്യങ്ങളിലെയ്ക്കും , വ്യക്തി പരിണാമങ്ങളിലേക്കും അയാൾ അലിഞ്ഞു ചേരുന്നു.  അവിശ്വസനീയമായ ഈ ജീവിത ഏടുകൾ സിനിമാറ്റിക്  രൂപമാർജ്ജിച്ചപ്പോൾ  അപൂർണ്ണത പേറുന്നവയായി  തോന്നി. മഹത്തരം എന്ന് പറയാവുന്ന തലത്തിലേക്ക് ഈ സിനിമയെ ഉയർത്താനുമാവില്ല.
                ഒട്ടേറെ പ്രതീക്ഷകളുമായി ഉക്രൈനിയൻ സിനിമാ ചരിത്രത്തിലേയ്ക്ക് പറന്നിറങ്ങിയ FIRECROSSER  എന്ന ഈ സിനിമയ്ക്ക്  പ്രേക്ഷക പ്രതീക്ഷകളുടെ  അഗ്നി-പരീക്ഷയെ മറികടക്കാനായോ എന്ന സംശയം തോന്നാമെങ്കിലും , ഇത്തരം സിനിമകൾ ഈ നാടുകളിൽ നിന്ന് മാത്രമേ കണ്ടെടുക്കാനാവൂ എന്നതിനാൽ ഒരു തവണ കാണുന്നത് നഷ്ടമാവില്ല .....


Tuesday, 17 February 2015

A NEW DAY IN OLD SANA’A (2005)



FILM : A NEW DAY IN OLD SANA’A (2005)
COUNTRY : YEMEN
GENRE : ROMANTIC DRAMA
DIRECTOR : BADER BEN HIRSI

        യുനെസ്കോയുടെ വേൾഡ്  ഹെറിറ്റെജ് സൈറ്റുകളിലൊന്നായ  യെമെൻ തലസ്ഥാന നഗരമായ SANA'A-യുടെ പഴമയാർന്നതും , അനുപമവുമായ പശ്ചാത്തലത്തിൽ പ്രണയം, സംസ്കാരം, കുടുംബ മഹിമ എന്നിവയെ വ്യത്യസ്തമാർന്ന രീതിയിൽ വിളക്കിച്ചേർത്ത് അവതരിപ്പിച്ച റൊമാന്റിക് ഡ്രാമയാണ് ഈ സിനിമ. പ്രണയ ചിത്രം എന്നതിനേക്കാൾ യെമനി ജീവിതത്തെയും, സംസ്കാരത്തെയും ഒരു പുറം കണ്ണിലൂടെ നോക്കിക്കാണുന്ന പുതുമയാണ് സിനിമയുടെ  പ്രത്യേകത.
                ഇറ്റലിക്കാരനായ ഫോട്ടോഗ്രാഫർ ഫ്രെഡറിക്കോയുടെ NARRATION -നിലൂടെയാണ് സിനിമ മുന്നേറുന്നത്. അയാളുടെ സഹായിയായി ഫോട്ടോഗ്രാഫി പഠിക്കാൻ ശ്രമിക്കുന്ന സുമുഖനായ  താരിഖിന്റെ പ്രണയം, വിവാഹം, ആന്തരിക സംഘർഷങ്ങൾ എന്നിവയാണ് സിനിമയുടെ റൊമാന്റിക് ലേബലിന് കാരണമാകുന്നത്. പ്രൌഡമായ പഴമയുടെ എടുപ്പുകളായി ഉയർന്നു നിൽക്കുന്ന ARCHITECTURE വിസ്മയങ്ങളാൽ  സമ്പന്നമായ SANA'A യുടെ തെരുവുകളും , പരദൂഷണ കുതുകികളായ വനിതാ പ്രാധിനിത്യങ്ങളും ഈ സിനിമയുടെ അവഗണിക്കാനാവാത്ത അംശങ്ങളാകുന്നു. പുതു കാഴ്ചയും, പുതു അറിവും സമ്മാനിച്ച സാംസ്കാരിക അടയാളങ്ങൾ സിനിമയുടെ മാറ്റ് കൂട്ടുന്നു. പ്രണയവും, കുടുംബവും സാംസ്കാരികതയുടെ തട്ടിൽ നിൽക്കുമ്പോൾ തെരഞ്ഞെടുപ്പിന്റെ നിർബന്ധതകളിലെയ്ക്ക് താരിഖ് നയിക്കപ്പെടുകയാണ്.
               UK-യുടെ സഹായത്തോടെ നിർമ്മിക്കപ്പെട്ട ഈ സിനിമ CANNES-ൽ  പ്രദർശിക്കപ്പെട്ട ആദ്യ യെമൻ സിനിമയാണ്. സിനിമയിലെ ഇന്ത്യക്കാരനായ രവി എന്ന കഥാപാത്രം കൌതുകമുണർത്തി. ഒരു വിദേശിയുടെ വീക്ഷണ കോണിലൂടെ (ഫ്രെഡറിക്കോ) അവതരിപ്പിച്ച് സാംസ്കാരികതകളുടെ ചേർച്ചയും,  ചേർച്ചയില്ലായ്മയും വ്യക്തമായി ധ്വനിപ്പിക്കാൻ ഈ സിനിമയ്ക്കാവുന്നു. പ്രണയത്തിന്റെ സാർവ്വദേശീയതയ്ക്കപ്പുറം , സാംസ്കാരിക ഇടപെടലുകളെ പ്രണയത്തോട് ചേർത്ത് മനോഹരമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു.
                 അറബ് താളങ്ങളും, SANA'A-യുടെ  പഴമയെ പകരുന്ന ഫ്രൈമുകളും മികച്ചതായിരുന്നു. അറിയാത്തതും. കേട്ടിട്ടില്ലാത്തതുമായ സംസ്കാരങ്ങളെ സിനിമാസ്വാദനത്തിനൊപ്പം രുചിക്കാൻ താത്പര്യപ്പെടുന്നവർക്കുള്ളതാണ് A NEW DAY IN OLD SANA'A.