Sunday, 1 February 2015

NAIROBI HALF LIFE (2012)



FILM : NAIROBI HALF LIFE (2012)
GENRE : DRAMA
COUNTRY : KENYA
DIRECTOR : DAVID ‘TOSH’ GITONGA

     ഞാൻ കണ്ടിട്ടുള്ള ആഫ്രിക്കൻ സിനിമകൾ കൂടുതലും അവിടങ്ങളിലെ പച്ചയായ ജീവിത യാഥാർത്യങ്ങളെ വരച്ചു കാട്ടുന്നവയായിരുന്നു . പ്രതികാരത്തിന്റെയോ, പ്രതിഷേധത്തിന്റെയോ  കടുത്ത സ്വരങ്ങളായോ , ഇരുണ്ട റിയാലിറ്റിയുടെ അടയാളപ്പെടുത്തലായോ, അന്ധവിശ്വാസങ്ങൾ ഇരുൾ വീഴ്ത്തിയ വഴികളിലൂടെയുള്ള നവ ചിന്തകളുടെ ദൃശ്യപരമായ ചുവടുവെയ്പ്പായോ  ആണ്  അത്തരം കാഴ്ചകൾ വിലയിരുത്തപ്പെടുന്നതും.
            ആഫ്രിക്കൻ  ജീവിതത്തിന്റെ സ്ഥിരം കാഴ്ചകളോട് ചേർന്ന് നിന്ന് വളരെ എന്റർടൈനിംഗായ ഒരു സിനിമയെടുക്കാൻ കഴിഞ്ഞു എന്നതാണ് KENYAN സിനിമയായ NAIROBI HALF LIFE-ന്റെ മഹത്വം. അഭിനയമോഹവുമായി ജീവിക്കുന്ന MWAS എന്ന യുവാവാണ് സിനിമയുടെ നട്ടെല്ല്. ഗ്രാമത്തിൽ CD വിറ്റ് ജീവിക്കുന്ന അവൻ വലിയ മോഹങ്ങളുമായി നൈറോബി എന്ന മഹാനഗരത്തിലെത്തുകയാണ്. അവസരങ്ങളുടെ പറുദീസയെന്ന് നിനച്ചിരുന്ന  അവനെ നൈറോബി വരവേൽക്കുന്നത് കഠിനമായ സത്യങ്ങളെ അനുഭവിപ്പിച്ചു കൊണ്ടായിരുന്നു. ചിന്തിക്കാനാവാത്ത വിധം അരക്ഷിതമായ സമൂഹത്തിൽ കുറ്റകൃത്യങ്ങളുടെ കൂട്ടുകാരനാവുക എന്ന അതിജീവന യുക്തിയെ  അവന് പുൽകേണ്ടി വരുന്നു. നിലനില്പ്പിനായുള്ള വെപ്രാളപ്പാച്ചിലിനിടയിൽ തട്ടിമറിക്കപ്പെടുന്ന നന്മകളും, സ്വപ്ന സാക്ഷാത്ക്കാരത്തിനായുള്ള  MWAS-ന്റെ ശ്രമങ്ങളും , കൂട്ടാളികൾക്കൊപ്പം അവൻ പങ്കിടുന്ന തിന്മനിറഞ്ഞ പകലുകളും , രാത്രികളും ഈ സിനിമ നമുക്കായ് കരുതിവെച്ചിട്ടുള്ള നല്ല വിഭവങ്ങളാകുന്നു.
              സമർത്ഥനായ കഥാപാത്രമായി മികച്ചു നിന്ന MWAS സിനിമയെ ആസ്വാദ്യകരമാക്കുന്ന ഊർജ്ജ്വസ്സ്വലമായ സാന്നിധ്യമാകുന്നു. വെറുമൊരു ഗാങ്ങ്സ്ടർ മൂവി എന്നതിനപ്പുറം വിശേഷണത്തിന് സിനിമയെ അർഹമാക്കും വിധം ഇതര തലങ്ങളിലൂടെ സിനിമയെ പിച്ചവെയ്പ്പിക്കാനായി എന്ന് പറയാം. സ്ക്രിപ്ടിനെയും , കഥാഗതിയെയും ഒരു സോഷ്യൽ മെസ്സേജ് എന്ന പ്രസക്തമായ ബിന്ദുവിലേയ്ക്ക് നയിക്കുന്നതിലും  ഈ സിനിമാ സൃഷ്ടാക്കൾ വിജയം കണ്ടു. ഈ കുറിപ്പ് അവസാനിപ്പിക്കുന്നതിന് മുമ്പ് സിനിമയിലെ ഒരു ഡയലോഗ് കുറിച്ചിടാൻ ആഗ്രഹിക്കുന്നു.

                                "IT IS YOUR CHOICE TO LOOK OR TO LOOK AWAY"

     സുരക്ഷിതത്വത്തിന്റെ ശീതളിമയിൽ വിരാജിക്കുമ്പോൾ , നമുക്ക് ചുറ്റുമുള്ള അരക്ഷിതമായ ഇടങ്ങളിലേയ്ക്ക് ആത്മാർത്ഥമായി നോക്കാൻ നമ്മൾ മടിക്കുന്നത് എന്ത് കൊണ്ട്? ..എന്ന ചോദ്യവുമായി ഈ സിനിമ തിരശ്ശീലയൊഴിയുന്നു...


Thursday, 29 January 2015

THE ABSENT ONE (2014)



FILM : THE ABSENT ONE (2014)
COUNTRY : DENMARK
GENRE : CRIME !!! THRILLER
DIRECTOR : MIKKEL NORGAARD

                     ത്രില്ലർ സിനിമകളിൽ ഏറ്റവും ആസ്വാദ്യകരം ഇൻവെസ്ടിഗേറ്റീവ് ത്രില്ലരുകളാണെന്ന് തോന്നുന്നു. അന്വേഷകന്റെ സഞ്ചാരപഥങ്ങളെ , മനോസഞ്ചാരങ്ങങ്ങളിലൂടെ അനുഗമിക്കുന്നതിലുള്ള ആനന്ദമായിരിക്കാം പ്രേക്ഷകനെ ഇത്തരം സിനിമകളോട്  അടുപ്പിക്കുന്നത്. 2013-ൽ പുറത്തിറങ്ങിയ THE KEEPER OF LOST CAUSES എന്ന ഡാനിഷ് സിനിമയുടെ സംവിധായകനായ MIKKEL NORGAARD, 2014-ലും  അതേ സിനിമയിലെ പ്രധാന കഥാപാത്രങ്ങളോടൊപ്പം , പുതിയ അന്വേഷണങ്ങളുമായി നമ്മുടെ മുമ്പിലെത്തുന്നു. THE ABSENT ONE (2014) എന്ന ഈ സിനിമയും ആദ്യ സിനിമയിലേത് പോലെ പഴയ കാലത്തെ ചികയുകയാണ്.
                  അറ്റം കാണാതെ ഉപേക്ഷിക്കപ്പെടുന്ന കേസുകൾ (COLD CASES) അന്വേഷിക്കാനുള്ള DEPT.Q -വിലെ ഉദ്യോഗസ്ഥരാണ് CARL-ഉം , ASSAD-ഉം. ഒരിക്കൽ രാത്രി സഞ്ചാരത്തിനിടയിൽ CARL-ന്റെ മുമ്പിലേയ്ക്കു മദ്യപനായ മുൻപോലീസുകാരൻ എത്തുകയാണ്. 20 വർഷങ്ങൾക്ക് മുമ്പ് കൊല ചെയ്യപ്പെട്ട അയാളുടെ മക്കളെ സംബന്ധിക്കുന്ന കേസിനെക്കുറിച്ച് ആരായുന്ന അയാളെ അവഗണിക്കുന്നു  CARL. മണിക്കൂറുകൾക്കകം ആത്മഹത്യ ചെയ്യുന്ന അയാൾ  CARL-ന് വേണ്ടി അവശേഷിപ്പിക്കുന്ന "പാക്കേജ്" -ൽ നിന്ന് പുതിയ അന്വേഷണ വഴികളിലേയ്ക്ക് സിനിമയും നമ്മളും നീങ്ങുന്നു. കൊലപാതകി ആര്? എന്നതിനേക്കാൾ സിനിമയുടെ ത്രില്ല് മറ്റു പലതുമാണ്. 20 വർഷം പിന്നിട്ട കൊലപാതകത്തിന്റെ പൂർണ്ണചിത്രം നമുക്കായ് വീണ്ടെടുക്കുക എന്ന ദുഷ്കര ദൌത്യമാണ്‌ അന്വേഷകരെയും കാഴ്ച്ചക്കാരെയും ആവേശഭരിതമാക്കുന്നത്.
                   വിസ്മയിപ്പിക്കുന്ന ക്ലൈമാക്സ് ഒന്നും അവകാശപ്പെടാനില്ലെങ്കിലും "ത്രില്ലർ" എന്ന് വിളിക്കപ്പെടാൻ   എല്ലാ അർഹതയുമുള്ള  ഒരു ഡാനിഷ് സിനിമ..... കാണുമല്ലോ?...
         


Monday, 26 January 2015

THE MILK OF SORROW (2009)



FILM : THE MILK OF SORROW (2009)
COUNTRY : PERU
GENRE : DRAMA
DIRECTOR : CLAUDIA LLOSA

    പെറുവിയൻ സിനിമകൾ മുമ്പും കണ്ടിട്ടുണ്ടെങ്കിലും ആഖ്യാനത്തിലും , ഫ്രൈമുകളിലും, പ്രമേയങ്ങളിലുമുള്ള  ലാറ്റിനമേരിക്കൻ  സൗന്ദര്യം നുകരാനായത് THE MILK OF SORROW കണ്ടപ്പോഴാണ്. ലാറ്റിനമേരിക്കയിലെ അത്ഭുതാവഹമായ  സാമൂഹികാന്തരീക്ഷങ്ങളെ  പകർന്നു നൽകുന്ന ചലച്ചിത്ര ഭാഷ്യങ്ങളെ ആസ്വദിക്കുമ്പോൾ , വിപ്ലവത്തിന്റെ ചൂടും , മാജിക്കൽ റിയലിസത്തിന്റെ മാസ്മരികതയേയും തേടുന്നതും എന്നിലെ സിനിമാസ്വാദകന്റെ  ശീലവുമാണ്. അർഹിച്ച  വിധത്തിൽ  നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയ THE MILK OF SORROW മനോഹരമായ അനുഭവമാകുന്നത് മുകളിൽ പറഞ്ഞ പോലെ പ്രമേയ-ആഖ്യാന വൈവിധ്യം മൂലമാണ്.
              ആഭ്യന്തര ഭീകരതയുടെ നാളുകളിൽ ബലാത്കാരത്തിന് വിധേയയായ സ്ത്രീ ജന്മം നൽകിയ FAUSTA-യാണ് നമ്മുടെ നായിക. ഗർഭധാരണ സമയത്തോ , പ്രസവ ശേഷമോ ഇത്തരം ക്രൂരതയ്ക്ക് ഇരയാകുന്നവരെ കീഴടക്കുന്ന രോഗമായാണ് "MILK OF SORROW" പരാമർശിക്കപ്പെടുന്നത്. ഭീതിയുടെ ലാവണങ്ങളിൽ പിറന്നു വീണ അവൾക്ക് മാതാവിനെ ആവേശിച്ച ആ കാലഘട്ടത്തിന്റെ രോഗം ("ഭയം") മുലപ്പാലിലൂടെ പകർന്നു കിട്ടിയിരിക്കുകയാണ്. അമ്മയോടൊപ്പം പാട്ടുകൾ പാടി പ്രതിരോധങ്ങൾ തീർത്തിരുന്ന അവളെയും , അവളുടെ സന്തത സഹചാരിയായ "ഭീതിയെയും" തനിച്ചാക്കി അനശ്വരതയെ പുൽകുകയാണ് അമ്മ. അവളുടെ ചെറിയ ആഗ്രഹങ്ങളും, ചുറ്റുപാടുകളും, രോഗവും സ്വാതന്ത്ര്യത്തിന്റെ സുഗന്ധം കലർന്ന  വായു ഉച്വ സിക്കാൻ അവളെ നിർബന്ധിക്കുകയാണ്.
           ഭീകരത അവശേഷിപ്പിച്ച ഭീതിയുടെ ചോരക്കറ തങ്ങിനിൽക്കുന്ന FAUSTA-യുടെ കണ്ണുകൾ ഭൂതകാലത്തെ വിചാരണ ചെയ്യാൻ പ്രാപ്തമായവയായിരുന്നു. സിനിമയുടെ പ്രമേയം "ഭയം" ,"വിഷാദം" എന്നിവയോട് ഐക്യപ്പെടുന്നവയാണെങ്കിലും  , ആഹ്ലാദത്തിന്റെയും , ആഘോഷങ്ങളുടെയും  ദരിദ്രക്കാഴ്ചകൾ  പെറുവിയൻ ജനതയുടെ വിവാഹ ചിത്രങ്ങളിലൂടെ വരച്ചു കാട്ടി ഐറണി സൃഷ്ട്ടിക്കാനും ശ്രമിച്ചിരിക്കുന്നു. സമൃദ്ധിയും , പച്ചപ്പും നിറഞ്ഞ ജീവസ്സുറ്റ ലക്ഷണങ്ങളെ വ്യക്തമായി ദർശിക്കാനായ സമ്പന്നതയും സിനിമയിലെ കേവല ദൃശ്യങ്ങളായി മാറ്റിവെയ്ക്കേണ്ടവയായിരുന്നില്ല. കുഴിച്ചു മൂടിയതിനെ വീണ്ടും കാണില്ല എന്ന് പറഞ്ഞവർ നുണയന്മാരാണെന്ന  സമ്പന്നയുക്തിയുടെ ജൽപ്പനങ്ങളെ ഉൾകൊള്ളാൻ  വംശീയ-രാഷ്ട്രീയ വായനകളെ ആശ്രയിക്കേണ്ടി വന്നേക്കാം.   FAUSTA തന്റെ "ഭയ"ത്തിനെതിരെ തീർത്ത പ്രതിരോധങ്ങൾ, ഭീതിയുടെ മുളകൾ അവൾക്കുള്ളിൽ സമൃദ്ധമായി  കിളിർക്കാൻ പോന്നവയായിരുന്നു. മാജിക്കൽ റിയലിസം പലയിടങ്ങളിൽ  എത്തിനോക്കുന്നുണ്ടായിരുന്നു. ഈ സിനിമയെക്കുറിച്ച് പറയുമ്പോൾ അവഗണിക്കാനാവാത്ത വിധം ഓർമ്മയിൽ തങ്ങി നിൽക്കുന്നു  FAUSTA എന്ന കഥാപാത്രവും അഭിനേത്രിയും.

                 നമ്മളിൽ പാകിയിട്ടുള്ള ഭീതിയുടെ വിത്തുകൾ പറിച്ചെറിയേണ്ടത് ,ഭീതിയുടെ താഴ്വരകളിലൂടെ അവയ്ക്കൊപ്പം നടന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചാണെന്ന് ഈ സിനിമ ഓർമ്മപ്പെടുത്തുന്നു . ഞാൻ കണ്ടതിനും , കേട്ടതിനമപ്പുറം ആഴം ഈ സിനിമയ്ക്ക്‌ ഉണ്ട് എന്നാണ് എന്റെ വിശ്വാസം.
                സിനിമയുടെ ചടുലതയെക്കുറിച്ച് വേവലാതികളില്ലാത്ത , അതിന്റെ  കലാമൂല്യത്തെ മറ്റു പലതിനും മുകളിൽ  പ്രതിഷ്ടിക്കുന്ന സിനിമാ പ്രേമികൾക്ക് ധൈര്യത്തോടെ കാണാം.......

Thursday, 22 January 2015

MOOLAADE (2004)



FILM : MOOLAADE (2004)
COUNTRY : SENEGAL !!! BURKINA FASO
GENRE : DRAMA
DIRECTOR : OUSMANE SEMBENE

                  ആഫ്രിക്കൻ സിനിമയിലെ കാരണവരായ OUSMANE SEMBENE-യുടെ അവസാന സിനിമയാണ് "MOOLAADE". ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിലെ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീകളിലെ  GENITAL MUTILATION-നും (FEMALE CIRCUMCISION) , അതിനെതിരെയുള്ള ചില വനിതകളുടെ ചെറുത്തുനിൽപ്പുകളുമാണ് ഈ സിനിമയുടെ ഉള്ളടക്കം.
                 "MOOLAADE" എന്ന സിനിമാപേര് സൂചിപ്പിക്കുന്നത് MAGICAL PROTECTION എന്നാണ്. "പരിശുദ്ധമാക്കൽ" (PURIFICATION) എന്ന പേരിൽ ആഫ്രിക്കൻ സാമൂഹികതയിൽ  തുടർന്നു പോരുന്ന പരമ്പരാഗത ആചാരമായ GENITAL MUTILATION-ൽ നിന്നും ഓടി രക്ഷപ്പെടുന്ന നാല് പെണ്‍കുട്ടികൾക്ക് അഭയം നൽകുകയാണ് COLLE എന്ന സ്ത്രീ.  "MOOLAADE" എന്ന പരിരക്ഷയുടെ ചിറകിനുള്ളിൽ അവരെ സംരക്ഷിക്കുന്ന  COLLE-ക്ക് , എതിരിടേണ്ടി വരുന്നത് പുരോഗമന ചിന്തകൾ തീണ്ടിയിട്ടില്ലാത്ത പുരുഷ പ്രജകളുടെ പ്രാകൃത മനസ്സുകളോടാണ്. ചെറുത്തുനില്പ്പിന്റെ നാൾവഴികൾ COLLE  എങ്ങനെ താണ്ടുമെന്നും, മാനവികതയോട് പുറം തിരിഞ്ഞ് നിൽക്കുന്ന ഇത്തരം സാമൂഹിക ദുരാചാരങ്ങളുടെ വേരുകൾ സമൂഹ മനസ്സുകളിൽ എത്ര ആഴത്തിൽ ആഴ്ന്നിറങ്ങിയിട്ടുണ്ട് എന്നും സിനിമ കാണിച്ചു തരുന്നു.
        പ്രാകൃത ആചാരനിഷ്ഠകളോട് ഇന്നും മമത വച്ചുപുലർത്തുന്ന ആഫ്രിക്കൻ  ജീവിതത്തിൽ നിന്ന് ഇത്തരത്തിലുള്ള ഒരു പ്രമേയം വെളിച്ചത്തിലേക്ക് നിർത്തി OUSMANE SEMBENE  പറയാൻ ശ്രമിക്കുന്നത് ഈ ദുരാചാരങ്ങളെ തുടച്ചു നീക്കാൻ മാത്രമല്ല , സാമൂഹിക പുരോഗതിയുടെ നിദാനമായി സ്ത്രീകൾ ഉണരേണ്ടതിന്റെയും , ഉയരേണ്ടതിന്റെയും  അനിവാര്യതയെക്കുറിച്ചുമാണ് . അജ്ഞതയുടെ നീരാളിപ്പിടുത്തങ്ങളിലമർന്ന  സ്ത്രീകൾ വസിക്കുന്ന സമൂഹം പുരോഗതിയുടെ വെളിച്ചം കാണില്ലെന്ന് പറയാതെ പറഞ്ഞുവെക്കുന്നു MOOLAADE. എതിർ ശബ്ദങ്ങളെ ഭയക്കുന്നവർ, എതിരിടുന്നവന്റെ അറിവിനെയും ഭയപ്പെടുന്നതിന്റെ തെളിവുകളാവുന്നു കത്തിയമരുന്ന റേഡിയോകൾ. ചില സീനുകളിൽ മിന്നിമറയുന്ന ആമയെ  പുരോഗതിയുടെ കിതപ്പായും, തവളകളെ അതിരുകൾക്കപ്പുറമുള്ള ലോകത്തെ അറിയാത്ത അജ്ഞതയായും  വ്യാഖ്യാനിക്കാം. പുരോഗതിയുടെയും, നവചിന്തയുടെയും പ്രതീക്ഷ നൽകിയ ഇബ്രാഹിമിന് പോലും മറികടക്കാനാവാത്ത വിധം ബലവത്തായതും, ഇടുങ്ങിയതുമാകുന്നു ഇവിടങ്ങളിലെ സാമൂഹിക മനസ്സ്. ഉടച്ചു വർക്കേണ്ടത് ശബ്ദങ്ങളില്ലാത്ത ഇടങ്ങളെയാണ്. ശബ്ദമുഖരിതമായ ഇടങ്ങൾ ജീവിതത്തിന്റെ, പുരോഗതിയുടെ അടയാളങ്ങളാകുമെന്ന്  നമുക്ക് പ്രത്യാശിക്കാം.
                കലാകാരൻ സമൂഹത്തിന് മുന്നോട്ടുള്ള വഴി ചൂണ്ടിക്കാണിക്കണം  എന്ന് ശഠിക്കാമോ എന്നറിയില്ല, എങ്കിലും  OUSMANE SEMBENE -യെ പോലുള്ള ആഫ്രിക്കൻ ഇതിഹാസങ്ങൾ തീർച്ചയായും ഇരുളിൽ നിന്നും വെളിച്ചത്തിലേയ്ക്കു തന്റെ ജനതയെ കൈപിടിച്ചുയർത്താൻ ആഗ്രഹിചിട്ടുണ്ടാകും. അങ്ങനെ ചിന്തിച്ചാൽ അദേഹത്തിന്റെ അവസാന സിനിമയായ MOOLAADE യുടെ അവസാന രംഗത്തിനേക്കാൾ മികച്ച  ഒന്ന് സങ്കൽപ്പിക്കാനാവില്ല. അദേഹത്തേപോലുള്ളവർ  ഉയർത്തിയ ദീപശിഖകൾ ഏറ്റുവാങ്ങാൻ പ്രാപ്തരായവർ ഇനിയും അവിടങ്ങളിൽ ഉദയം കൊള്ളട്ടെ .........


BORNING (2014)



FILM : BORNING (2014)
GENRE  : ACTION  !! ADVENTURE !! COMEDY
COUNTRY : NORWAY
DIRECTOR  :  HALLVARD BRAEIN

              ജീവിത ഗന്ധിയായ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകളോടാണ് കൂടുതൽ പ്രിയമെങ്കിലും , ഇതര സിനിമകളും എന്നിൽ ആഹ്ലാദവും, ആവേശവും വിതയ്ക്കാറുണ്ട്. അതിനാൽ ഇടയ്ക്ക് ഡ്രാമാ സിനിമകൾക്ക് ചെറിയ അവധി നൽകി ആവേശക്കാഴ്ച്ചകളെയും  പുൽകാറുണ്ട്. വേഗതയോടും , സാഹസികതയോടുമുള്ള മനുഷ്യന്റെ അടങ്ങാത്ത അഭിനിവേശം നിറഞ്ഞ "FAST AND FURIOUS" മാതൃകയിൽ പുറത്തിറക്കിയ നോർവീജിയൻ ആക്ഷൻ-അഡ്വെഞ്ചർ സിനിമയെയാണ് ഈ കുറിപ്പിലൂടെ പരിചയപ്പെടുത്തുന്നത്.
          ഒരിക്കലും കാത്തുനിൽക്കാത്ത  സമയത്തിനൊപ്പം ഓടിക്കിതച്ചെത്തുന്ന കാറുകളും, വിജയത്തിനായുള്ള അപകടകരങ്ങളായ മുന്നേറ്റങ്ങളും അലങ്കാരങ്ങളാവുന്ന ഈ സിനിമ, "റോയ്"  എന്ന കാർ ഭ്രാന്തന്റെ കഥ പറയുന്നു. നോർവെയെ മൊത്തം അളന്നെടുക്കാവുന്ന തരത്തിൽ 2000KM-ലധികം ദൂരമുള്ള  നിയമവിരുദ്ധവും , അപകടകരവുമായ  ഒരു റൈസിംഗിനായുള്ള   വെല്ലുവിളി സ്വീകരിക്കുകയാണ് അയാൾ. കൂടുതൽ ആളുകൾ മത്സരത്തിൽ അണിചേരുന്നതോടെ നമുക്ക് ലഭിക്കുന്നത് ത്രില്ലിംഗ് ഡ്രൈവിംഗ് സീനുകളാണ്.
                 ആവേശത്തോടൊപ്പം കോമഡിയും നന്നായി കൂട്ടിച്ചേർക്കാൻ കഴിഞ്ഞിട്ടുണ്ട്. മികച്ച പശ്ചാത്തല സംഗീതവും, മനോഹരമായ ഭൂപ്രകൃതിയും സിനിമയ്ക്ക്‌ മാറ്റ് കൂട്ടുന്നു. പ്രതീക്ഷകൾക്ക് വിരുദ്ധമായി വന്നുചേരുന്ന EMOTIONAL ELEMENTS സിനിമയുടെ ത്രില്ലിനെ കവർന്നെടുക്കുന്നില്ല. ക്ലൈമാക്സ് ഉഗ്രനായി  എന്ന് തന്നെ പറയാം.
               വേഗതയോടും, കാറുളോടും  , റൈസിംഗ് സിനിമകളോടും ഇഷ്ടമുള്ളവർ ഈ സിനിമ കാണാൻ മടിച്ചു നിൽക്കേണ്ട......    


Wednesday, 21 January 2015

CACHE (2005)



FILM : CACHE (2005)
COUNTRY : FRANCE
GENRE : MYSTERY !!! THRILLER
DIRECTOR  : MICHAEL HANEKE 

               IMDB-യിൽ മികച്ച സിനിമകളുടെ ലിസ്റ്റുകളിൽ പരതുമ്പോൾ പലപ്പോഴും കണ്ണുടക്കിയിട്ടുള്ള സിനിമയാണ് CACHE. ഇന്നു  വരെ  എന്റെ കാഴ്ചകളിൽ നിന്നും അകന്നു നിന്നിട്ടുള്ള ഈ സിനിമയെ ഇന്നാണ് കണ്മുമ്പിൽ കിട്ടിയത്. MYSTERY THRILLER എന്ന വിഭാഗത്തിൽ പെടുത്തിയിട്ടുള്ള ഈ സിനിമ വേറിട്ട കാഴ്ചാ അനുഭവമാകുന്നു. കാണാൻ വൈകിയതിലുള്ള നിരാശയിലേറെ, കണ്ടതിലുള്ള സന്തോഷമാണ് എന്നിൽ നിറഞ്ഞത്‌.
            സന്തുഷ്ട ജീവിതം നയിക്കുന്ന  GEORGE-ANNE  ദമ്പതികളും , മകൻ PIERROT -ഉം താമസിക്കുന്ന വീടിനു മുന്നിൽ പ്രത്യക്ഷപ്പെടുന്ന അജ്ഞാത വീഡിയോ ടേപ്പുകളാണ് നമ്മുടെ ആകാംഷകൾക്ക് തിരി കൊളുത്തുന്നത്. അവരുടെ തന്നെ ജീവിതങ്ങളെ അവരറിയാതെ ഉറ്റുനോക്കുന്നതിന്റെ ഭീകരത സൃഷ്ടിക്കുന്ന ഭീതി നമ്മിലെക്കും ചെറിയ തോതിൽ പടരുന്നു. ഈ വീഡിയോ ടേപ്പുകളുടെ ഉള്ളടക്കങ്ങളെയും, അതിൽ നിന്നും ഊഹിച്ചെടുക്കുന്ന സംശയങ്ങളെയും ഒപ്പം കൂട്ടി GEORGE നടത്തുന്ന അന്വേഷണങ്ങളാണ് പിന്നീട് കാണാനാവുന്നത്. ആര്? .. എന്തിന്? എന്നീ ചോദ്യങ്ങൾക്കപ്പുറമാണ് യാഥാർത്യങ്ങൾ എന്നത് തന്നെയാണ് ഈ സിനിമയുടെ മികവിനെ അടിവരയിടുന്നത്.
                ആദ്യ കാഴ്ചയിൽ സിനിമയിലെ രാഷ്ട്രീയ അംശങ്ങളെക്കുറിച്ച് ചെറിയ സംശയങ്ങൾ തോന്നിയെങ്കിലും , പൂർണ്ണമായി  മനസ്സിലാക്കാൻ കഴിഞ്ഞില്ല. പുനർ കാഴ്ചകളും, പുനർ വായനകളും അനിവാര്യമാക്കിയ ഈ സിനിമ ശക്തമായ രാഷ്ട്രീയം പറയുന്നു എന്ന് തന്നെ കരുതാം. GEORGE-ന്റെ പഴയ കാലം ഫ്രാൻസിന്റെ പഴയകാല-സമകാലിക രാഷ്ട്രീയ പോളിസികളെ വരച്ചിടാനുള്ള രൂപകങ്ങളായി അവതരിപ്പിച്ചതായി തോന്നി. കുടിയേറ്റക്കാരോടുള്ള പഴയ സമീപനങ്ങളെ മറ്റൊരു തരത്തിൽ അവതരിപ്പിക്കാനും HANEKE-ന് കഴിഞ്ഞു. പുതുതലമുറ പഴയ കറകൾ തുടച്ചു നീക്കാൻ സന്നദ്ധവും, പ്രാപ്തവുമാണെന്ന അവ്യക്തമായ സൂചനകളേകി സിനിമയ്ക്ക്‌ പുതിയ നിറം നൽകാനും ശ്രമിച്ചിരിക്കുന്നു.
            വീഡിയോ ടേപ്പുകളും, വർത്തമാന ജീവിതവും ഇടകലരുന്ന അപ്രവചനീയത നമ്മെ പലപ്പോഴും അങ്കലാപ്പിലാക്കുന്നു. പല കാര്യങ്ങളെയും ഉറച്ചു വിശ്വസിക്കാനാവാത്ത വിധം പഴുതുകളും, ചേർച്ചയില്ലായ്മകളും ബോധപൂർവ്വം അവശേഷിപ്പിച്ചിരിക്കുന്നു. ഈ സിനിമയെ നമ്മുടെ ചിന്തകളിലേക്ക് ശക്തമായി ഇടിച്ചു കയറ്റുന്ന "അവസാന രംഗം" എവിടെ പ്രതിഷ്ഠിക്കണമെന്ന ആശയക്കുഴപ്പം സിനിമയ്ക്ക്‌ ശേഷവും നമ്മെ പിന്തുടരുന്നു.
                "ആക്ടീവ് സിനിമകൾ" എന്ന പേരിൽ , പ്രേക്ഷകന്റെ ചിന്തകളിൽ വിസ്ഫോടനങ്ങൾ തീർത്തുകൊണ്ട്  മനസ്സിന്റെ വിഹായസ്സിൽ  ആശയങ്ങളുടെ വർണ്ണ പ്രപഞ്ചം തീർക്കുന്ന ഇത്തരം സിനിമകൾ ഇനിയും കണ്‍മുന്നിൽ വന്നണയും എന്ന ശുഭ പ്രതീക്ഷയോടെ.........


Sunday, 18 January 2015

LEVIATHAN (2014)



FILM : LEVIATHAN (2014)
COUNTRY : RUSSIA
GENRE : DRAMA
DIRECTOR : ANDRE ZVYAGINTSEV

                     ബൈബിൾ പഴയ നിയമത്തിൽ പ്രതിപാദിച്ചിട്ടുള്ള ഭീകര വ്യാളിയുടെ  (ഹീബ്രു ഭാഷയിൽ "തിമിംഗലം") പേരിനെ ന്യായീകരിക്കും വിധം അധീശത്വത്തിന്റെ അടയാളപ്പെടുത്തലാകുന്നു ANDRE ZVYAGINTSEV-ന്റെ LEVIATHAN. ലളിതമായ ഒരു പ്രമേയത്തെ ഫാമിലി ഡ്രാമയുടെ രൂപം നൽകി അവതരിപ്പിച്ചതായാണ് ഒറ്റ നോട്ടത്തിൽ അനുഭവപ്പെടുക. എന്നാൽ, ഉൾക്കാഴ്ച ആവശ്യപ്പെടുന്ന വാചികവും, ദൃശ്യപരവുമായ ധാരാളം പ്രതീകങ്ങൾ കരുത്തും , സൗന്ദര്യവുമായി  ഫ്രൈമുകൾ  കയ്യേറുന്ന സങ്കീർണ്ണതയാണ് ഈ സിനിമയ്ക്ക്‌ മുന്നിൽ എന്നെ പിടിച്ചിരുത്തിയത്.
                 റഷ്യൻ കടൽതീര  നഗരത്തിൽ വസിക്കുന്ന KOLYA  എന്ന സാധാരണക്കാരൻ തന്റെ വീടും, വർക്ക് ഷോപ്പും, സ്ഥലവും നഷ്ടപ്പെടാതിരിക്കാൻ VLADIM എന്ന മേയറുമായി നടത്തുന്ന പോരാട്ടമായി ഈ സിനിമയെ ഒറ്റ വരിയിൽ തളച്ചിടാം. അധികാരത്തിന്റെയും, ശക്തിയുടെയും അഹന്തയിൽ ഭീകരരൂപം പൂണ്ട VLADIM-നോട് പൊരുതി നിൽക്കാൻ സുഹൃത്തായ DIMITHRY-യെ ആശ്രയിക്കുകയാണ് KOLYA. എന്നാൽ അയാളുടെ കുടുംബത്തിലേയ്ക്കുള്ള  ദിമിത്രിയുടെ കടന്നു വരവ്  പ്രശ്നങ്ങൾ  കൂടുതൽ സങ്കീർണ്ണവും , ദുരന്തവുമാകാൻ കാരണമാകുന്നു. ഈ ദുരന്തങ്ങളുടെ ഇരുളിൽ നമുക്ക് കാണാനാവുന്ന അപ്രിയവും, യഥാർത്ഥവുമായ സമകാലിക സത്യങ്ങളെയാവണം സംവിധായകൻ നമ്മിലേയ്ക്ക് പകരാൻ ശ്രമിച്ചത്.
         ഏതൊരു സാമൂഹിക പരിതസ്ഥിതിയിലും നിലകൊള്ളുന്ന രാഷ്ട്രീയാവസ്ഥയെ തന്നെയാണ് LEVIATHAN- എന്ന ഈ റഷ്യൻ സിനിമയും സ്പർശിക്കുന്നത്. അഴിമതി ഗ്രസിച്ച അധികാര വ്യവസ്ഥകളോട് മല്ലിടുന്ന സാധാരണക്കാരന്റെ നിസ്സഹായത സാർവ്വദേശീയമായ കാഴ്ചയായതിനാൽ ഈ സിനിമയിലേക്ക് ലയിച്ചു ചേരാൻ പ്രേക്ഷകന് എളുപ്പം സാധിക്കും. ഫാമിലി ഡ്രാമയുടെ പശ്ചാത്തലത്തിൽ പതിയെ നീങ്ങുന്ന ഈ സിനിമ കുടുംബ ബന്ധങ്ങൾ, സ്നേഹം, വഞ്ചന എന്നിവയെയും ശക്തമായി അടയാളപ്പെടുത്തുന്നു. അപ്രകാരം സിനിമയിൽ നിറയുന്ന രാഷ്ട്രീയ നിറങ്ങൾക്കപ്പുറം പല തലങ്ങളെ തിന്മയുടെ രൂപങ്ങളിലെയ്ക്ക് ആവാഹിച്ചിരുത്തുന്നു. ഭരണകൂടം, നീതിന്യായ വ്യവസ്ഥ, മത പൌരോഹിത്യം  എന്നീ അധികാര കേന്ദ്രങ്ങളെ   KOLYA  എന്ന സാധാരണക്കാരന്റെ ജീവിതവുമായി വ്യക്തമായി ബന്ധിപ്പിച്ച് ഈ സിനിമ തൊടുക്കുന്ന ചോദ്യശരങ്ങൾ നമ്മുടെ ചിന്തകളിൽ മുറിപ്പാടുകൾ ഏൽപ്പിക്കുക തന്നെ ചെയ്യും.
                   THE RETURN , BANISHMENT എന്നീ മികച്ച സിനിമകൾ നൽകിയ ആന്ദ്രെയുടെ ഈ സിനിമയും അതിഗംഭീര ഫ്രൈമുകളാൽ സമ്പന്നമാണ്. പല വിഷയങ്ങളെ പ്രമേയത്തിൽ സമന്വയിപ്പിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയം തന്നെയാണ് സിനിമയിൽ തെളിഞ്ഞു കാണുന്നത്. പ്രേക്ഷകന്റെ ധിഷണാപരമായ പങ്കാളിത്തം ആവശ്യപ്പെടുന്ന ഇത്തരം സിനിമകൾക്കായുള്ള കാത്തിരിപ്പ്‌ തുടരാം..... തിരിച്ചറിവുകളുടെ വേദനയേകുന്ന മുറിപ്പാടുകളെ ഇനിയും പ്രതീക്ഷിക്കാം........