Friday, 16 January 2015

"ഐ" (2015)


FILM : "ഐ"
COUNTRY : INDIA
DIRECTOR : SHANKER
             ഷങ്കറിന്റെ  സിനിമ എന്നതിനേക്കാൾ ഉച്ചത്തിൽ വിക്രത്തിന്റെ സിനിമ എന്ന് പറയാനാണ് തോന്നുന്നത്. ഇന്ത്യൻ സിനിമയിലെ കോടികൾ കിലുങ്ങുന്ന വിഷ്വൽ വൻഡേഴ്സ് ഒരുക്കാറുള്ള ഷങ്കർ ഈ സിനിമയിലൂടെ പുതിയ ഉയരങ്ങളിലേയ്ക്ക്  ചേക്കേറുന്നില്ല എന്നാണ് എന്റെ പക്ഷം. കാരണം സാങ്കേതികമായി സിനിമ മുന്നിലാണെങ്കിലും , മികവുറ്റ സ്ക്രിപ്റ്റോ , കഥയോ ഒരുക്കിയെടുക്കുന്നതിൽ ഷങ്കറിന് വീഴ്ച പറ്റി എന്ന് തന്നെ പറയാം. ഇങ്ങനെയൊക്കെയാണെങ്കിലും  കാണാൻ വകയുള്ള സിനിമ തന്നെയാണ് "ഐ'.
                 നോണ്‍ ലീനിയർ രീതിയിൽ അവതരിപ്പിച്ച ഈ പ്രണയ പ്രതികാര കഥയിലെ SCENE TRANSITION-കളും, PAST-PRESENT  ഇന്റർ ചെയ്ഞ്ചുകളും നന്നായി. വശ്യതയില്ലാത്ത ഒരു കഥാതന്തുവിനെ  അവിസ്മരണീയമായ ദൃശ്യാനുഭവമാക്കി മാറ്റി എന്നതാണ് "ഐ" എന്ന സിനിമയെ വ്യത്യസ്തമാക്കുന്നത്. തീയേറ്റർ കാഴ്ച അനിവാര്യമാകുന്ന വിധത്തിലുള്ള ഗാനരംഗ ചിത്രീകരണങ്ങളും , ചൈനയിലേത് ഉൾപ്പെടെയുള്ള കാഴ്ചകളും കണ്ണിന് വിരുന്നാകുന്നു. CINEMATOGRAPHY വാക്കുകൾക്കതീതമായ അനുഭവമാവുന്നു.
              "ഐ" എന്ന സിനിമയെ  ഓർമ്മയിൽ തങ്ങി നിർത്തുന്ന അനുഭവമാക്കിയത് വിക്രം എന്ന നടന്റെ പ്രകടനം തന്നെയെന്ന് നിസ്സംശയം പറയാം. ലിംഗേശൻ, ലീ , കൂനൻ എന്നീ വ്യത്യസ്ത ഗെറ്റപ്പുകളിൽ 'ചിയാൻ' ശരിക്കും തകർത്തു. ശരീരവും, ശരീരഭാഷയും കഥാപാത്രങ്ങൾക്കൊപ്പം വഴക്കത്തോടെ നിലകൊണ്ടു. സിനിമയിലെ ആക്ഷൻ രംഗങ്ങൾ അവിശ്വസനീയതകൾക്കിടയിലും മികച്ചു നിന്നു. ചൈനയിലെ ഫൈറ്റ് സീനുകൾ  പുതുമയുള്ളതുമായി അനുഭവപ്പെട്ടു. നായികയായ ഏമി ജാക്സണ്‍ പ്രതീക്ഷിച്ചതിലും മികച്ച അഭിനയമാണ് കാഴ്ച വെച്ചിട്ടുള്ളത്‌. ആരെങ്കിലും അവരുടെ പേരിൽ ഉടനടി ഒരു "ഫാൻസ്‌ അസോസിയേഷൻ" തുടങ്ങിയാലും കുറ്റം പറയാനാവില്ല. കാരണം, കണ്ണെടുക്കാനാവാത്ത വിധം സുന്ദരിയായാണ്‌ ഏമി ജാക്സണെ ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു ബിഗ്‌ ബജറ്റ് ചിത്രത്തിലെ  പ്രധാന കഥാപാത്രങ്ങളിൽ ഒന്നായി നമ്മുടെ സുരേഷ് ഗോപി സാന്നിധ്യമറിയിച്ചത്  സന്തോഷമേകി.  റഹ്മാന്റെ സംഗീതവും  മോശമാക്കിയില്ല. 'സന്താനം" നയിച്ച കോമഡി ചിരിക്കാനുള്ള വക നൽകുന്നുണ്ടെങ്കിലും , എന്തിരൻ-2  രൂപത്തിൽ അവതരിച്ച കൊമേഡിയൻ അനാവശ്യ ചേരുവയായി.
               ഷങ്കർ-വിക്രം കൊമ്പോ എന്നിലുണർത്തിയ അമിത പ്രതീക്ഷകളോ , അദേഹത്തിന്റെ മുൻ സിനിമകൾ തീർത്ത സീമകളോ കാരണമാവാം "ഷങ്കർ മാജിക്" എനിക്ക് ഫീൽ ചെയ്യാതിരുന്നത്. ഉടലഴകും , പ്രണയവും , പ്രതികാരവും സ്ഥിരം കാഴ്ചകൾക്കപ്പുറം വശ്യമാകുന്ന സിനിമയാകുന്നു "ഐ". കഥാപാത്ര പൂർണ്ണതയ്ക്കായി ഏതറ്റം വരെയും നടക്കാൻ തയ്യാറുള്ള നടന്മാരുടെ സാന്നിദ്ധ്യമാണ് ഇത്തരം കഥകളും , കഥാപാത്രങ്ങളും സംവിധായകരുടെയും, കഥാകാരന്മാരുടെയും മനസ്സിൽ നാമ്പെടുക്കാൻ കാരണമാകുന്നത്. പ്രതിഭയ്ക്കൊത്ത റോളുകളും , അർഹതയ്ക്കുള്ള അംഗീകാരവും ഈ നടനെ തേടിവരട്ടെ എന്നാഗ്രഹിക്കുന്നു.  

Wednesday, 14 January 2015

KUMA (2012)



FILM : KUMA (2012)
COUNTRY : AUSTRIA
GENRE : DRAMA
DIRECTOR : UMUT DAG

            മറ്റൊരു സാംസ്കാരികതയിലേയ്ക്ക്  കുടിയേറുമ്പോഴും , സ്വന്തം മൂല്യങ്ങളെയും , അംശങ്ങളെയും പിടിവിടാത്ത കുടുംബ പശ്ചാത്തലങ്ങൾ ഒരുക്കുന്ന വ്യത്യസ്തമായ സാഹചര്യങ്ങൾ സിനിമയ്ക്ക്‌ പലപ്പോഴും പ്രമേയമാകാറുണ്ട്. CULTURAL CONFLICT എന്നതിലേയ്ക്ക് ഒതുങ്ങിപ്പോവാറുള്ള  ഇത്തരം കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി പുതുമയുള്ള സ്വത്വ പ്രതിനിധാനങ്ങളെ മനോഹരമായി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് KUMA(2012) എന്ന ഓസ്ട്രിയൻ സിനിമയെ മികവുറ്റതാക്കുന്നത്. ഈ സിനിമ ഓസ്ട്രിയയിലേയ്ക്ക് കുടിയേറിയിട്ടുള്ള തുർക്കി വംശജരിലേക്കാണ് ക്യാമറ തിരിക്കുന്നത്.
                    വിയന്നയിൽ കുടുംബ സമേതം കഴിയുന്ന മുസ്തഫയുടെ മകൻ ഹസ്സൻ തുർക്കിയിലെ ഒരു ഗ്രാമത്തിൽ നിന്നും 19-കാരിയായ  "അയ്സി"-യെ വിവാഹം ചെയ്യുകയാണ്. ഓസ്ട്രിയയുടെ പാശ്ചാത്യ സംസ്കൃതിയുമായുള്ള "അയ്സിയുടെ" ഏറ്റുമുട്ടലിലെയ്ക്ക്  ഈ വിവാഹം  നയിക്കുമെന്ന പ്രതീക്ഷയാണ് നമ്മിൽ ഉണ്ടാവുന്നത്. എന്നാൽ, നമ്മുടെ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കുന്ന നേർകാഴ്ചകളും , കുടുംബ അന്തരീക്ഷവുമാണ്  സിനിമയിൽ കാണാനാവുക. സ്ത്രീ കഥാപാത്രങ്ങളും, അതിജീവനത്തിനായുള്ള അവരുടെ ശ്രമങ്ങളും , ബന്ധങ്ങളുടെ ബാന്ധവങ്ങൾക്ക് കരുത്തേകുന്ന അവരുടെ സ്വാർത്ഥ-നിസ്വാർത്ഥ തീരുമാനങ്ങളും , സാഹചര്യങ്ങൾ തീർക്കുന്ന സ്വാഭാവികതയായി ദുർബലപ്പെടുന്ന ശരീര ഇച്ഛകളുടെ കടിഞ്ഞാണുകളും ഈ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു . പുരുഷ പ്രതീകങ്ങൾ, പരുഷമായി  നിലകൊള്ളുന്നില്ലെങ്കിലും സാംസ്കാരികതയുടെ ചില വികലമായ തുടർച്ചകളെ സൂക്ഷ്മ വീക്ഷണത്തിൽ കണ്ടെടുക്കാവുന്നതാണ്‌.
                        പെണ്‍മനസ്സും, അതിൽ നിന്നും ഉതിരുന്ന ചിന്തകളും മുഴച്ചു നിൽക്കുന്ന ഈ സിനിമയിൽ മുസ്തഫയുടെ ഭാര്യ "FATMA" , നവവധു "AYSI" എന്നിവരുടെ കഥാപാത്രങ്ങൾ മികച്ചു നിന്നു. പുതിയ കാലവും, ദേശവും നിശ്വാസവായു നൽകുമ്പോഴും അതിന്റെ സാംസ്കാരികതയിലേയ്ക്ക്  കുതറി മാറാതെ, അതിജീവനത്തിന്റെ കഠിന വീഥികളെ ജനിച്ച മണ്ണിന്റെ മനസ്സിനെ ചേർത്ത് പിടിച്ച് താണ്ടുവാനാണ് ഈ കുടുംബം ശ്രമിക്കുന്നത്. ഇവിടെ ജീവിതം സാംസ്കാരികതയെ പ്രതിഫലിപ്പിക്കുന്ന ദർപ്പണമാവുന്നു.
                          മികച്ച അഭിനയവും,  ബോറടിപ്പിക്കാത്ത നിമിഷങ്ങളും ഉറപ്പ് നൽകാവുന്ന നല്ല ഒരു സിനിമ. ഡ്രാമ  വിഭാഗത്തിൽ പെട്ട സിനിമകൾ ഇഷ്ട്ടപ്പെടുന്നവർ തീർച്ചയായും കാണണമെന്ന അപേക്ഷയോടെ നിർത്തുന്നു.


Friday, 9 January 2015

GOODBYE, FIRST LOVE (2011)



FILM : GOODBYE, FIRST LOVE (2011)
COUNTRY : FRANCE
GENRE : ROMANCE , DRAMA
DIRECTOR : MIA-HANSEN LOVE

                  "പ്രതിവിധിയില്ലാത്ത രോഗമാണ് പ്രണയം"  എന്ന വാചകത്തെയാണ്‌ ഈ സിനിമ പലപ്പോഴും ഓർമ്മിപ്പിക്കുന്നത്. മധുരവും, ഉദാത്തവുമായ വേദനകളുടെ കലവറയാണ് പ്രണയം. വിരഹവും , OBSESSION-നും ബാക്കിയാക്കുന്ന പ്രണയത്തിന്റെ പച്ചമുറിവുകളുടെ നീറ്റലുകളാണ് ഈ സിനിമയുടെ ആദ്യ ഭാഗങ്ങളിൽ നിറയുന്നത്. സ്നേഹ ബന്ധനത്തിന്റെ നൂലഴികളെപ്പോലും പൊട്ടിച്ചെറിയാനാവാത്ത വിധം "ആദ്യാനുരാഗം"  ആത്മാവിലുറച്ച  "കമീല"-യാണ്  ഈ സിനിമയുടെ ആത്മാവ്. 15 വയസ്സിന്റെ അപക്വതയിൽ  ഹൃദയത്തിൽ പൊടിഞ്ഞ സ്നേഹതീർത്ഥം വർഷങ്ങൾക്കിപ്പുറവും  വറ്റാതെ കണ്ണീർ ഉറവകൾ തീർക്കുന്ന വേദനയാകുന്നു.
                   LORENZO , SULLIVAN എന്നിവരെ കമീലയുമായി ചേർത്ത് നിർത്തുന്ന ബന്ധനമാണ് ഇവിടെ പ്രണയമെങ്കിലും, ത്രികോണ പ്രണയത്തിന്റെ വിരസമായ യാതൊരു സാദൃശ്യവും നമുക്ക് കാണാനാവുന്നില്ല. പ്രണയത്തിന്റെ വന്യവും, ഭിന്നവും, തീവ്രവുമായ ഭാവങ്ങളെ വാക്കുകളുടെ വിരളതയിലും നമുക്ക് അനുഭവിക്കാനാകുന്നു. ലൈംഗികത, വിശ്വാസം എന്നീ  കെട്ടുപാടുകൾക്കുപരി  പ്രണയത്തിന്റെ രോഗാതുരതയെയാണ് ഈ സിനിമ പ്രതിഫലിപ്പിക്കുന്നത്. ഒരു മാറാവ്യാധിയായി ആദ്യപ്രണയം  മനസ്സിനേയും , ശരീരത്തെയും കീഴടക്കിയിട്ടുള്ള കമീലയുടെ സ്നേഹത്തിന്റെ ആഴങ്ങളെ അറിയാത്തതിന്റെയോ, ഭയപ്പെടുന്നതിന്റെയോ തെളിവാകുന്നു SULLIVAN-ന്റെ ചെയ്തികൾ.
               ലളിതവും, പ്രണയതീവ്രവും, പുതുമയുള്ളതും, വളരെ മന്ദഗതിയിലുള്ളതുമായ ഒരു സിനിമ. പ്രണയ തീവ്രതയുടെ ഭിന്നഭാവങ്ങളെ തേടുന്നവർക്കായ്............................ 


Friday, 2 January 2015

HUNTING SEASON (2010)



FILM : HUNTING SEASON (2010)
GENRE : CRIME – MYSTERY
COUNTRY : TURKEY
DIRECTOR : YAVUZ TURGUL
              ചടുലതയാർന്ന നീക്കങ്ങളിലൂടെയും, നിമിഷങ്ങളിലൂടേയും നമ്മെ ആവേശഭരിതരാക്കിയാണ് മിക്ക ഇൻവെസ്റ്റിഗേറ്റീവ് സിനിമകളും അവതരിപ്പിക്കാറുള്ളത്‌. എന്നാൽ സാവധാനത്തിൽ,  ആകാംഷ ചോർത്തിക്കളയാതെ കേസിന്റെ അപഗ്രഥനത്തെ  അളന്നെടുക്കാവുന്ന CRIME-MYSTERY- യാകുന്നു HUNTING SEASON.
               നിശബ്ദമാർന്ന കാട്ടരുവിയിൽ ഒറ്റപ്പെട്ടു കിടക്കുന്ന 16 വയസ്സുകാരിയുടെ മുറിച്ചു മാറ്റപ്പെട്ട  "കൈയ്യിൽ" നിന്നുമാണ് സിനിമ തുടങ്ങുന്നത്. ഇരയിലേയ്ക്കും, കൊലപാതകിയിലേയ്ക്കും , കാരണങ്ങളിലെയ്ക്കും വെളിച്ചമേകി മൂന്ന് കുറ്റാന്വേഷകർക്കൊപ്പം അവർ നടക്കുന്ന പാതകളിലൂടെ നമ്മളും സഞ്ചരിക്കുന്നു. ഈ അന്വേഷണത്തോടൊപ്പം , ഇവരുടെ വ്യക്തിജീവിതങ്ങളും സിനിമയുടെ ഫ്രൈമുകളിൽ ഇടം കണ്ടെത്തുന്നു. ഔദ്യോഗിക ജീവിതത്തിന്റെ അവസാന താളുകൾ രചിച്ചു കൊണ്ടിരിക്കുന്ന "ഫെർമാൻ", സ്വയം നിയന്ത്രിക്കാനാവാത്ത "ഇദ്രിസ്" , ഗവേഷണ വിദ്യാർഥിയായ "ഹസൻ" എന്നീ മൂവർ സംഘത്തിന്റെ ജീവിതത്തെ  ഈ കേസ് എങ്ങനെ സ്വാധീനിക്കുന്നു എന്നതും സിനിമയുടെ ഉള്ളടക്കമാവുന്നു.
             രണ്ടര മണിക്കൂർ നീളുന്ന ഈ സിനിമ പലയിടങ്ങളിലും INVESTIGATIVE സിനിമകളിലെ സ്ഥിരം ക്ലീഷേകൾക്ക് വേദിയാവുന്നുണ്ട് എന്നതും, സംഭാഷണങ്ങളുടെ ആധിക്യവും ഒരു പക്ഷെ കടുത്ത ത്രില്ലർ സ്നേഹികൾക്ക് മടുപ്പുളവാക്കിയേക്കാം. എങ്കിലും ഒരു സസ്പെൻസ്  സിനിമയിലുടനീളം നിലനിർത്തുവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. സിനെമാടോഗ്രഫി  പ്രമേയത്തോട് നീതി പുലർത്തുന്ന ദൃശ്യചാരുതയോടെ മികച്ചു നിൽക്കുന്നു. പ്രവചനീയമായ ക്ലൈമാക്സ് എന്ന് പറയാമെങ്കിലും , ചുരുളഴിക്കലിന്റെ  അപാരതയില്ലാതെ, വിശ്വസനീയമായ ചില കഥാപാത്രങ്ങളിലൂടെ ലളിതമായി അന്വേഷണ വഴികളെ പകർന്ന ഈ സിനിമ കാഴ്ച അർഹിക്കുന്നു എന്ന് നിസ്സംശയം പറയാം.
                അന്വേഷകനും, കൊലപാതകിയും വേട്ടക്കാരന്റെ ധൈഷണികതയുടെ ഉടമകളാവുമ്പോൾ വാക്കുകളും, നോട്ടങ്ങളും, കാഴ്ചകളും കെണികളാകുന്നു. അത് തന്നെയാണ് എല്ലാ പോരായ്മകൾക്കിടയിലും ഈ സിനിമ ആസ്വാദ്യകരമാകുന്നതും .......     

Sunday, 28 December 2014

EARTH AND ASHES (2004)



FILM : EARTH AND ASHES (2004)
GENRE : DRAMA
COUNTRY : AFGANISTAN
DIRECTOR : ATIQ RAHIMI

         ATIQ RAHIMI തന്റെ നോവലിന് സിനിമാഭാഷ്യം തീർത്തപ്പോൾ നമുക്ക് ലഭിച്ചത്  അഫ്ഗാനിസ്താന്റെ ആകുലതകളെ പകരുന്ന ശക്തമായ ഒരു സിനിമയാണ്. എല്ലാം തകർന്നടിഞ്ഞ അഫ്ഗാനിലെ മരുസമാനമായ പ്രദേശത്തിന്റെ എല്ലാ അസഹാനീയതകളും അവിടങ്ങളിലെ ജീവിതങ്ങളിലും നിഴലിക്കുന്നതിന്റെ നേർക്കാഴ്ചയാകുന്നു EARTH AND ASHES.
          വൃദ്ധനായ "ദസ്തഗിർ" , ഗ്രാമത്തെ നിലംപരിശാക്കിയ ഉഗ്ര സ്ഫോടനത്തിൽ ബധിരനാക്കപ്പെട്ട പേരമകൻ "യാസീൻ" എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ സിനിമ, മകനെ അന്വേഷിച്ചിറങ്ങിയ ദസ്തഗിന്റെ കഥ പറയുന്നു. ഉറ്റവർ മരണപ്പെട്ട വിവരം മകനെ അറിയിക്കുന്നതിനായി അവൻ ജോലി ചെയ്യുന്ന ഖനിയിലേയ്ക്ക് പോകാൻ വാഹനത്തിനായി പേരമകനോടൊപ്പം  കാത്തിരിക്കുകയാണ് അയാൾ. അവരുടെ കാത്തിരിപ്പിനിടയിൽ അവർ കണ്ടുമുട്ടുന്നവരും, ദസ്തഗിറിന്റെ തന്നെ ചിന്തകളുമാണ് സിനിമയിലേയ്ക്ക് ഉൾക്കാഴ്ച നൽകുന്നത്.
         റിയാലിസ്റ്റിക്കും , സർറിയലിസ്റ്റിക്കുമായ ഇമേജുകളിലൂടെ യുദ്ധത്തിനേയും, അഫ്ഗാൻ  ജീവിത സാഹചര്യങ്ങളെയും  അടയാളപ്പെടുത്താനുള്ള ശ്രമങ്ങൾ സിനിമയിൽ ധാരാളം കാണാം. കൈകളിലോ, സ്വന്തം കഴുത്തിലോ ചോര പുരളുന്ന ലളിത നിയമങ്ങളുടെ പ്രായോഗികത തെളിയിക്കപ്പെടുന്ന വേട്ട നിലങ്ങളിൽ മൃതിയറ്റു പോയവർ ഭാഗ്യവാൻമാരാകുന്ന ദയനീയതയെയാണ് ഈ സിനിമ ഓർമ്മിപ്പിക്കുന്നത്. മറ്റുള്ളവരെല്ലാം മൂകരാണെന്ന് തെറ്റിദ്ധരിക്കുന്ന ബധിരനായ കുട്ടിയും അവന്റെ സംശയങ്ങളും ആർക്കു നേരെയാണ് വിരൽ ചൂണ്ടുന്നത് എന്ന ചിന്ത നമ്മിൽ ബാക്കിയാകുന്നു. നമ്മുടെ ശബ്ദങ്ങളെയും നാം കുഴിവെട്ടി മൂടിയോ?... എന്ന സന്ദേഹവും നമുക്കൊപ്പം ചേരുന്നു.
            കഥാപാത്രങ്ങളുടെ  കുറവും, സംഭാഷങ്ങളുടെ ചടുലതയില്ലായ്മയും  കാരണം ചിലർക്കെങ്കിലും ഈ സിനിമ അരുചി തോന്നിപ്പിക്കും എന്ന ഓർമ്മപ്പെടുത്തലോടെ , എവിടെയോ വായിച്ച ആരുടെയോ വാക്കുകൾ ഓർമ്മയിൽ നിന്നും കടമെടുത്ത് നിങ്ങളുടെ ചിന്തകളിലേയ്ക്ക് സമർപ്പിക്കുന്നു.....
                         " കറുത്ത കാലങ്ങളിൽ ഗാനങ്ങൾ ഉണ്ടാകുമോ?...
       കറുത്ത കാലങ്ങളിൽ ഗാനങ്ങളുണ്ടാകും , കറുത്ത കാലങ്ങളെക്കുറിച്ച്......"


Saturday, 27 December 2014

THE TEACHER’S DIARY (2014)



FILM : THE TEACHER’S DIARY (2014)
GENRE : ROMANTIC DRAMA
COUNTRY : THAILAND
DIRECTOR : NITHIWAT THARATHORN

           ഈ വർഷത്തെ വിദേശ ഭാഷാ ചിത്രത്തിനുള്ള  ഓസ്കാർ അവാർഡിനായി സമർപ്പിക്കപ്പെട്ടത് എന്ന ഉറപ്പിന്മേൽ കണ്ടു തുടങ്ങിയ  തായ് സിനിമയായ THE TEACHER'S DIARY മനം കവർന്ന പ്രണയാനുഭവമായി. പ്രണയ സിനിമകളുടെ  സ്ഥിരം പ്ലോട്ടിൽ നിന്ന് മാറി തികച്ചും വ്യത്യസ്തമായ കഥപറച്ചിൽ രീതി അവലംബിച്ചതാണ് ഈ സിനിമയുടെ മാധുര്യം വർദ്ദിപ്പിച്ചത്‌.
                      THAILAND-ലെ വളരെ വിദൂരമായ ഒരു നദിയോര ഗ്രാമത്തിലെ ഒറ്റപ്പെട്ടു കിടക്കുന്ന FLOATING HOUSE BOAT SCHOOL-ൽ ടീച്ചേഴ്സ് ആയി എത്തുന്ന നായകന്റെയും, നായികയുടെയും ഹൃദയവിചാരങ്ങളാണ് സിനിമയുടെ നട്ടെല്ലാവുന്നത്. ഒന്നിടവിട്ടുള്ള വർഷങ്ങളിൽ അവിടെയെത്തുകയാണ് അവർ. ആദ്യമെത്തുന്ന നായികയെ(ANN) രണ്ടാമതെത്തുന്ന SONG, അവൾ അവശേഷിപ്പിച്ച ഡയറിയിലൂടെ ഹൃദയത്തിലേറ്റുകയാണ്. SONG കുറിച്ചുവെയ്ക്കുന്ന വരികളിലൂടെ നായികയും പ്രണയത്തിന്റെ ഓളങ്ങളിലെയ്ക്ക് തെന്നി വീഴുന്നതായി കാണാം. എന്നാൽ രണ്ടു പേരുടെയും വ്യക്തിജീവിതങ്ങളിലെ സമാന്തരമായ ബന്ധങ്ങളും, സാഹചര്യങ്ങളും സിനിമയുയർത്തുന്ന അകാംഷയ്ക്കു ബലമേകുന്നു. കഥാഗതിയെ വഴിതിരിച്ചു വിടാനുള്ള ശ്രമമെന്ന രീതിയിൽ അവതരിച്ച രംഗങ്ങൾ സ്ഥിരം ചേരുവകളായി വന്നടിയുന്ന നാടകീയത വമിക്കുന്ന അംശങ്ങളായി അനുഭവപ്പെടുന്നു.
           FLOATING HOUSE BOAT SCHOOL-ലെ ടീച്ചർ കേവലമൊരു ടീച്ചർ മാത്രമല്ല എന്നതുപോലെ , ഈ സിനിമയും ഒരു റൊമാന്റിക് ഡ്രാമ എന്നതിനപ്പറത്തേയ്ക്ക് വളരുന്നു. സ്കൂളിലെ കുട്ടികളോടോത്തുള്ള  അവരുടെ നിമിഷങ്ങൾ തമാശയും, സന്തോഷവും, വികാര തീവ്രതയും  സ്ഫുരിക്കുന്ന നിമിഷങ്ങളയി മാറുന്നു. അതിമനോഹരമായ ദൃശ്യങ്ങൾ അനിവാര്യതയാകുന്ന ഗ്രാമീണത സിനിമയെ നയനാനന്ദകരമായ അനുഭവമാക്കുമെന്നതിൽ സംശയമില്ല.
              പ്രണയ സിനിമകൾ ആവർത്തന വിരസതയേകും എന്ന് പറയാറുണ്ടെങ്കിലും, പ്രണയം തളിർത്തു പൂവിടുന്നത്  എനിക്ക് മടുക്കാത്ത കാഴ്ചയായത് കൊണ്ടാവാം , ഈ സിനിമയും നന്നേ ബോധിച്ചത്. നിങ്ങളിലും ഈ സിനിമ പ്രണയ മർമ്മരം തീർക്കുമെന്ന ഉറപ്പോടെ നിർത്തുന്നു.   


Friday, 26 December 2014

TANGERINES (2013)



FILM : TANGERINES (2013)
COUNTRY : GEORGIA-ESTONIA
GENRE : WAR DRAMA
DIRECTOR : ZAZA URUSHADZE

             യുദ്ധവിരുദ്ധത പ്രമേയമായുള്ള അതിമനോഹരമായ ജോർജ്ജിയൻ-എസ്തോണിയൻ സിനിമയാണ് TANGERINES. മനുഷ്യക്കുരുതികളുടെ ചോരച്ചാലുകൾ ബാക്കിയാക്കുന്ന യുദ്ധങ്ങളുടെ അർഥമില്ലായ്മയെ മാനവികതയുടെ വെളിച്ചത്തിൽ ദൃശ്യമാക്കുന്നു ഈ സിനിമ. അബ്കാസിയൻ  അതിർത്തിയിലുള്ള എസ്തോണിയൻ ഗ്രാമത്തിന്റെ പശ്ചാത്തലമാണ് ഈ ദൃശ്യാനുഭവം ചമയ്ക്കാൻ സംവിധായകൻ തെരഞ്ഞെടുത്തിട്ടുള്ളത്.
          ജോർജ്ജിയ-അബ്കാസിയ യുദ്ധം ഈ ഗ്രാമത്തിലെ താമസക്കാരെയെല്ലാം കടപുഴക്കിയിരിക്കുന്നു. ഓറഞ്ച് തോട്ടത്തിന്റെ ഉടമയായ  "മാർഗസ്" , അയാളെ സഹായിക്കുന്ന വൃദ്ധനായ  "ഇവോ"  എന്നിവർ മാത്രം അവശേഷിച്ച ഗ്രാമവും, ഈ യുദ്ധം അവിടെ ഒരുക്കുന്ന സംഭവവികാസങ്ങളുമാണ് ഈ സിനിമയുടെ 86 മിനുട്ടിനെ സമ്പന്നമാക്കുന്നത്. ഉയിർപ്പിന് നാന്ദിയാവേണ്ട മണ്ണിന്റെ വിരിമാറിലേയ്ക്ക് നിണമണിഞ്ഞ്‌ ചേതനയറ്റ ഉടലുകൾ പതിക്കുന്ന ഭീകരത നമ്മെ കാത്തിരിക്കുന്നു. അബ്കാസിയക്കാരും, ജോർജ്ജിയക്കാരും , ചെച്നിയക്കാരും ആയുധമേന്തി മുന്നിൽ നിന്നപ്പോഴെല്ലാം    ഇവോയുടെ മുഖത്ത് നിഴലിച്ച ചോദ്യം നമ്മുടെ ഹൃദയങ്ങളിലും മന്ത്രിക്കുമെന്ന് തീർച്ച. ഒരു കുടക്കീഴിൽ ഒരുമിച്ചു നിർത്തിയാൽ തിരിച്ചറിയാവുന്ന അന്തസ്സാര ശൂന്യമായ അവകാശവാദങ്ങളിലാണ് യുദ്ധങ്ങൾ സൃഷ്ടിക്കപ്പെടുന്നത് എന്ന യാഥാർത്ഥ്യം AHMED , NIKKO എന്നിവരിലൂടെ നമുക്കും അനുഭവിക്കാനാവുന്നു. ദേശ-സാംസ്കാരിക പുറന്തോലുകൾ പൊഴിച്ച് മനുഷ്യത്വത്തിന്റെ സൗന്ദര്യത്തിലേയ്ക്ക് ഇവർ നടന്നടുക്കുന്നതും ഹൃദ്യമായ കാഴ്ചയായിരുന്നു.
              യുദ്ധങ്ങൾ വെറുക്കപ്പെടേണ്ടതും , അവസാനിപ്പിക്കേണ്ടതുമാണെന്ന  സത്യങ്ങൾക്ക് മുകളിലും  ശവക്കൂമ്പാരങ്ങൾ നിറയുമ്പോൾ, "യുദ്ധം കുടികൊള്ളുന്നത് നമ്മുടെയുള്ളിൽ തന്നെയാണെന്ന്" സംശയിച്ചു പോകുന്നു. അശാന്തിയുടെയും, ദുരിതങ്ങളുടെയും ദിനങ്ങൾ മാത്രം കരുതിവെയ്ക്കുന്ന യുദ്ധങ്ങളെ പറിച്ചെറിയാൻ നമുക്കാവട്ടെ.....