Friday, 16 January 2015

"ഐ" (2015)


FILM : "ഐ"
COUNTRY : INDIA
DIRECTOR : SHANKER
             ഷങ്കറിന്റെ  സിനിമ എന്നതിനേക്കാൾ ഉച്ചത്തിൽ വിക്രത്തിന്റെ സിനിമ എന്ന് പറയാനാണ് തോന്നുന്നത്. ഇന്ത്യൻ സിനിമയിലെ കോടികൾ കിലുങ്ങുന്ന വിഷ്വൽ വൻഡേഴ്സ് ഒരുക്കാറുള്ള ഷങ്കർ ഈ സിനിമയിലൂടെ പുതിയ ഉയരങ്ങളിലേയ്ക്ക്  ചേക്കേറുന്നില്ല എന്നാണ് എന്റെ പക്ഷം. കാരണം സാങ്കേതികമായി സിനിമ മുന്നിലാണെങ്കിലും , മികവുറ്റ സ്ക്രിപ്റ്റോ , കഥയോ ഒരുക്കിയെടുക്കുന്നതിൽ ഷങ്കറിന് വീഴ്ച പറ്റി എന്ന് തന്നെ പറയാം. ഇങ്ങനെയൊക്കെയാണെങ്കിലും  കാണാൻ വകയുള്ള സിനിമ തന്നെയാണ് "ഐ'.
                 നോണ്‍ ലീനിയർ രീതിയിൽ അവതരിപ്പിച്ച ഈ പ്രണയ പ്രതികാര കഥയിലെ SCENE TRANSITION-കളും, PAST-PRESENT  ഇന്റർ ചെയ്ഞ്ചുകളും നന്നായി. വശ്യതയില്ലാത്ത ഒരു കഥാതന്തുവിനെ  അവിസ്മരണീയമായ ദൃശ്യാനുഭവമാക്കി മാറ്റി എന്നതാണ് "ഐ" എന്ന സിനിമയെ വ്യത്യസ്തമാക്കുന്നത്. തീയേറ്റർ കാഴ്ച അനിവാര്യമാകുന്ന വിധത്തിലുള്ള ഗാനരംഗ ചിത്രീകരണങ്ങളും , ചൈനയിലേത് ഉൾപ്പെടെയുള്ള കാഴ്ചകളും കണ്ണിന് വിരുന്നാകുന്നു. CINEMATOGRAPHY വാക്കുകൾക്കതീതമായ അനുഭവമാവുന്നു.
              "ഐ" എന്ന സിനിമയെ  ഓർമ്മയിൽ തങ്ങി നിർത്തുന്ന അനുഭവമാക്കിയത് വിക്രം എന്ന നടന്റെ പ്രകടനം തന്നെയെന്ന് നിസ്സംശയം പറയാം. ലിംഗേശൻ, ലീ , കൂനൻ എന്നീ വ്യത്യസ്ത ഗെറ്റപ്പുകളിൽ 'ചിയാൻ' ശരിക്കും തകർത്തു. ശരീരവും, ശരീരഭാഷയും കഥാപാത്രങ്ങൾക്കൊപ്പം വഴക്കത്തോടെ നിലകൊണ്ടു. സിനിമയിലെ ആക്ഷൻ രംഗങ്ങൾ അവിശ്വസനീയതകൾക്കിടയിലും മികച്ചു നിന്നു. ചൈനയിലെ ഫൈറ്റ് സീനുകൾ  പുതുമയുള്ളതുമായി അനുഭവപ്പെട്ടു. നായികയായ ഏമി ജാക്സണ്‍ പ്രതീക്ഷിച്ചതിലും മികച്ച അഭിനയമാണ് കാഴ്ച വെച്ചിട്ടുള്ളത്‌. ആരെങ്കിലും അവരുടെ പേരിൽ ഉടനടി ഒരു "ഫാൻസ്‌ അസോസിയേഷൻ" തുടങ്ങിയാലും കുറ്റം പറയാനാവില്ല. കാരണം, കണ്ണെടുക്കാനാവാത്ത വിധം സുന്ദരിയായാണ്‌ ഏമി ജാക്സണെ ഈ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള ഒരു ബിഗ്‌ ബജറ്റ് ചിത്രത്തിലെ  പ്രധാന കഥാപാത്രങ്ങളിൽ ഒന്നായി നമ്മുടെ സുരേഷ് ഗോപി സാന്നിധ്യമറിയിച്ചത്  സന്തോഷമേകി.  റഹ്മാന്റെ സംഗീതവും  മോശമാക്കിയില്ല. 'സന്താനം" നയിച്ച കോമഡി ചിരിക്കാനുള്ള വക നൽകുന്നുണ്ടെങ്കിലും , എന്തിരൻ-2  രൂപത്തിൽ അവതരിച്ച കൊമേഡിയൻ അനാവശ്യ ചേരുവയായി.
               ഷങ്കർ-വിക്രം കൊമ്പോ എന്നിലുണർത്തിയ അമിത പ്രതീക്ഷകളോ , അദേഹത്തിന്റെ മുൻ സിനിമകൾ തീർത്ത സീമകളോ കാരണമാവാം "ഷങ്കർ മാജിക്" എനിക്ക് ഫീൽ ചെയ്യാതിരുന്നത്. ഉടലഴകും , പ്രണയവും , പ്രതികാരവും സ്ഥിരം കാഴ്ചകൾക്കപ്പുറം വശ്യമാകുന്ന സിനിമയാകുന്നു "ഐ". കഥാപാത്ര പൂർണ്ണതയ്ക്കായി ഏതറ്റം വരെയും നടക്കാൻ തയ്യാറുള്ള നടന്മാരുടെ സാന്നിദ്ധ്യമാണ് ഇത്തരം കഥകളും , കഥാപാത്രങ്ങളും സംവിധായകരുടെയും, കഥാകാരന്മാരുടെയും മനസ്സിൽ നാമ്പെടുക്കാൻ കാരണമാകുന്നത്. പ്രതിഭയ്ക്കൊത്ത റോളുകളും , അർഹതയ്ക്കുള്ള അംഗീകാരവും ഈ നടനെ തേടിവരട്ടെ എന്നാഗ്രഹിക്കുന്നു.  

3 comments:

  1. വശ്യതയില്ലാത്ത ഒരു കഥാതന്തുവിനെ അവിസ്മരണീയമായ ദൃശ്യാനുഭവമാക്കി മാറ്റി 'എന്നതാണ് "ഐ" എന്ന സിനിമയെ വ്യത്യസ്തമാക്കുന്നത്. തീയേറ്റർ കാഴ്ച അനിവാര്യമാകുന്ന വിധത്തിലുള്ള ഗാനരംഗ ചിത്രീകരണങ്ങളും , ചൈനയിലേത് ഉൾപ്പെടെയുള്ള കാഴ്ചകളും കണ്ണിന് വിരുന്നാകുന്നു. CINEMATOGRAPHY വാക്കുകൾക്കതീതമായ അനുഭവമാവുന്നു. '

    ഇപ്പോൾ സൂപ്പർ ഹോളിവുഡ് സിനിമകൾ പോലും ,
    ലണ്ടനിലെ റിലീസ് ദിവസങ്ങളിൽ പോലും അരഭാഗം
    നിറയാത്ത സിനിമാശാലകൾ , ഇപ്പോഴും ഹൌസ് ഫുൾ ഓടുന്ന
    ബോളിവുഡ് മൂവികളായ P.K , I മുതലായ മൂവികളെ വാനോളം വാഴ്തുകയാണിവിടെ..!

    ലണ്ടനിലെ ‘ഐ’ കളിക്കുന്ന തീയ്യറ്റകളൊന്നിൽ
    അടുത്ത ചൊവ്വാഴ്ച്ച എനിക്ക് ബുക്കിങ്ങ് ലഭിച്ചിട്ടുണ്ട്...!

    ReplyDelete
    Replies
    1. നമ്മുടെ സിനിമകൾ തല ഉയർത്തി നിൽക്കുന്നത് അഭിമാനകരം...... കണ്ടതിനു ശേഷം അഭിപ്രായം പങ്കു വെയ്ക്കുമെന്ന് കരുതുന്നു.....

      Delete
  2. പൈസേം പോയി സമയോം പോയി എന്നാണെനിക്ക് തോന്നിയത്.. ഒരുപാടു പ്രതീഷകളോടെ പോയതാണ്.. റ്റീസറൊക്കെ കണ്ടപ്പോൾ ശങ്കറിന്റെ ഏറ്റവും മികച്ച സിനിമയായിരിക്കും ഇതെന്നാണ് കരുതിയത്‌.. എന്ത് ഫലം..?? മേയ്ക്കപ്പും വിക്രത്തിന്റെ അഭിനയവും മികച്ചതായിരുന്നു എന്ന് മാത്രം പറയാം...

    ReplyDelete