Wednesday, 14 January 2015

KUMA (2012)



FILM : KUMA (2012)
COUNTRY : AUSTRIA
GENRE : DRAMA
DIRECTOR : UMUT DAG

            മറ്റൊരു സാംസ്കാരികതയിലേയ്ക്ക്  കുടിയേറുമ്പോഴും , സ്വന്തം മൂല്യങ്ങളെയും , അംശങ്ങളെയും പിടിവിടാത്ത കുടുംബ പശ്ചാത്തലങ്ങൾ ഒരുക്കുന്ന വ്യത്യസ്തമായ സാഹചര്യങ്ങൾ സിനിമയ്ക്ക്‌ പലപ്പോഴും പ്രമേയമാകാറുണ്ട്. CULTURAL CONFLICT എന്നതിലേയ്ക്ക് ഒതുങ്ങിപ്പോവാറുള്ള  ഇത്തരം കാഴ്ചകളിൽ നിന്ന് വ്യത്യസ്തമായി പുതുമയുള്ള സ്വത്വ പ്രതിനിധാനങ്ങളെ മനോഹരമായി പ്രതിഫലിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് KUMA(2012) എന്ന ഓസ്ട്രിയൻ സിനിമയെ മികവുറ്റതാക്കുന്നത്. ഈ സിനിമ ഓസ്ട്രിയയിലേയ്ക്ക് കുടിയേറിയിട്ടുള്ള തുർക്കി വംശജരിലേക്കാണ് ക്യാമറ തിരിക്കുന്നത്.
                    വിയന്നയിൽ കുടുംബ സമേതം കഴിയുന്ന മുസ്തഫയുടെ മകൻ ഹസ്സൻ തുർക്കിയിലെ ഒരു ഗ്രാമത്തിൽ നിന്നും 19-കാരിയായ  "അയ്സി"-യെ വിവാഹം ചെയ്യുകയാണ്. ഓസ്ട്രിയയുടെ പാശ്ചാത്യ സംസ്കൃതിയുമായുള്ള "അയ്സിയുടെ" ഏറ്റുമുട്ടലിലെയ്ക്ക്  ഈ വിവാഹം  നയിക്കുമെന്ന പ്രതീക്ഷയാണ് നമ്മിൽ ഉണ്ടാവുന്നത്. എന്നാൽ, നമ്മുടെ പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കുന്ന നേർകാഴ്ചകളും , കുടുംബ അന്തരീക്ഷവുമാണ്  സിനിമയിൽ കാണാനാവുക. സ്ത്രീ കഥാപാത്രങ്ങളും, അതിജീവനത്തിനായുള്ള അവരുടെ ശ്രമങ്ങളും , ബന്ധങ്ങളുടെ ബാന്ധവങ്ങൾക്ക് കരുത്തേകുന്ന അവരുടെ സ്വാർത്ഥ-നിസ്വാർത്ഥ തീരുമാനങ്ങളും , സാഹചര്യങ്ങൾ തീർക്കുന്ന സ്വാഭാവികതയായി ദുർബലപ്പെടുന്ന ശരീര ഇച്ഛകളുടെ കടിഞ്ഞാണുകളും ഈ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു . പുരുഷ പ്രതീകങ്ങൾ, പരുഷമായി  നിലകൊള്ളുന്നില്ലെങ്കിലും സാംസ്കാരികതയുടെ ചില വികലമായ തുടർച്ചകളെ സൂക്ഷ്മ വീക്ഷണത്തിൽ കണ്ടെടുക്കാവുന്നതാണ്‌.
                        പെണ്‍മനസ്സും, അതിൽ നിന്നും ഉതിരുന്ന ചിന്തകളും മുഴച്ചു നിൽക്കുന്ന ഈ സിനിമയിൽ മുസ്തഫയുടെ ഭാര്യ "FATMA" , നവവധു "AYSI" എന്നിവരുടെ കഥാപാത്രങ്ങൾ മികച്ചു നിന്നു. പുതിയ കാലവും, ദേശവും നിശ്വാസവായു നൽകുമ്പോഴും അതിന്റെ സാംസ്കാരികതയിലേയ്ക്ക്  കുതറി മാറാതെ, അതിജീവനത്തിന്റെ കഠിന വീഥികളെ ജനിച്ച മണ്ണിന്റെ മനസ്സിനെ ചേർത്ത് പിടിച്ച് താണ്ടുവാനാണ് ഈ കുടുംബം ശ്രമിക്കുന്നത്. ഇവിടെ ജീവിതം സാംസ്കാരികതയെ പ്രതിഫലിപ്പിക്കുന്ന ദർപ്പണമാവുന്നു.
                          മികച്ച അഭിനയവും,  ബോറടിപ്പിക്കാത്ത നിമിഷങ്ങളും ഉറപ്പ് നൽകാവുന്ന നല്ല ഒരു സിനിമ. ഡ്രാമ  വിഭാഗത്തിൽ പെട്ട സിനിമകൾ ഇഷ്ട്ടപ്പെടുന്നവർ തീർച്ചയായും കാണണമെന്ന അപേക്ഷയോടെ നിർത്തുന്നു.


1 comment:

  1. പെണ്‍മനസ്സും, അതിൽ നിന്നും ഉതിരുന്ന ചിന്തകളും മുഴച്ചു നിൽക്കുന്ന ഈ സിനിമയിൽ മുസ്തഫയുടെ ഭാര്യ "FATMA" , നവവധു "AYSI" എന്നിവരുടെ കഥാപാത്രങ്ങൾ മികച്ചു നിന്നു. പുതിയ കാലവും, ദേശവും നിശ്വാസവായു നൽകുമ്പോഴും അതിന്റെ സാംസ്കാരികതയിലേയ്ക്ക് കുതറി മാറാതെ, അതിജീവനത്തിന്റെ കഠിന വീഥികളെ ജനിച്ച മണ്ണിന്റെ മനസ്സിനെ ചേർത്ത് പിടിച്ച് താണ്ടുവാനാണ് ഈ കുടുംബം ശ്രമിക്കുന്നത്. ഇവിടെ ജീവിതം സാംസ്കാരികതയെ പ്രതിഫലിപ്പിക്കുന്ന ദർപ്പണമാവുന്നു.

    ReplyDelete