Sunday, 29 June 2014

IN HIDING (2013)


FILM : IN HIDING (2013)
COUNTRY : POLAND
DIRECTOR : JAN KIDAWA-BLONSKI
GENRE : DRAMA
           രണ്ടാം ലോക മഹായുദ്ധത്തിന്റെ  മുഖ മുദ്രകളിലൊന്നായ ജൂത വേട്ടയുടെ (HALOCAUST) പശ്ചാത്തലത്തിൽ സ്ക്രീൻ നിറഞ്ഞ അനേകം സിനിമകളുണ്ട്. അത്തരം ശ്രേണിയിലെയ്ക്ക് എഴുതി ചേർക്കാവുന്ന മികച്ച സിനിമ അനുഭവമാണ് പോളിഷ് ചിത്രമായ IN HIDING (2013). 1940 കളിലെ  രണ്ടാം ലോക മഹായുദ്ധത്തിന്റെ  " യുദ്ധാന്ത്യത്തെ " " മുമ്പ്-ശേഷം" എന്നീ ദ്വന്ദങ്ങൾ കൊണ്ട് മുറിച്ച് ഇരു കഷണങ്ങളിലും ഈ സിനിമ സാന്നിധ്യമാറിയിക്കുന്നു.
         ഏറ്റവും തീക്ഷ്ണമായ പ്രമേയങ്ങൾ പൊട്ടി മുളയ്ക്കുക ഏറ്റവും കഠിനമായ ദുരിത നിലങ്ങളിലാണെന്ന് തോന്നിപ്പോവാറുണ്ട്. യുദ്ധ പശ്ചാത്തലത്തിലുള്ള ക്ലാസ്സിക്കുകൾ ഈ ചിന്തയ്ക്ക് ബലമേകുന്നു. യുദ്ധ കലുഷിതമായ സാഹചര്യത്തിൽ , ഏകാന്തജീവിതം നയിക്കുന്ന "JANKA" യ്ക്കും, പിതാവിനും എസ്തേർ എന്ന ജൂത സ്ത്രീയെ , വംശീയ ക്രോധത്തിന്റെ ദ്രംഷ്ടകളിൽ നിന്ന് മറച്ചു പിടിക്കേണ്ടി വരുന്നു. നിയമങ്ങൾ വെറും കടലാസ് തുണ്ടുകളാകുന്ന യുദ്ധ വേളയിലെപ്പഴോ JANKO യുടെ അച്ഛൻ പോലീസ് കസ്റ്റഡിയിലാകുന്നു. എസ്തേറിന്റെ സാന്നിധ്യം JANKO  ആദ്യം വെറുത്തെങ്കിലും  , ക്രമേണ അവർക്കിടയിൽ രൂപം കൊള്ളുന്ന സൗഹൃദം അസാധാരണമായ തലത്തിലേയ്ക്ക് വളരുന്നു. ഈ ബന്ധത്തിന്റെ തീവ്രതയും , സാഹചര്യങ്ങളുടെ സമ്മർദവും , വൈകാരിക വിസ്ഫോടനങ്ങളും സിനിമയെ കൂടുതൽ ശക്തവും , വേറിട്ടതുമായ കാഴ്ചയാക്കി മാറ്റുന്നു.
           HOLOCAUST ന്റെ നിഴലിൽ ആരംഭിക്കുന്ന സിനിമയെ വഴിമാറ്റി നടത്തിച്ച് പുത്തനനുഭവം നല്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. നഷ്ടങ്ങൾ മാത്രം കണ്ടു ശീലിച്ച മനസ്സിന്റെ സ്വാഭാവികമായ സ്വാർത്ഥതയുടെ  വിളയാട്ടമായി സിനിമയിലെ പല രംഗങ്ങളും എണ്ണാവുന്നതുമാണ്. മനുഷ്യ മനസ്സ് വന്യമാകുന്ന അന്തർ: സംഘർഷങ്ങളാൽ  സൃഷ്ടിക്കപെടുന്ന  സാഹചര്യങ്ങളിലെയ്ക്ക് കഥയും, കഥാപാത്രങ്ങളെയും തള്ളിയിടാൻ സംവിധായകന്  കഴിഞ്ഞിട്ടുണ്ട് . ചില കഥാപാത്രങ്ങൾ അപൂർണമായ വൃത്തങ്ങളെപ്പോലെ  സിനിമയ്ക്കിടയിൽ  മാഞ്ഞു പോയതായി തോന്നി. ചില രംഗങ്ങൾ ചിന്തയിൽ അവശേഷിപ്പിച്ച അവിശ്വസനീയത , ഇത് ഒരു സിനിമ മാത്രമാണെന്ന് ഓർമിപ്പിച്ചു. ത്രില്ലർ സിനിമകളിലേതു പോലെയുള്ള വേഗത ഈ സിനിമയ്ക്ക്‌ പ്രതീക്ഷിക്കാനാകില്ലെങ്കിലും  അനാവശ്യമായ ചില ഇഴച്ചിലുകൾ  ഒഴിവാക്കാമായിരുന്നു എന്ന് തോന്നി.
            അഭിനയം, സിനെമാടോഗ്രഫി , മ്യുസിക് എന്നീ അവിഭാജ്യ ഘടകങ്ങൾ മികച്ചു നിന്നു . യുദ്ധാന്ത്യം  വിളിച്ചോതിയ ഫ്രൈമുകൾ ഓർമ്മയിൽ തങ്ങി നിൽക്കുന്നവയായിരുന്നു. പ്രമേയം ആവശ്യപ്പെടുന്ന വൈകാരിക വിക്ഷുബ്ദതയെ  പ്രതിഫലിപ്പിക്കുന്നതിൽ അഭിനേത്രികൾ വിജയിച്ചു എന്ന് തന്നെ പറയാം. " വിധിക്കുക , വിധേയപ്പെടുക" എന്നീ യുദ്ധ യഥാർത്യങ്ങൾക്കുമപ്പുറം ഈ സിനിമ അവതരിപ്പിച്ച പ്രമേയം , മറ്റു രീതികളിൽ പല സിനിമകളിലും വന്നതാണെങ്കിലും അവതരണ രീതി പുതുമയുണർത്തി. IMBD ചൊരിയുന്ന അക്കങ്ങളെ മുൻ നിർത്തി സിനിമയെ മുൻവിധികളോടെ സമീപിക്കാതെ , സിനിമയുടെ  "കാമ്പിനെ " രുചിച്ച് സ്വയം വിധിയെഴുതുന്ന നല്ല സിനിമാ പ്രേമികൾ ഈ സിനിമ കാണേണ്ടതാണെന്ന  അഭിപ്രായത്തോടെ  നിർത്തുന്നു.   

Saturday, 21 June 2014

MIRAGE (2004)



FILM  : MIRAGE (2004)
COUNTRY  : MACEDONIA
GENRE  : DRAMA
DIRECTOR : SVETOZAR RISTOVSKI
                  നീഷേയുടെ വിഖ്യാതമായ വരികൾ സ്ക്രീനിൽ തെളിഞ്ഞപ്പോൾ മുതൽ ഈ സിനിമയുടെ ഭാവം വ്യക്തമായിരുന്നു. ആഹ്ലാദത്തിന്റെ കണികകൾ പാഴ്ക്കിനാവാകുന്ന ദരിദ്ര സാമൂഹിക യാഥാർത്ഥ്യത്തിൽ അവതരിപ്പിച്ച ശക്തവും , വേദനാജനകവുമായ ഡ്രാമയാണ് MIRAGE (2004) എന്ന മാസിഡോണിയൻ സിനിമ.
               പഠനത്തിലും , കവിതയെഴുത്തിലും മിടുക്കനും  ഭാവനാ സമ്പന്നനുമായ  "മാർക്കോ"  എന്ന കുട്ടിയുടെ കഥയാണ് ഈ സിനിമ പറയുന്നത്. കുടിയനും, മടിയനുമായ പിതാവ്, ലക്കും-ലഗാനുമിലാത്ത ( കുത്തഴിഞ്ഞ) സഹോദരിയും, നിർവികാരതയും  നിർജ്ജീവത്വവും വിശേഷണങ്ങളായി പേറുന്ന മാതാവും ദാരിദ്ര്യം എന്ന ദുരിത പർവ്വത്തിനും മുകളിൽ മാർക്കോയുടെ അവസ്ഥയെ പ്രതിഷ്ടിക്കുന്നു. വീട്, സ്കൂൾ , സമൂഹം എന്നിവിടങ്ങളിലെല്ലാം ക്രൂരമായ പരിഹാസങ്ങൾക്കും , അടിച്ചമർത്തലുകൾക്കും , ശാരീരിക പീഡനങ്ങൾക്കും വിധേയനാകുന്ന "മാർക്കോ" , പ്രതീക്ഷയുടെ നെരിപ്പോട് കാണുന്നത് അവന്റെ അധ്യാപകൻ പറഞ്ഞത് പോലെ തന്റെ കവിതകളിലാണ്. സ്വച്ഛതയിലേയ്ക്ക് ഒരു പറിച്ചു നടൽ അവൻ സ്വപ്നം കാണുന്നു. കീഴ്പെടലിന്റെയും , കുത്തുവാക്കുകളുടെയും , വേദനയുടെയും ഏതോ ഒരു "അതിർവര"  മാർക്കോയെ  തലയുയർത്താൻ പ്രേരിപ്പിക്കുന്നു. ഏകനായി ചെസ്സ്‌ കളിക്കാനും, സമയം കളയാനും മാർക്കോ കണ്ടെത്തിയ ഇടമായ പഴയ ട്രെയിനിൽ വച്ച് കണ്ടുമുട്ടുന്ന "പാരിസ്" എന്ന വ്യക്തിയും അവന്റെ മുന്നിൽ പ്രതീക്ഷയായി വളരുന്നു. ഈ പ്രതീക്ഷകളും, സാഹചര്യങ്ങളും മാർക്കോ എന്ന ബാലനെ ഏതു തീരത്തേയ്ക്ക് എത്തിക്കുന്നു എന്നതാണ് സിനിമയുടെ ഉള്ളടക്കം.
               മാസിഡോണിയൻ സാമൂഹിക യാഥാർത്ഥ്യം എന്ന് ചുരുക്കി പറയാനാവാത്ത വിധം , ലോകത്തിലെ ഏതൊരു സാമൂഹിക വ്യവസ്ഥിതിയിലും പ്രതിനിധികളെ  തേടാൻ കഴിയുന്ന ഒന്നാണ് ഈ സിനിമയും, കഥാപാത്രങ്ങളും, പ്രമേയവും. ഇത്തരം സാഹചര്യങ്ങൾക്ക് ശരവേഗവും , നിലനിൽപ്പും  പ്രദാനം ചെയ്യുന്ന ഉൽപ്രേരകങ്ങളായി , ദാരിദ്ര്യവും , രാഷ്ട്രീയവും-സാമൂഹികവുമായ അരാജകത്വവും പല്ലിളിച്ചു കൊണ്ടേയിരുന്നു. വീടും, സ്കൂളും , തെരുവും അവയെ ദ്യോതിപ്പിച്ച മികച്ച ഉദാഹരണങ്ങളായി നിറഞ്ഞു നിന്നു. കുതിച്ചു പായുന്ന ട്രെയിനുകൾ , ചലനമറ്റ് ദ്രവിച്ച പഴകിയ ട്രെയിനുകൾ  (മാർക്കോയുടെ അഭയം) , റെയിൽ പാളങ്ങൾ , മാർക്കോയുടെ ഷൂട്ടിംഗ് പ്രാക്ടീസിനിടയിൽ  പറന്നുയരുന്ന പ്രാവ് എന്നിവ ദൃശ്യാനുഭൂതി എന്നതിനപ്പുറം സംവിധായകൻ പ്രേക്ഷക ചിന്തകൾക്കായി ഒരുക്കിയ "പ്രതീക"  കാഴ്ച്ചകളായി തോന്നി. സിനിമയ്ക്ക്‌ പറയാനുള്ള രാഷ്ട്രീയം ചില സീനുകളിലും , അപൂർവ്വം സംഭാഷണങ്ങളിലുമൊതുങ്ങിയെങ്കിലും , പ്രമേയത്തിന് ബലമേകുന്ന സാമൂഹിക മാനങ്ങൾ സൃഷ്ടിച്ചെടുക്കുന്നതിൽ അതിനുള്ള പങ്ക് വ്യക്തമാണ്. സിനിമ അവസാനിച്ചത്‌ പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ അനിവാര്യമായ ദുരന്തത്തിന്റെ ആഴം വ്യക്തമാക്കികൊണ്ട്  തന്നെയാണ്.
                ഈ സിനിമയിലെ പ്രധാന റോൾ കൈകാര്യം ചെയ്ത MARKO KOVACEVIC  (മാർക്കോ) എന്ന  കുട്ടിയുടെ വിസ്മയ പ്രകടനം പ്രമേയത്തിന്റെ തീക്ഷണത നമ്മളിലെയ്ക്ക് പകരാൻ വളരെയധികം സഹായിച്ചു. ലോകത്തെല്ലായിടത്തും ഇന്നും സുലഭമായ ഇത്തരം രാഷ്ട്രീയ-സാമൂഹിക-ദാരിദ്ര്യ മാനങ്ങൾ തീർക്കുന്ന "കുരുതികൾ" പടർത്തുന്ന ഇരുൾ മായ്ക്കുന്നത് പ്രതീക്ഷകളുടെ ചിറകിലേറി കുതിക്കുന്ന ബാല്യങ്ങൾ തീർക്കേണ്ട ഭാവിയുടെ "ദീപ്തമായ" സ്വപ്നങ്ങളാണെന്ന് ഈ സിനിമ ഓർമിപ്പിക്കുന്നു.ഇത്തരം ദുരന്തങ്ങളുടെ പേരിൽ വിലങ്ങുകൾ അണിയിക്കേണ്ടത് ആരെയെന്ന ചോദ്യം നമ്മെ വിട്ടൊഴിയുന്നില്ല. നല്ല നാളെയ്ക്കായുള്ള  സമൂഹ നിർമ്മിതിക്കായ്‌ ഒരുങ്ങുമ്പോൾ വർത്തമാന യാഥാർത്ഥ്യം ബലികഴിക്കുന്നതെന്ത് എന്ന ചിന്തയുണരേണ്ടതിന്റെ ആവശ്യം സിനിമ ബോധ്യപ്പെടുത്തുന്നു. പ്രതീക്ഷയുടെ മരീചികകൾ നീണ്ടു കിടക്കുന്നുണ്ടെങ്കിലും , "HOPE IS THE WORST OF EVIL , FOR  IT PROLONGS THE TORMENTS OF MAN" എന്ന നീഷേയുടെ വരികൾ മനസ്സിൽ മർമ്മരം കൊളളുന്നുണ്ടെങ്കിലും , ഭാവിയെക്കുറിച്ചുള്ള നിറമുള്ള പ്രതീക്ഷകൾ മുറുകെപ്പിടിച്ച് നിലയില്ലാ കയങ്ങളിലെയ്ക്ക്  ഇറങ്ങുന്നവർക്ക് ഐക്യം പ്രഖ്യാപിച്ച് നിർത്തുന്നു . 

Saturday, 7 June 2014

THE WEDDING SONG (2008)



FILM  : THE WEDDING SONG (2008)
COUNTRY   : TUNISIA
DIRECTOR  : KARIN ALBOU
GENRE  : DRAMA

             രണ്ടാം ലോകമഹായുദ്ധം പശ്ചാത്തലമാക്കി KARIN ALBOU സംവിധാനം ചെയ്ത ടുണിഷ്യൻ സിനിമയാണ് THE WEDDING SONG(2008). ടുണിസ് എന്ന ടുണിഷ്യൻ തലസ്ഥാന നഗരിയുടെ പശ്ചാത്തലത്തിലെ ജീവിതം നുരയുന്ന ഈ സിനിമ ആ രാജ്യത്തിൻറെ സാംസ്കാരിക അംശങ്ങളുടെ ചിത്രീകരണം കൂടിയാകുന്നു. ഡ്രാമ വിഭാഗത്തിൽ പെടുന്ന ഈ സിനിമ പ്രമേയപരമായി  ബഹുമുഖത്വം ആർജ്ജിക്കുന്നു.
               നൂർ (മുസ്ലിം) , മിറിയം(ജൂത) എന്നീ കൂട്ടുകാരികളുടെ സൗഹൃദത്തിന്റെ കഥ പറയുന്ന ഈ സിനിമ , അതിനപ്പുറം ചരിത്രപരമായ രാഷ്ട്രീയമാനങ്ങളെയും  വിശകലനം ചെയ്യുന്നു. സൗഹൃദം, ലൈംഗികത , വിവാഹം , വംശീയത, വർഗീയത ,രാഷ്ട്രീയം  എന്നീ ഉപ വിഷയങ്ങളെ വളരെ വ്യക്തമായും , ആധികാരികമായും തുറന്നിടുന്നതോടൊപ്പം , സംവിധായികയുടെ വ്യക്തിപരമായ വീക്ഷണങ്ങളും സിനിമയിൽ കടന്നു കൂടിയിട്ടുള്ളതായി തോന്നി.
                കൌമാരം പിന്നിടുന്ന നൂറും , മിറിയവും അവരുടെ വിവാഹങ്ങൾക്കായുള്ള ഒരുക്കങ്ങളിലാണ്. അവരുടെ കുടുംബങ്ങളും വളരെ സൗഹാർദ്ദപൂർണ്ണമായ  അന്തരീക്ഷങ്ങളിലാണ് കഴിയുന്നത്. നൂറിന്റെ വിവാഹം ഖാലിദ്‌ എന്ന യുവാവുമായി  നിശ്ചയിച്ചിട്ടുണ്ടെങ്കിലും , അയാളുടെ ജോലിയില്ലായ്മ നൂറിന്റെ പിതാവിൽ ചില മനം മാറ്റങ്ങൾക്കു കാരണമാകുന്നുണ്ട്. മിറിയം , പ്രണയം ആഗ്രഹിക്കുന്നെങ്കിലും പ്രത്യേക ജീവിത സാഹചര്യങ്ങൾ അവളെ  ധനികനും , അവളെക്കാൾ പ്രയമേറിയവനുമായ DOCTOR RAUOL- മായുള്ള വിവാഹത്തിലെയ്ക്ക് നയിക്കുന്നു.
                    ജർമൻ പട്ടാളക്കാരുടെ അധിനിവേശവും , ഖാലിദിന്റെ തൊഴിലും ഈ ബന്ധങ്ങളിൽ പല തരത്തിലുള്ള സങ്കീർണ്ണതകൾ  സൃഷ്ടിക്കുന്നു. ജൂത വേട്ടകളും , പീഡനങ്ങളും ഒഴിച്ചുകൂടാനാവാത്ത രണ്ടാം ലോകമഹായുദ്ധത്തിന്റെ  ശക്തമായ സാന്നിദ്ധ്യം ഈ സിനിമയിലുണ്ടെങ്കിലും , സിനിമയിലെ ഇതര പ്രതിപാദ്യ വിഷയങ്ങളിൽ നിർണ്ണായകമായ ഇടപെടലുകളായാണ് അവ കടന്നു വരുന്നത്.
                ലൈംഗികതയെയും , സ്ത്രീ ശരീരത്തേയും വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളിലൂടെ വരച്ചിടുന്നു. പൊതു കുളിസ്ഥലങ്ങൾ സാധാരണമായിരുന്ന സംസ്കാരികതയിലെയ്ക്ക് ജർമൻ പട്ടാളം അതിക്രമിച്ചു കയറിയത് , കേവലം യുദ്ധാന്ധതയിൽ സംഭവിച്ച അധാർമികതയ്ക്കപ്പുറം   പുരുഷ മേധാവിത്വം സ്ത്രീ ശരീരത്തെ അടക്കിവാഴുന്ന (വാണിരുന്ന) വർത്തമാന -ഭൂത സംസ്കാരത്തിന്റെ ശക്തമായ സാന്നിധ്യം തന്നെയായി. ഈ ശരീര നിബദ്ധമായ ചിന്തകൾ കൌമാരത്തിന്റെ ആകാംഷകളിലൂടെ അവതരിപ്പിച്ച് വിവാഹം എന്ന "പരിശുദ്ധമായ" ബന്ധനത്തിലും പ്രതിഫലിക്കുമ്പോൾ , സമൂഹത്തിൻറെ  ലിംഗബന്ധിയായ വേർതിരിവുകളുടെ മറ്റൊരു സാക്ഷ്യമായി.
               അതിജീവനത്തിന്റെയും, സൗഹാർദ്ദത്തിന്റെയും നീറ്റലുകൾ പേറുന്ന കഥാപാത്രങ്ങളായി അഭിനേത്രികൾ മികച്ചു നിന്നു. വിശുദ്ധ ഗ്രന്ഥത്തിന്റെ പവിത്രമായ താളുകളിൽ നിന്ന് നൂർ , ഖാലിദിന്റെയും പിതാവിന്റെയും സഹായത്താൽ കണ്ടെടുക്കുന്ന വരികൾ സിനിമയിൽ നിന്നും പരന്ന വെളിച്ചങ്ങളിലൊന്നായി. വംശീയതയ്ക്കും, വർഗീയതയ്ക്കും , രാഷ്ട്രീയത്തിനും മുകളിൽ പ്രതിഷ്ടിക്കാവുന്ന സൗഹൃദത്തിന്റെ മഹത്തരമായ ഓർമ്മപ്പെടുത്തലായി ഈ സിനിമ മാറുന്നു.
            സ്ത്രീത്വത്തിന്റെ മാനസിക വ്യാപാരങ്ങൾ ആണിക്കല്ലായ ഈ സിനിമയിലെ അത്തരം അംശങ്ങളെ ഏറ്റവും മികച്ച രീതിയിൽ അവതരിപ്പിക്കാൻ , സംവിധായികയും സിനിമയിലെ ശക്തമായ കഥാപാത്രങ്ങളിലൊന്നായും (TITA) നിറഞ്ഞു നിന്ന KARIN ALBOU യ്ക്ക് സാധിച്ചിട്ടുണ്ട്. ടുനിഷ്യൻ സംസ്കാരികതയിലൂന്നിയാണ് ലൈംഗികതയും  പ്രമേയപരമായി ഉൾക്കൊള്ളിച്ചിട്ടുള്ളത്. വ്യത്യസ്ത പ്രമേയങ്ങളുടെ സാന്നിധ്യം ആഗ്രഹിക്കുന്നവർ ഈ സിനിമ കാണുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു.    


Friday, 6 June 2014

OBABA (2005)



FILM  : OBABA (2005)
GENRE   : DRAMA
COUNTRY  : SPAIN       
DIRECTOR  : MONTXO ARMENDARIZ
                      ഒരു സാധാരണ (TIME PASSING) സിനിമയാവുമെന്ന പ്രതീക്ഷയിലാണ് കണ്ടു തുടങ്ങിയത്. എന്നാൽ വ്യത്യസ്തത എല്ലാ തരത്തിലും മുഴച്ചുനിൽക്കുന്ന ഒരു സിനിമയായാണ്‌ ഞാൻ , MONTXO ARMENDARIZ  സംവിധാനം ചെയ്ത OBABA (2005) എന്ന സിനിമയെ പരിചയപ്പെടുത്തുക. "മികച്ച അനുഭവം" എന്ന വിശേഷണം ഈ സിനിമയോട് കൂട്ടിക്കെട്ടാമെങ്കിലും " ആസ്വാദകന്റെ ആസ്വാദന തലം " എന്ന ആപേക്ഷികതയുടെ താങ്ങ് അതിനു വേണം. ഡ്രാമ വിഭാഗത്തിലുള്ളത് എന്ന് പറയാമെങ്കിലും MYSTERY , പ്രണയം എന്നിവയെല്ലാം പെയ്തിറങ്ങുന്ന നവ്യമായ സിനിമാ കാഴ്ചയാകുന്നു ഇത്.
                      സ്പെയ്നിന്റെ  ഗ്രാമീണത തുളുമ്പുന്ന കുന്നിൻ  ചെരിവുകളിലെവിടെയോ വേറിട്ട്‌ നിൽക്കുന്ന OBABA എന്ന ഗ്രാമത്തിന്റെ ഭൂതകാലത്തെയും , വർത്തമാന കാലത്തെയും ഏച്ചുകെട്ടാനുള്ള ശ്രമങ്ങളിലാണ് "LOURDES " എന്ന നമ്മുടെ നായിക. സംവിധായികയാവാൻ ശ്രമിക്കുന്ന അവളുടെ PROJECT ന്റെ  ഭാഗമായാണ് ഒബാബ തെരഞ്ഞെടുത്തത്. നഗരവാസികൾ ഗ്രാമീണരിൽ അടിച്ചേൽപ്പിക്കാറുള്ളതോ , കണ്ടെടുക്കുന്നതോ ആയ ഒരു "ECCENTRICITY" ഈ സിനിമയിലും കാണാം. പക്ഷെ, ഇവിടെ നിഗൂഡാത്മകമായ , യാഥാർത്യങ്ങളുടെയും , അയഥാർത്യങ്ങളുടെയും  നൂലിഴകളെ വേർതിരിക്കാനാവാത്ത വിധം പിണച്ച് ഒബാബയുടെ സ്വത്വത്തെ ശക്തമായി അവതരിപ്പിച്ചിരിക്കുന്നു. "LIZARD HOTEL" ഉം , ഇസ്മായേലും നമ്മെ എപ്പോഴും കുഴക്കുന്ന ചിന്താ ചോദനകളായി നിറഞ്ഞു നിൽക്കും.
                  ഗ്രാമത്തിന്റെ ഗതകാല സ്മരണകളെ വളരെ മനോഹരമായി , LOURDES ന്റെ വാചാലതകളിൽ നിന്നും ഉയിർ തുടിക്കുന്ന ഫ്ലാഷ്ബാക്കുകളിലൂടെ അവതരിപ്പിച്ചിരിക്കുന്നു. എല്ലാം എണ്ണുന്ന സ്കൂൾ അധ്യാപികയും(MAESTRO) , "BRAIN EATING LIZARD'-നാൽ ബുദ്ധിമാന്ദ്യം ഗ്രസിച്ച തോമസും , സഹോദരിയും , ഖനി മുതലാളിയായ ജർമൻകാരനും , മകൻ എസ്തബാനുമെല്ലാം കാലത്തിന്റെ ഒഴുക്കിനിപ്പുറവും വിഭ്രമാത്മകമായ നിഗൂഡതയുടെ തുരുത്തുകളായി തുടരുന്നു. LOURDES യഥാർത്ഥത്തിൽ തേടുന്നതെന്ത് എന്ന ചോദ്യം പലപ്പോഴും മനസ്സ് മന്ത്രിച്ചു. ഒബാബയുടെ സൗന്ദര്യം , അതിന്റെ വ്യത്യസ്തതയാർന്ന ജീവിത രീതികളിലും, വ്യക്തിത്വങ്ങളിലും കുടികൊള്ളുന്നു.
             ഒബാബയുടെ വിസ്മയങ്ങളിലെയ്ക്ക് ക്യാമറ തിരിക്കുന്ന LOURDES ലൂടെ നമ്മളറിയുന്ന ഒബാബയുടെ ചരിത്രത്താളുകളിൽ ശക്തമായ കഥാബീജങ്ങൾ പരന്നു കിടക്കുന്നുണ്ടായിരുന്നു . അവയ്ക്ക് ഉയിരേകി കൂടുതൽ മികവാർന്ന ഒരു കലാസൃഷ്ടിയാക്കാനുള്ള അവസരമാണ് സംവിധായകൻ നഷ്ടപ്പെടുത്തിയത്. സിനിമയുടെ അന്ത്യം മോശമായില്ലെങ്കിലും അത്തരം താത്വികമായ വെളിപാടുകളിലെയ്ക്ക് നായികയെ നയിക്കേണ്ടിയിരുന്ന വൈകാരിക ബന്ധ-ബന്ധനങ്ങളെ ആഴത്തിൽ പ്രതിഷ്ടിക്കാൻ അവസരങ്ങളുണ്ടായിട്ടും  സംവിധായകൻ ആലസ്യം കാട്ടിയത് , ക്ഷമിക്കാനും സഹിക്കാനും കഴിഞ്ഞത് LOURDES ആയി "ജീവിച്ച" BARBARA LENNIE എന്ന നടിയുടെ വശ്യമായ അഭിനയചാരുത മൂലമായിരുന്നു.   
                    സ്വച്ഛസുന്ദരമായ  താഴ്‌വരയിൽ പൊഴിയുന്ന മഞ്ഞുപോലെ ആസ്വാദ്യകരമായ ഈ സിനിമയിലെ 'വയലിൻ '  ഉൾപെടെയുള്ള എല്ലാ സംഗീതോപകരണങ്ങളിൽ നിന്നും ഉതിർന്ന സ്വരധാരകളും മനം നിറച്ചു. ഹോളിവുഡ് സിനിമകളുടെ സ്ഥിരം ചേരുവകളിൽ നിന്നും ഒരു മോചനം നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ സിനിമ തീർച്ചയായും കാണാം. ഈ സിനിമയുടെ നിലവാരത്തിന് ഞാൻ വിലയിടുന്നില്ല . നിരൂപകർ പലരും നൽകിയ അക്കങ്ങളിൽ ഞാൻ സംതൃപ്തനുമല്ല ( അവരുടെ അഭിപ്രായമാണെങ്കിൽപോലും ). സിനിമ പറഞ്ഞ രീതിയും, അവതരിപ്പിച്ച പ്രമേയവും , അവസാനിപ്പിച്ച ആശയവും സിനിമയുടെ വ്യത്യസ്തതയ്ക്ക് ബലമേകിയ തൂണുകൾ തന്നെയാണ്. സിനിമ കണ്ടതിനു ശേഷമുള്ള നിങ്ങളുടെ പ്രതികരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് നിർത്തുന്നു.


Friday, 30 May 2014

AUTUMN BALL (2007)



FILM  : AUTUMN BALL (2007)
COUNTRY : ESTONIA
DIRECTOR : VEIKO OUNPPU
GENRE  : DRAMA
                   
                      ഏകാന്തത , നിരാശ, പ്രതീക്ഷകൾ , സ്നേഹരാഹിത്യം എന്നീ മനുഷ്യാവസ്ഥകളുടെ  സമ്മിശ്രമോ , ഒറ്റപ്പെട്ടതോ ആയ ചിത്രീകരണമാണ് ഈ സിനിമ കാഴ്ചവെക്കുന്നത്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ ഈ അവസ്ഥകളെ നമുക്കായി ചികഞ്ഞിടുകയാണ് സംവിധായകൻ. സിനിമാ ഭൂപടത്തിൽ ESTONIA എന്ന രാജ്യത്തെ അടയാളപ്പെടുത്തിയ മികച്ച സിനിമകളിൽ ഒന്നാണ് VEIKO OUNPPU  സംവിധാനം ചെയ്ത ഡ്രാമ വിഭാഗത്തിൽ പെടുന്ന AUTUMN BALL.
              പല കാരണങ്ങളാൽ ഏകാന്ത ജീവിതങ്ങൾ നയിക്കാൻ വിധിക്കപ്പെട്ട കഥാപാത്രങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. അപ്പാർട്ട്മെന്റിലെ സംഭാഷണ വിരളമായ ദൃശ്യങ്ങൾ ഏകാന്തതയുടെ കനപ്പെട്ട സാന്നിധ്യം വിളിച്ചറിയിക്കുന്നു. ഭാര്യ ഉപേക്ഷിച്ചു പോയതോടെ ഏകാന്തതയുടെ മടിതട്ടിലെയ്ക്ക് എറിയപ്പെട്ട എഴുത്തുകാരനായ MATI സിനിമയിലുടനീളം നഷ്ട പ്രണയത്തിന്റെ നീറ്റലുകൾ ശമിപ്പിക്കാനും , ഏകാന്തതയെ നിരാകരിക്കാനുമുള്ള പരിശ്രമങ്ങളിലാണ്. ARCHITECT  ആയ MAURER സ്വച്ഛ ജീവിതം കാംക്ഷിക്കുമ്പോഴും ദാമ്പത്യത്തിലെ സ്വര ചേർച്ചയില്ലായ്മ സൃഷ്ടിക്കുന്ന അസ്വസ്ഥകളെ പൊട്ടിച്ചെറിയാൻ ശ്രമിക്കുന്നയാളാണ്. ഏകാന്തതയും , സ്നേഹരാഹിത്യവും , നിരാശയും സൃഷ്ടിക്കുന്ന ജീവിതങ്ങളുടെ ഇരയും, ഗുണഭോക്താവുമായി സിനിമയിൽ നിറഞ്ഞു നിൽക്കുന്ന THEO (HOTEL DOORMAN) ശരീര ഇച്ഛകളുടെ  കണക്കെടുപ്പുകൾക്കപ്പുറത്തെ ജീവിതത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നേയുള്ളൂ. "കാസ്കി " എന്ന  ബാർബറുടെ വൃദ്ധമായ ശരീരത്തിലെ കുഞ്ഞുമനസ്സ് സഹ മനസ്സുകളെ തേടുകയാണ്. ഏകാന്തതയെ അയാൾ തള്ളിനീക്കുന്നത് "തല കുത്തിമറിയുന്ന കുരങ്ങൻ കളിപ്പാട്ട വുമായാണ്" എന്നത് ഈ ചിന്തയ്ക്ക് ബലം നൽകുന്നു.
            ഈ   പുരുഷ കേസരികളെ പോലെ   MAURER ന്റെ ഭാര്യയും (ULVI) , കുടിയനായ ഭർത്താവിനെ ഉപേക്ഷിച്ച് മകൾക്കൊപ്പം കഴിയുന്ന LAURA യും സിനിമ ചർച്ചയ്ക്കു വിധേയമാക്കുന്ന അവസ്ഥകളുടെ  ഇരകൾ തന്നെയാണ്. അവരുടെ ഏകാന്തതയിൽ വേരൂന്നിപ്പടർന്നിട്ടുള്ള സ്നേഹരാഹിത്യത്തിന്റെ ശാഖകളിലേയ്ക്കു ഇത്തിൾകണ്ണികളെപ്പോലെ വലിഞ്ഞു കയറാനുള്ള "പുരുഷ" ശ്രമങ്ങൾ പ്രാദേശികതയ്ക്കപ്പുറം , പ്രമേയത്തിന്റെ സാർവ്വ ദേശീയമാനങ്ങളെ ധ്വനിപ്പിക്കുന്നു.
          നിറം കുറഞ്ഞ ജീവിത അനുഭവങ്ങളും , സ്നേഹത്തിന്റെ അഭാവവും സൃഷ്ട്ടിച്ച മാനസിക ബോധം തന്നെയാണ്, "കാസ്കി" മകൾക്ക് നേരെ നീട്ടുന്ന SWEETS തട്ടിമാറ്റി "PERVERT" എന്ന അക്രോശങ്ങളിലേയ്ക്ക് LAURA  യെ നയിച്ചത്. "PERVERT" എന്നതിന്റെ വാക്യാർത്ഥങ്ങളിലെയ്ക്ക് ശ്രദ്ധക്ഷണിക്കുന്ന കുഞ്ഞു കണ്ണുകൾക്ക്‌ അവൾ മറുപടി നൽകുന്നത് പുഞ്ചിരിയിലൂടെയാണ്. ഈ പുഞ്ചിരിയുടെ പ്രകമ്പനം നമ്മളറിയുന്നത്  കട്ടിലിൽ കിടന്ന് ശിശുസമാനമായി ചിരിക്കുന്ന കാസ്കിയിലാണ്. ഈ രംഗങ്ങൾക്കിടയിൽ ഭീതിതമായ മുഖവുമായി KINDERGARTEN നിൽ വാവിട്ടു കരയുന്ന LAURA യുടെ അടുത്തേയ്ക്ക് പതിയെ "കുരങ്ങൻ കളിപ്പാട്ടവുമായി" നടന്നടുക്കുന്ന മകളെയാണ് നമുക്ക് കാണാനാവുക.
               ഏകാന്തതയെ പ്രണയിക്കുന്നവരല്ല  ഈ സിനിമയിലെ ഒരു കഥാപാത്രവും , സന്തോഷങ്ങളുടെ ലോകത്തേയ്ക്ക് സ്വയം വിമോചിതരാകാനുള്ള അടങ്ങാത്ത ആഗ്രഹം എല്ലാവരിലും നിഴലിക്കുന്നുണ്ട്. സിനിമയുടെ പ്രയാണത്തിൽ പലർക്കും പലതും സംഭവിക്കുന്നുണ്ടെങ്കിലും സ്നേഹത്തിന്റെ, സന്തോഷത്തിന്റെ തണലിനായുള്ള പ്രതീക്ഷാനിർഭരമായ ശ്രമങ്ങളിൽ തന്നെയാണവർ. MATI  എന്ന എഴുത്തുകാരനിൽ തുടങ്ങി അയാളിൽ തന്നെ അവസാനിക്കുന്ന ഈ സിനിമയിലെ ഇതര കഥപാത്രങ്ങളുടെ ജീവിതങ്ങളെ  വ്യാഖ്യാനിക്കാവുന്ന VISUAL STATEMENTS അവശേഷിപ്പിക്കുവാനും സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.
                             ജീവിതത്തിലെ വിചിത്രവും, വൈവിധ്യവുമായ ഇത്തരം അവസ്ഥകൾ  അവരെ നയിക്കുന്ന തീരങ്ങളിലേയ്ക്ക്‌ മനസ്സുമായി അനുഗമിക്കാൻ നമുക്ക് കഴിയും വിധത്തിൽ ശക്തമായ അവതരണം സിനിമ കാഴ്ചവെയ്ക്കുന്നു. നമുക്കിടയിൽ ഏകാന്തതയുടെ വിത്തുകൾ പാകി മുളപ്പിക്കുന്ന വ്യത്യസ്ത സാഹചര്യങ്ങളെ കലാപരമായി സമ്മേളിപ്പിച്ച് ഉത്കൃഷ്ടമായ ദൃശ്യാനുഭവം സാധ്യമാക്കിയ ഈ സിനിമ ഡ്രാമ സ്നേഹികളെ നിരാശപ്പെടുത്തില്ല എന്ന ഉറപ്പോടെ നിർത്തുന്നു.

Thursday, 29 May 2014

THE CLOWN (2011)



FILM  : THE CLOWN (2011)
COUNTRY  : BRAZIL
DIRECTOR  : SELTON MELLO
GENRE  : COMEDY-DRAMA

     കോമഡി-ഡ്രാമ വിഭാഗത്തിൽ പെട്ട ബ്രസീലിയൻ സിനിമയായ THE CLOWN (2011), സിനിമയുടെ പേര് പോലെ തന്നെ ഒരു കോമാളിയുടെ കഥ പറയുന്നു. ബ്രസീലിയൻ ഗ്രാമീണതയുടെ പച്ചപ്പ്‌ നിറഞ്ഞ പ്രകൃതി രമണീയതയെ വളരെ മികച്ച രീതിയിൽ ക്യാമറക്കണ്ണൂകളിൽ ഒപ്പിയെടുത്ത ഈ സിനിമ , പഴയ കാലത്തെ  സർക്കസ് കൂടാരങ്ങളിലൊന്നിലെ കോമാളിയുടെ ആത്മനൊമ്പരങ്ങളുടെ ദൃശ്യ വിരുന്നൊരുക്കുന്നു.
              സർക്കസ് മുതലാളിയായ വ്ലാഡിമിർ , മകൻ ബെഞ്ചമിൻ എന്നിവർ   തന്നെയാണ് സർക്കസിലെ പ്രധാനികൾ. ഓരോ സ്ഥലത്തെയും സാഹചര്യങ്ങളെയും , വ്യക്തികളെയും കുറിച്ചറിഞ്ഞ്  ഇൻസ്റ്റന്റ് കോമഡികളിലൂടെയാണവർ രംഗം പൊലിപ്പിക്കാറുള്ളത്. മികച്ച കോമാളിയാണെങ്കിലും  ആളുകളെ രസിപ്പിക്കാനുള്ള തന്റെ കഴിവിനെക്കുറിച്ച് സംശയാലുവാണ് ബെഞ്ചമിൻ. സിനിമ അവതരിപ്പിക്കുന്നതും ബെഞ്ചമിന്റെ ഈ Identity crisis തന്നെയാണ്. ഹാസ്യത്തിന്റെ മാലപ്പടക്കങ്ങൾ  നമ്മളിലെയ്ക്ക് എറിയാറുള്ള  എല്ലാ കോമാളികളുടെയും   സ്വകാര്യത, വിഷാദത്തിന്റെ തണലിലായിരിക്കും അഭയം തേടുക എന്ന് ഈ സിനിമയും വ്യക്തമാക്കുന്നു. പഴകിയ ഒരു ജനന സർട്ടിഫിക്കറ്റ് മാത്രം സ്വന്തമായുള്ള ബെഞ്ചമിനെ  Social Security ID ഇല്ലാത്തതിന്റെ പ്രശ്നം പല   സാഹചര്യങ്ങളിലും വേട്ടയാടുന്നു. സ്വത്വ പ്രതിസന്ധിയുടെ  മറ്റൊരു ചോദ്യചിഹ്നമായി  സിനിമയിലെ അത്തരം ദൃശ്യങ്ങളെ വ്യഖ്യാനിക്കാവുന്നതുമാണ്.
           കൊച്ചു സ്വപ്നങ്ങളുടെ സാക്ഷാത്കാരം പോലും സാധ്യമാകാത്തതിലുള്ള വലിയ നിരാശയാണ് ബെഞ്ചമിന്റെ മുഖത്തെ വിഷാദം കലർന്ന സ്ഥായീ ഭാവത്തിനു പിന്നിലുള്ളത്. പിതാവിന്റെ സാന്ത്വന സ്പർശങ്ങളെയെല്ലാം വിട്ടെറിഞ്ഞ്‌ സർക്കസിൽ നിന്ന് സ്വയം വിച്ഛെദിച്ച് പുതിയ മേച്ചിൽ പുറങ്ങൾ അന്വേഷിക്കുകയാണ് ബെഞ്ചമിൻ. ഈ അന്വേഷണങ്ങൾ ബെഞ്ചമിനെ തിരിച്ചറിവുകളിലെയ്ക്കും, സന്തോഷകരമായ ജീവിതത്തിലേക്കും സിനിമയുടെ പൂർത്തീകരണത്തിലേക്കും നയിക്കുന്നു.
    സിനിമയുടെ സ്ക്രിപ്റ്റ്, സംവിധാനം , അഭിനയം എന്നിവ പോലെ തന്നെ ദൃശ്യചാരുതയും , പശ്ചാത്തല സംഗീതവും എന്റെ സിനിമ ആസ്വാദനത്തെ സ്വാധീനിക്കാറുണ്ട്. സിനിമയുടെ പ്രമേയത്തോട് എല്ലാ രീതിയിലും അലിഞ്ഞു ചേരുന്ന ഈ സാങ്കേതിക വശങ്ങൾ പല സിനിമകളെയും ഉയരങ്ങളിലേയ്ക്ക് ഉയർത്തിയിട്ടുമുണ്ട്. അത്തരത്തിൽ പ്രത്യേക പരാമർശം അർഹിക്കുന്നവയായി ഈ സിനിമയുടെ CINEMATOGRAPHY AND BACKGROUND SCORE.
                നമുക്ക് പരിചിതമായ പ്രമേയം ആണെങ്കിലും അവതരണത്തിലെ ലാളിത്യം തന്നെയാണ് "പ്രമേയത്തിലെ കനമില്ലായ്മയെ " മറികടക്കുന്നതിന് സിനിമയെ സഹായിച്ച ഘടകം. സർക്കസ് റിങ്ങിലെ തമാശകളിൽ  പലതും വേണ്ടത്ര നിലവാരമില്ലായ്മ നിഴലിചെങ്കിലും,  പ്രമേയം  പ്രതിനിധീകരിക്കുന്ന കാല-ദേശ പരിഗണനകൾ അത്തരം പരിമിതികളെ കണ്ടില്ലെന്നു നടിക്കാൻ പ്രേരണ നൽകുന്നു. എങ്കിലും ചില ദൃശ്യങ്ങളും, കഥാപാത്രങ്ങളും മികച്ച ഹാസ്യാനുഭവം പകർന്നു. വിധി നമുക്കായ്‌  തുന്നിചേർക്കുന്ന കുപ്പായങ്ങളെക്കുറിച്ച് ഉൾക്കാഴ്ച നിറഞ്ഞ ചിന്തകൾ അവശേഷിപ്പിക്കുന്ന ഈ സിനിമ നിങ്ങൾ കാണുമെന്ന പ്രതീക്ഷയോടെ നിർത്തുന്നു.


Sunday, 25 May 2014

BAD DAY TO GO FISHING (2009)



FILM  : BAD DAY TO GO FISHING (2009)
COUNTRY : URUGUAY
GENRE  : DRAMA
DIRECTOR : ALVARO BRECHNER

                ഞാൻ കണ്ട വിദേശ ഭാഷാ ചിത്രങ്ങളിൽ എന്റെ ഹൃദയത്തോട് ചേർത്ത് വെക്കുന്നവയിൽ ഒന്ന് തീർച്ചയായും ഈ സിനിമയാണ്. ഡ്രാമ എന്ന GENRE-നോട് പൂർണമായും നീതി പുലർത്തി സിനിമയുടെ എല്ലാ മേഖലകളിലും മികച്ചു നിന്ന അത്യുഗ്രൻ കലാസൃഷ്ടിയായാണ് ഈ സിനിമയെ ഞാൻ പരിഗണിക്കുന്നത്.
           ഈ സിനിമ "JACOB VAN OPPEN" എന്ന ഗുസ്തിക്കാരന്റെയും  ORSINI എന്ന മാനേജരുടെയും കഥ പറയുന്നു. സൗത്ത് അമേരിക്കയിലെ ചെറിയ പട്ടണങ്ങളിലൂടെ ഗുസ്തികാരന്റെ  ചില്ലറ കസർത്തുകൾ ആളുകൾക്ക് മുൻപിൽ അവതരിപ്പിച്ചു ജീവിതം നയിക്കുകയാണ് അവർ. "JACOB VAN OPPEN"  ക്ഷീണിതനായി കാണപ്പെടുന്നുണ്ടെങ്കിലും, മുൻ ലോക ചാമ്പ്യനായും , ഗോൾഡൻ ബെൽറ്റ്‌ ജേതാവായുമാണ് ORSINI അയാളെ വാഴ്ത്തുന്നത്. മാത്രമല്ല അയാളോട് 3 മിനുട്ട് പൊരുതി നിൽക്കുന്നവർക്ക്‌ 1000 ഡോളർ നൽകും എന്ന വെല്ലുവിളിയും ORSINI നടത്തുന്നു. ബിസ്സിനസ്സുകാരന്റെ കൌശലം  കൈമുതലായുള്ള ORSINI എന്ന മാനേജരുടെ വാക്ചാതുരിയും , പ്രായോഗിക ബുദ്ധികളും നിറയുന്ന രംഗങ്ങൾ ചിരിയുണർത്തുമെങ്കിലും ,ഒരിക്കൽ പോലും അരോചകമോ , അനാവശ്യമോ ആവുന്നില്ല. ORSINI തന്നെ തരപ്പെടുത്തുന്ന "CHALLENGER" ഒരു പ്രശ്നത്തിന് പോലീസ് പിടിയിലാകുന്നതോടെ കാര്യങ്ങൾ അവതാളത്തിലാകുന്നു. ORSINI-ക്ക് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ട് അദ്രിയാന എന്ന സുന്ദരിയെത്തുന്നു. അദ്രിയാന അവളുടെ സിറിയൻ വംശജനായ കാമുകന്റെ (മരിയോ) പേരിൽ വെല്ലുവിളി ഏറ്റെടുക്കുന്നതായി പത്രത്തിൽ പരസ്യം ചെയ്യുന്നു. 1000 ഡോളർ മുൻകൂറായി കാണണം എന്നും അവൾ വാശിപിടിക്കുന്നു. പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നതോടെ അവരെ ഈ   മത്സരത്തിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് ORSINI. പല്ല് കൊഴിഞ്ഞ സിംഹമായും, ശാരീരിക പ്രയാസങ്ങൾ വേട്ടയാടുന്നവനായും നമുക്ക് മുന്നിലെത്തുന്ന JACOB VAN OPPEN നെ മുൻ നിർത്തി വീമ്പിളക്കിയ ORSINI ഭയപ്പെടുന്നതെന്ത്?.... പോരാട്ടത്തിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിലുള്ള കാരണമെന്ത്?........ അത്തരം ശ്രമങ്ങൾ ലക്ഷ്യം കാണുമോ?....ഈ ചോദ്യങ്ങൾക്കുള്ള സൂചനകൾ ആദ്യവും , ഉത്തരങ്ങൾ അന്ത്യത്തിലുമായാണ് ഈ അതുല്യ സിനിമ ഒരുക്കിയിട്ടുള്ളത്.    
              ശക്തമായ ഒരു CHARACTER STUDY  എന്ന നിലയിലും ഈ സിനിമ വേറിട്ട്‌ നിൽക്കുന്നു. JACOB VAN OPPEN എന്ന ഗുസ്തിക്കാരന്റെയും  , ORSINI എന്ന മാനേജരുടെയും സ്വകാര്യ-വൈകാരിക തലങ്ങളെ വളരെ മനോഹരമായി പതിപ്പിക്കാൻ ഈ സിനിമയ്ക്ക്‌ സാധിച്ചു. സ്ക്രിപ്റ്റിന്റെ മികവിനൊപ്പം GARY PIQUER , JUKO AHOLA എന്നിവരുടെ അഭിനയ മികവും ചേർന്നതോടെ പ്രതീക്ഷകളുടെ റിംഗുകൾക്കപ്പുറത്തേക്കാണ് പ്രേക്ഷകൻ മലർത്തിയടിക്കപ്പെടുന്നത്.  "BACKGROUND SCORE WAS AWESOME" എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. പഴയ കാലത്തിന്റെ ആത്മാവ് കിനിഞ്ഞ ശബ്ദ ഘോഷങ്ങൾ , ക്ലോസ്സ്-അപ്പ് രംഗങ്ങളിൽ ചുവടുമാറ്റങ്ങൾ നടത്തി അലിഞ്ഞില്ലാതായും , ഉയർന്നു-താഴ്ന്നും ദൃശ്യഭാഷയെ താങ്ങി നിർത്തി.
   കഥാപാത്രങ്ങൾ സിനിമയ്ക്ക്‌ ശേഷവും മനസ്സിൽ തങ്ങി നിൽക്കുന്നത് കഥാപാത്ര സൃഷ്ടിയുടെ മികവായി തന്നെ കാണണം. കരുത്തന്മാരായ ഗുസ്തിക്കാരനിലും , സിറിയൻ വംശജനായ മരിയോയിലും ദൃശ്യമായ "വ്യക്തിത്വ ഷണ്ഡത്വം " പത്മരാജൻ സിനിമയെ ഓർമിപ്പിച്ചു. വികാര വായ്പ്പുകളെയും , മാനസിക വ്യാപാരങ്ങളെയും കണിശമായ അളവിൽ ചേർത്ത് ആസ്വാദ്യകരമായ വിരുന്നൂട്ടിയ ഈ സിനിമ കൂടുതൽ പ്രേക്ഷക ശ്രദ്ധ അർഹിക്കുന്നു.
                  "CHARACTER IS A MYSTERY,  IT DOESN'T COMES FROM BIG MUSCLES" , എന്ന ORSINI യുടെ വാക്കുകൾ തന്നെ ഈ സിനിമയിലെയ്ക്ക് ഊളിയിടുന്നവയാണ്. മനുഷ്യ മനസ്സിന്റെ വന്യതയും, സൗന്ദര്യവും അളക്കാവുന്ന അളവ് കോലുകൾ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഡ്രാമ സിനിമകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കലും മിസ്സ്‌ ചെയ്യാൻ പാടില്ലാത്ത "CINEMATIC EXPERIENCE" ആയി ഈ സിനിമ തലയുയർത്തി നിൽക്കുന്നു.
             BY
                  ഷഹീർ ചോലശ്ശേരി