Sunday, 12 August 2018

THE VIOLIN (2005)


FILM : THE VIOLIN (2005)
GENRE : DRAMA !!! MUSIC
COUNTRY : MEXICO
DIRECTOR : FRANCISCO VARGAS
           സംഗീത ഉപകരണങ്ങളുടെ കൂട്ടത്തിലെ രാജാവാണ് വയലിൻ എന്നാണ് കേട്ടിട്ടുള്ളത്. വേദനയും, പ്രണയവും, ആഹ്ലാദവും, ദുഃഖവുമെല്ലാം അതിന്റെ സ്വരമാധുരിയിൽ ലയിച്ച് ഹൃദയത്തെ സ്പർശിച്ച അനുഭവങ്ങൾ ഈ പ്രസ്താവനയ്ക്ക് സാക്ഷ്യവുമാകുന്നു. സംഗീതം ഒരു കഥാപാത്രം പോലെ നിറഞ്ഞു നിൽക്കുന്ന മെക്സിക്കൻ സിനിമയായ THE VIOLIN ആണ് ഇന്ന് പരിചയപ്പെടുത്തുന്ന സിനിമ.
           ഇത് പ്ലൂട്ടാർക്കോ എന്ന വൃദ്ധന്റെ കഥയാണ്. അയാളുടെ സംഗീതത്തിന്റെ കഥയാണ്. അയാൾ പ്രതിനിധീകരിക്കുന്ന ദുരവസ്ഥകളുടെ നേർക്കാഴ്ചയാണ്. പട്ടാളത്തിന്റെ ഉരുക്കുമുഷ്ടികളെ ഭയന്ന് കിതച്ചോടുന്ന നിസ്സഹായരായ ഒരു ജനതയെയാണ് ഈ സിനിമ കാഴ്ചക്കാരനു മുന്നിൽ കോറിയിടുന്നത്. അധികാരത്തിന്റെ ക്രൂരതകൾ കുറച്ചു ദൃശ്യങ്ങളിലേക്കു ചുരുങ്ങുന്നുണ്ടെങ്കിലും, അതേൽപ്പിക്കുന്ന ആഘാതം സിനിമയ്ക്ക് ശേഷവും നിലനിൽക്കുന്നു എന്നതിലാണ് സിനിമയുടെ യഥാർത്ഥ ശക്തി.
          പ്ലൂട്ടാർക്കോ, മകൻ ജെറാനോ, പേരമകൻ, പട്ടാള ക്യാപ്റ്റൻ എന്നിവരിലൂടെയാണ് പ്രധാനമായും സിനിമ സംവദിക്കുന്നത്. രൂക്ഷമായ പോരാട്ടത്തിന്റെ തീവ്രതയെ പ്രേക്ഷകനിലേക്ക് പകരുന്ന വിധത്തിലാണ് കാഴ്ചകളെയും, സംഭാഷണങ്ങളെയും ഉപയോഗിച്ചിരിക്കുന്നത്. അധികാര മുഷ്‌കിന്റെ സഹചാരിയായ അനീതിയുടെ പ്രളയത്തെ എതിരിടുന്ന വിമതരുടെ നീതിയ്ക്കായുള്ള പിടച്ചിലുകളാണ് ഈ സിനിമയുടെ സംഗീതം. ആയുധങ്ങൾ പൊഴിക്കുന്ന സംഗീതത്തിൽ അപരന്റെ സ്വരങ്ങൾ ഇല്ലായ്മ ചെയ്യപ്പെടുന്ന യാഥാർത്യം വേദനയായി തന്നെ അവശേഷിക്കുന്നു.
       നിസ്സഹായതയുടെയും,  പോരാട്ടത്തിന്റെയും പ്രതീകമാണ് പ്ലൂട്ടാർക്കോ. ഉപജീവനത്തിനും, പോരാട്ടത്തിനും അയാൾക്ക്‌ തുണയാകുന്നതും സംഗീതമാണ്. അധികാര ഭീകരതകളാൽ സൃഷ്ടിക്കപ്പെടുന്ന "നിശബ്ദതയിൽ" പൂർണ്ണമായി നിലയ്ക്കുന്നില്ല സംഗീതം. പോരാട്ടത്തിന്റെ കനലുകൾ ഉള്ളിലൊളിപ്പിച്ച് അതിജീവനത്തിന്റെ, നിസ്സഹായതയുടെ രൂപമണിഞ്ഞ് സംഗീതം നിലകൊള്ളുന്നിടത്ത് കറുപ്പിലും വെളുപ്പിലും ചാലിച്ച ഈ മനോഹര സിനിമ അവസാനിക്കുന്നു. പക്ഷെ സിനിമ ഉണർത്തുന്ന ചിന്തകൾ..........

Tuesday, 7 August 2018

THAT TRIP WE TOOK WITH DAD (2016)


FILM : THAT TRIP WE TOOK WITH DAD (2016)
COUNTRY : ROMANIA
GENRE : HISTORY !!! DRAMA
DIRECTOR : ANCA MIRUNA LAZARESCU

             ചരിത്ര യാഥാർത്യങ്ങളെ ദൃശ്യവൽക്കരിക്കുന്ന സിനിമകളോട് പ്രത്യേകമായ ഒരു ഇഷ്ടമുണ്ട്. പലപ്പോഴും വ്യക്തിപരമായ അനുഭവങ്ങളെ തിരശ്ശീലയിലേക്ക് പകർത്തിയെഴുതുമ്പോൾ പക്ഷപാതിത്തം സ്വാഭാവികതയായി നുഴഞ്ഞു കയറുന്നതും കാണാം. നേരും-നുണയും വകഞ്ഞു മാറ്റാൻ ആ കാലഘട്ടത്തിലേക്ക് "ആധികാരികതകളെ"(?) കൂട്ടുപിടിച്ചു ഊളിയിടേണ്ടിയും വരും. യാഥാർത്യങ്ങളെ ഉറപ്പിക്കാൻ പൂർണ്ണമായി ശ്രമിക്കാറില്ലെങ്കിലും, ആ കാലഘട്ടവും ഒരു ഉണ്മയായിരുന്നു എന്ന തിരിച്ചറിവിൽ സന്ധി ചെയ്താണ് എന്നിലെ പ്രേക്ഷകൻ ആശ്വസിക്കാറുള്ളത്.
      1968-ലെ റൊമാനിയൻ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് സിനിമയാരംഭിക്കുന്നത്. ഡോക്റ്ററായ MIHAIL, ഭരണകൂടത്തോട് വിയോജിപ്പുള്ള സഹോദരൻ എമിൽ, രോഗിയായ പിതാവ് എന്നിവരടങ്ങുന്ന ജർമ്മൻ വേരുകളുള്ള ഒരു കുടുംബത്തിന്റെ യാത്രയാണ് ഈ സിനിമ. പിതാവിന്റെ ചികിത്സയ്ക്കുള്ള സൗകര്യം തേടി ജർമ്മനിയിലേക്ക് മൂവരും യാത്രയാവുകയാണ്. ഒരു റോഡ് മൂവി എന്ന് പറയാൻ കഴിയാത്ത വിധമാണ് സിനിമയുടെ കഥാഗതി. യാത്രയിലുടനീളം രാഷ്ട്രീയ അസ്ഥിരതകളുടെ തീക്ഷ്‌ണതകളെയാണ് കണ്ടുമുട്ടാനാവുക. റൊമാനിയ എന്നതിനപ്പുറം, ചെക്കോസ്ലോവാക്യ, കിഴക്കൻ-പശ്ചിമ ജർമ്മനി എന്നിവിടങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളും  പ്രേക്ഷകന്റെ മനസ്സിലേക്ക് നടന്നുകയറുന്നു.
      മനുഷ്യാവകാശങ്ങളും, സ്വാതന്ത്ര്യവും, ഭയരഹിതമായ ജീവിതവും സ്വപ്‌നമായിരുന്ന ഒരു കാലഘട്ടത്തിലെ മനുഷ്യരുടെ നിസ്സഹായതകളെ ഓർത്തു നെടുവീർപ്പിടാനാണ് നമുക്കാവുക. ക്യാപിറ്റലിസവും, കമ്മ്യൂണിസവും, സോഷ്യലിസവുമെല്ലാം പ്രായോഗികതയുടെ രൂപമണിഞ്ഞു സമൂഹത്തിലേക്കിറങ്ങുന്ന കാഴ്ചകൾക്കിടയിലും  കഥാപാത്രങ്ങളുടെ നാവുകളിൽ ഒരിക്കലും അവസാനിക്കാത്ത വിധം മുഴങ്ങുന്നത് "സ്വാതന്ത്ര്യം" എന്നു തന്നെയായിരുന്നു. സമാധാനം, സഹിഷ്ണുത, വിശ്വമാനവികത എന്നീ ആലങ്കാരികതകൾക്കു മുകളിൽ ഇന്നും കേൾക്കുന്നത് ഈ നിലവിളികൾ തന്നെയല്ലേ?....................................

Sunday, 5 August 2018

THE OTHER ME (2016)


FILM : THE OTHER ME (2016)
GENRE : CRIME !!! MYSTERY
COUNTRY : GREECE
DIRECTOR : SOTIRIS TSAFOULIAS
           ഗ്രീസ് എന്ന പേര് കേൾക്കുമ്പോൾ തന്നെ അറിവിന്റെയും, തത്വചിന്തയുടെയും  വെളിച്ചം വിതറി മാനവരാശിയ്ക്ക്  വഴികാട്ടിയ അനവധി മഹാന്മാരെയാണ് ഓർമ്മ വരുന്നത്. ഈ സിനിമയും  ചില പൈതഗോറിയൻ ചിന്തകളെ സമ്മാനിക്കുന്നു. പക്ഷെ, ഇവിടെ ആ ചിന്താശകലങ്ങളേക്കാൾ അതെഴുതിയിടുന്ന ആളെയാണ് അന്വേഷകർക്കൊപ്പം കാഴ്ചക്കാരും പരതുന്നത്.
     മനുഷ്യ മനസ്സിന്റെ ഇരുട്ട് നിറഞ്ഞതും, നിഗൂഢവുമായ ഇടങ്ങളെക്കുറിച്ചെല്ലാം വാചാലനാകുന്ന ക്രിമിനോളജി പ്രൊഫസ്സർ ദിമിത്രിയാണ് നായകൻ. തുടർച്ചയായി അരങ്ങേറുന്ന കൊലപാതകങ്ങൾ കാരണം പോലീസ് പ്രൊഫസ്സറുടെ സഹായം തേടുകയാണ്. കൊലപാതകങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരുകാര്യം കൊലയാളി കുറിച്ചിടുന്ന പൈതഗോറിയൻ വചനങ്ങളാണ്. കൊലപാതകങ്ങളുടെ കാരണവും, കൊലയാളിയുടെ മനസ്സും തേടി ദിമിത്രിയുടെ വഴികളിലൂടെ നമുക്കും യാത്ര ചെയ്യാം.
          ഒരു മിസ്റ്ററിയുടെ ചുരുളഴിക്കുന്നതിനു പാരലലായി ദിമിത്രിയുടെ വ്യക്തിജീവിതത്തിലേക്കും സിനിമ കടന്നു ചെല്ലുന്നുണ്ട്. രണ്ടിനെയും നന്നായി ബ്ലെൻഡ് ചെയ്യാനും സിനിമയ്ക്കാവുന്നുണ്ട്.  ക്രൈം-മിസ്റ്ററിയോടൊപ്പം മറ്റു എലമെൻറ്സ് കൂടെ കടന്നു വരുന്നത് സിനിമയെ മറ്റു രീതിയിൽ കൂടി അടയാളപ്പെടുത്താൻ സഹായകമാവുന്നു. ദിമിത്രിയുടെ ക്യാരക്റ്റർ ചെയ്ത നടന്റെ പ്രകടനം മികച്ചു നിന്നു. തുടക്കം മുതൽ ഒടുക്കം വരെ ഉദ്വേഗം നിറഞ്ഞു നിൽക്കുന്ന രീതിയിലുള്ള സിനിമയല്ല THE OTHER ME. എന്തായാലും, എനിക്കിഷ്ടമായി. നിങ്ങൾക്കും ഈ സിനിമ നിരാശ സമ്മാനിക്കില്ല എന്ന പ്രതീക്ഷയോടെ......

Wednesday, 1 August 2018

THIS BEAUTIFUL FANTASTIC (2016)

FILM : THIS BEAUTIFUL FANTASTIC (2016)
GENRE : COMEDY !!! FANTASY!!! ROMANCE
COUNTRY : UK
DIRECTOR : SIMON ABOUD
                ലാളിത്യമായിരിക്കും ചില സിനിമകളുടെ  മുഖമുദ്ര. കാഴ്ച്ചക്കാരന്റെ മനസ്സിനെ തരളിതമാക്കി ഒഴുകുന്ന ഒരു തെളിനീരുറവ പോലെ സംശുദ്ധമായ അനുഭവമേകുന്നവയാണ് ചില സിനിമകൾ. റിഫ്രഷിങ്, ചാർമിങ്, ഫീൽഗുഡ്, ഹാർട്ട് വാമിങ് എന്നിങ്ങനെയുള്ള പേരുകളോട് ചേർത്ത് കേൾക്കുന്ന അത്തരം കാഴ്ചകളെ ഇഷ്ടപ്പെടാത്തവർ ഉണ്ടാവില്ല എന്നാണ്  തോന്നുന്നത്.  
        ദിസ് ബ്യുട്ടിഫുൾ ഫന്റാസ്റ്റിക് എന്ന ഈ സിനിമ അതിന്റെ പേരുപോലെ തന്നെ മനോഹരമാക്കുന്നതിൽ മുന്നിൽ നിൽക്കുന്ന കാര്യങ്ങളിൽ ഒന്ന് കഥാപാത്രങ്ങളാണ്. പ്രേക്ഷകന്റെ മനസ്സിൽ ഇടം കണ്ടെത്തുമാറുള്ള  ഒരു കഥാപാത്ര സൃഷ്ട്ടിയെയാണ് അനുഭവിച്ചറിയാനായത്. "ഒബ്സസ്സീവ് ആൻഡ് കമ്പൽസീവ് ഡിസോർഡർ" ഉള്ള ബെല്ല ബ്രൗൺ   എന്ന പെൺകുട്ടിയും അവളുടെ ചുറ്റുപാടുകളേയുമാണ് സിനിമ കാണിച്ചു തരുന്നത്. പ്രണയവും, ഫാന്റസിയും, ഇമോഷനുകളുമെല്ലാം പാകമായ അളവിൽ ചേർത്തിരിക്കുന്ന ഈ സിനിമയിലെ ഫ്രെയിമുകളും മനോഹരമാണ്. ബെല്ല ബ്രൗൺ എന്ന കഥാപാത്രത്തിൽ പലയിടങ്ങളിലും AMELIE-യുടെ നിഴൽ കാണാനാകുന്നു. സിനിമാറ്റിക് ക്ലിഷേകളിൽ നിന്ന് പൂർണ്ണമായി മുക്തമല്ലെങ്കിലും പ്രേക്ഷക മനസ്സിന്റെ ഇഷ്ടം പിടിച്ചു പറ്റാൻ ഈ സിനിമയ്ക്കാവും എന്നു തന്നെയാണ് എന്റെ വിശ്വാസം.

Sunday, 22 July 2018

YAABA (1989)


FILM : YAABA (1989)
COUNTRY : BURKINA FASO
GENRE : DRAMA
DIRECTOR : IDRISSA OUEDRAOGO
          വിദേശ സിനിമകൾ കാണാൻ തുടങ്ങിയ കാലം തൊട്ട് എന്നെ ആകർഷിച്ചവയാണ് ആഫ്രിക്കൻ സിനിമകൾ. വിദേശ സിനിമകളിലെല്ലാം  വൈവിധ്യങ്ങളെ കണ്ടുമുട്ടാമെങ്കിലും വൈവിധ്യത്തിന്റെ ധാരാളിത്തം ആഫ്രിക്കൻ സിനിമകൾക്ക് അവകാശപ്പെട്ടതാണെന്ന് തോന്നാറുണ്ട്. ആഫ്രിക്കക്ക് മാത്രം പറയാനാവുന്ന കഥകളെ ആഫ്രിക്കൻ സിനിമകളിലൂടെയാണ് അനുഭവിച്ചറിഞ്ഞിട്ടുള്ളത്.
       ബുർക്കിന ഫാസോ എന്ന ആഫ്രിക്കൻ രാജ്യത്തിന്റെ ഗ്രാമീണ യാഥാർഥ്യങ്ങളെയാണ് ഈ സിനിമ ഒപ്പിയെടുത്തിരിക്കുന്നത്. ആട്ടിയകറ്റിയും , അകലം പാലിച്ചും ഗ്രാമീണർ അകറ്റി നിർത്തിയിട്ടുള്ള വൃദ്ധയുമായി "ബില" എന്ന കുട്ടി തീർക്കുന്ന സൗഹൃദമാണ് സിനിമയുടെ ഒരു വശം. അതിനൊപ്പവും, അതുമായി ചേർന്നും നീങ്ങുന്ന സന്ദർഭങ്ങളിലൂടെയുമാണ് സിനിമ പറയാനുള്ളത് പറയുന്നത്. തിരസ്കരിക്കപ്പെട്ടവരും, അവഗണിക്കപ്പെടുന്നവരും ശരിയും, നന്മയും, വെളിച്ചവുമാകുന്ന കാഴ്ചകൾ ആഫ്രിക്കൻ ജനതയുടെ ഇരുട്ട് മൂടിയ ചിന്തകളും, കാഴ്ചകളും തെളിയണമെന്ന സംവിധായകന്റെ ആഗ്രഹങ്ങളുടെ പ്രതിഫലനം തന്നെയാവണം. മുപ്പതു വർഷങ്ങൾക്കിപ്പുറം ബുർക്കിന ഫാസോ മുന്നോട്ട് നീങ്ങിയിരിക്കുമെന്ന് തീർച്ചയാണ്. സിനിമയുടെ ഉള്ളടക്കത്തിൽ പ്രതീക്ഷയോടെ, ഊർജ്ജസ്വലതയോടെ, ധീരതയോടെ മുന്നോട്ട് കുതിക്കുന്ന കുട്ടികളെ കാണാനാവുന്നതും യാദൃശ്ചികമല്ല. ആഫ്രിക്കൻ സിനിമകൾ ഇഷ്ടമുള്ളവർക്ക് ഈ സിനിമയും രസിക്കുമെന്നാണ് എന്റെ പ്രതീക്ഷ.

Monday, 14 May 2018

THE GIRL IN THE FOG (2017)

FILM : THE GIRL IN THE FOG (2017)
GENRE : CRIME !!! THRILLER
COUNTRY : ITALY
DIRECTOR : DONATO CARRISI
നല്ല കഥയും, പ്രതിഭാധനരായ അഭിനേതാക്കളും, മികച്ച സംവിധാനവും ചേരുമ്പോൾ നല്ല സിനിമയിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടതില്ല. DONATO CARRISI തന്റെ നോവൽ സിനിമയാക്കിയപ്പോൾ സംഭവിച്ചതും അങ്ങനെയൊരു കാര്യമാണ്.
മഞ്ഞുപെയ്യുന്ന രാവുകളിലൊന്നിൽ VOGAL ഒരു ആക്സിഡന്റിൽ പെടുകയാണ്. പരിക്കൊന്നും പറ്റിയിട്ടില്ലെങ്കിലും അയാളെ സൈക്യാട്രിസ്റ്റായ ഡോക്ടർ ഫ്ലോറിസ് വരുന്നതിനായി കാത്തുകൊണ്ട് പോലീസ് സ്റ്റേഷനിൽ തന്നെ ഇരുത്തിയിരിക്കുന്നു. എല്ലാവരും സമാധാന ജീവിതം നയിക്കുന്ന ഗ്രാമത്തിൽ ഒരു ദിവസം പതിനാറുകാരിയായ ANNA LOU എന്ന പെൺകുട്ടിയെ കാണാതാവുകയാണ്. അവളുടെ തിരോധാനം അന്വേഷിക്കാനെത്തിയ വിചിത്രമായ അന്വേഷണ രീതികളിലുള്ള ഉദ്യോഗസ്ഥനാണ് വോഗൽ. എന്തായിരിക്കും അയാൾക്ക് ഡോക്ടറോട് പറയാനുള്ളത്? ആരായിരിക്കും ആ പെൺകുട്ടിയുടെ തിരോധാനത്തിന് പിന്നിൽ?
അന്വേഷകന്റെ വേറിട്ട അന്വേഷണ രീതികളിലൂടെ മുന്നോട്ടുനീങ്ങുന്ന സിനിമയ്ക്ക് ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ചടുലത അവകാശപ്പെടാനാകില്ലെങ്കിലും പ്രേക്ഷകരിൽ ഉദ്വേഗവും, ആകാംഷയും നിറയ്ക്കാൻ കഴിയുന്നുണ്ട്. അഭിനേതാക്കളുടെ മികവുറ്റ പ്രകടനം കഥയിലെ   ട്വിസ്റ്റുകൾ വിശ്വസനീയമായ രീതിയിൽ ഒരുക്കാൻ സംവിധായകനെ സഹായിക്കുന്നുണ്ട്. കഥാപാത്രങ്ങളെയും, അവരുടെ സംഭാഷണങ്ങളും ശ്രദ്ധയോടെ പിന്തുടരാൻ ആയില്ലെങ്കിൽ സിനിമയ്ക്കു ശേഷവും ചില സംശയങ്ങൾ പ്രേക്ഷകനെ വിട്ടൊഴിയില്ല.
വേഗത കുറവുണ്ടെങ്കിലും, ഒഴുക്കു മുറിയാതെ നിഗൂഢതയെ വരുതിയിലാക്കാനുള്ള വോഗലിന്റെ വ്യത്യസ്തമായ അന്വേഷണങ്ങൾക്കൊപ്പം നിങ്ങളും സഞ്ചരിച്ച് നോക്കൂ. പ്രതീക്ഷിതവും, അപ്രതീക്ഷിതവുമായ കാഴ്ചകൾ ഈ സിനിമ നിങ്ങൾക്ക് സമ്മാനിക്കുമെന്ന് തീർച്ച.

Friday, 11 May 2018

MILAREPA (2006)

FILM : MILAREPA (2006)
COUNTRY : TIBET !!! BHUTAN
GENRE : BIOGRAPHY
DIRECTOR : NETEN CHOKLING
       "യുദ്ധം ചെയ്ത് നൂറുപേരെ ജയിക്കുന്നവനല്ല, സ്വന്തം മനസ്സിനെ കീഴടക്കുന്നവനാണ് യഥാർത്ഥ ജേതാവ്''- ബുദ്ധൻ
     പ്രതികാരം ഒന്നിനും പരിഹാരമല്ല എന്ന് തോഗ്പ മനസ്സിലാക്കുന്നത് അത് ചെയ്തതിന് ശേഷമാണ്. കൂടുതൽ പ്രശ്നങ്ങളിലേക്കാണ് അവ നയിക്കുകയെന്ന തിരിച്ചറിവിനൊപ്പം, ഭാവിയെ നിർണയിക്കുന്നത് തിരിച്ചെടുക്കാനാവാത്ത പൂർവ്വ കർമ്മങ്ങളാണ് എന്നതും അയാളെ അസ്വസ്ഥനാക്കുന്നു. ഈ അസ്വസ്ഥതകളെ കഴുകിക്കളയാൻ അയാൾ സഞ്ചരിച്ച വഴികൾ അറിയാൻ നമ്മൾ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.
      പതിനൊന്നാം നൂറ്റാണ്ടിൽ ജീവിച്ചു എന്ന് കരുതപ്പെടുന്ന ബുദ്ധിസ്റ്റ്  ആത്മീയാചാര്യൻ MILAREPA-യുടെ ജീവചരിത്രമാണ് ഈ സിനിമ.  തൻറെ കുടുംബത്തോട് ബന്ധുക്കളും ഗ്രാമീണരും ചെയ്ത ക്രൂരതയ്ക്ക് പ്രതികാരം ചെയ്യുന്നതിനായി അമ്മയുടെ  നിർദേശപ്രകാരം ബ്ലാക്ക് മാജിക്ക് പഠിക്കാൻ പോവുകയാണ് അവൻ. യാത്രയും, പഠനവും, പ്രതികാരവുമെല്ലാം  സിനിമയുടെ  ഭാഗങ്ങളാകുമ്പോൾ അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവിൽ ഈ സിനിമ നമ്മെ ഉപേക്ഷിക്കുകയാണ്.  ആത്മീയമായ ഔന്നത്യം തേടിയുള്ള അയാളുടെ യാത്രയുടെ ദൃശ്യഭാഷ്യത്തെ കുറിച്ചുള്ള വാഗ്ദാനങ്ങളോടെയാണ് സിനിമ അവസാനിക്കുന്നത്. അത്തരമൊരു ദൃശ്യാനുഭവത്തിന്റെ അഭാവം ഈ നിമിഷം വരെ ഈ ജീവചരിത്ര സിനിമയുടെ  അപൂർണ്ണതയായി നിലകൊള്ളുന്നു.