Saturday, 23 February 2019

JIN (2013)

FILM : JIN (2013)
GENRE : DRAMA
COUNTRY : TURKEY
DIRECTOR : REHA ERDEM
               JIN എന്നാൽ കുർദ്ദിഷ് ഭാഷയിൽ "ജീവിതം" എന്നും ടർക്കിഷ് ഭാഷയിൽ "സ്ത്രീ" എന്നുമാണത്രെ അർഥം. ഇതിൽ ഏതു അർഥവും സിനിമയുടെ ഉള്ളടക്കത്തോട് ചേർന്ന് നിൽക്കും. JIN ഒരു പതിനേഴുകാരിയുടെ കഥയാണ്. അങ്ങനെ ലളിതവൽക്കരിക്കാൻ കഴിയാത്തവിധം സ്വത്വ പ്രാതിനിത്യവും, രാഷ്ട്രീയ മാനങ്ങളും അവളുടെ ഭൂതകാലത്തിനും , സമകാലിക ജീവിത സാഹചര്യത്തിനുമുണ്ടെന്ന് സിനിമയിലൂടെ തിരിച്ചറിയേണ്ടതാണ്. കുർദ്ദിഷ് കഥാപാത്രവും, വെടിയൊച്ചകളും പ്രേക്ഷകനിൽ നിറയ്ക്കുന്ന മുൻവിധികളുടെ പശ്ചാത്തലത്തിലൂടെയാണ് സിനിമയുടെ പ്രയാണം. കുർദ്ദിഷ് ഗറില്ലാ പോരാളിയായിരുന്ന ജിൻ അവർക്കിടയിൽ നിന്നും രക്ഷപ്പെട്ട് ഗ്രാമത്തിലേക്കിറങ്ങുകയാണ്. പുതിയ വേഷത്തിൽ, കാടിന്റെ വന്യതയെ കൈയൊഴിഞ്ഞു കൊണ്ട് പ്രതീക്ഷകളുമായി മനുഷ്യർക്കിടയിലേക്കിറങ്ങുന്ന അവൾക്ക് സുരക്ഷിതത്വമല്ല കൂട്ടാവുന്നത്. ചൂഷണങ്ങളുടെയും, അവഗണനയുടെയും, അധികാര ഭീകരതകളുടെയും പതിവുകളെ തന്നെയാണ് പുതു വേഷത്തിലും അവൾക്ക് എതിരിടേണ്ടി വരുന്നത്. കൈവിട്ട വേഷങ്ങളിലേക്കും, പഴയ അഭയങ്ങളിലേക്കും അവൾ തിരിഞ്ഞു നടക്കുമ്പോഴും "നിശബ്ദതയെന്ന" പ്രതീക്ഷയെയാണ് അവളെപ്പോലെ പ്രേക്ഷകനും ആഗ്രഹിക്കുന്നത് എന്നത് തന്നെയാണ് സിനിമയുടെ രാഷ്ട്രീയ നിലപാട്.
              നഷ്ടങ്ങളും, നിരാശയും, വേദനയുമെല്ലാം ഇരുപക്ഷത്തിന്റേയുമായി അവതരിപ്പിക്കപ്പെട്ടത് ബോധപൂർവ്വമായിരിക്കണം. പാറക്കെട്ടുകൾ നിറഞ്ഞ മലനിരകളും, വന്യമൃഗങ്ങളും അവൾക്ക് കൂടുതൽ സുരക്ഷിതത്വമേകുന്ന കാഴ്ചകളും വെറുതെയായിരുന്നില്ല. തന്റെ നഷ്ടങ്ങൾക്ക് പകരം ചോദിക്കാതെ, വെറുപ്പിന്റെ വലയങ്ങൾ വീണ്ടും സൃഷ്ടിക്കാതെ സമാധാനത്തിന്റെ തുരുത്തുകളിലേക്ക് തന്നെയാവണം അവൾ നോക്കുന്നത്. പൊടുന്നനെ മുറിഞ് പശ്ചാത്തല സംഗീതം നിശബ്ദതയെ പുൽകുമ്പോൾ അപ്രതീക്ഷിതമായി രംഗപ്രവേശനം ചെയ്യുന്ന വെടിയൊച്ചകൾക്കിടയിൽ  കാടിന്റെ പച്ചപ്പാർന്ന വന്യതയിൽ  കിടക്കുന്ന അവളുടെ കണ്ണിലെ പ്രതീക്ഷകൾ യാഥാർത്യമാവുമെന്നു തന്നെ പ്രതീക്ഷിക്കാം.

Monday, 11 February 2019

PHARAMAKON (2012)


FILM : PHARAMAKON (2012)
COUNTRY : ALBANIA
GENRE : DRAMA
DIRECTOR : JONI SHANAJ
                പ്രധാന കഥാപാത്രം ഒരു ഫാർമസിസ്റ്റാണെന്നതിനപ്പുറം PHARMAKON എന്ന വാക്കിന് പ്രസക്തിയുണ്ടെന്ന് സിനിമയ്ക്ക് ശേഷമാണ് മനസ്സിലാക്കാനായത്. PHARMAKON എന്ന വാക്കിൽ അന്തർലീനമായ ഫിലോസഫിയുടെ തലം സിനിമയുമായി ചേരുമ്പോൾ മാത്രം പ്രകാശമാനമാകുന്ന അർഥതലങ്ങളെ ഉൾക്കൊള്ളുന്ന രംഗങ്ങളും സിനിമയിലുണ്ട്. അത്തരം വിശകലനങ്ങളുടെ പിന്തുണയിൽ സിനിമയുടെ പ്രമേയം ആഴം കണ്ടെത്തുന്നുമുണ്ട്.
              2012-ലെ അൽബേനിയൻ ഓസ്‌ക്കാർ എൻട്രിയായിരുന്ന PHARMAKON, കഥാപാത്രങ്ങളെ സൂക്ഷ്മ തലങ്ങളിൽ  അനാവരണം ചെയ്യുന്ന സിനിമയാണ്. കാൻസർ വിദഗ്ധനും, ആശുപത്രി ഉടമയുമായ SOKRAT എന്നയാളും, അയാളുടെ ഉടമസ്ഥതയിലുള്ള ഫാർമസിയിൽ ജോലി ചെയ്യുന്ന BRANCO എന്ന മകനും തമ്മിലുള്ള  അന്തർ സംഘർഷങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്. പിതാവിന്റെ ആശുപത്രിയിൽ ജോലിചെയ്യുന്ന സുന്ദരിയായ സാറയുമായി പിതാവിന് ബന്ധമുണ്ടെന്ന സംശയത്തിനിടയിലും  അവളുമായി സൗഹൃദം സ്ഥാപിച്ചെടുക്കുകയാണ് ബ്രാൻകോ. പരസ്പരം അറിയുന്ന ഈ ബന്ധങ്ങളുടെ പശ്ചാത്തലത്തിൽ മനുഷ്യ മനസ്സിന്റെ അടിസ്ഥാന സ്വഭാവങ്ങളിലേക്ക് ചൂഴ്‌ന്നു നോക്കുകയാണ് സിനിമ. അധീശത്വം, അഴിമതി, ഏകാന്തത, ലൈംഗികത എന്നിവയെല്ലാം  ആ സംഘർഷത്തിനൊപ്പം തെളിഞ്ഞു കാണുന്ന യാഥാർത്യങ്ങളാകുന്നു. അവർക്കിടയിലുള്ള പിരിമുറുക്കങ്ങളെ സജീവതയോടെ നിർത്തുന്ന ചോദനകളിലും മനസ്സിന്റെ ദൗർബല്യങ്ങൾക്കൊപ്പം, സാഹചര്യങ്ങളുടെ ശേഷിപ്പുകളായവയെയും കാണാം. ഇൻഡോർ-ഔട്ട്ഡോർ രംഗങ്ങളിലെല്ലാം ദൃശ്യമാകുന്ന വിജനത സിനിമയിലെ കഥാപാത്രങ്ങൾ അനുഭവിക്കുന്ന ഏകാന്തതയോട് ചേർത്ത് വായിക്കാമെന്നു തോന്നി. മൃഗശാലയെ ഏറെ ഇഷ്ട്ടപെടുന്ന ബ്രാൻകോയും, കൂട്ടിലടച്ച കിളിയെ അവനു സമ്മാനിക്കുന്ന പിതാവും അധീശത്വത്തിന്റെയും വിധേയത്വത്തിന്റെയും സൂചനകളായി വ്യാഖ്യാനിക്കാൻ തക്കവണ്ണം വ്യക്തമായിരുന്നു. അവന്റെ ആശ്രയങ്ങളുടെ ഉടമത്വം പേറുന്ന പിതാവിന്റെ സ്വരങ്ങൾ അത്തരമൊരു സൂചനയെ ബലപ്പെടുത്തുന്നത് തന്നെയാണെന്ന് തോന്നി.
                 സിനിമയിലെ ആദ്യ രംഗം ഞെട്ടലുളവാക്കുന്നതാണ്. ആദ്യ രംഗവും, അവസാന രംഗവും എങ്ങനെ കണക്ട് ചെയ്യാമെന്ന ചിന്തയാണ് മനസ്സിൽ ബാക്കി നിൽക്കുന്നത്. അതിനുത്തരം അവയ്ക്കിടയിൽ നിന്ന് തന്നെ തേടേണ്ടതുണ്ട്. സിനിമയുടെ പ്രമേയവും, ഗതിയും, ദൈർഘ്യവും എല്ലാത്തരം പ്രേക്ഷകനും  ആസ്വദിക്കാവുന്ന സിനിമ എന്നതിൽ നിന്ന് സിനിമയെ മാറ്റി പ്രതിഷ്ഠിക്കുന്നുണ്ട്. പതിഞ്ഞ താളത്തിലുള്ള  ക്യാരക്ടർ സ്റ്റഡികളെ ഇഷ്ടപ്പെടുന്നവർക്ക് ഒരു കൈ നോക്കാം ... അല്ലാത്തവർ അകലം പാലിക്കുന്നതാണ് ബുദ്ധി.

Saturday, 9 February 2019

THE PURITY OF VENGEANCE (2018)

FILM : THE PURITY OF VENGEANCE (2018)
GENRE : MYSTERY !!! THRILLER
COUNTRY : DENMARK
DIRECTOR : CHRISTOFFER BOE
              ഡിപ്പാർട്ട്മെന്റ് Q സീരീസിലെ നാലാം ഭാഗമാണ് ഇന്ന് സജസ്റ്റ് ചെയ്യുന്ന സിനിമ. മുൻഭാഗങ്ങളിലേതു പോലെ ഇത്തവണയും ഒരു മിസ്റ്ററി ത്രില്ലർ തന്നെയാണ് നമുക്ക് മുൻപിലെത്തുന്നത്. ഒരു അപ്പാർട്മെന്റിൽ ഡൈനിങ് ടേബിളിനു ചുറ്റും പരസ്പരം നോക്കി നിൽക്കുന്ന രീതിയിൽ കാണപ്പെടുന്ന 12 വർഷത്തോളം പഴക്കം ചെന്ന മൂന്നു ശവങ്ങളും, ഒരു ഒഴിഞ്ഞ കസേരയുമാണ് പ്രേക്ഷകരെയും, കേസന്വേഷകരായ കാളിനെയും , അസ്സദിനെയും ഉദ്വേഗഭരിതരാക്കുന്നത്. Q ഡിപ്പാർട്മെന്റിനെ വിട്ടുപോകാൻ തീരുമാനിച്ച അസ്സദിന്റെ അവസാനത്തെ ആഴ്ച അയാൾ വിശ്രമത്തിനു മാറ്റിവെയ്ക്കാനും ആഗ്രഹിക്കുന്നില്ല. വർത്തമാന-ഭൂതകാല സംഭവങ്ങളെ ചേർത്തുവെച്ചും, വിശകലനം ചെയ്തും മിസ്റ്ററിയിലേക്കുള്ള പാത തെളിച്ചെടുക്കുന്ന അന്വേഷണങ്ങളെ ഒരു കൊലയാളിയിലേക്ക് ഒതുക്കാതെ , അതിനെ ചുറ്റിയുള്ള കാരണങ്ങളിലേക്കും, അതിന്റെ വ്യാപ്തിയിലേക്കും സിനിമ സഞ്ചരിക്കുന്നു. ധാരാളം മിസ്റ്ററി ത്രില്ലറുകൾ കണ്ടു ശീലിച്ചവർക്ക് ഒരു പക്ഷെ എളുപ്പം ചികഞ്ഞെടുക്കാവുന്ന സസ്പെൻസാണ് കൊലയാളിയുടെ ഐഡന്റിറ്റിയെങ്കിലും, അതിനപ്പുറം പ്രേക്ഷകനെ എൻഗേജ് ചെയ്യാനുള്ള ഉള്ളടക്കം സിനിമയ്ക്കുണ്ടെന്നാണ് തോന്നിയത്. അതുകൊണ്ടു തന്നെ ധൈര്യമായി കാണാം ......


Tuesday, 29 January 2019

IMMORTAL (2015)


FILM : IMMORTAL (2015)
COUNTRY : IRAN
GENRE : DRAMA
DIRECTOR : HADI MOHAGHEGH
              ജീവിതത്തിനും മരണത്തിനുമിടയിലുള്ള ബിന്ദു മുറിച്ചു കടക്കാനാണ് അയാസ് എന്ന വൃദ്ധൻ ആഗ്രഹിക്കുന്നത്. ജീവനും, ഓർമ്മകളും പിന്നിൽ ഉപേക്ഷിക്കാൻ പ്രയാസപ്പെടുന്ന വിധത്തിൽ ജീവിതം അയാളോടെന്തു ചെയ്തു എന്ന സന്ദേഹമാണ് ആദ്യം നമുക്കുണ്ടാവുക. ആത്മപീഡകൾ ജീവിതത്തോടും, വിധികളോടുമുള്ള പ്രതിഷേധങ്ങളായി അയാൾ ദിനംപ്രതി ഏറ്റുപിടിക്കുമ്പോൾ അസ്വസ്ഥമാകുന്നത് പ്രേക്ഷകമനസ്സു കൂടിയാണ്. മരണത്തെ പുൽകാനുള്ള അയാളുടെ ശ്രമങ്ങളെല്ലാം ജീവിതത്തെയാണ് ഓർമ്മയിലെത്തിക്കുന്നത്. അനശ്വരതയുടെ വിരിമാറിൽ ചാഞ്ഞുറങ്ങി കാലത്തെ രണ്ടായി മുറിച്ചുകൊണ്ട് അയാൾ പകവീട്ടാൻ ആഗ്രഹിക്കുന്നത് അയാളോട് തന്നെയായിരുന്നോ എന്ന് തോന്നിപ്പോകുന്നു.
                  അയാസിനെ പരിചരിക്കേണ്ട ബാധ്യത, അവശേഷിക്കുന്ന ഏക കുടുംബാംഗമെന്ന നിലയിൽ ഇബ്രാഹിമിലാണ് വന്നുചേരുന്നത്. ജീവിതം തുടങ്ങാനിരിക്കുന്ന ഇബ്രാഹിം, ജീവിതം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന അയാസ് എന്നീ വൈരുദ്ധ്യങ്ങളെ ഒരു മേൽക്കൂരയ്ക്കുള്ളിൽ നിർത്തി മരണത്തിന്റെ സംഗീതമാകുന്ന ഈച്ചയുടെ മർമ്മരം പിന്നണിയിൽ ഇടയ്ക്കിടെ അകമ്പടിയായി ചേർത്ത് ദൃശ്യങ്ങൾകൊണ്ട് സംവദിക്കുന്ന വിസ്മയമാണ് ഇമ്മോർട്ടൽ. നഷ്ടബോധങ്ങളുടെയും, കുറ്റബോധങ്ങളുടെയും ഭാരം താങ്ങാനാവാതെ തളർന്നു പോകുന്ന അയാൾ ജീവിതത്തിൽ നിന്നുള്ള വിടുതിയ്ക്കായുള്ള ശ്രമങ്ങളെ ഉപേക്ഷിക്കുന്നില്ല. ഭാര്യയുടെ റെക്കോർഡ് ചെയ്ത ശബ്ദം ഏൽപ്പിക്കുന്ന വേദനകളെ ആവർത്തിച്ചു ഉണർത്തുന്ന അയാളോളം സഹതാപം, അയാളുടെ ശ്രമങ്ങളെ തടയാൻ കഷ്ടപ്പെടുന്ന ഇബ്രാഹിമിനും അവകാശപ്പെടാം. അഗ്നി ഭുജിക്കുന്ന ഉണങ്ങിയ പുൽമേടുകളിലൂടെ ജീവിത തൃഷ്ണകളുമായി നടന്നു നീങ്ങുന്ന ഇബ്രാഹിം ഒരു യാദൃശ്ചിക കാഴ്ചയല്ലെന്നു തന്നെയാണ് കരുതുന്നത്. ആശുപത്രി കിടക്കയിലായ വൃദ്ധനായ അയാസിനു കാവലായി വിഷണ്ണ ഭാവത്തിൽ ചാരിയിരിക്കുന്ന യുവാവായ ഇബ്രാഹിമിനു പിറകിലായി അവ്യക്തമായി നടന്നു നീങ്ങുന്ന കുഞ്ഞും വെറും കാഴ്ചയല്ലെന്നു കരുതാനാണ് മനസ്സ് പറയുന്നത്. ആദ്യരംഗത്തിൽ പീഡനമേൽക്കുന്ന ഉറുമ്പുകൾ വീണ്ടുമവതരിക്കുന്ന ദൃശ്യം ഏറ്റവും അസ്വസ്തതയേകുന്ന തരത്തിൽ കർമ്മങ്ങളെയും, കർമ്മഫലങ്ങളെയും കുറിച്ചുള്ള ചിന്തകളെയാണ് എന്നിൽ നിറച്ചത്. ചേതനയറ്റ ശരീരം പോലെ ജീവച്ഛവമായി കഴിയുന്ന അയാൾക്ക്‌ മുൻപേ സ്‌ക്രീനിലെത്തുന്ന വാലാട്ടികൊണ്ടിരിക്കുന്ന പല്ലിയുമെല്ലാം ദൃശ്യഭാഷയുടെ സൂക്ഷ്മമായ സൗന്ദര്യത്തെ കാണിച്ചു തരുന്നു.
           ഭാര്യയില്ലാത്ത ജീവിതം ഒരുതരത്തിൽ അയാൾക്ക്‌ മരണതുല്യമാണ്. അവളുടെ സാമീപ്യത്തിലേക്കുള്ള യാത്ര തന്നെയാവണം അയാളുടെ മരണാഭിനിവേശത്തിന്റെ ശക്തി. അതിനായി അയാൾ എതിരിടുന്ന വേദനകൾ അനശ്വരതയുടെ കിരണങ്ങളെ കണ്ടുമുട്ടുമ്പോഴാവണം അയാളുടെ ജീവിതം അർത്ഥവത്തായതും.
                 2015-ൽ IFFK-യിൽ വലിയ സ്‌ക്രീനിൽ കണ്ട സിനിമ വീണ്ടും കണ്ടപ്പോൾ മനസ്സിൽ ഉദിച്ച ചിന്തകളും, വാക്കുകളുമാണ് മുകളിൽ കുറിച്ചത്. ആദ്യകാഴ്ചയുടെ അനുഭവം ആവർത്തിക്കപ്പെട്ടില്ലെങ്കിലും ഒരു വിങ്ങലായി അവശേഷിക്കാൻ ഇത്തവണയും സിനിമയ്ക്കായി എന്ന് തന്നെ പറയാം. ദൃശ്യഭാഷയാണ് സിനിമയുടെ ശക്തിയും, സൗന്ദര്യവും, ശബ്ദവും. വാക്കുകളെ കവച്ചുവെയ്ക്കുന്ന തരത്തിൽ ദൃശ്യങ്ങൾ മികച്ചു നിൽക്കുന്ന ഒരു സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇമ്മോർട്ടൽ അത്യുഗ്രൻ അനുഭവം തന്നെയാകും. ഓരോ കാഴ്ചയും, ഓരോ പ്രേക്ഷകനും വേറിട്ട രീതിയിൽ വായിച്ചെടുക്കാൻ വിധം ദൃശ്യബിംബങ്ങൾ നിറഞ്ഞ ഈ സിനിമയുടെ വേറിട്ട വായനകൾക്കായി കാത്തിരിക്കുന്നു.  


Sunday, 27 January 2019

HASTA LA VISTA (2011)

FILM : HASTA LA VISTA (2011)
COUNTRY : BELGIUM
GENRE : DRAMA !!! COMEDY
DIRECTOR : GEOFFREY ENTHOVEN
             ആഗ്രഹങ്ങളാണ് നിരാശകൾക്ക് കാരണമെന്ന് ബുദ്ധൻ പറഞ്ഞതായി വായിച്ചിട്ടുണ്ട്. പലപ്പോഴും, ആഗ്രഹങ്ങളാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത് എന്നതാണ് യാഥാർത്യം. ഒരോരുത്തരുടെയും ഇഷ്ടങ്ങളും, സ്വപ്നങ്ങളും ന്യായീകരിക്കപ്പെടുന്നത് അവരുടെ ജീവിതത്തിലേക്ക് മനസ്സുകൊണ്ട് ഇറങ്ങിച്ചെല്ലുമ്പോഴാണ്. അപേക്ഷികതകളുടെ വൈവിധ്യങ്ങൾക്കിടയിൽ നിന്നുകൊണ്ട് ചെറുപുഞ്ചിരിയോടെ വിഷമതകൾക്കിടയിൽ സന്തോഷത്തിന്റെ സൂക്ഷ്മ കണങ്ങളെ തേടുന്ന മനോഹാരിത തന്നെയല്ലേ ജീവിതം,
           HASTA LA VISTA മൂന്ന് ഭിന്നശേഷിക്കാരായ സുഹൃത്തുക്കളുടെ കഥയാണ്. കുറച്ചുകൂടി വ്യക്തമാക്കിയാൽ അവരുടെ ആഗ്രഹങ്ങൾ സക്ഷാത്കരിക്കാനുള്ള യാത്രയാണ് സിനിമയുടെ ഉള്ളടക്കം. യുവത്വത്തിൽ വിരാജിക്കുന്ന മൂവരും കന്യകരെന്ന ലേബലിനെ കൈയ്യൊഴിയാൻ വെമ്പുന്നവരാണ്. അത്തരമൊരു ആശയെ പൊതിഞ്ഞു കൊണ്ട്  യാത്രയെന്ന സ്വാഭാവികതയെ തുറന്നു വെച്ച് മാതാപിതാക്കളെ കബളിപ്പിക്കാനുള്ള ശ്രമം വിജയിക്കുന്നെങ്കിലും, അവരുടെ യാത്ര മുടങ്ങുകയാണ്. മുന്നോട്ടുവെച്ച കാലുകൾ പിന്നോട്ടില്ലെന്ന അവരുടെ നിശ്ചയദാർഢ്യം ഒരു വേറിട്ട റോഡ് മൂവിയാണ് പ്രേക്ഷകന് സമ്മാനിക്കുന്നത്. വിഷമതകളും, സന്തോഷങ്ങളും, തിരിച്ചറിവുകളുമായി ജീവിതത്തിന്റെ യാഥാർഥ്യങ്ങളെ തന്നെയാണ് യാത്ര അനുഭവിപ്പിക്കുന്നത്. ആഗ്രഹങ്ങൾക്കപ്പുറമുള്ള ജീവിതത്തിന്റെ രുചി തന്നെയാണ് അവർ തിരിച്ചറിയുന്നതും......   

Saturday, 26 January 2019

DOLE (2000)


FILM : DOLE (2000)
COUNTRY : GABON
GENRE : CRIME !!! DRAMA
DIRECTOR : IMUNGA IVANGA
             ദാരിദ്ര്യത്തോടൊപ്പം ചേർന്ന് വരുന്ന ഒന്നാണ് കുറ്റകൃത്യങ്ങൾ. ദരിദ്ര രാജ്യങ്ങളിലെ സാമൂഹിക സാഹചര്യങ്ങളെ മുൻനിർത്തി ജനറലൈസ് ചെയ്യാവുന്ന ഒരു കാര്യവുമാണത്. ഇത്തരം രാജ്യങ്ങളിൽ നിന്നുള്ള സിനിമകളിലെ സാമൂഹികാവസ്ഥകളെ പ്രതിനിധാനം ചെയ്യുന്നതും, സാമ്പത്തിക അരക്ഷിതാവസ്ഥകളുടെ സൂചകങ്ങളായി ഉൾപ്പെടുത്തുന്ന ചെറുതും വലുതുമായ കുറ്റകൃത്യങ്ങളാണ്.
           പലതവണ കണ്ടിട്ടുള്ള കാഴ്ചകളെയാണ്  ഉൾകൊള്ളുന്നതെങ്കിലും DOLE (2000)യുടെ  പുതുമയായി തോന്നിയത് ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു രാജ്യത്തിൽ നിന്നുള്ള സിനിമ എന്നതായിരുന്നു. DOLE എന്ന പേര് സൂചിപ്പിക്കുന്നത് ഒരു സ്ക്രാച്ച് വിൻ ലോട്ടറിയെയാണ്. ചെറിയ പിടിച്ചുപറികളുമായി  ജീവിക്കുന്ന നാല് യുവാക്കളുടെ കഥയാണ് ടോലെ. ഓരോരുത്തർക്കും അവരുടേതായ സ്വപ്നങ്ങളുമുണ്ട്. നാട്ടിൽ ആവേശം വിതച്ചുകൊണ്ടിരിക്കുന്ന ലോട്ടറി കേന്ദ്രത്തിന്മേലാണ് അവരുടെ കണ്ണ്. സ്വപനങ്ങളിലേക്കുള്ള പ്രയാണത്തിന് അവരുടെ ചിന്തകളിൽ വേറെ പോംവഴികൾ ഇല്ലാതെയാവുമ്പോൾ അവരെന്തു ചെയ്യും?....
            തമാശയും, കുസൃതികളുമായി നടക്കുന്ന ഈ നാൽവർ സംഘത്തിലെ പ്രധാനിയാണ് മൗഗ്ലർ . സ്‌കൂൾ പഠനം, പ്രണയം, കുടുംബപ്രശ്നങ്ങൾ തുടങ്ങിയ പ്രശ്നങ്ങളെ മൗഗ്ലറിന്റെ സാഹചര്യങ്ങളിലൂടെ സിനിമയുടെ ഒഴുക്കിനൊപ്പം സമാന്തരമായി അവതരിപ്പിക്കുന്നു ഡോലെ. കുറവുകൾ ധാരാളം കണ്ടെത്താമെങ്കിലും ആഫ്രിക്കൻ സിനിമയെന്നത് വേറിട്ട സിനിമകളെ തേടുന്നവർക്ക് പുതുമ തന്നെയാണ്.

Saturday, 19 January 2019

EL NINO (2014)


FILM : EL NINO (2014)
COUNTRY : SPAIN
GENRE : CRIME !!! THRILLER
DIRECTOR : DANIEL MONZON
             "എൽ നിനോ" എന്ന പദം കടലുമായി ബന്ധപ്പെട്ടാണ് കേട്ടിട്ടുള്ളത്. ഇവിടെ നിനോ നായകനാണ്.  കടലും, ബോട്ടുകളും, വേഗതയും അവൻറെ ഇഷ്ടങ്ങളും. ഒന്നിനെയും ഭയപ്പെടാത്ത, ഒന്നിനും വിധേയമാകാത്ത അവൻറെ ജീവിതത്തിന്റെ താളങ്ങളെ ഉലച്ചു കളയുന്ന സംഭവങ്ങളാണ് ഈ സിനിമയിൽ കാണാനാവുക.          
                   ആഫ്രിക്കയ്ക്കും,  യൂറോപ്പിനും ഇടയിലുള്ള ജിബ്രാൾട്ടർ കടലിടുക്കിലെ മയക്കുമരുന്നു കടത്തിന്റെ കഥയാണിത്. ഒരറ്റത്ത് അധികാരികളുടെ കണ്ണ് വെട്ടിച്ച് സമർത്ഥമായി മയക്കുമരുന്നു കടത്തുന്ന  മാഫിയയും, മറുഭാഗത്ത് അവരെ പിടികൂടാനായി പ്രയത്നിക്കുന്ന പോലീസും. നിനോയും കൂട്ടരും ഇതിൻറെ ഭാഗമാകുന്നതോടെ തിരിഞ്ഞുനടത്തം അസാധ്യമാകുന്ന സംഭവങ്ങളിലേക്ക് അത്. കടലിൻറെ വശ്യതയും, കടലിലും, കരയിലും ഒരുക്കിയ മികവുറ്റ ചേസിംഗ് രംഗങ്ങളും സിനിമയിലെ മികവുകളാകുന്നു. രണ്ടേകാൽ മണിക്കൂർ ഉള്ള സിനിമയുടെ ദൈർഘ്യം ഒന്നുകൂടി കുറച്ചാൽ നന്നാകുമായിരുന്നു എന്ന് തോന്നി.  കുറവുകൾ ഉണ്ടെങ്കിലും ഈ ക്രൈം ആക്ഷൻ ത്രില്ലർ ഇഷ്ടമാകാതിരിക്കാൻ വഴിയില്ല.