Saturday, 21 November 2015

DIFRET (2014)



FILM : DIFRET (2014)
COUNTRY : ETHIOPIA
GENRE : BIOGRAPHY !!! DRAMA
DIRECTOR : ZERESENAY MEHARI

                യഥാർത്ഥ സംഭവങ്ങളെ അവലംബിച്ചുള്ള എത്യോപ്പ്യൻ സിനിമയാണ് DIFRET. കഥാപശ്ചാത്തലങ്ങളിലെ വികലമായ പാരമ്പര്യ രീതികളെയും, അധികാര പക്ഷങ്ങളെയുൾപ്പടെ  എതിർചേരിയിൽ നിർത്തിയുള്ള അവകാശ പോരാട്ടങ്ങളെയുമാണ്  ഈ സിനിമ  അടയാളപ്പെടുത്തുന്നത്. HIRUT  എന്ന പതിനാലുകാരിയുടെ അവകാശങ്ങൾക്ക് വേണ്ടി MEAZA എന്ന അഭിഭാഷകയ്ക്ക് എതിരിടേണ്ടി വരുന്നത് ആണ്‍കോയ്മയിൽ പടുത്തുയർത്തിയ സമൂഹ മനസ്സിനോടും, കാലഹരണപ്പെട്ട ചിന്തകളിൽ കാലമർത്തി നിൽക്കുന്ന അധികാര സ്ഥാപനങ്ങളേയുമാണ്‌. ശിലായുഗ മനസ്സിന്റെ കറയൊഴിയാത്തവരുടെ പാരമ്പര്യത്തിന്റെ തണലിൽ അധികാരി വർഗ്ഗം ഇരിപ്പുറപ്പിക്കുമ്പോൾ നീതി കിട്ടാക്കനിയാവുന്നു. കണ്ണീർ വറ്റിയ കണ്ണുകളിൽ സന്തോഷത്തിന്റെയും, ആത്മ വിശ്വാസത്തിന്റെയും തിളക്കങ്ങൾ സമ്മാനിച്ച അനേകം പോരാട്ടങ്ങളിൽ ഒന്നായി ഇതും പരിണമിച്ചു  എന്ന ചരിത്ര സത്യത്തോട് സിനിമ ചേർന്ന് നിൽക്കുമ്പോൾ സന്തോഷം നമ്മളിലേക്കും പടരുന്നു. നഗരത്തിലെ ആൾക്കൂട്ടത്തിലേക്ക് HIRUT ലയിച്ചു ചേരുമ്പോൾ "അവൾ എന്ത് നേടി?" എന്ന ചോദ്യം മനസ്സിൽ മന്ത്രിക്കുമ്പോൾ , നമ്മുടെ  കാതുകളിലെത്തുന്ന നേർത്ത ചിറകടി ശബ്ദം സ്വാതന്ത്ര്യത്തിന്റെതായിരുന്നു എന്ന് പ്രത്യാശിക്കാം. സാങ്കേതിക മികവുകൾക്കുപരി  ജീവചരിത്രാംശങ്ങളും, ചരിത്ര യാഥാർത്യങ്ങളുടെ നേർചിത്രങ്ങളുമാണ് ഈ സിനിമയ്ക്ക് കരുത്ത് പകരുന്നത്. 


Monday, 16 November 2015

RACHIDA (2002)



FILM : RACHIDA (2002)
COUNTRY : ALGERIA
GENRE : DRAMA
DIRECTOR : YAMINA BACHIR

                   നിസ്സഹായതയുടെ നിലവിളികളും  ചിതറിയ ശരീരങ്ങളുമാണ്‌ ഇന്നത്തെ പുലരികൾ സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. ഭീകരവാദം സൃഷ്ടിക്കുന്ന ചോരച്ചാലുകൾ രാജ്യാതിർത്തികൾ ലംഘിച്ച് ഒഴുകി പടരുകയാണ്. വെടിയൊച്ചകളുടെ  ഉച്ച-നീച സ്ഥായികൾക്കിടയിൽ ഭീതിയുടെ മൌനം തളം കെട്ടിനിൽക്കുന്നു. ഭീകരവാദത്തിന്റെ ക്രൂരതകളിൽ  വിറങ്ങലിച്ച്, ആശയറ്റു കഴിയുന്ന ഒരു ജനതയുടെ നിശബ്ദ രോദനമാകുന്നു അൾജീരിയൻ സിനിമയായ RACHIDA. ആഭ്യന്തര പ്രശ്നങ്ങളിൽ നീറിപ്പുകഞ്ഞ അൾജീരിയയുടെ ഇന്നലേകളുടെ പശ്ചാത്തലത്തിൽ ഭീകരവാദത്തെ RACHIDA  എന്ന യുവ അധ്യാപികയുടെ കണ്ണുകളിലൂടെ നോക്കിക്കാണുകയാണ് ഈ സിനിമ. പ്രത്യേക പരിണാമങ്ങളിലേയ്ക്ക് ചുവടു വെയ്ക്കാത്ത സിനിമയുടെ ഉള്ളടക്കം, തീവ്രവാദം സൃഷ്ടിക്കുന്ന ദുരിതങ്ങളേയും, ഭീതിയെയും, ജനങ്ങളുടെ മാനസിക നിലകളെയുമാണ്  (TRAUMA)  വലം വെയ്ക്കുന്നത്. സിനിമയിലെ സംഭവ വികാസങ്ങൾക്ക്‌ പശ്ചാത്തലമാകുന്ന ഗ്രാമത്തെ അത് നിലകൊള്ളുന്ന രാഷ്ട്രത്തിന്റെ അവസ്ഥയായി വ്യക്തതയോടെ വായിച്ചെടുക്കാം. പിച്ചി ചീന്തപ്പെടുന്ന സ്ത്രീത്വവും, നിലവിളികളായി മാറുന്ന ആഘോഷരാവുകളും, ധ്വംസിക്കപ്പെടുന്ന അവകാശങ്ങളും ശപിക്കപ്പെട്ട നാടിന്റെ നിഴലുകളാകുന്നു. കാലത്തിനു പോലും മായ്ക്കാനാവാത്ത മുറിവുകൾ മനസ്സിലാഴ്ത്തി വെറുപ്പിന്റെ വിത്തുകൾ പാകി മാനവികതയെ ചുട്ടെരിക്കുന്ന ഭീകരതയുടെ തേർവാഴ്ച്ചകളെ മനസ്സുകൊണ്ടും, ശരീരം കൊണ്ടും പ്രതിരോധിക്കാൻ നമുക്ക് കഴിയട്ടെ. ദൈന്യതയും, ഭീതിയും വഴിമാറിയ RACHIDA-യുടെ മനോഹരങ്ങളായ കണ്ണുകൾ പറയുന്നതും ഇക്കാര്യം തന്നെയാണെന്ന് അനുമാനിക്കാം. 


Tuesday, 10 November 2015

THE OLD MAN AND THE SEA (1999)



FILM : THE OLD MAN AND THE SEA (1999)
GENRE : ANIMATION !!! SHORT
DIRECTOR : ALEKSANDR  PETROV

                           അനിമേഷൻ സിനിമകൾ അധികം കാണുന്ന സ്വഭാവം ഇല്ലാത്തതിനാൽ  അവയെ വിലയിരുത്താൻ ഞാൻ ആളല്ല. എങ്കിലും ഇന്നോളം കണ്ട അനിമേഷൻ സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു റഷ്യൻ അനിമേറ്ററായ  "പെട്രോവിന്റെ" THE OLD MAN AND THE SEA. വിഖ്യാത എഴുത്തുകാരൻ ഹെമിംഗ് വേയുടെ പ്രശസ്തമായ കൃതിയുടെ ദൃശ്യാവിഷ്കാരം എന്നതിനപ്പുറം ഈ ലഘുചിത്രം വേറിട്ട്‌ നിൽക്കുന്നത് ഫ്രൈമുകളുടെ മാസ്മരികതയാലാണ്. PAINT-ON-GLASS എന്ന അനിമേഷൻ ടെക്നിക്കിലൂടെ ആയിരക്കണക്കിന്  ചിത്രങ്ങൾ ഉപയോഗിച്ചാണ് ഈ  19 മിനിട്ടോളം മാത്രം ദൈർഘ്യമുള്ള അനിമേഷൻ ഒരുക്കിയിരിക്കുന്നത്. ഓരോ ഫ്രൈമുകളും അതിമനോഹരമായ ഓയിൽ പെയിന്റിംഗ് പോലെ മനോഹരമായിരിക്കുന്നു. ഈ സിനിമയൊക്കെ വലിയ സ്ക്രീനിൽ കണ്ടവരെയോർത്ത് അസൂയപ്പെട്ടുകൊണ്ടും, അനിമേഷൻ സ്നേഹികൾകും, ചിത്രകല ഇഷ്ടപ്പെടുന്നവർക്കും ഇതൊരു "MUST SEE" മൂവിയാണെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടും നിർത്തുന്നു.


Saturday, 7 November 2015

SUBURRA (2015)



FILM : SUBURRA (2015)
GENRE : CRIME !!! THRILLER
COUNTRY :  ITALY
DIRECTOR : STEFANO SOLLIMA

               ക്രൈം ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്ന ഒരു ഇറ്റാലിയൻ ഗ്യാങ്ങ്സ്ടർ  സിനിമയാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്. റോമിന്റെ സമീപത്തുള്ള ഒരു പ്രദേശത്തെ ലാസ് വെഗാസിനെ  പോലെ ഒരു വൻ ചൂതാട്ട കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമങ്ങളിലാണ് "സമുറായ്" എന്ന ഗ്യാങ്ങ്സ്ടർ. അയാളുടെ ശ്രമങ്ങൾ ലക്ഷ്യം  കാണണമെങ്കിൽ പ്രാദേശിക ഗ്യാങ്ങുകൾക്കിടയിൽ വെടിയൊച്ചകൾ ഇല്ലാതിരിക്കേണ്ടതുണ്ട്. സ്വാർത്ഥതയും, ഒറ്റുകൊടുക്കലുകളും, അധികാര-സാമ്പത്തിക മോഹങ്ങളും, കണക്കു തീർക്കലുകളും ഒഴിച്ചുകൂടാനാവാത്ത അവർക്കിടയിൽ ചിതറുന്ന ഒരു തീപ്പൊരി പോലും അഗ്നി ഗോളങ്ങളായി മാറിയേക്കാം. "സമുറായ്" കൊതിക്കുന്ന "സമാധാനം"  സർവ്വനാശത്തിന്റെ ഇരുവശങ്ങളിലേക്കുമായി  തള്ളപ്പെടുന്ന കാഴ്ചയാണ് നമുക്ക് കാണാനാവുക.
                ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളൊന്നും ഇല്ലാതിരുന്നിട്ടും നമ്മെ പിടിച്ചിരുത്താൻ ഈ സിനിമയ്ക്കാവുന്നു. ഇത്തരം സിനിമകൾ ആവശ്യപ്പെടുന്ന ഡാർക്ക് മൂഡ്‌ ഫീൽ നൽകാൻ സംവിധായകൻ പൂർണമായി വിജയിച്ചു എന്നു പറയാം. മഴയെ പല ഫ്രൈമുകളിലും സമർത്ഥമായി ഉപയോഗിച്ചിരിക്കുന്നു. ഗ്യാങ്ങ്സ്ടർ സിനിമകളുടെ ആരാധകർക്ക് ഈ സിനിമ തീർച്ചയായും ഇഷ്ടപ്പെടുമെന്ന ഉറപ്പോടെ നിർത്തുന്നു.


Saturday, 31 October 2015

MEN AND CHICKEN (2015)



FILM : MEN AND CHICKEN (2015)
COUNTRY : DENMARK
GENRE : COMEDY !! MYSTERY !! DRAMA
DIRECTOR : ANDERS THOMAS JENSEN

                  ബെൽജിയൻ മിസ്റ്ററി ഡ്രാമയായ THE FIFTH SEASON (2012) നൽകിയതിന് സമാനമായ ഒരു ഫീൽ നൽകുന്ന ഡാനിഷ് സിനിമയാണ് MEN AND CHICKEN. ചടുലതയെ   മാറ്റി നിർത്തി പതിഞ്ഞ താളത്തിൽ നിഗൂഡതയുടെ ചുമലിലേറി മുന്നേറുന്ന ഈ സിനിമ കറുത്ത ഹാസ്യത്തിന്റെ കാര്യത്തിൽ ഫിഫ്ത് സീസണിനേക്കാളും ഒരു പടി മുന്നിൽ നിൽക്കുന്നു.
                    മരണാസന്നനായ പിതാവ് വിടപറയുന്നതിന് മുമ്പ്  ഗബ്രിയേലിനോട് ഒരു വീഡിയോ കാസറ്റിനെക്കുറിച്ച് പറയുന്നു. പിതാവിന്റെ മരണ ശേഷം ഗബ്രിയേൽ തന്റെ സഹോദരനായ എലിയാസിനോപ്പം കാണുന്ന ഈ വീഡിയോ  അവരെയും, നമ്മളേയും നിഗൂഡതകളുടെയും, രഹസ്യങ്ങളുടെയും തുരുത്തുകളിലേയ്ക്ക് നയിക്കുകയാണ്. സിനിമയുടെ താളവും, പലയിടങ്ങളിലും വെളിച്ചത്തിലേക്ക് കയറി നിൽക്കുന്ന നിഗൂഡതയെക്കുറിച്ചുള്ള  സൂചനകളും സിനിമയുടെ ആസ്വാദ്യതയ്ക്ക് മങ്ങലേൽപ്പിക്കാത്തത് "മാഡ്  മിക്കിൽസൻ" ഉൾപ്പടെയുള്ളവരുടെ കഥാപാത്രങ്ങൾ മിഴിവോടെ സ്ക്രീനിൽ നിറയുന്നത്  മൂലമാണ്.
                           സിനിമയുടെ ബേസിക് പ്ലോട്ട് കേട്ട് എടുത്തു ചാടാതിരിക്കാനാണ് തുടക്കത്തിൽ ഫിഫ്ത് സീസണ്‍ എന്ന സിനിമയെ ഒരു റെഫറൻസ് ആയി നൽകിയത്. സാധാരണ മിസ്ടറികളിൽ നിന്ന് പല രീതിയിലും വ്യത്യസ്തത പുലർത്തുന്നതിനാൽ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താൻ ഈ സിനിമയ്ക്ക് കഴിയില്ല എന്നാണ് എന്റെ തോന്നൽ. സിനിമയുടെ കഥയിലേയ്ക്ക്  പ്രവേശിക്കാൻ ശ്രമിക്കാത്തതിനാൽ  കൂടുതൽ വ്യാഖ്യാനങ്ങൾക്ക് മുതിരുന്നില്ല. എങ്കിലും, കറുപ്പ് തെളിഞ്ഞ പല ഹാസ്യരംഗങ്ങളും ചിന്തോദ്ദീപകങ്ങളായിരുന്നു. ക്രമങ്ങളെ സൃഷ്ടിക്കുന്ന സാമൂഹിക നിയമങ്ങളും, അച്ചടക്കമില്ലായ്മയിൽ  വിരാജിക്കുന്ന മൃഗതൃഷ്ണകളും, സമൂഹ മനസ്സിൽ   വേരൂന്നുന്ന ഉച്ച-നീചത്വങ്ങളുടെ വംശീയ വേർതിരിവുകളും ചിന്തകളായി ഈ സിനിമ അടിച്ചേൽപ്പിക്കുന്നു.


Thursday, 22 October 2015

GRIGRIS (2013)



FILM : GRIGRIS (2013)
GENRE : DRAMA
COUNTRY : CHAD
DIRECTOR : MAHAMAT SALEH HAROUN
                  സിനിമാറ്റിക്ക് ഗിമ്മിക്കുകളോ, പുതു പരീക്ഷണങ്ങളോ അല്ല, നമുക്ക് തീർത്തും അന്യമായ ജീവിത സാഹചര്യങ്ങളുടെ നേർചിത്രങ്ങളാണ് ആഫ്രിക്കൻ സിനിമ എല്ലായ്പ്പോഴും കരുതി വെയ്ക്കാറുള്ളത്. അതിനാൽ തന്നെ സ്ക്രീനിലെത്തുന്നതിൽ മിക്കവയും ആഫ്രിക്കൻ ഐഡന്റിടിയുടെ നിഴൽ പിന്തുടരുന്നവയായിരിക്കും. ആഫ്രിക്ക അനുഭവിപ്പിക്കുന്ന വേറിട്ട അസ്ത്വിത്വത്തെ സാധൂകരിക്കുന്ന തരത്തിൽ ഈ സിനിമയിലെ നായകനായ ഗ്രിഗ്രിസ് വേറിട്ട്‌ നിൽക്കുന്നു. മുടന്തനെങ്കിലും അനുഗ്രഹീത ഡാൻസറായ അവന്റെ ജീവിതമാർഗ്ഗം നിശാക്ലബ്ബുകളിൽ ആളുകൾക്കായി ഡാൻസ് ചെയ്യുക എന്നതാണ്. വളർത്തു പിതാവിന്റെ അസുഖം സാമ്പത്തിക ഞെരുക്കത്തിലാക്കുന്നതോടെ  കൂടുതൽ അപകടകരമായ വഴികളെ അവന്  തെരഞ്ഞെടുക്കേണ്ടി വരുന്നു. മിമി എന്ന അപഥ സഞ്ചാരിണിയുമായി  പ്രണയത്തിലാവുന്ന ഗ്രിഗ്രിസ് സാഹചര്യ സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്ന  പ്രശ്നങ്ങളിൽ നിന്ന് അവളോടൊപ്പം രക്ഷപ്പെടാനുള്ള ശ്രമങ്ങൾ നടത്തുകയാണ്.
                      'ചാഡ്‌ ' എന്ന ആഫ്രിക്കൻ രാജ്യത്തിന്റെ നഗര-ഗ്രാമീണ സാമൂഹിക പശ്ചാത്തലങ്ങളെ മികച്ച രീതിയിൽ പകർത്തുന്ന ഈ സിനിമയിലെ നായകൻ  ആ രാജ്യത്തിൻറെ   പ്രതീകം തന്നെയാണെന്ന് തോന്നി. മുടന്തനെങ്കിലും പരിമിതികളെ കവച്ചുവെയ്ക്കാൻ ശേഷിയുള്ളവനെന്ന  പ്രഖ്യാപനം തന്നെയാവണം ഇതിലൂടെ ലക്‌ഷ്യം വെയ്ക്കുന്നത്. എരിയുന്ന കാറിനെ അനാഥമാക്കി എല്ലാവരും തിരിച്ചു നടക്കുമ്പോൾ മിമിയുടെ സുഹൃത്ത്‌ അവളോട് മറ്റൊരു സന്ദർഭത്തിൽ പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്കെത്തിയത്. "നഗരത്തെക്കുറിച്ച് നഷ്ടബോധം തോന്നാറുണ്ടെങ്കിലും ഇവിടെയെനിക്ക് സ്വസ്ഥതയോടെ ഉറങ്ങാൻ കഴിയുന്നു". നഗരജീവിതത്തെ തള്ളിപ്പറയുന്ന ഈ വാക്കുകളുടെ കരപറ്റി സിനിമയെ വായിക്കുകയാണെങ്കിൽ, സാംസ്കാരിക സ്വത്വത്തെ ആട്ടിയകറ്റുന്ന നഗരവൽകൃത ജീവിതത്തെ നിരാകരിക്കണം എന്നതായിരിക്കാം സംവിധായകൻ ഈ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടുള്ളത് എന്നു  കരുതാം. 

Friday, 16 October 2015

IDA (2013)



FILM : IDA (2013)
GENRE : DRAMA
COUNTRY : POLAND
DIRECTOR : PAWEL PAWLIKOWSKI
                         മികച്ച വിദേശ ഭാഷാചിത്രത്തിനുള്ള ഓസ്കാർ കരസ്ഥമാക്കിയ IDA എന്ന പോളിഷ് സിനിമയെക്കുറിച്ചാണ് ഈ കുറിപ്പ്. കറുപ്പിന്റെയും, വെളുപ്പിന്റെയും മായികതയിൽ ചാലിച്ച ശക്തവും, സുന്ദരവുമായ ഒരു ഉത്കൃഷ്ട കലാസൃഷ്ടിയെന്നു തന്നെ ഈ സിനിമയെ വിളിക്കാം.
                രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള 1960-കളിലെ പശ്ചാത്തലമാണ് ഈ സിനിമയുടെത്. ഒരു "സിസ്റ്റർ" ആയി മാറുന്നതിനുള്ള ചടങ്ങുകൾക്ക് മുമ്പ് തന്റെ ഏക ബന്ധുവിനെ കാണാൻ പോകുന്ന അന്നയാണ്(ഇഡ) സിനിമയിലെ പ്രധാന കഥാപാത്രം. ബന്ധുവിൽ (WANDA) നിന്നും കേട്ടറിയുന്ന രഹസ്യങ്ങളുടെ ഉള്ളു ചികയാനുള്ള ഉദ്യമങ്ങളാണ് പിന്നീടുള്ള നിമിഷങ്ങൾ. WANDA-യും , IDA-യും തേടുന്നത് അവരുടെ തന്നെ സ്വത്വങ്ങളെയാണ് എന്നത് അവരറിയുന്നില്ല എന്നതാണ് സത്യം.
                   ഒരു ഹ്രസ്വ ചിത്രമെടുക്കുന്ന കൌശലമാണ് സംവിധായകൻ പ്രയോഗിച്ചത് എന്ന് തോന്നി. കാരണം, കഥാപാത്രങ്ങളെ വേണ്ട വിധം ഡെവലപ്പ് ചെയ്യാതെയും, കഥാതന്തുവിന് വളർന്നു വരാൻ സമയം നൽകാതെയും തന്നെ സിനിമയുടെ എല്ലാ സൂക്ഷ്മ തലങ്ങളെയും വ്യക്തതയോടെ പ്രേക്ഷക ഹൃദയങ്ങളിൽ പതിപ്പിക്കുന്നതിൽ ഈ സിനിമ വിജയം കാണുന്നു. WANDA-യെ കാണാനെത്തുന്ന IDA-യിൽ കോരിയൊഴിക്കപ്പെടുന്ന രഹസ്യങ്ങളുടെ കനലുകൾ തീവ്രമായ സ്വത്വ പ്രതിസന്ധികളിലേക്ക് അവളെ തള്ളിയിടുകയാണ്. WANDA-യുടെ വ്യക്തിത്വവും, ജീവിതരീതികളും പല ഉൾക്കാഴ്ച്ചകൾ  നൽകുന്നതോടൊപ്പം ലൌകികമായ പ്രലോഭനങ്ങൾക്കുള്ള ബോധപൂർവ്വ ശ്രമങ്ങളായും  IDA-യെ അലട്ടുന്നു. സ്വയം തിരിച്ചറിയുകയെന്നത്  IDA-യ്ക്ക്  ജന്മ രഹസ്യങ്ങളുടെ ഉണ്മയെ തേടുക എന്നതിലപ്പുറം സ്വത്വത്തിന്റെ അസ്ഥിരതയെ ക്രമപ്പെടുത്തുക എന്നതുമാകുന്നു. പുണ്യ വഴിയിലേക്ക് എടുത്തുവെയ്ക്കാൻ കാലുറയ്ക്കാത്ത വിധം ചിതറിയ അവളുടെ മനസ്സിനെ കോണ്‍വെന്റിനുള്ളിലെ സീനുകളിൽ വ്യക്തമായി കാണാം. ലൌകികതയുടെ  രുചിയറിഞ്ഞ്‌ നിരാകരിക്കുമ്പോൾ ത്യജിക്കുക എന്നതിലുള്ള മഹത്വമാണോ, നിലയുറപ്പിക്കാത്ത മനസ്സിനെ കെട്ടിയിടാനുള്ള ശ്രമങ്ങളാണോ  തെളിയുന്നത് എന്നതിൽ ഇപ്പോഴും ഞാൻ സംശയാലുവാണ്. വിറകൊള്ളുന്ന ക്യാമറയ്ക്ക് മുന്നിലൂടെ IDA നടന്നടുക്കുമ്പോഴും  അവളുടെ കാലടികൾ സുദൃഡമല്ല, അവളുടെ മനസ്സാകട്ടെ ദുരൂഹവും .......
                             ഈ സിനിമയെ മികവുറ്റ ദൃശ്യാനുഭവമാക്കിയത്  CINEMATOGRAPHY-യാണ്. കഥാപാത്ര ചിന്തകളെ പൊലിപ്പിച്ച ഫ്രൈമുകളും , ക്യാമറ ആംഗിളുകളും  നവ്യാനുഭവമായി. ബെർഗ്മാന്റെ സിനിമകളിലേതു പോലെ ക്ലോസ്സപ്പ് ഷോട്ടുകളുടെ  ധാരാളിത്തം കാണാം. അഭിനയം അതിനാൽ തന്നെ വെല്ലുവിളി നിറഞ്ഞതുമായിരുന്നു. പ്രധാന കഥാപാത്രങ്ങളായ WANDA , IDA എന്നീ റോളുകൾ അതിഗംഭീരം എന്ന് തന്നെ വിശേഷിപ്പിക്കാം. ലോകസിനിമയുടെ ആരാധകർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് ഈ ഓസ്കാർ വിന്നർ.