Saturday, 15 August 2015

HOMELAND (2013)



FILM : HOMELAND (2013)
GENRE : DRAMA !!! COMEDY
COUNTRY : FRANCE
DIRECTOR : MOHAMED HAMIDI

                സുഖജീവിതം കൊതിച്ച് വികസിത രാജ്യങ്ങളിലേക്ക് കുടിയേറുന്നവരുടെ പ്രശ്നങ്ങൾ പലതവണ സിനിമകൾക്ക്‌ വിഷയമായിട്ടുണ്ട്. സ്വത്വ പ്രതിസന്ധികളും, സാംസ്കാരിക സംഘർഷങ്ങളുമാണ് അത്തരം സിനിമകളുടെ പ്രധാന പ്രമേയമായി വരാറുള്ളത്. ഫ്രഞ്ച്-അൾജീരിയൻ പശ്ചാത്തലത്തിൽ കഥ പറയുന്ന HOMELAND കുടിയേറ്റക്കാരന്റെ ജീവിത ചുറ്റുപാടുകളെ മറ്റൊരു വീക്ഷണ തലത്തിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
                    ഫ്രാൻസിൽ കുടുംബ സമേതം കഴിയുന്ന യൂസുഫ് അൾജീരിയയിലെ തന്റെ വീട് പൊളിക്കാൻ പോകുന്നു എന്നറിഞ്ഞതിനെ തുടർന്ന് മകനായ ഫരീദിനെ അങ്ങോട്ടയക്കുന്നു. ഫ്രാൻ‌സിൽ ജനിച്ചു വളർന്ന ഫരീദിന് പിതാവിന്റെയും, മുൻഗാമികളുടെയും മണ്ണ് എല്ലാവിധത്തിലും അപരിചിതത്വമാണ് നൽകുന്നത്. തന്റെ സാംസ്കാരിക വേരുകളെ അത്ഭുതത്തോടെയാണ് അവൻ നോക്കിക്കാണുന്നത്. അൾജീരിയയിൽ വച്ച്  നേരിടുന്ന സന്ദർഭങ്ങളും, അവനുണ്ടാകുന്ന അനുഭവങ്ങളും  അവനിൽ ഉളവാക്കുന്ന സ്വാധീനവും അവയുടെ പരിണിത ഫലങ്ങളുമാണ് സിനിമയുടെ പിന്നീടുള്ള നിമിഷങ്ങളെ സമ്പന്നമാക്കുന്നത്.
                      പിറന്ന മണ്ണിനെ സ്പർശിക്കാനും, അവിടത്തെ ജീവവായു ഉച്ച്വസിക്കാനുമുള്ള ആഗ്രഹങ്ങളിൽ മഥിക്കുന്ന വാർദ്ധക്യവും, മടുപ്പിക്കുന്ന നിശ്ചലതയിൽ നിന്ന് സമ്പന്നതയുടെയും, പ്രതീക്ഷയുടെയും കോലാഹലങ്ങളിലെയ്ക്ക് ചിറകടിച്ചു പറക്കാൻ കൊതിക്കുന്ന അൾജീരിയൻ യുവത്വവും വിരുദ്ധങ്ങളായ ജീവിത ചിത്രങ്ങളുടെ പ്രതിഫലനമാകുന്നു. കുരുങ്ങിക്കിടക്കുന്ന യുവതയെയും, രാഷ്ട്രീയ-സാമൂഹിക പരിതസ്ഥിതികളെയും, ബ്യൂറോക്രസി സൃഷ്ടിക്കുന്ന ഊരാകുടുക്കുകളെയും സാക്ഷിയാക്കി   അൾജീരിയൻ ജീവിതത്തിന്റെ സാംസ്കാരിക അംശങ്ങളെ ചെറിയ തോതിൽ പരിചയിക്കാൻ ഫരീദിനൊപ്പം നമുക്കും അവസരം ലഭിക്കുന്നു. ലോകത്തിന്റെ ഏതു കോണിലേക്ക് പറിച്ചെറിയപ്പെട്ടാലും നമ്മുടെ സാംസ്കാരിക വേരുകളിലാണ് നമ്മുടെ ജീവിതം അർഥപൂർണ്ണമാകുന്നത് എന്ന തിരിച്ചറിവോടെ നിർത്തുന്നു.


WATCHTOWER (2012)



FILM : WATCHTOWER (2012)
COUNTRY : TURKEY
GENRE : DRAMA
DIRECTOR : PELIN ESMER

                              തുർക്കി സിനിമകളിൽ പൊതുവായി കണ്ടിട്ടുള്ള ദൃശ്യ ഭംഗി പലപ്പോഴും എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. WATCHTOWER (2012) എന്ന ഈ സിനിമയും  പ്രകൃതിയുടെ ദൃശ്യചാരുത  ഒപ്പിയെടുത്ത ഫ്രൈമുകളുടെ ധാരാളിത്തം കൊണ്ട് കണ്ണിന് വിരുന്നാകുന്നു. വളഞ്ഞു പുളഞ്ഞ റോഡുകളും, വർണ്ണം വിതറിയതു പോലുള്ള ഇലകൾ തിങ്ങിയ മരങ്ങളും വഴിയൊരുക്കുന്ന കുന്നിൻ മുകളിലെ വാച്ച്ടവറിന്റെ വശ്യമായ ദൃശ്യപശ്ചാത്തലത്തിൽ  ഫീൽ ഗുഡ് സിനിമ പ്രതീക്ഷിച്ച എന്നെ കാത്തിരുന്നത് ശക്തമായ ഒരു ഡ്രാമയായിരുന്നു.
                   കാട്ടുതീ മോണിറ്റർ ചെയ്യാനായി വാച്ച് ടവറിൽ പുതുതായി ജോലിക്കെത്തിയ "നിഹാത്", കുന്നിൻ ചെരിവിലൂടെയുള്ള ബസ്സ്‌ സർവ്വീസിൽ ജോലിക്കാരിയായെത്തുന്ന "സെഹർ" എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ആശാരിയായ നിഹാതും , വിദ്യാർഥിനിയായ "സെഹരും" പരിചിതമല്ലാത്ത ഇടങ്ങളിൽ വന്നടിയുന്നത് അവർക്കുള്ളിൽ പുകയുന്ന രഹസ്യങ്ങൾ മൂലമാണ്. ലോകത്തിൽ നിന്നും വിച്ചേദനം കൊതിച്ച് ഏകാന്തതയെ കൂട്ടുപിടിച്ചതിന്റെ കാരണം ഈ രഹസ്യങ്ങലിലാണ് ഉടക്കി നിൽക്കുന്നത്. സാഹചര്യങ്ങൾ അവരുടെ ജീവിതങ്ങളെ കൂട്ടിമുട്ടിക്കുകയാണ്. അവർക്കിടയിലും,  അവർക്കുള്ളിലും എരിയുന്ന മനസാക്ഷിയുടെ സംഘർഷങ്ങൾ നമുക്ക് തെളിഞ്ഞു കാണാം. ഇരുവരുടെയും അഭിനയ മികവും സിനിമയ്ക്ക് കരുത്ത് പകരുന്നു.
                   എഴുത്തിലും, സംവിധാനത്തിലും സാന്നിധ്യമാകുന്ന പെണ്‍മനസ്സ് സിനിമയുടെ വീക്ഷണ തലങ്ങളിലേക്കും പടരുന്ന സ്വാഭാവികതയെ വ്യക്തമായി കണ്ടെടുക്കാം. ശബ്ദ കോലാഹലങ്ങളില്ലാതെ നല്ല രീതിയിൽ ദൃശ്യഭാഷയൊരുക്കിയ കലാസൃഷ്ട്ടി എന്ന വിശേഷണം ഈ സിനിമയ്ക്ക് നൽകി കുറിപ്പിന് വിരാമമിടുന്നു.


Friday, 14 August 2015

TWO ANGELS (2003)



FILM : TWO ANGELS (2003)
GENRE : DRAMA !!! MUSIC
COUNTRY : IRAN
DIRECTOR : MAMAD HAGHIGHAT

                          യാഥാസ്തികത്വത്തിൽ അഭിരമിക്കുന്ന പിതാവ്, പിതാവിന്റെ പാതയെ ആശ്ലേഷിക്കാൻ ആഗ്രഹിക്കാത്ത മകൻ, മകന്റെ ആഗ്രഹങ്ങളെ എല്ലാ വിധത്തിലും പിന്തുണയ്ക്കുന്ന  മാതാവ്, അവന്റെ പാത ചൂണ്ടിക്കാണിക്കുന്ന ആട്ടിടയൻ, അവന്റെ ആഗ്രഹങ്ങളെ അതേ തീവ്രതയോടെ പങ്കുവെയ്ക്കുന്ന പെണ്‍കുട്ടി. TWO ANGELS  എന്ന 73 മിനിട്ട് മാത്രം ദൈർഘ്യമുള്ള ഇറാനിയൻ സിനിമയിലെ കഥാപാത്രങ്ങളെ ഈ വിശേഷണങ്ങളാൽ വരച്ചിടാം എന്ന് തോന്നുന്നു. യാഥാസ്തികത്വം നിഷേധ സ്വരങ്ങളുയർത്തുന്ന "സംഗീതമാണ്' ഈ സിനിമയുടെ ആത്മാവ്. ഇറാനിലെ യാഥാസ്തികതയിലൂന്നിയ  സാമൂഹിക പരിസരങ്ങളിൽ സംഗീതം എങ്ങനെയാണ്  സ്വീകരിക്കപ്പെടുന്നത്  എന്നും സിനിമ വ്യക്തമാക്കുന്നു. മികച്ചത് എന്നൊന്നും പറയാനാവില്ലെങ്കിലും ദൈർഘ്യക്കുറവും, വേറിട്ട ശബ്ദങ്ങളും, GOLSHIFTEH FARHANI-യുടെ സാന്നിധ്യവും  ഒരു തവണ കാണാവുന്ന സൃഷ്ടിയാക്കി ഈ സിനിമയെ മാറ്റുന്നു.


Sunday, 9 August 2015

A PIGEON SAT ON A BRANCH REFLECTING ON EXISTENCE (2014)



FILM   : A PIGEON SAT ON A BRANCH REFLECTING ON EXISTENCE (2014)
GENRE : DRAMA !!! BLACK COMEDY
COUNTRY : SWEDEN
DIRECTOR : ROY ANDERSON

                    പേര് തന്നെ വിചിത്രവും , പുതുമയുള്ളതുമായി തോന്നിയേക്കാവുന്ന ROY ANDERSON-ന്റെ LIVING TRILOGY-യിലെ അവസാനത്തെ സിനിമയായ ഇത് അദ്ദേഹത്തിന്റെ സിനിമാ ശൈലിയുമായി മുൻ പരിചയമില്ലാത്ത എനിക്ക് വേണ്ട വിധത്തിൽ ഉൾക്കൊള്ളാനായില്ല. ബ്ലാക്ക് കോമഡിയെന്നോ ഡ്രാമയെന്നോ വിശേഷിപ്പിക്കാനാവാത്ത വിധം സവിശേഷത പേറുന്ന ഒന്നാണ് ഈ സിനിമ.
                 വ്യക്തമായ പ്ലോട്ടോ , പരസ്പരം കണക്റ്റ് ചെയ്യുന്ന കഥാ സന്ദർഭങ്ങളോ അവതരിക്കാത്ത ഈ സിനിമയെ ആശയപരമായി അടുത്തറിഞ്ഞ്‌ , അതിന്റെ തുടർച്ചയെ പിന്തുടരുന്ന  രീതിയിലൂടെ ആസ്വദിക്കാനുമാവില്ല. പിന്നിട്ട കാഴ്ചകളെ അറിയാനുള്ള തദ്ദേശീയ ചരിത്രങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യമില്ലായ്മയെ  മറികടക്കാൻ സഹായിക്കുന്ന വായനയെ ഒപ്പം കൂട്ടി ഒരാവർത്തി കൂടി കാണേണ്ടി വന്നു സിനിമയുടെ തലങ്ങളെ ചെറുതായെങ്കിലും തലോടാൻ.
                            ചിരിപ്പിക്കാനുള്ള വസ്തുക്കളുടെ വില്പനയ്ക്കായ് അലയുന്ന രണ്ട് സെയിൽസ്മാൻമാരിലൂടെ   ലോകത്തെ ഗ്രസിച്ച ശൂന്യതയെയും, വൈകാരികത വറ്റിയ യാന്ത്രികതയേയും,   ഏകാന്തതയേയും, വിഷാദത്താൽ വിളർത്ത മുഖങ്ങളെയും സിനിമയുടെ നിർജ്ജീവമായ ഫ്രൈമുകളിലേയ്ക്ക് ആനയിക്കുന്നു. അവരുടെ വില്പ്പന വസ്തുക്കൾ  പ്രതീകങ്ങളായി വിശകലനം ചെയ്യേണ്ടവയാണെന്ന് നിസ്സംശയം പറയാം. ചലനമുണ്ടെങ്കിലും ചേതനയറ്റ ഉടലുകളെ പോലെയാണ് മിക്ക കഥാപാത്രങ്ങളും. പ്രതീക്ഷാ രാഹിത്യമാണ് അവരിൽ പൊതുവായി നിഴലിക്കുന്ന ഭാവം. പട  നയിക്കുന്ന രാജാവും, 1943-കളിലെ മദ്യശാലയും, അടിമകളെ ചുട്ടെരിക്കുന്ന സാമ്രാജ്യത്വവും ചരിത്രത്തെ പ്രതിനിധീകരിക്കുന്നതോടൊപ്പം യൂറോപ്പിന്റെ ഇന്നലെകളെയും ചിന്തകളിലേക്ക് ക്ഷണിക്കുന്നു. നമ്മുടെ സന്തോഷങ്ങൾക്കായി മറ്റൊരാളെ ഉപയോഗിക്കുന്നത് ശരിയാണോ? ... എന്ന ജോനാഥന്റെ ചോദ്യത്തെ "ഫിലോസഫിക്കൽ" എന്ന് മുദ്രണം ചെയ്യുന്നതും, "അസമയത്തുള്ളത്" എന്ന മറുപടി നൽകുന്നതും സിനിമ ഉയർത്തുന്ന രാഷ്ട്രീയ നിലപാടുകളുടെ പ്രകാശനമാണോ എന്ന സംശയം ബാക്കിയാവുന്നു.
                              റിയാലിറ്റിയിൽ നിന്ന് വ്യക്തമായ അകലം പാലിച്ചിരിക്കുന്ന സംവിധായകൻ സിനിമയ്ക്ക് വേണ്ടി ഉപയോഗിച്ച കളർ ടോണ്‍ അനുയോജ്യമായി. വർണ്ണ ശബളമല്ലാത്ത ജീവിത ചിത്രങ്ങളെ ദൃശ്യ ഭാഷയിലൂടെ ശക്തമായി പകരാൻ സിനിമയ്ക്ക് കഴിഞ്ഞിരിക്കുന്നു.
                             സിനിമ   ചേക്കേറിയ ഉയരങ്ങളിലേക്ക് എന്റെ ആസ്വാദന തലം ഉയരാത്തതിനാൽ പലതും എനിക്ക് അവ്യക്തമായി തോന്നി. അതിനാൽ തന്നെ സിനിമയുടെ യഥാർത്ഥ സത്ത എന്റെ വരികളോട് വൈരുദ്ധ്യം പുലർത്തിയേക്കാം. ജീവസ്സുറ്റ കഥാപാത്രങ്ങളോ, സംഭാഷണമോ ഇല്ലാത്ത ഈ സിനിമ ഭൂരിപക്ഷം സിനിമാ പ്രേമികൾക്കും ആസ്വാദ്യകരമാവില്ല എന്നാണ് എന്റെ പക്ഷം. എന്നാൽ ഇഷ്ടപ്പെടുന്നവർക്ക് അപൂർവ്വമായ ദൃശ്യാനുഭവവും അസ്തിത്വ ചിന്തകളുമാവും ഈ സിനിമ സമ്മാനിക്കുന്നത്. 

Sunday, 19 July 2015

KILLA (2014)



FILM : KILLA (2014)
COUNTRY : INDIA ( LANGUAGE - MARATHI)
GENRE : DRAMA
DIRECTOR : AVINASH ARUN

                  ഇന്ത്യയിലെ സിനിമാ ഇൻഡസ്ട്രികളിൽ വേറിട്ട കാഴ്ചകൾ പലതവണ പകർന്ന  ഇൻഡസ്ട്രിയാണ് മറാത്തി. ഒട്ടേറെ പ്രതിഭാധനരായ അഭിനേതാക്കളും , സംവിധായകരും നിറഞ്ഞു നിൽക്കുന്ന മറാത്തി സിനിമയുടെ മികവിന്റെ മറ്റൊരു സാക്ഷ്യപത്രമാകുന്നു  KILLA. കുട്ടികൾക്കും , ബാല്യകാലത്തിനും പ്രാധാന്യമേകുന്ന ഒരു കമിംഗ് ഓഫ് ഏജ്  എന്ന വിശേഷണത്തിനപ്പുറം ഈ സിനിമയെ ഇമോഷണൽ ഡെപ്ത് ഉള്ള ഒരു ഡ്രാമ  എന്ന് വിളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
                      മാതാവിന്റെ ജോലി സംബന്ധമായ സ്ഥല മാറ്റത്തെ തുടർന്ന് പൂണെയിൽ നിന്നും മഹാരാഷ്ട്രയിലെ കടൽത്തീര ഗ്രാമത്തിലെത്തുന്ന  "ചിന്മായ്"  എന്ന കുട്ടിയുടെയും , അവന്റെ  ചുറ്റുപാടുകളിലൂടെയും  സിനിമ മുന്നേറുന്നു. പുതിയ സൗഹൃദങ്ങളും , ആത്മ സംഘർഷങ്ങളും സിനിമയിൽ സന്തോഷവും , ദുഖവും വിതറുന്നു. സാഹചര്യങ്ങളോട് പൊരുത്തപ്പെടണമെന്ന ജീവിത പാഠങ്ങളെ ഗ്രാമീണതയിൽ എതിരിടുന്ന "ചിന്മായ്"  മനസ്സിൽ തങ്ങിനിൽക്കുന്നത് സിനിമയുടെ റിയലിസ്ടിക്കായ അവതരണം കൊണ്ടാവുന്നു.  അവസാനം ചിന്മയിന്റെ മുഖത്ത് വിരിയുന്ന പുഞ്ചിരിയും , അവന്റെ  കാഴ്ച്ചകളുടെ  തെളിമയും ആത്മസംഘർഷങ്ങളുടെ കോട്ടകളിലൂടെ വെളിച്ചത്തിലേയ്ക്കു നടന്നു കയറാൻ  കഴിഞ്ഞതിനെയാവാം വ്യക്തമാക്കുന്നത്.
                   കുട്ടിക്കാലവും , ഗ്രാമീണതയും ഫ്രൈമുകൾ കയ്യേറുമ്പോൾ കടലും, തീരവും , കുളവും, സൈക്കിളും , സ്കൂളും , കുസൃതികളും , ഇണക്ക-പിണക്കങ്ങളും ഗൃഹാതുരതയുടെ അമൂല്യ ചിത്രങ്ങളായി മനസ്സിൽ അലതല്ലുന്നു. ക്യാമറ വർക്കും , സംഗീതവും, അഭിനയവും  മികച്ചു  നിന്ന സിനിമയിലെ ബാന്ദ്യ എന്ന കഥാപാത്രം മനസ്സിനെ സ്പർശിക്കുന്നു.
                  'എന്റെ എല്ലാ സൗഭാഗ്യങ്ങളും എടുത്തുകൊള്ളൂ , പകരം എന്റെ കുട്ടിക്കാലം തിരിച്ചു തരൂ.... എന്ന  വരികളെ  വീണ്ടും  ഓർമിപ്പിക്കുന്നു ഇത്തരം സിനിമകൾ.


Sunday, 14 June 2015

CLANDESTINE CHILDHOOD (2011)



FILM : CLANDESTINE CHILDHOOD (2011)
GENRE : HISTORY!!! DRAMA
COUNTRY : ARGENTINA
DIRECTOR : BENJAMIN AVILA

              ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുന്ന സിനിമകൾ കാണുമ്പോൾ സിനിമ സമർത്ഥിക്കാൻ ഉദ്ദേശിക്കുന്നതെന്ത് എന്ന ജിജ്ഞാസയുണ്ടാകാറുണ്ട്. സിനിമ ഒരു പഠനോപാധിയാകുന്ന ഇത്തരം കാഴ്ച്ചകളിൽ വീക്ഷണങ്ങളും, വിശകലനങ്ങളും വസ്തുതകളുമായി സ്വരച്ചേർച്ചയിൽ എത്തുന്നുണ്ടോ എന്ന സംശയവും ദുരീകരിക്കേണ്ടതായി  വരും. 1970-കളിൽ അർജന്റീനയിലെ മിലിട്ടറി ഭരണത്തിന്റെ പശ്ചാത്തലത്തിൽ വിപ്ലവകാരികളുടെ കുടുംബ ജീവിതത്തിന്റെ ഏടുകളിലേയ്ക്ക് വെളിച്ചം വിതറുന്ന സിനിമയാണ് CLANDESTINE CHILDHOOD. "RESISTANCE MOVEMENT" പ്രമേയമായുള്ള സിനിമകളിൽ നിന്ന് വിഭിന്നമായി ബാല്യത്തിന്റെ കണ്ണിലൂടെ ഗൌരവതരമായ  പ്രമേയത്തെ അവതരിപ്പിക്കുന്നു ഈ സിനിമ. നിശ്വാസങ്ങളിൽ പോലും പോരാട്ടവും, മരണവും, സ്വാതന്ത്ര്യവും അനുഭവിക്കാവുന്ന ദിനങ്ങളിൽ പ്രണയത്തിന്റെ നനുത്ത സ്പർശം "ഏർണസ്ടോയെ"  തലോടുന്ന മനോഹാരിതയിൽ വിപ്ലവത്തെ നമ്മുടെ കാഴ്ചയിൽ നിന്ന് മറയ്ക്കാതെ തന്നെ പിറകിൽ നിർത്താൻ സിനിമയ്ക്ക് കഴിയുന്നു. പ്രാദേശികതയ്ക്കപ്പുറം ആസ്വാദ്യകരമാകുന്ന തരത്തിൽ സ്വീകാര്യത ആർജ്ജിക്കാൻ സിനിമയെ പ്രാപ്തമാക്കിയ ഘടകവും ഇത് തന്നെയാവണം. രഹസ്യങ്ങൾക്കിടയിൽ കുരുത്ത ബാല്യം സൃഷ്ടിച്ച മറകൾക്കുള്ളിലകപ്പെട്ട ഏർണസ്ടോയുടെ  മനസ്സിന്റെ അകത്തളങ്ങളിലേക്കുള്ള പ്രണയത്തിന്റെ അധിനിവേശം പക്വതയുടെയും, പ്രകടന പരതയുടെയും  അളവുകൾക്കതീതമായ പ്രണയ സൗന്ദര്യം പൊഴിക്കുന്നു. സിനിമയുടെ മിടിപ്പുകൾക്കൊപ്പം സ്പന്ദിച്ച  പശ്ചാത്തല സംഗീതവും വളരെ മികച്ച അനുഭവമേകുന്നു.
                       സംവിധായകന്റെ ജീവിതാംശങ്ങൾ  അടങ്ങിയ ഈ സിനിമ വേദനകളും, നഷ്ടങ്ങളും സമ്മാനിച്ച ഒരു കാലഘട്ടത്തിന്റെ വേറിട്ട അടയാളപ്പെടുത്തലാകുന്നു.   


Wednesday, 27 May 2015

UNDER THE SAME MOON (2007)



FILM : UNDER THE SAME MOON (2007)
COUNTRY : MEXICO
GENRE : DRAMA
DIRECTOR : PATRICIA RIGGEN

              ലാറ്റിനമേരിക്കൻ രാജ്യങ്ങളിലേയും , സെൻട്രൽ അമേരിക്കൻ രാജ്യങ്ങളിലെയും ദരിദ്ര ജീവിതങ്ങൾ സമൃദ്ധിയെക്കുറിച്ചുള്ള മനക്കോട്ടകളോടെ  നിയമ വിരുദ്ധമായി  മെക്സിക്കൻ അതിർത്തി ക്രോസ്സ് ചെയ്ത് അമേരിക്കയിലെത്താൻ ശ്രമിക്കുന്ന കാഴ്ചകൾ പല തവണ അവിടങ്ങളിൽ നിന്നുള്ള സിനിമകളിലൂടെ കണ്ടിട്ടുണ്ട്. പലായനത്തിന്റെയും, യാത്രയുടേയും  വശ്യമാർന്ന കാഴ്ചകൾ എന്നതിനു പകരം ഹൃദയ സ്പർശിയായ ദൃശ്യാനുഭവം ചമയ്ക്കുന്ന UNDER THE SAME MOON എന്ന ഈ സിനിമയും പ്രത്യക്ഷത്തിൽ ഈ വിഷയത്തെയാണ് കൈകാര്യം ചെയ്യുന്നത്. അമേരിക്കയിലുള്ള തന്റെ അമ്മയെ തേടി അതിർത്തി കടക്കുന്ന മെക്സിക്കൻ ബാലന്റെ അനുഭവങ്ങളിലൂടെ ഈ സിനിമ മുന്നേറുന്നു. ഇത്തരം സിനിമകളിൽ സാധാരണ കാണാറുള്ള  ക്രൂരതകളും , അനുഭവ തീക്ഷ്ണതയും കാണാൻ കഴിയാത്ത വിധം ലളിതമായി അവതരിപ്പിക്കപ്പെട്ട ഈ സിനിമ പുതുമയൊന്നും സമ്മാനിക്കുന്നില്ല. എങ്കിലും ഒൻപതു വയസ്സുള്ള  കുട്ടിയായി നിറഞ്ഞു നിന്ന അഭിനേതാവിന്റെ പ്രകടനം ഓർമ്മയിൽ തങ്ങി നിൽക്കുന്നു. പ്രവചനീയമായ ക്ലൈമാക്സ് അതിനാടകീയതയെ അകറ്റി നിർത്തി ലളിതമായി അവതരിപ്പിച്ചതും നന്നായി.