Saturday, 10 November 2018

THE VANISHED ELEPHANT (2014)


FILM : THE VANISHED ELEPHANT (2014)
COUNTRY : PERU
GENRE : MYSTERY
DIRECTOR : JAVIER FUENTES LEON
               പ്രേക്ഷകനെ കുഴക്കുന്ന ചോദ്യങ്ങളെ മുൻനിർത്തിയാണ് മിസ്റ്ററി ജോണറിലുള്ള സിനിമകൾ മുന്നോട്ടു നീങ്ങാറുള്ളത്. പെറുവിയൻ സിനിമയായ ദി വാനിഷ്ഡ് എലഫന്റും ആ കാര്യത്തിൽ വ്യത്യസ്തമല്ല. തന്നെ പ്രശസ്തനാക്കിയ ക്രൈം നോവൽ സീരീസിനും, അതിലെ പ്രധാന കഥാപാത്രത്തിനും അന്ത്യം കുറിക്കാനുള്ള തീരുമാനത്തിലാണ് എഡോ സെലസ്റ്റെ എന്ന ക്രൈം നോവലിസ്റ്റ്. അവസാന അധ്യായം എങ്ങനെ അവസാനിപ്പിക്കണം എന്ന കാര്യത്തിൽ അസ്വസ്ഥനുമാണയാൾ. അയാളുടെ കഥാപാത്രത്തെ  അടിസ്ഥാനമാക്കി ഒരു ഫോട്ടോഗ്രാഫർ  നടത്തിയ ഫോട്ടോ പ്രദർശനത്തിലെ മോഡലിനെ കണ്ടപ്പോൾ തന്റെ മനസ്സിലെ രൂപം തന്നെയെന്ന തിരിച്ചറിവിൽ  അയാൾ അത്ഭുതപ്പെടുകയാണ്. ഏഴു വർഷമായി കാണാനില്ലാത്ത ഭാര്യ ജീവിച്ചിരിപ്പുണ്ട് എന്ന വിശ്വാസത്തിലാണയാൾ ജീവിക്കുന്നത്. അയാളെ കാണാനെത്തുന്ന സ്ത്രീ അയാൾക്ക്‌ നേരെ നീട്ടുന്ന കവറിലെ ഫോട്ടോകൾ ഒരു വലിയ ചിത്രത്തിന്റെ ഭാഗമാണെന്നതും, അയാൾ തേടുന്ന ഉത്തരങ്ങളിലേക്കുള്ള സൂചനകളാണെന്നതും തിരിച്ചറിയുന്നതോടെ  എഡോ സെലസ്റ്റെ അന്വേഷണമാരംഭിക്കുകയാണ്. പല സൂചനകളെയും ചേർത്ത് വച്ച് തന്നെ ചുറ്റി നിൽക്കുന്ന നിഗൂഢതകൾക്കു ഉത്തരം കണ്ടെത്താനുള്ള എഡോ സെലസ്റ്റയുടെ ശ്രമങ്ങളാണ് പ്രേക്ഷകനെ ഈ സിനിമയോട് ചേർത്ത് നിർത്തുന്നത്.
       മിസ്റ്ററിയായതിനാൽ ഇതിനപ്പുറം ഉള്ളടക്കം വെളിപ്പെടുത്തുന്നില്ല. വളരെ കൺഫ്യുസിങ് ആയ രീതിയിൽ വികസിക്കുന്ന ഈ സിനിമ പ്രേക്ഷകന്റെ സൂക്ഷ്മമായ കാഴ്ച ആവശ്യപ്പെടുന്നു. സിനിമയ്ക്കു ശേഷവും ഈ നിഗൂഢതയിലെ വിടവുകൾ തീർക്കാൻ പ്രേക്ഷകർ ശ്രമിക്കുമെന്ന് തന്നെയാണ് തോന്നുന്നത്. സിനിമയിലെ PUZZLE പൂർണ്ണമായി മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞോ എന്നതിൽ സംശയമുണ്ട്. നിങ്ങൾക്ക് അതിനു കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

A MAN OF INTEGRITY (2017)


FILM : A MAN OF INTEGRITY (2017)
GENRE : DRAMA
COUNTRY : IRAN
DIRECTOR : MOHAMMAD RASOULOF
              "ഒന്നുകിൽ അടിച്ചമർത്തുന്നവനാവുക, അല്ലെങ്കിൽ അടിച്ചമർത്തപ്പെട്ട് ജീവിക്കുക". അഴിമതിയും, അനീതിയും മാത്രം നിലനിൽക്കുന്ന സമൂഹത്തെ ഈ വാചകത്തിൽ വ്യക്തമായി കാണാം. സത്യസന്ധത ഒരു അനാവശ്യവും, കുറ്റവുമാകുന്ന സിസ്റ്റത്തിൽ നീതി അനീതിയ്ക്ക് കീഴ്‌പെട്ട് നിൽക്കുന്നത് അത്ഭുതമല്ല. ആദർശങ്ങൾക്ക് നിലനില്പില്ലാത്ത വ്യവസ്ഥിതിയിൽ അതിനെ ചേർത്തുപിടിക്കുന്നത് ബുദ്ധിയുമല്ല. ഈ വിധത്തിലുള്ള തിരിച്ചറിവുകൾ കഥാപാത്രങ്ങളിലൂടെ ഊട്ടിയുറപ്പിക്കപ്പെടുമ്പോൾ വിചാരണ ചെയ്യുന്നത് സിസ്റ്റത്തെ തന്നെയാണ്. ആദർശങ്ങളെ കൈയൊഴിയുന്ന നായകനെ സൃഷ്ടിക്കേണ്ടി വരുന്ന തരത്തിൽ വികൃതമാണ് വ്യവസ്ഥിതിയെന്ന് ഉറക്കെവിളിച്ചു പറയുന്നു A MAN OF INTEGRITY.
            അലങ്കാര മത്സ്യകൃഷി നടത്തുന്ന റെസ, സ്‌കൂൾ പ്രിൻസിപ്പലായ ഭാര്യ, ഏകമകൻ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ പ്രശ്നങ്ങളിലൂടെ ഇറാനിയൻ സമൂഹത്തിന്റെ ജീർണ്ണതകളെ തുറന്നു കാട്ടുന്നു റാസലോഫ്. കൃഷിയിടത്തിലേക്കുള്ള ജലസ്രോതസ്സ് ബ്ലോക്ക് ചെയ്തും, വ്യാജരേഖയൊരുക്കി കള്ളക്കേസുണ്ടാക്കിയും, പരാതികളെ അട്ടിമറിച്ചും പണവും, അധികാരവുമുള്ളവർ REZA എന്ന ആദർശവനായ സാധാരണക്കാരനെ കുരുക്കുകയാണ്. അയാളുടെ നിസ്സഹായാവസ്ഥ അഴിമതി ഗ്രസിച്ച വ്യവസ്ഥിതിയിലെ സാധാരണക്കാരന്റേത് തന്നെയാകുന്നു. നീതിക്കു വേണ്ടിയുള്ള അയാളുടെ ശ്രമങ്ങളെല്ലാം കൂടുതൽ നഷ്ടങ്ങളിലേക്ക് നയിക്കുന്നതോടെ, ദുഷിച്ച വ്യവസ്ഥിതിയുടെ പ്രായോഗിക രീതികളിലൂടെ തിരിച്ചടിക്കാൻ അയാൾ നിർബന്ധിതനാവുന്നു.
          സമൂഹ വ്യവസ്ഥിതിയുടെ രീതികൾക്ക് വഴങ്ങി നിസ്സഹായതയോടെ ജീവിക്കുന്നവരെ തന്നെ അതിന്റെ ജീർണ്ണതയുടെ പ്രയോക്താക്കളായി ഉപയോഗപ്പെടുത്തുന്നു എന്നതും സിനിമ ചൂണ്ടിക്കാണിക്കുന്നു. മതമൗലിക വാദത്തിന്റെ ഇടപെടലുകളെ ചെറിയ തോതിലെങ്കിലും തീവ്രതയോടെ കോറിയിടുന്നുണ്ട് ഈ സിനിമ. തിരുത്തപ്പെടേണ്ട വ്യവസ്ഥിതിയോട് കലഹിക്കുന്നവയാണ് റാസലോഫിന്റെ സിനിമകൾ. "ശരികൾ" മാത്രമുള്ള വ്യവസ്ഥിതി ഉദയം ചെയ്യുന്ന കാലം വരെയും കല കൊണ്ട് കലഹിക്കുന്നവരുമുണ്ടാകും.......

Tuesday, 6 November 2018

OBLIVION VERSES (2017)


FILM : OBLIVION VERSES (2017)
GENRE : DRAMA
COUNTRY : CHILE
DIRECTOR : ALIREZA KHATAMI
             ഇറാനിയൻ സംവിധായകനായ ALIREZA KHATAMI ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയെന്നതാണ് OBLIVION VERSES എന്ന സിനിമയുടെ ഒരു പ്രത്യേകത. ഒരു പഴയ മോർച്ചറിയുടെ നടത്തിപ്പുകാരനായ വൃദ്ധനാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രം. സ്വന്തം പേരുൾപ്പെടെ ഒരു പേരും ഓർമ്മയിൽ നിൽക്കാത്ത, എന്നാൽ മറ്റെല്ലാ കാര്യങ്ങളും വളരെ സൂക്ഷ്മതയോടെ ഓർത്തെടുക്കുന്ന അയാളിലും, മറവു ചെയ്യപ്പെടുന്ന ഓരോരുത്തരുടെയും ജീവിതകഥ പറയുന്ന അന്ധനായ കുഴിവെട്ടുകാരനിലും നിഴലിക്കുന്ന AMBIGUITY തന്നെയാണ് സിനിമയിലുടനീളം കാണാനാവുന്നത്. ഒരു കഥാപാത്രത്തിനും പേരില്ലെന്നതുപോലെ, പ്രാദേശിക പശ്ചാത്തലം ഏതെന്നതും സിനിമ വ്യക്തമാക്കുന്നില്ല. എന്നിരുന്നാലും, സിനിമയിലെ രാഷ്ട്രീയ സൂചനകളെ പല രാജ്യങ്ങളിലെയും സ്വേച്ഛാധിപത്യ ഭൂതകാലങ്ങളോട് കൂട്ടിവായിക്കാം. വിപ്ലവകാരികളുടെയും, പ്രതിഷേധക്കാരുടെയും മൃതദേഹങ്ങളെ ഒളിപ്പിക്കാനുള്ള ഇടമാക്കി മോർച്ചറിയെ മാറ്റുന്ന രഹസ്യ പോലീസിന്റെ പാതിരാ റൈഡും, സംഭാഷണങ്ങളിൽ നിന്നും, കഥാപാത്രങ്ങളിൽ നിന്നും ചുരണ്ടിയെടുക്കാവുന്ന രാഷ്ട്രീയാവസ്ഥകളെ കുറിക്കുന്ന ഭീതികളും പോയകാലങ്ങളെ കുറിച്ചും, ഇന്നും നിലകൊള്ളുന്ന ഒറ്റപ്പെട്ട യാഥാർത്യങ്ങളെ കുറിച്ചുമുള്ള സിനിമയുടെ മർമ്മരങ്ങളാകുന്നു. നന്മയും, ആത്മാർത്ഥതയുമെല്ലാം നിയമവിരുദ്ധവും അസ്വീകാര്യവുമായ വ്യവസ്ഥിതിയുടെ ഇരയായി പുറന്തള്ളപ്പെടുന്ന അയാൾ, മോർച്ചറിയിൽ അവശേഷിക്കുന്ന ഏക മൃതദേഹം അർഹമായ രീതിയിൽ സംസ്കരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.
       വളരെ സ്ലോ ആയ ഒരു രീതിയാണ് സിനിമയുടേത്. സംഭാഷണങ്ങൾ കുറവായ ഈ സിനിമയിലെ ഫ്രെയിമുകൾ പലതും സൂക്ഷ്മതയോടെ വിശകലനം ചെയ്യേണ്ട വിധം സിംബോളിക് ആയാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. റിയലായ കഥാപാത്രങ്ങൾക്കൊപ്പം അൺറിയൽ  കഥാപാത്രങ്ങളും, സംഭവങ്ങളുമെല്ലാം ഉൾച്ചേർന്നു വരുന്നത് സിനിമയെ പല തലങ്ങളിലേക്ക് വികസിപ്പിക്കാൻ കാരണമാകുന്നു. റേഡിയോയിൽ കേൾക്കുന്ന തിമിംഗലങ്ങളെ കുറിച്ചുള്ള വാർത്തകളും, ആകാശത്തിൽ പറന്നുയരുന്ന ഏകനായ തിമിംഗലവുമെല്ലാം ദുർഗ്രാഹ്യമായ ചിത്രങ്ങളാകുന്നു. തീരത്തു ചത്തൊടുങ്ങുന്ന തിമിംഗലങ്ങളും, അതിജീവിക്കുന്ന തിമിംഗലവും, സ്വന്തക്കാരെ പിരിയാൻ കഴിയാത്ത അവയുടെ പ്രകൃതവുമെല്ലാം ശബ്ദവും, ദൃശ്യങ്ങളുമായി പ്രേക്ഷകനിലേക്കു സൂചനകളായി വന്നുചേരുന്നത്, കുടുംബം നഷ്ടപ്പെട്ട അയാളുടെ ഏകാന്തമായ ജീവിതത്തെ ചിന്തകളിൽ നിറയ്ക്കാനായിരുന്നോ എന്നതാണ് എന്നിലുണർന്ന സംശയം. അബ്ബാസ് കൈരാസ്തോമിയെ ഓർമിപ്പിച്ച ഈ സിനിമ എല്ലാത്തരം പ്രേക്ഷകർക്കും ചേർന്നതല്ല എന്ന കാര്യം പറയുന്നതിനോടൊപ്പം, ഈ കുറിപ്പിൽ പറഞ്ഞതിനപ്പുറം ആഴം ഈ സിനിമയ്ക്കുണ്ട് എന്ന ഓർമ്മപ്പെടുത്തലോടെ നിർത്തുന്നു.

Sunday, 28 October 2018

DOGMAN (2018)


FILM : DOGMAN (2018)
GENRE : DRAMA !!! THRILLER
COUNTRY : ITALY
DIRECTOR : MATTEO GARRONE
         "മനുഷ്യൻ" എന്ന പദം  ഏറ്റവും സുന്ദരമോ, നികൃഷ്ടമോ ആകുന്നത് അവന്റെ മനസ്സിന്റെ സഞ്ചാരപഥങ്ങളെ  പിന്തുടർന്ന് അവനിലേക്ക് സൂക്ഷ്മതയോടെ നോക്കുമ്പോഴാണ്. നിഷ്ക്കളങ്കതയുടെ എല്ലാ ഭാവങ്ങളും പ്രത്യക്ഷത്തിൽ പ്രസരിപ്പിക്കുന്ന ആൾ തിന്മയോട് കണ്ണിചേരുന്ന വൈരുദ്ധ്യം കൂടിയാണ് മനുഷ്യമനസ്സിന്റെ ഐഡന്റിറ്റി. പരസ്പര വിരുദ്ധമായ ധ്രുവങ്ങളിലേക്ക് OSCILLATE ചെയ്യപ്പെടാനുള്ള സാധ്യതയും, ശേഷിയും തന്നെയാണതിന്റെ സവിശേഷതയും. അത്തരത്തിലുള്ള സാധ്യതകളിലേക്ക് നയിക്കുന്നതോ?.... ജീവിതമെന്ന യാഥാർത്യവും.
         DOGMAN  എന്ന ഇറ്റാലിയൻ സിനിമ എന്നിലുണർത്തിയ ചിന്തകളാണ് മുകളിൽ എഴുതിയിട്ടുള്ളത്. സിനിമയെക്കുറിച്ചു പറയുകയാണെങ്കിൽ അത് മാഴ്‌സലോയിൽ നിന്ന് തുടങ്ങണം, അയാളിലൂടെ മുന്നേറണം, അയാളിൽ തന്നെ അവസാനിപ്പിക്കുകയും വേണം. നായകളെ പരിപാലിക്കുന്നതിൽ വൈദഗ്ധ്യമുള്ള മാഴ്‌സലോ എല്ലാവർക്കും പ്രിയങ്കരനാണ്. വാക്കിലും, ശരീരഭാഷയിലും, പ്രവർത്തിയിലും അയാളുടെ നന്മകളെ തിരിച്ചറിയാനാവുന്നതാണ് അതിന്റെ കാരണങ്ങളിലൊന്ന്. വാത്സല്യ നിധിയായ പിതാവായും, സാമ്പത്തിക പരാധീനതകൾക്കിടയിലും മകളുടെ ആഗ്രഹങ്ങളെ മാനിക്കുന്നയാളായും മാഴ്‌സലോയെ കാണാം. സാമ്പത്തിക  ഞെരുക്കങ്ങളെ  മെരുക്കിയെടുക്കാനുള്ള വഴിയാണ് ചെറിയ തോതിലുള്ള അയാളുടെ ഡ്രഗ് ഡീലുകൾ. അക്രമങ്ങളിൽ നിന്നും , കുറ്റകൃത്യങ്ങളിൽ നിന്നും പരമാവധി വിട്ടുനിൽക്കാൻ ശ്രമിക്കുന്നയാളാണ് മാഴ്‌സലോ. തന്റെ കസ്റ്റമറായ സിമോൺ എന്ന വാഴക്കാളിയുമായുള്ള സൗഹൃദം കനക്കുന്നതോടെ സാഹചര്യങ്ങൾ സങ്കീർണ്ണമാകുന്നു. ഈ പ്രശ്‍നങ്ങളെ എങ്ങനെയാണ് മാഴ്‌സലോ നേരിടുന്നത്?..... അതിനപ്പുറം മാഴ്‌സലോയെന്ന വ്യക്തിയ്ക്ക് എന്ത് സംഭവിക്കുന്നു?..... ഇതിനുള്ള ഉത്തരങ്ങൾ സിനിമയിൽ നിന്ന് തേടുന്നതാണ് ഉത്തമം.

സൂക്ഷ്മദർശിനിയിലൂടെ നോക്കുമ്പോൾ 


        നിർബന്ധങ്ങൾക്ക് വശംവദനായി കുറ്റകൃത്യങ്ങളിൽ പങ്കുകൊള്ളേണ്ടി വരുന്ന സാഹചര്യങ്ങളിലെല്ലാം നിസ്സഹായതയെ സ്ഫുരിക്കുന്ന അയാളുടെ മുഖത്തിനു പിറകിൽ അതിനോട് സന്ധി ചെയ്തു കഴിഞ്ഞ മനസ്സ് ഒളിച്ചിരിക്കുന്നതായി കാണാം. നന്മകളുടെ ആധിക്യങ്ങൾക്കിടയിൽ ഒന്നുമല്ലാത്തതെന്ന രീതിയിൽ ഇടം പിടിക്കുന്ന തിന്മകൾ അവസരോചിതമായി ഉപരിതലത്തിലേക്കു പൊന്തിവരുന്നതാണ് ഇവിടെ ദർശിക്കാവുന്ന യാഥാർത്യം. മാഴ്‌സലോയുടെ വിഷമതകൾ അയാളുടെയും കൂടി സൃഷ്ടികളല്ലേ(?) എന്ന  ചോദ്യവും സിനിമ തൊടുക്കുന്നു. അകവും പുറവും മറയില്ലാത്ത വിധം തുറന്നു കാട്ടുന്ന സിമോണിനോളം തിന്മ അകമനസ്സിൽ മാഴ്‌സലോയും പേറുന്നുണ്ട് എന്നാണ് തോന്നിയത്. ഭീഷണികൾ ചെലുത്തുന്ന ഭീതിയാണ് മാഴ്‌സലോയെ സിമോണിനൊപ്പം ചേർക്കുന്നതെങ്കിലും, ഭീതിതമായ രൂപത്തിലേക്ക് സിമോണിനെ ഒരുക്കിയെടുക്കുന്നതിൽ മാഴ്‌സലോയ്ക്കും പങ്കുണ്ടെന്നതാണ് സത്യം. നിസ്സഹായതയോടെ കൂട്ടുകൂടേണ്ടി വരുന്ന തിന്മയുടെ ഓഹരി മാഴ്‌സലോയുടെ  നേരെ  വച്ചുനീട്ടുമ്പോൾ അയാളിലെ  നിഷ്കളങ്കത ലോപിച്ചു പോകുന്നതായും തോന്നുന്നു. സിമോണിനെ ഒറ്റുകൊടുക്കാതെ ജയിൽ ശിക്ഷയെ ആശ്ലേഷിക്കാൻ മാഴ്‌സലോയെ പ്രേരിപ്പിച്ചതെന്താവാമെന്ന ചിന്തയിൽ യുക്തിയെ ഒപ്പം കൂട്ടിയപ്പോൾ തോന്നിയത്, അയാളുടെ സുരക്ഷയെ കരുതിയാകുമെന്നാണ്. എന്നാൽ, അതിനപ്പുറം ചിന്തിക്കാനുള്ള കുടിലത ആ നിഷ്കളങ്കതയുടെ ആവരണത്തിനുള്ളിൽ  വാഴുന്നുണ്ടെന്നത് തിരിച്ചറിവ് കൂടിയായിരുന്നു. നിസ്സഹായതയും, നിരാശയും,ദേഷ്യവും, പ്രതികാരദാഹവുമെല്ലാം ആ ശുഷ്ക ശരീരത്തിനുള്ളിൽ നിന്ന് തീവ്രതയോടെ പുറത്തു വരുന്നത് കാണേണ്ടത് തന്നെയാണ്. തന്നെക്കാൾ വലിയ നായകളെ  "ഇര" കാട്ടി വരുതിയിലാക്കി മെരുക്കിയെടുക്കുന്ന ലാഘവത്തോടെ ഭീമാകാരനായ സിമോണിനെ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്ന മാഴ്‌സലോ വൈരുദ്ധ്യങ്ങളുടെ കലവറയായ മനുഷ്യമനസ്സിനെ പ്രതിനിധീകരിക്കുന്ന ഉദാഹരണങ്ങളിലൊന്നാകുന്നു.
          സിനിമയുടെ തീമിനോടും, ഫീലിനോടും ചേർന്ന് നിൽക്കുന്ന സിനിമാട്ടോഗ്രഫിയും, മാഴ്‌സലോ എന്ന കഥാപാത്രമായി വിസ്മയിപ്പിച്ച MARCELLO FONTE എന്ന നടന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. മനുഷ്യമനസ്സിന്റെ ഇരുളിടങ്ങളെക്കുറിച്ചുള്ള ചിന്തകളെ എനിക്ക് സമ്മാനിച്ച ഈ സിനിമ ഒരു MUST WATCH തന്നെയാണെന്നാണ് എന്റെ "മനസ്സ്" പറയുന്നത്.

Friday, 26 October 2018

KILOMETRE ZERO (2005)


FILM : KILOMETRE ZERO (2005)
GENRE : DRAMA !!! WAR
COUNTRY: IRAQ
DIRECTOR : HINER SALEEM
              "WE ARE FREE , WE ARE FREE" , മനോഹരങ്ങളായ ഈ വാക്കുകൾ അക്കോയും സെൽമയും ഉറക്കെ പറയുന്നത് പാരീസിന്റെ മണ്ണിൽ നിന്നുകൊണ്ടാണ്. അവരുടെ ശബ്ദത്തിൽ അലിഞ്ഞിട്ടുള്ള അതിരറ്റ ആനന്ദത്തിന്റെ തീവ്രതയെ ഉൾക്കൊള്ളണമെങ്കിൽ 1980-കളുടെ അവസാനത്തിലെ ഇറാഖി-കുർദ് മേഖലയിലെ സംഭവങ്ങളിലേക്ക് കണ്ണോടിക്കണം. സദ്ദാമിന്റെ സ്വേച്ഛാധിപത്യത്തിൽ നടന്ന കുർദ്ദ് വേട്ടയുടെ കാലഘട്ടത്തിലാണ് അക്കോയെ നമ്മൾ കാണുന്നത്. കുർദ്ദിസ്ഥാൻറെ കാര്യത്തിൽ അഭിമാനം കൊള്ളുന്ന അയാളെ ഇറാഖി സൈന്യത്തിൽ  നിർബന്ധിത  സേവനത്തിനായി കൊണ്ടുപോവുകയാണ്. ഇറാഖി സൈന്യത്തിന്റെ ഭാഗമായി ഇറാൻ-ഇറാഖ് അതിർത്തിയിൽ യുദ്ധം ചെയ്യുന്നതിനിടെ , യുദ്ധത്തിൽ മരണപ്പെട്ട ഒരാളുടെ മൃതദേഹത്തിന് അകമ്പടിയായി പോകാൻ അക്കോയെ ചുമതലപ്പെടുത്തുന്നു. അറബ് വംശജനായ ഡ്രൈവർക്കൊപ്പം, മൃതദേഹം വഹിച്ചു യാത്രയാകുന്ന അക്കോയ്ക്ക് മനസ്സിൽ മറ്റു പ്ലാനുകളും ഉണ്ടായിരുന്നു.
          വംശീയമായ വിവേചനങ്ങളെ  വ്യക്തമായി തന്നെ സിനിമ ദൃശ്യമാക്കുന്നുണ്ട്. കറുത്ത ഹാസ്യത്തിന്റെ നിഴലിൽ അവതരിപ്പിക്കപ്പെട്ട രംഗങ്ങളാൽ സമ്പന്നമായ ഈ സിനിമ, ഒരു കാലഘട്ടത്തെ ഓർമ്മയിലേക്കെത്തിക്കുന്നു. ഇന്നും  അവിടത്തെ സ്ഥിതിയിൽ മാറ്റം വന്നിട്ടുണ്ടോ? എന്ന ചിന്തയും ബാക്കിയാക്കുന്നു......

Friday, 19 October 2018

RIPHAGEN (2016)


FILM : RIPHAGEN (2016)
COUNTRY : NETHERLANDS
GENRE : DRAMA !! HISTORY !! WAR !! THRILLER
DIRECTOR : PIETER KUIJPERS
              ചരിത്രം വീക്ഷിച്ച ക്രൂരതകളിൽ നായകത്വമണിഞ്ഞവർക്ക് അവരുടേതായ ലക്ഷ്യങ്ങളുണ്ടായിരുന്നു. അധികാരത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിൽ അവർ ഹേതുവായ ക്രൂരതകളെ അവരുടെ മനസാക്ഷി കണ്ടില്ലെന്നു നടിച്ചിട്ടുണ്ടാവണം. വെറുപ്പ് വിതറി വിജയങ്ങളും, സ്വാർത്ഥ ലാഭങ്ങളും, അധികാരങ്ങളും കൊയ്തെടുത്തവർക്കു പിന്നിൽ ചതിയന്മാരുടെയും, ഒറ്റുകാരുടെയും വൻനിര തന്നെ കാണാവുന്നതാണ്. നിസ്സഹായതകളെയും, വിശ്വാസത്തെയും മുതലെടുപ്പ് നടത്തി, ദ്രംഷ്ടകൾ ഉള്ളിലൊളിപ്പിച്ചു , ചേർത്ത് നിർത്തുന്ന വ്യാജേന ഞെരിച്ചു ഇല്ലായ്മ ചെയ്യുന്ന വഞ്ചകന്മാരും ചരിത്രത്തിന്റെ ഏടുകളിലെ ക്രൂരതയുടെ പ്രാതിനിത്യങ്ങളാകുന്നു. ചരിത്രത്തിലെ അത്തരമൊരു വ്യക്തിയിലേക്കും, അയാളുടെ ചെയ്തികളിലേക്കുമാണ് RIPHAGEN എന്ന ഡച്ചു  സിനിമ ക്യാമറ തിരിക്കുന്നത്.
           രണ്ടാം ലോകമഹായുദ്ധ കാലത്തെ നെതർലാൻഡിലെ നാസി അധിനിവേശത്തിനിടയിലെ ജൂതവേട്ടയുടെ പശ്ചാത്തലത്തിലുള്ള സംഭവങ്ങളാണ് സിനിമയിലുള്ളത്. ജീവഹാനി ഭയന്ന് ഒളിവിൽക്കഴിയുന്ന ജൂതരുടെ വിശ്വാസം നേടിയെടുത്ത്, അവരിൽ നിന്ന് വിലപ്പെട്ടതെല്ലാം കൈവശപ്പെടുത്തി ഒറ്റുകൊടുക്കുന്ന ക്രിമിനലാണ് റിഫാഗൻ. സമർത്ഥനായ ഒരു കുറ്റവാളിയെയാണ് അയാളുടെ ചെയ്തികളെ വീക്ഷിക്കുമ്പോൾ കാണാനാവുക. കുബുദ്ധി കൊണ്ടും, വാഗ്സാമർഥ്യം കൊണ്ടും നുണകളെ വിശ്വസിപ്പിച്ചെടുത്ത്  അധികാരികളെപ്പോലും വിഡ്ഢികളാക്കിയ  റിഫാഗന്റെ യഥാർത്ഥ ജീവിതത്തെ തിരശീലയിലേക്കു പടർത്തിയ ഈ സിനിമ ചെറിയ തോതിൽ ത്രില്ലിംഗ് എലമെന്റുകളെയും പ്രേക്ഷകനായ് കരുതിവെയ്ക്കുന്നുണ്ട്.
          രണ്ടാം ലോകമഹായുദ്ധവും അത് സൃഷ്ടിച്ച സാഹചര്യങ്ങളും അനവധി സിനിമകൾക്ക്   പ്രചോദനമായിട്ടുണ്ട്. ഇരുൾ പടർന്ന ആ കാലത്തിലേക്ക് ക്യാമറയുടെ  വെളിച്ചം തൂവി അവിശ്വസനീയമായ പലതും സിനിമയുടെ രൂപത്തിൽ ഇനിയും വരുമെന്നതും ഉറപ്പാണ്. മനസ്സ് മരവിപ്പിക്കുന്ന മനുഷ്യത്വ രഹിതമായ ക്രൂരതകളുടെ രക്തം പുരണ്ട കൈകളുമായി മാനവികതയ്ക്കു നേരെ അട്ടഹസിച്ചവരെ കാലം തിരസ്ക്കരിച്ചെങ്കിലും, പ്രതീക്ഷയും, ആശ്വാസവുമായ നീതി വൈകിയെങ്കിലും വന്നണഞ്ഞോ എന്ന് ചരിത്രത്തിലേക്ക് നോക്കി നെടുവീർപ്പിട്ടു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.  

Thursday, 18 October 2018

THE BAG OF FLOUR (2012)


FILM : THE BAG OF FLOUR (2012)
COUNTRY : BELGIUM
GENRE : DRAMA
DIRECTOR : KADIJA LECLERE
             ചില അഭിനേതാക്കളുടെ സാന്നിധ്യം സിനിമയേക്കുറിച്ചുള്ള  പ്രതീക്ഷയ്ക്ക് കാരണമാവാറുണ്ട്. അനവധി മികച്ച സിനിമകളുടെ ഭാഗമായിട്ടുള്ള ഹിയാം അബ്ബാസ് എന്ന നടിയുടെ സാന്നിദ്ധ്യമാണ് ദി ബാഗ് ഓഫ് ഫ്ലോർ എന്ന ബെൽജിയൻ സിനിമ കാണാൻ കാരണമായത്. പ്രതീക്ഷ വെറുതെയായില്ല എന്ന് തന്നെ പറയാം.
         ബെൽജിയത്തിലെ ഒരു കൃസ്തീയ പശ്ചാത്തലത്തിലുള്ള ബോർഡിങ് സ്‌കൂളിൽ പഠിക്കുന്ന, കന്യാസ്ത്രീകളുടെ ലാളനയിൽ വളർന്ന, ദൈവകോപത്തെ ഭയക്കുന്ന സാറ എന്ന എട്ടുവയസ്സുകാരിയെ കാണാൻ അവളുടെ യഥാർത്ഥ  പിതാവ് എത്തുകയാണ്. അയാൾക്കൊപ്പം പാരീസിലേക്ക്  യാത്രയാകുന്ന അവൾ ഉറക്കമുണരുന്നത് എല്ലാ നിലയ്ക്കും അപരിചത്വം നിറഞ്ഞ മൊറോക്കൻ ഗ്രാമത്തിലാണ്. വ്യത്യസ്തമായ ഒരു മത-സാമൂഹിക ചുറ്റുപാടിൽ അപരിചിതരായവർക്കിടയിൽ  തനിച്ചാകുന്ന അവൾ പുതിയ ലോകത്തോട് പതിയെ സമരസപ്പെടുന്നതാണ് കാണാനാവുക. എട്ടു വർഷങ്ങൾക്കപ്പുറം സാമൂഹികമായി ഇഴുകിച്ചേരാനായ സാറയെ കണ്ടുമുട്ടാമെങ്കിലും അവളുടെ മനസ്സ് പുസ്തകങ്ങളും,  സ്വാതന്ത്ര്യവും, ആഗ്രഹങ്ങളും പൂത്തുനിൽക്കുന്ന ബെൽജിയൻ ഓർമ്മകളിൽ തന്നെയാണ് ബന്ധിച്ചു നിൽക്കുന്നത്. കുട്ടിക്കാലത്തെ ആ നിറമുള്ള ഓർമ്മകളെ യാഥാർത്യങ്ങളായി തിരിച്ചു പിടിക്കണമെന്നതാണ് അവളുടെ ലക്ഷ്യവും.
        1980-കളിലെ മൊറോക്കൻ ജീവിതത്തിലെ സാംസ്കാരികവും, രാഷ്ട്രീയവുമായ എലമെന്റുകളെ ഫ്രെയിമുകളിൽ നിർത്താൻ സംവിധായിക വിട്ടുപോകുന്നില്ല. അവയെല്ലാം സിനിമയിലെ അനിവാര്യതകളായി സാന്നിധ്യമറിയിക്കുന്നു. ഹഫ്സ ഹെർസയ് നല്ല രീതിയിൽ അവതരിപ്പിച്ച സാറയുടെ കൗമാരകാലത്തിലൂടെ ആ കാലഘട്ടത്തിലെ  പെൺജീവിതത്തെക്കുറിച്ചുള്ള  സാമൂഹിക കാഴ്ചപ്പാടുകളെ ദൃശ്യമാക്കാനും സിനിമ ബോധപൂർവ്വം ശ്രമിച്ചതായി തോന്നി. ലളിതമായി അവതരിപ്പിക്കപ്പെട്ട ഈ സിനിമ, വ്യത്യസ്ത സാംസ്കാരികതകളിൽ ജീവിതത്തെ വീക്ഷിക്കുന്ന സിനിമകൾ ഇഷ്ടപ്പെടുന്നവരെ നിരാശരാക്കില്ല.