FILM : NORTE, THE END OF HISTORY (2013)
GENRE : DRAMA
COUNTRY : PHILIPPINES
DIRECTOR : LAV DIAZ

ഫിലിപ്പിനോ സംവിധായകനായ LAV DIAZ-ന്റെ സമയ ദൈർഘ്യം കുറഞ്ഞ സിനിമകളിൽ ഒന്നാണത്രെ 4 മണിക്കൂർ 10 മിനിട്ട് നീണ്ടു നിൽക്കുന്ന NORTE, THE END OF HISTORY. സമയ ദൈർഘ്യത്തിനൊപ്പം , സാവധാനത്തിലുള്ള കഥ പറച്ചിൽ കൂടിയാവുമ്പോൾ ക്ഷമയും ആസ്വാദന തലവും പ്രത്യേകം പാകപ്പെടുത്തേണ്ടി വരുന്നു. ഈ സിനിമ ആവശ്യപ്പെടുന്ന സിനിമാ പ്രേക്ഷകനാവാൻ സാധിച്ചതിനാൽ ഞാൻ കണ്ട സിനിമകളുടെ കൂട്ടത്തിൽ ഇനി ഈ സിനിമയുമുണ്ടാകും.
ഒരു ബുദ്ധിജീവി എന്ന തോന്നൽ പ്രേക്ഷകനിലുണ്ടാക്കും വിധത്തിൽ അവതരിക്കുന്ന നിയമ വിദ്യാർഥി (SCHOOL DROP OUT) ഫാബിയൻ , സാധാരണ ജീവിതം നയിക്കുന്ന ദരിദ്രരായ ജോക്വിം-ഐതെ ദമ്പതികൾ എന്നിവരാണ് ഈ സിനിമയുടെ നെടുംതൂണുകൾ. ഫാബിയൻ നടത്തുന്ന ക്രൂരമായ ഇരട്ടക്കൊലയ്ക്ക് ശിക്ഷയനുഭവിക്കേണ്ടി വരുന്നത് ജോക്വിം എന്ന നിരപരാധിയാണ്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഫാബിയൻ, ജോക്വിം, ഐതെ എന്നിവരെ പിന്തുടരുകയാണ് ക്യാമറയും നമ്മളും.
സാധാരണ സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഈ സിനിമയുടെ സവിശേഷതയായ സമയ ദൈർഘ്യത്തെ കഥാപാത്രങ്ങളുടെ സൂക്ഷമമായ തലങ്ങളെ വ്യക്തമായി വരച്ചിടാൻ ഉപയോഗിച്ചിരിക്കുന്നതായി കാണാം. സിനിമയിലെ ഏറ്റവും പ്രബലമായ കഥാപാത്രമാകുന്ന ഫാബിയന്റെ ആന്തരിക സംഘർഷങ്ങളുടെ ഹേതുക്കളെ സംഭാഷണങ്ങളിലൂടെയും , ദൃശ്യ സൂചനകളിലൂടെയും നമുക്ക് മനസ്സിലാക്കാം. അരാഷ്ട്രീയവും, അരാജകവുമായ ചിന്തകളാൽ കാടുപിടിച്ച അയാളുടെ മനസ്സ് സ്ഥാപനവത്കൃത അംശങ്ങളെ ശക്തമായി നിരാകരിക്കുന്നു. തന്റെ മൂല്യ-ധർമ്മ സങ്കൽപ്പങ്ങളോട് ചേർച്ചയിലാത്തവയെ ഉന്മൂലനം ചെയ്യണമെന്ന യുക്തിയുടെ അധിപനായി അയാൾ പരിണമിക്കാനുള്ള കാരണം അനീതിയും , അസമത്വവും, കാപട്യവും ഇഴയുന്ന സാമൂഹിക യാഥാർത്യങ്ങളാണ്. സ്നേഹവും, സഹതാപവും, വെറുപ്പും ഒരുപോലെ പ്രേക്ഷക ഹൃദയങ്ങളിൽ ജനിപ്പിക്കാവുന്ന ഉയർച്ച-താഴ്ച്ചകളും, കപട-ക്രൂര പ്രകൃതങ്ങളും ഫാബിയനിൽ സമ്മേളിക്കുന്നു. കപട മൂല്യങ്ങളുടെയും, കപട ബൌദ്ധികതയുടെയും അലോസരപ്പെടുത്തുന്ന ചോദ്യ ചിഹ്നമായും ഫാബിയൻ മാറുന്നു.
നന്മ നിറഞ്ഞ ജോക്വിം, ഐതെ എന്നിവരുടെ ജീവിതത്തെ തകിടം മറിക്കുന്നത് ഫാബിയന്റെ ചെയ്തികളാണ്. ഭർത്താവിന്റെ അഭാവത്തിൽ കുടുംബത്തെയും , തന്നെയും പിടിച്ചുയർത്തേണ്ടി വരുന്ന പ്രതിസന്ധിയിലും , തളരാതെ നന്മയുടെ പക്ഷത്ത് നിലകൊള്ളുന്ന കഠിനാധ്വാനിയായ ഐതെയിലൂടെയും , ജയിലിനുള്ളിലെ ക്രൂരമായ അനീതികൾക്കിടയിലും നല്ല മനുഷ്യനായി തുടരുന്ന ജോക്വിമിലൂടെയും സംവിധായകൻ സംവദിക്കുന്നതെന്താവാം... നന്മ ദുരിതം പേറുകയും , തിന്മ സ്വാതന്ത്ര്യം നുകരുകയും ചെയ്യുന്ന യാഥാർത്യത്തെ തന്നെയാണ് ഈ രംഗങ്ങൾ ഓർമ്മിപ്പിച്ചത്. സ്വന്തം മനസാക്ഷിയുടെ വേട്ടയാടൽ കാരണം നിലയുറപ്പിക്കാനാവാതെ അലയുന്ന ഫാബിയനിലൂടെ മറ്റു ആശയങ്ങളെയും സിനിമയുടെ പ്രമേയത്തോട് കൂട്ടിച്ചേർക്കാൻ ബോധപൂർവ്വം ശ്രമിച്ചതായി കാണാം. മത വിശ്വാസം പോലുള്ള കാര്യങ്ങളെ വ്യക്തിയുടെയും, സമൂഹത്തിന്റെയും സംരക്ഷണം എന്ന നിലയിൽ വാചികവും, ദൃശ്യപരവുമായി നേരിയ തോതിൽ കോറിയിടുന്നു. നീതിയുടെയും, അനീതിയുടെയും, അസമത്വത്തിന്റെയും, കുടുംബ ബന്ധങ്ങളുടെയും , വിശ്വാസത്തിന്റെയും ചിന്തകളുണർത്തിയാണ് ഈ സിനിമ അവസാനിക്കുന്നത്.
സിനിമയുടെ ദൈർഘ്യം അനാവശ്യമായി വലിച്ചു നീട്ടിയ ഒന്നായി തോന്നി. മികച്ച ഒരു എഡിറ്റിങ്ങിലൂടെ കൂടുതൽ ആളുകളെ ആകർഷിക്കുന്ന ഒരു സൃഷ്ടിയാക്കാമായിരുന്നു. കാരണം, പല സീനുകളും പ്രത്യേകിച്ചൊന്നും സംഭവിക്കാതെ സ്റ്റാറ്റിക്ക് ആയി നിലകൊള്ളുന്നവയാണ്. ഒരു പക്ഷെ സിനിമയെ കൂടുതൽ റിയലിസ്റ്റിക്കാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാവാം. അഭിനയവും, സിനിമാറ്റോഗ്രാഫിയും മികച്ചു നിന്നു. ആവർത്തിച്ചു വരുന്ന പല ഫ്രൈമുകൾക്കും വ്യത്യസ്ത ക്യാമറാ ആങ്കിൾ നൽകിയത് ആവർത്തന വിരസത ഒഴിവാക്കി.
ബൌദ്ധികമായ ഒരു ചർച്ചയിലൂടെ ആരംഭിക്കുന്ന ഈ സിനിമ താണ്ടുന്ന ഫ്രൈമുകളിലെ നിശബ്ദതയും , നിശ്ചലതയും, നിർവ്വികാരതയും, ക്രൂരതയും , സഹാനുഭൂതിയും , നിസ്സഹായതയും നിങ്ങളിലെ സിനിമാപ്രേമിയുടെ ആസ്വാദന തലത്തിനും , ക്ഷമയ്ക്കും താങ്ങാനാവുമെങ്കിൽ തീർച്ചയായും ഈ സിനിമ കാണണം എന്നാണ് എന്റെ അഭിപ്രായം.