IFFK-2014 അനുഭവങ്ങൾ
ഞാനും , ചലച്ചിത്ര മേളയും
ഒരു സിനിമ ആസ്വാദകൻ എന്ന നിലയിൽ എന്നെ കൂടുതൽ REFINE ചെയ്ത നിമിഷങ്ങളായിരുന്നു IFFK-2014 ലെ അനുഭവങ്ങളും കാഴ്ചകളും. സ്ക്രീനിലെ ദൃശ്യ വിസ്മയങ്ങൾക്കൊപ്പം , പരിസരങ്ങളിലെ ഊർജ്ജ്വസ്സലമായ ശബ്ദ മുഖരിതമായ അന്തരീക്ഷവും മായാത്ത ചിത്രങ്ങളായി മനസ്സിൽ ബാക്കിയായി. വീണ്ടും വന്നണയാൻ കൊതിപ്പിക്കുന്ന ഉത്സവമായി ചലച്ചിത്ര മേളകൾ മാറുന്നതിന്റെ കാരണങ്ങളെ അനുഭവിക്കാനായതിനെ ലളിതമായി കുറിച്ചിടുകയാണ് ഈ വരികളിൽ.
വ്യക്തികൾ , ചിന്തകൾ, ആശയങ്ങൾ , പ്രതിഷേധങ്ങൾ
നല്ല സിനിമകളെ നെഞ്ചിലേറ്റുന്ന ക്ലാസ് പ്രേക്ഷകർക്കിടയിൽ ഇരുന്ന് മികച്ച
സൃഷ്ടികൾ ആസ്വദിക്കുകയെന്ന അമൂല്യതയാണ് മേള സമ്മാനിക്കുന്നത്.
ആഖ്യാനങ്ങളും, പ്രമേയങ്ങളും, സർഗ്ഗധനരായ സിനിമാ പ്രേമികളും ചിന്തകളിൽ
തീർത്ത ആശയധാരകളുടെ കുത്തൊഴുക്കിൽ മതിമറന്ന് ഉല്ലസിക്കാനായി എന്നതാണ്
സന്തോഷദായകമായ കാര്യം. മേളയുടെ പരിസരങ്ങളിൽ കണ്ടു മുട്ടിയ വ്യക്തികളും,
പലരുമായും നടത്തിയ സംഭാഷണങ്ങൾ പകർന്ന പുതിയ അറിവുകളും, പ്രതിഷേധങ്ങളുടെ
ദുർബലമാവാത്ത വാക്ധോരണികളും ഈ മേളയുടെ സുവനീറുകളായി എന്റെ ഓർമ്മകളിൽ
നിറയും. പെറ്റമ്മ പോലെ പ്രിയപ്പെട്ട മലയാളത്തിൽ സബ് ടൈറ്റിൽ വേണമെന്ന
മുദ്രാവാക്യങ്ങൾക്കിടയിൽ ഞാൻ കണ്ടു മുട്ടിയവരിൽ , IFFK-യിലെ സിനിമാ
സെലക്ഷനെ പ്രകീർത്തിച്ച ജർമ്മൻ വനിതയും, ബോളിവുഡിലെ അന്തസ്സാര ശൂന്യമായ
കാഴ്ച്ചകളിൽ നിന്നും കണ്ണെടുത്ത് IFFK പോലുള്ള മേളകളിലേയ്ക്ക്
പ്രതീക്ഷയോടെ കണ്ണ്‍ പായിക്കുന്ന ഒറിയ ഫിലിം എഡിറ്ററും ഓർമ്മയിലെത്തി.
മനസ്സിലാകുന്ന ഭാഷ മസ്തിഷ്കത്തിലേക്കും , മാതൃഭാഷ ഹൃദയത്തിലേയ്ക്കും
തുളച്ചു കയറുമെങ്കിലും , ഭാഷ-ദേശ അതിർ വരമ്പുകളില്ലാത്ത ഉത്സവമായി IFFK നില
നിൽക്കട്ടെ എന്നതാണ് എന്റെ പക്ഷം.
സിനിമകൾക്കിടയിലുള്ള ഇടവേളകളിലും , ഒരു വേദിയിൽ നിന്ന്
മറ്റൊന്നിലേയ്ക്കുള്ള പരക്കം പാച്ചിലിനിടയിലും , അരാജകത തുളുമ്പി
നിൽക്കുന്ന കുടിയനായ വെളുത്ത തലമുടിക്കാരനെ കണ്ടു. ആൾക്കൂട്ടത്തിലേയ്ക്ക്
അലിഞ്ഞു ചേരുന്ന അയാളുടെ യാചനകളിൽ സർഗ്ഗാത്മകതയുടെ പഴയ വേരുകൾ
കണ്ടെടുക്കാം. ഹിമാലയ സാനുക്കളിൽ നിന്നും കൊണ്ടു വന്ന മാലയും , പുകയാൻ
കാത്തു നിൽക്കുന്ന സിഗരറ്റിനും , കവർന്നെടുക്കാനാവാത്ത സർഗ്ഗാത്മകത എന്നോ
അവശേഷിപ്പിച്ച കവിതകൾക്കും പകരം ലഹരിയുടെ മടിത്തട്ടിലേയ്ക്ക് മയങ്ങി
വീഴാനുള്ള പണത്തിനായുള്ള യാചനകൾ , ഞാനും അയാളും വീണ്ടും സംബന്ധിക്കുന്ന
വേളയിലും കാണാമെന്നായിരുന്നു അനുഭവസ്ഥരുടെ മൊഴികൾ.
തറയിൽ ഇരിക്കുന്നവർക്ക് അസൂയ ഉണ്ടാക്കുന്ന വിധത്തിൽ , ശീതളിമയുടെ സുഖത്തിൽ
കസേര സ്വന്തമാക്കാനുള്ള ആഗ്രഹത്തിൽ അക്ഷമനായി ക്യൂ നിൽക്കുമ്പോൾ എന്റെ
സമീപസ്ഥനോട് ഞാൻ ചോദിച്ച കേവലമായൊരു ചോദ്യത്തിന് കിട്ടിയ മറുപടി , മേള
കൊതിക്കുന്ന സിനിമാ ആസ്വാദനത്തിന്റെ സാക്ഷ്യപ്പെടുത്തലായിരുന്നു. മികച്ച
സിനിമയേതെന്ന എന്റെ ചോദ്യത്തിന് പകരം ലഭിച്ചത് ആഖ്യാനത്തിലെയും ,
പ്രമേയത്തിലെയും, ബഹുത്വം പോലെ ആസ്വാദനത്തിലുമുള്ള PLURALITY-യെ
കുറിച്ചായിരുന്നു. പഴയ മേളകളുടെ അനുഭവങ്ങൾ നിവർത്തി വെച്ച് "മികച്ചത്"
എന്നതിന്റെ ആപേക്ഷികതയെ തുടക്കകാരനായ എന്നെ ബോധ്യപ്പെടുത്തും വിധം
സുദീർഘമായ ചർച്ചയിലെക്കാണ് ആ ചോദ്യം നടന്നു കയറിയത്.
മനസ്സിൽ സിനിമാ സ്വപ്നങ്ങളുമായി വന്ന സിനിമാ വിദ്യാർത്ഥികളും , യുവാക്കളും
ഈ മേളയെ എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് മറ്റൊരു കാര്യം. വിഷ്വൽ
നരേഷനും , തിരക്കഥയുടെ കെട്ടുറപ്പും , ആവർത്തന വിരസതകളും , പ്രമേയത്തിലെ
പുതുമകളും അവരുടെ ചർച്ചകളിൽ നിറയുമ്പോൾ നാളെയുടെ സിനിമ കാഴ്ചകളെക്കുറിച്ച്
ചെറിയ പ്രതീക്ഷകൾ ഉണർന്നു. ലൈക്കുകൾക്ക് വേണ്ടിയുള്ള കേവല ശ്രമങ്ങളായി
മാറുന്ന ഷോർട്ട് ഫിലിം എന്ന മാധ്യമത്തിന്റെ സാധ്യതകളെക്കുറിച്ച്
വേവലാതിപ്പെടുന്നവരും , മിനുട്ടുകൾ കൊണ്ട് നമ്മിലേയ്ക്ക് ആശയങ്ങളെ
തൊടുത്തുവിടുന്ന ലഘു ചിത്രങ്ങളുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു
കുതിക്കുന്നവരും നല്ല നിമിഷങ്ങളേകി.
തീയെറ്ററിനുള്ളിലെ നിശബ്ദതയ്ക്കിടയിൽ അപ്രതീക്ഷിതമായി ഉയരുന്ന കയ്യടികൾ
സിനിമയിലെ ARTISTIC ELEMENTS-നുള്ള നിസ്സീമമായ അനുമോദനങ്ങളായിരുന്നു .
സ്ഥാപനവൽക്കരിക്കപ്പെട്ട പലതിനും എതിരിടങ്ങളിൽ നിൽക്കുവാൻ
ആഗ്രഹിക്കുന്നവരുടെ വാക്കുകളാലും, പ്രവർത്തികളാലും സമരമുഖരിതമായിരുന്നു
തീയേറ്റർ പരിസരങ്ങൾ. ചുംബന സമരവും, നിൽപ്പ് സമരവും, തെരുവ് നാടകങ്ങളും ,
നാടൻ പാട്ടുകളും, ഒറ്റപ്പെട്ട എതിർപ്പുകളും തീർത്ത പ്രതിഷേധ ജ്വാലകളുടെ
ചൂട് അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നുണ്ടായിരുന്നു.
സിനിമകൾ- ഞാൻ കണ്ടവയിൽ , എന്നെ ആകർഷിച്ചവ
മൂന്നു ദിവസങ്ങളിലായി കണ്ട 11 സിനിമകളിൽ നിന്നും കലാപരമായും , ആസ്വാദനപരമായും ഇഷ്ടപ്പെട്ടവയെ പരിചയപ്പെടുത്താനുള്ള ഒരു ചെറിയ ശ്രമം
THE LONGEST DISTANCE (VENEZUELA)
ബന്ധങ്ങളെയും, നന്മയെയും , നമ്മൾ തെരഞ്ഞെടുക്കുന്ന വിധിയെയും
ഓർമ്മിപ്പിച്ച മനോഹരമായ സിനിമ. അംബരചുംബികൾ നിറഞ്ഞ കാരക്കാസ് പട്ടണവും,
ഹരിതാഭ വഴിയുന്ന വെനീസ്വലൻ ഭൂപ്രകൃതിയും പ്രമേയത്തോട് ചേർന്ന് നിൽക്കുന്ന
ശക്തമായ സാന്നിധ്യമാകുന്നു. എല്ലാവരും ആയുധം കരുതേണ്ട തരത്തിൽ അപകടം നിറഞ്ഞ
പട്ടണത്തിൽ മോഷ്ടാക്കളുടെ വെടിയേറ്റ് മാതാവ് മരിക്കുന്നതിനെ തുടർന്ന് ,
ഒരിക്കലും കണ്ടിട്ടില്ലാത്ത അകന്നു കഴിയുന്ന മുത്തശ്ശിയെ തേടി പേരമകൻ
നടത്തുന്ന യാത്രയും , അവരുടെ സംഗമം സൃഷ്ടിക്കുന്ന മനോഹര നിമിഷങ്ങളുമാണ്
സിനിമയുടെ ഉള്ളടക്കം. അതി നാടകീയതയുടെ ആധിക്ക്യമില്ലാതെ തന്നെ നമ്മുടെ
ഹൃദയത്തെ സ്പർശിക്കാൻ ഈ സിനെമയ്ക്കാവുന്നു. ദുരന്തങ്ങളും, സന്തോഷങ്ങളും ,
തെറ്റിദ്ധാരണകളും കുഴഞ്ഞു മറിയുന്ന ഈ സിനിമ തെരഞ്ഞെടുക്കപ്പെടുന്ന
വിധികളെയും, ബന്ധങ്ങളുടെ നൈർമല്യതയെയും , കൊതിപ്പിക്കുന്ന പ്രകൃതി
മനോഹാരിതയെയും മനസ്സിൽ അവശേഷിപ്പിക്കുന്നു.
CORN ISLAND (GEORGIA)
പ്രകൃതിയോട് സമരസപ്പെട്ടും , പോരാടിയും ജീവിതത്തിന്റെ പാകപ്പെടലിനായി
കാത്തിരിക്കുന്ന വൃദ്ധന്റെയും കൊച്ചുമകളുടെയും കഥ. ജോർജിയ-അബ്കാസിയ
എന്നിവയെ വേർത്തിരിക്കുന്ന നദിയിൽ രൂപീകൃതമാകുന്ന ദ്വീപിൽ ചോളം കൃഷി ചെയ്ത്
ജീവിതം കരുപിടിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങളാണ് സിനിമയിൽ. പ്രകൃതിയുടെ
താളത്തിനൊപ്പം ജീവിതത്തിലെ സ്വാഭാവികമായ അനിവാര്യതകളും തലയുയർത്തുന്നതോടെ
സിനിമ കൂടുതൽ ആസ്വാദ്യകരമാകുന്നു. വേറിട്ട കാഴ്ചകളുടെ അവസരമൊരുക്കുന്നു
CORN ISLAND.
TIMBUKTU (MAURITIANIA)
MAURITIANIAN സംവിധായകനായ സിസ്സാക്കോയുടെ TIMBUKTU ജിഹാദി
തീവ്രവാദികളുടെ പിടിയിലമരുന്ന ഗ്രാമത്തിന്റെ കഥ പറയുന്നു. ഗ്രാമ
നിവാസികളുടെ സ്വച്ഛമായ ജീവിതത്തിലേയ്ക്ക് ഉരുക്കു മുഷ്ട്ടികളുമായി
വന്നെത്തി അസ്വാതന്ത്ര്യത്തിന്റെ വിലങ്ങുകൾ അണിയിച്ച് മുന്നേറുന്ന
ജിഹാദികൾക്കൊപ്പം , മതത്തിന്റെ യഥാർത്ഥമായ നന്മ നിറഞ്ഞ, സഹിഷ്ണുതയുടെ
പ്രതീകങ്ങളെയും അവതരിപ്പിക്കാൻ സംവിധായകൻ ശ്രദ്ധിക്കുന്നുണ്ട്.
വിനോദങ്ങൾക്കു പോലും നിരോധനമേർപ്പെടുത്തിയ തീവ്രവാദികൾക്കുള്ള കുട്ടികളുടെ
മറുപടി തീയേറ്ററിനുള്ളിൽ കയ്യടികൾ തീർത്തു. വ്യത്യസ്തമായ സാംസ്കാരിക-ദേശ
പശ്ചാത്തലത്തിൽ ശക്തമായ ഒരു വിഷയത്തിന്റെ ശരിതെറ്റുകളെക്കുറിച്ചുള്ള
ചിന്തകൾ ബാക്കിയാക്കിയ മികച്ച കാഴ്ചയാകുന്നു TIMBUKTU.
DANCING ARABS (ISRAEL)
ഇസ്രായേലിലെ അറബ് വംശജരുടെ ഐഡന്റിറ്റിയെകുറിച്ചുള്ള സൂചനകൾ
നൽകുന്ന ഈ സിനിമ, ഇയാദ് എന്ന അറബ് യുവാവിന്റെയും സഹപാഠിയായ ജൂത
പെണ്‍കുട്ടിയുടെയും പ്രണയത്തിന്റെയും, മസ്ക്കുലാർ ഡിസ്ട്രോഫി എന്ന രോഗം
ബാധിച്ച ജോനാതൻ എന്ന ജൂത യുവാവുമായുള്ള ഇയാദിന്റെ സൗഹൃദത്തിന്റെയും കഥ
പറയുന്നു. അറബ്-മുസ്ലിം സ്വത്വത്തിന്റെ ഒത്തുതീർപ്പുകളിലൂടെ മുന്നേറുന്ന ഈ
സിനിമയും ഇതര പശ്ചിമേഷ്യൻ സിനിമകളിലേതു പോലെ രാഷ്ട്രീയം പറയുന്നുണ്ട്.
മൃദുവെന്ന് തോന്നുമെങ്കിലും രാഷ്ട്രീയത്തിന്റെ ശക്തമായ പ്രതീകങ്ങൾ വാരി
വിതറിയ ഇമേജുകൾ തന്നെയാണ് ഈ സിനിമയിലും കാണാവുന്നത്.
THEY ARE THE DOGS (MOROCCO)
മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച മൊറോക്കൻ സിനിമയായ THEY ARE THE DOGS അറബ്
വസന്തത്തിന്റെ പശ്ചാത്തലത്തിലെടുത്ത ഡോക്യുമെന്ററി സ്റ്റൈലിലുള്ള
റിയലിസ്റ്റിക് സിനിമയാണ്. 30 വർഷത്തിനു ശേഷം ജയിൽ മോചിതനായെത്തുന്ന ഒരാൾ
അഭ്യന്തര വിപ്ലവത്തിൽ കലങ്ങി മറിയുന്ന CASALBLANCA-യിലെ തെരുവുകളിൽ തന്റെ
കുടുംബത്തെ അന്വേഷിക്കുകയാണ്. അയാൾക്കൊപ്പം TV റിപ്പോർട്ടറും , ക്യാമറയും
പിന്തുടരുമ്പോൾ റിയലിസ്റ്റിക്കായ തെരുവ് കാഴ്ചകൾ നമുക്കും
അനുഭവവേദ്യമാകുന്നു. പ്രധാന കഥാപാത്രമായി അഭിനയിച്ചയാളുടെ തകർപ്പൻ
പ്രകടനമാണ് ഈ സിനിമയെ തോളിലേറ്റുന്നത്.
89 (INDIA)
മിസ്‌റ്ററി ത്രില്ലറുകളുടെ ആരാധകർക്കായി ഒരുക്കിയിട്ടുള്ള ബംഗാളി
ത്രില്ലെർ ആണ് 89. ഒരു ഡാർക്ക് മൂഡ് ത്രില്ലെർ രീതിയിൽ കൈകാര്യം
ചെയ്തിട്ടുള്ള ഈ സിനിമ സൈക്യാട്രിസ്റ്റായ നായിക ജയിലിൽ കഴിയുന്ന ഒരു സീരിയൽ
കില്ലറെ കണ്ടെത്തി അയാളുമായി സംഭാഷണങ്ങളിൽ എർപ്പെടുന്നതോടെ താളം
കണ്ടെത്തുന്നു. കൊലപാതകിയെ കാണാൻ ശ്രമിക്കുന്നതിന്റെ കാരണവും, അവരുടെ
സംഭാഷണങ്ങളിലെ മിസ്‌റ്ററിയുമാണ് സിനിമയെ ഉദ്വേഗജനകമാക്കുന്നത്. NON
LINEAR രീതിയിൽ പുരോഗമിക്കുന്ന ആദ്യ ഭാഗങ്ങളും, LINEAR രീതി കൈവരിക്കുന്ന
അവസാന ഭാഗങ്ങളും , ബാക്ക്ഗ്രൌണ്ട് മ്യൂസിക്കും സിനിമയുടെ GENRE-നെ
ന്യായീകരിക്കുന്നു. ക്ലൈമാക്സ് കിടിലമൊന്നുമല്ലെങ്കിലും , കഥയുടെ
കെട്ടുറപ്പിൽ പ്രശ്നങ്ങളുണ്ടെങ്കിലും ത്രില്ലെർ അനുഭവമേകുന്ന സിനിമ
തന്നെയാണ് 89.
ഈ കുറിപ്പിന് വിരാമമിടുന്നതിന് മുമ്പ് പറയാനുള്ളത്
വെറും 3 ദിവസത്തെ ആയുസ്സ് മാത്രമുണ്ടായ എന്റെ മേള അനുഭവങ്ങളെയാണ്
മുമ്പേ കുറിച്ച വരികളിലൂടെ പകരാൻ ശ്രമിച്ചത്. ഇന്ത്യയിലെ മികച്ച മേളകളിൽ
ഒന്നിന്റെ സംഘാടനം പാളിച്ചകൾ നിറഞ്ഞതായിരുന്നു എന്നത് പകൽ പോലെ
വ്യക്തമായിരുന്നു. കയ്യൂക്കുള്ളവൻ കാര്യക്കാരനായ നിമിഷങ്ങളിൽ എന്റെ
യുവത്വത്തിന്റെ ഊർജ്ജ്വസ്വലതയെ ആശ്രയിക്കേണ്ടിയും വന്നു. എല്ലാവർക്കും
സ്വസ്ഥമായി സിനിമകൾ ആസ്വദിക്കാവുന്ന രീതിയിൽ മികവുറ്റ സംഘാടനം അടുത്ത തവണ
ഉണ്ടാകുമെന്ന ശുഭ പ്രതീക്ഷയോടെ, നല്ല സിനിമകൾക്ക് തീയേറ്റർ പോലും
ലഭ്യമാക്കാനാവാത്ത നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെയാണ് ചലച്ചിത്ര മേളയിലെ
വൻ ജനപങ്കാളിത്തവും ഉണ്ടാകുന്നതെന്ന വിരോധാഭാസത്തിലുള്ള അത്ഭുതത്തോടെ ,
അടുത്ത തവണയും മേളയ്ക്ക് പോകണമെന്ന ആഗ്രഹത്തോടെ നിർത്തുന്നു.
ഷഹീർ ചോലശ്ശേരി