Thursday, 9 July 2020

THE GUIDE (2014)


FILM : THE GUIDE (2014)
COUNTRY : UKRAINE
GENRE : DRAMA !!! HISTORY
DIRECTOR : OLES SANIN
         മൂടിക്കിടക്കുന്ന ചാരം മാറ്റി അതിനടിയിലെ ചരിത്രത്തിന്റെ കനലുകളുടെ ചൂടേൽക്കേണ്ടതുണ്ട് പുതുതലമുറ. ചരിത്രത്തിന്റെ വായനകളും, പുനർവായനകളും വസ്തുതകളെ മാത്രമല്ല പകരുന്നത്. അതിനപ്പുറം സാംസ്കാരികമായ വീണ്ടെടുപ്പുകളൂം, തിരിച്ചറിവുകളുമാണ് അത്തരം ശ്രമങ്ങൾ പകരുന്നത്. ഇന്നിൽ നിന്ന് ഇന്നലെകളിലേയ്ക്ക് നോക്കുമ്പോൾ എന്താണ് കാണുന്നത് എന്നത്, നോട്ടത്തിന്റെ ആഴവും, ആഗ്രഹവും,  ഉദ്ദേശവുമെല്ലാം തീരുമാനിക്കുന്നതാണ്. എന്നിരുന്നാലും ഒരിക്കലെങ്കിലും സ്വേച്ഛാധിപത്യത്തിന്റെ ഉരുക്കുമുഷ്ടികൾ പതിഞ്ഞ ജനതയുടെ ഇന്നലെകളിൽ വേദനയും, സഹനവും, പ്രതിരോധങ്ങളും, അതിജീവനങ്ങളും തന്നെയാകും നിറഞ്ഞു നിൽക്കുന്നത്. ഏതൊരു ചരിത്രവായനയേയും പിന്തുടരുമ്പോൾ നിഷ്പക്ഷതയുടെ പക്ഷം ചേർന്ന് നടക്കുന്നത് തന്നെയാണ് അഭികാമ്യം. ചരിത്രത്തെക്കുറിച്ച്  ഇത്രയും കുറിച്ചത് ഒരു സിനിമയെ പരിചയപ്പെടുത്താനാണ്. 2014-ൽ പുറത്തിറങ്ങിയ യുക്രൈനിയൻ സിനിമയായ "ദി ഗൈഡ്". 1930-കളിലെ സോവ്യറ്റ് ഭരണത്തിനു കീഴിലുള്ള ചരിത്ര പശ്ചാത്തലമാണ് സിനിമയ്ക്കുള്ളത്.
           ദി ഗൈഡ് എന്ന ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ പീറ്റർ എന്ന കുട്ടിയും, ഇവാൻ എന്ന അന്ധനായ KOBZAR ഗായകനുമാണ്. അമേരിക്കൻ കമ്മ്യുണിസ്റ്റായ പീറ്ററിന്റെ അച്ഛനെ ഒരു രഹസ്യ ഡോക്യുമെന്റ് കൈവശം വെച്ചത് കാരണം സോവ്യറ്റ് രഹസ്യപ്പോലീസ് വധിക്കുകയാണ്. രഹസ്യപ്പോലീസിന്റെ കയ്യിൽ നിന്ന് രക്ഷപ്പെട്ടോടുന്ന കുഞ്ഞു പീറ്ററിന്‌ രക്ഷയാവുകയാണ് ഇവാൻ. അന്ധനായ ഒരു ഗായകൻ എന്നത് മാത്രമല്ല ഇവാന്റെ ഐഡന്റിറ്റി. അയാളിലൂടെ യുക്രൈയിന്റെ സാംസ്കാരികവും, ദേശീയവുമായ ഐഡന്റിറ്റിയെ തന്നെയാണ് സംവിധായകൻ ദൃശ്യമാക്കുന്നത്. വഴികാട്ടിയായി മാറുന്ന പീറ്ററിന്റെ കണ്ണുകളെക്കാൾ ഇവാൻ എന്ന കഥാപാത്രത്തിന്റെ ഉൾക്കാഴ്ചകൾ തന്നെയാണ് സിനിമയുടെ ആത്മാവും, വഴികാട്ടിയും. KOBZAR എന്നത് ഒരു സംസ്കാരമാണെന്ന് തിരിച്ചറിയുന്നിടത്ത് സിനിമയുടെ രാഷ്ട്രീയത്തെ നമുക്ക് മറ്റുതലങ്ങളിൽ വായിച്ചെടുക്കാം. ബഹുസ്വരതയെ തച്ചുടച്ച് ഏകമാനമാക്കുന്ന സ്വേച്ഛാധിപത്യ മാതൃകകളെ എവിടെയുമെന്നപോലെ ഇവിടെയും കണ്ടുമുട്ടാനാവുന്നു. ഇരുട്ടിനു ശേഷം പ്രതീക്ഷയുടെ ഒരു വെളിച്ചം അവശേഷിക്കാതിരിക്കില്ല. ചരിത്രം സമ്മാനിക്കുന്ന കൂരിരുട്ടുകളെയെല്ലാം തുടച്ചു നീക്കുന്നത് പ്രതീക്ഷയുടെ ആ കിരണത്തെ കൂട്ടുപിടിച്ചായിരിക്കണം. പീറ്റർ എന്നത് പ്രതീക്ഷയുടെ ആ വെളിച്ചത്തിന്റെ പ്രതീകം തന്നെയെന്ന് കരുതാം. ചരിത്രം വെറും അക്ഷരങ്ങൾ കൈകോർത്ത വാക്കുകളല്ല, ചരിത്രം നമ്മളിലേക്കുള്ള വഴികളായിരുന്നു ..........  

Monday, 8 June 2020

YOU WILL DIE AT TWENTY (2019)


FILM : YOU WILL DIE AT TWENTY (2019)
COUNTRY : SUDAN
GENRE : DRAMA
DIRECTOR : AMJAD ABU ALALA
             വിവിധ പ്രാദേശികതകളെ പ്രതിനിധീകരിക്കുന്ന സിനിമകളെ വീക്ഷിക്കുമ്പോൾ ആ നാടിന്റെ സംസ്കാരത്തെ അറിഞ്ഞാലേ സിനിമയെ സൂക്ഷ്മ അർത്ഥത്തിൽ ഉൾക്കൊള്ളാനാവൂ എന്ന് പലപ്പോഴും തോന്നുന്ന കാര്യമാണ്. ആഫ്രിക്കൻ സിനിമകളെ സംബന്ധിച്ചു ഈ ഒരു ചിന്ത എല്ലാ നിലയ്ക്കും ശരിയുമാണ്. കാഴ്ചകളും, കഥകളും, ശബ്ദങ്ങളും, കഥപാത്രങ്ങളുമെല്ലാം അത്രമേൽ ആ നാടിൻറെ സാംസ്‌കാരിക ചിഹ്നങ്ങളെ എടുത്തണിയുന്നവയായിരിക്കും. അങ്ങനെയുള്ള വേറിട്ട ദൃശ്യാനുഭവങ്ങൾ തന്നെയാണ് പ്രേക്ഷകർ ആഫ്രിക്കൻ സിനിമകളിൽ തേടാറുള്ളതും. അംജദ് അബു അലാല സംവിധാനം ചെയ്ത " യു വിൽ ഡൈ അറ്റ് ട്വന്റി " എന്ന സുഡാൻ സിനിമയും ആഫ്രിക്കയുടെ മണമുള്ള മികവുറ്റ ഒരു സിനിമയാണ്.
           സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ മരണത്തിന്റെ ഒരു നിഴൽ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. സക്കീനയുടെ മകൻ മുസമ്മിലിനൊപ്പമാണ് ആ നിഴൽ സഞ്ചരിക്കുന്നതെന്ന് മാത്രം. തന്റെ മകന് ഒരു സൂഫിവര്യന്റെ അനുഗ്രഹം തേടി പോകുന്ന സക്കീനയെ കാത്തിരുന്നത്, മകൻ ഇരുപതു വർഷം മാത്രമേ ജീവിക്കുകയുള്ളൂ എന്ന പ്രവചനമാണ്. സ്വപ്നങ്ങൾക്കും, സന്തോഷങ്ങൾക്കും മേലെ വീണ ആ പ്രവചനം പേറി മകന്റെ ജീവിതമെണ്ണി  ആസന്ന മരണത്തെ കാത്തിരിക്കുകയാണ് സമൂഹത്തിനൊപ്പം ആ മാതാവും. ഇരുപതാമത്തെ വയസ്സിൽ തന്നെ തേടിയെത്തുമെന്ന് പ്രവചിച്ച മരണത്തിലേയ്ക്ക് മനസ്സ് കൊണ്ട് നടക്കുകയാണ് മുസമ്മിൽ. അന്ധവിശ്വാസങ്ങളുടെ ഇരുട്ട് മൂടിയ സമൂഹത്തിന്റെ മനസ്സിനൊപ്പം നീങ്ങുന്ന മുസമ്മിൽ മരണത്തെക്കുറിച്ചുള്ള ചിന്തകളിലും, ചെയ്തികളിലും മുഴുകി ജീവിതത്തെ വിസ്‌മരിച്ചിരിക്കുന്നു. മാതാവിന്റെ കരുതലിന്റെ അതിർത്തികൾക്കപ്പുറത്തു അവൻ കണ്ടുമുട്ടുന്ന വ്യക്തികളും, അനുഭവങ്ങളും അവനെ സ്വാധീനിക്കുന്നുണ്ട്. പ്രണയം, വിശ്വാസം, ധാർമികത , നന്മ-തിൻമകൾ , ലൈംഗികത എന്നിങ്ങനെ ജീവിതത്തിന്റെ അനിവാര്യതകളെ  വൈകിയാണെങ്കിലും അവൻ കണ്ടുമുട്ടുന്നുണ്ട്. കേവലമൊരു മുസമ്മിലിന്റെ അനുഭവങ്ങളിലേയ്ക്ക് ചുരുക്കാതെ, വേരുറച്ച അന്ധവിശ്വാസങ്ങളിൽ തളയ്ക്കപ്പെട്ട ജനതയും, ഇരകളും എന്ന യാഥാർത്യങ്ങളുടെ ഒരു ചിത്രം മാത്രമാണ് മുസമ്മിൽ എന്നാണ് സിനിമ വിളിച്ചു പറയുന്നത്. മാനവികതയുടെ കാഴ്ചകളെ മറയ്ക്കുന്ന അന്ധതകളെ പുതുതലമുറ തെളിയിക്കുന്ന തെളിച്ചങ്ങൾക്ക് കഴുകി കളയാനാവട്ടെ............. 

Friday, 29 May 2020

ADAM (2019)


FILM : ADAM (2019)
COUNTRY : MOROCCO
GENRE : DRAMA
DIRECTOR : MARYAM TOUZANI
          ചില സിനിമകൾ കൈകാര്യം ചെയ്യുന്ന വിഷയം അത്ര ഫീൽഗുഡ് അല്ലെങ്കിൽ തന്നെയും സിനിമയുടെ നരേഷനും, കഥാപാത്ര പ്രകടനങ്ങളും, സിനിമ പകരുന്ന വൈകാരികതയുടെ നിമ്നോന്നതങ്ങളും പ്രേക്ഷകനിലേയ്ക്ക് പകരുന്ന അവാച്യമായ ഒരു അനുഭൂതിയുണ്ട്. സിനിമയെന്ന നിലയിൽ ആ കാഴ്ചാനുഭവം മനസ്സ് കയ്യേറുന്ന മനോഹാരിതയാണ് ആ അനുഭവം അടിവരയിടുന്നത്. അത്തരത്തിൽ എന്നെ സ്പർശിച്ച ഒരു സിനിമയെയാണ് ഈ കുറിപ്പിൽ പരിചയപ്പെടുത്തുന്നത്. മറിയം തൗസാനി സംവിധാനം ചെയ്ത മൊറോക്കൻ സിനിമയായ ആദം (2019).
         കേന്ദ്ര കഥാപാത്രങ്ങളായി രണ്ട് സ്ത്രീകളെത്തുന്ന ഈ സിനിമയുടെ എഴുത്തിലും, സംവിധാനത്തിലുമുള്ള സ്ത്രീ സാന്നിദ്ധ്യം കഥാപാത്രങ്ങളുടെ പ്രകടനങ്ങൾക്കും, വ്യക്തിത്വത്തിനും കൂടുതൽ ആഴം നൽകി പ്രകടമായി തന്നെ നിറഞ്ഞു നിൽക്കുന്നു. മകൾക്കൊപ്പം ജീവിക്കുന്ന വിധവയായ abla, ജോലിക്കും, താമസത്തിനുമായി തെരുവിൽ അലയുന്ന പൂർണ്ണ ഗർഭിണിയായ samia എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. ഭർത്താവിന്റെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും മുക്തമായിട്ടില്ലെങ്കിലും ജീവിതത്തോട് പോരാടുന്ന സ്ത്രീയാണ് abla. ഭക്ഷണ പലഹാരങ്ങൾ നിർമ്മിച്ച് വീട്ടിൽ നിന്ന് തന്നെ വിറ്റഴിച്ചാണ് അവർ തന്റെ ജീവിതത്തെ മുന്നോട്ട് കൊണ്ട് പോവുന്നത്. വിവാഹിതയല്ലെന്ന കാരണത്താൽ തന്നെയും, ജനിക്കാൻ പോകുന്ന കുഞ്ഞിനേയും കാത്തിരിക്കുന്ന സാമൂഹികമായ തീർപ്പുകളെയും, ഭാവിയേയും കുറിച്ച്  ആശങ്കാകുലയാണ് സാമിയ. ആകസ്മികതയും, അനിവാര്യതയും സമ്മേളിക്കുന്ന ഒരു നിമിഷത്തിൽ സാമിയ , abla-യുടെ വീടിനുള്ളിൽ അഭയം തേടുകയാണ്. ഈ കണ്ടുമുട്ടലും, തുടർന്നുള്ള നിമിഷങ്ങളും എങ്ങനെ ഇരുവരുടെയും ജീവിതത്തെ സ്വാധീനിക്കുന്നു എന്നതാണ് സിനിമയുടെ ഉള്ളടക്കം.
        ആത്മ സംഘർഷത്തിലൂന്നി നിൽക്കുന്ന രണ്ട് കേന്ദ്ര കഥാപാത്രങ്ങൾക്കിടയിൽ ഒരേ സമയം മൗനവും, കരുതലും അലയടിച്ചെത്തുന്നുണ്ട്. സന്തോഷങ്ങളിൽ നിന്ന്  സ്വയം വിച്ഛേദിച്ച് കുടിയേറിയ പരുക്കൻ സ്വത്വത്തിനു മുന്നിലുള്ള തടസ്സങ്ങളെ തകർത്തു കൊണ്ട് തന്നിലേക്ക് മടങ്ങാൻ abla- ക്കാവുന്നില്ല എന്നതാണ് സിനിമയുടെ ആദ്യ കാഴ്ചകൾ. മാതൃത്വത്തിന്റെ അനിർവചനീയമായ ആനന്ദത്തെയല്ല നിറവയർ സാമിയയെ ഓർമ്മിപ്പിക്കുന്നത് എന്നതും സ്പഷ്ടം. അവരുടെ അന്തർ സംഘർഷങ്ങളായാണ് അവ തെളിഞ്ഞു കാണുന്നത്. ഭൂതകാല അനുഭവങ്ങളുടെ ,  ഭാവിയെക്കുറിച്ചുള്ള ആകുലതകളുടെ തടവറയിൽ നീറുന്ന പെണ്മനസ്സുകളെ ആ മുഖങ്ങളിൽ വ്യക്തതയോടെ കണ്ടെടുക്കാം. അവർക്കിടയിലുള്ള അദൃശ്യമായ അകലത്തിനിടയിലും അവർ അന്യോന്യം ആശ്വാസവും, വെളിച്ചവുമാകുന്നുണ്ട്. മുന്നോട്ടുള്ള പാതയെ അവർ പരസ്പരം അപരയിൽ കണ്ടെത്തുന്നുവെന്നതാണ് യാഥാർത്യം. അവരുടെ വൈകാരിക സംഘർഷങ്ങളേയും, ജീവിതാനുഭവങ്ങൾ വച്ചുനീട്ടിയ വിഹ്വലതകളേയും പ്രേക്ഷകനും അനായാസമായി  വായിച്ചെടുക്കാനാവുന്നു  എന്നതാണ് ഈ സിനിമയുടെയും അഭിനേതാക്കളുടെയും വിജയം. കഥാപാത്രങ്ങൾ നിലകൊള്ളുന്ന സാമൂഹിക- സാംസ്‌കാരിക പശ്ചാത്തലത്തെയും, മാതാവ്, വിധവ, മകൾ എന്നിങ്ങനെയുള്ള പല ഐഡന്റിറ്റികൾ ചേരുന്ന സ്ത്രീ സ്വത്വത്തെയും മുൻനിർത്തി അനവധി തലങ്ങളിലേയ്ക്ക് പ്രേക്ഷക ചിന്തയെ നയിക്കാൻ പര്യാപ്തമാണ് ഈ സിനിമ.
           കഥാപാത്രങ്ങളായി ഉഗ്രൻ പ്രകടനമാണ് ലുബ്‌ന അസബൽ, നിസ്‌റിൻ എറാദി എന്നീ നടികൾ കാഴ്ചവെക്കുന്നത്. പെണ്മനസിന്റെ സൂക്ഷ്മ തലങ്ങളെ സാഹചര്യങ്ങളോട് ഇഴചേർത്ത് വ്യക്തതയോടെ അവതരിപ്പിക്കാൻ സംവിധായികയ്ക്ക് കഴിഞ്ഞിരിക്കുന്നു. പുരുഷ കേന്ദ്രീകൃതമായ സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ , അസ്തിത്വ ചിന്തകൾ എന്നിങ്ങനെ ഏതു സാമൂഹികാന്തരീക്ഷത്തിലും കാണാവുന്ന തീം ആണെങ്കിലും ഒരു റിഫ്രഷിങ് അനുഭവമായി അനുഭവിപ്പിക്കാൻ ഈ സിനിമയ്ക്ക് കഴിയുന്നു. സിനിമയെ കുറിച്ച് ഒറ്റവാക്കിൽ പറഞ്ഞാൽ "ലളിതം, മനോഹരം".             

Wednesday, 27 May 2020

GO HOME (2015)


FILM : GO HOME (2015)
COUNTRY: FRANCE !!! LEBANON
GENRE : DRAMA
DIRECTOR : JIHANE CHOUAIB
             "GO HOME", സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ ഇതൊരു മടങ്ങിപ്പോക്കാണ്. അവ്യക്തമായ ഓർമ്മകളിൽ തപ്പിത്തടഞ്ഞു ഭൂതകാലത്തിലേക്ക്, തിരിച്ചറിവുകളിലേയ്ക്ക്, വെളിച്ചം വീഴ്‌ത്തേണ്ട സംശയങ്ങളിലേയ്ക്ക്, പിറന്ന മണ്ണിലേക്ക്, സർവ്വോപരി അവനവനിലേക്ക്. GOLSHIFTHE FARHANI മുഖ്യവേഷത്തിലെത്തുന്ന ഈ സിനിമ ലെബനൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
        ഫ്രാൻസിൽ കുടുംബത്തിനൊപ്പം കഴിയുന്ന നദ എന്ന യുവതി തന്റെ ജന്മനാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തന്റെ ബാല്യകാലം കഴിച്ചു കൂട്ടിയ വീടിന്റെ താക്കോലുമായി കയറിച്ചെല്ലുന്ന അവളെ കാത്തിരിക്കുന്നത് , ചപ്പുചവറുകൾ നിറഞ്ഞ, പലരീതിയിൽ അതിക്രമിക്കപ്പെട്ട നിലയിലുള്ള ഒരു പഴയ വീടാണ്. അവിടെ കയറി താമസം തുടങ്ങുന്ന അവളെ അസ്വസ്ഥമാക്കുന്നത് തന്റെ മുത്തശ്ശന് എന്ത് സംഭവിച്ചു എന്ന ചിന്തയാണ്. ആ ചോദ്യമാണ് അവളെ അലട്ടുന്നതും, നയിക്കുന്നതും. നദയെ തേടി സഹോദരൻ എത്തുന്നതോടെ സിനിമ കുറച്ചു കൂടി എൻഗേജിങ് ആകുന്നു. കാരണം, അവളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ലക്ഷ്യമാണ് അവനുള്ളത്‌. ഫ്ലാഷ്ബാക്കുകളിലൂടെ പലയാവർത്തി കാണിച്ചു തരുന്ന നദയുടെ അവ്യക്തമായ ഓർമ്മകൾ ഓരോ തവണയും അവൾക്കെന്ന പോലെ പ്രേക്ഷകനും കൂടുതൽ വ്യക്തതയേകുന്നു. മുൻവിധികളിൽ കുരുങ്ങിപ്പോയ അവളുടെ ചിന്തകളും, ശാഠ്യങ്ങളും തിരിച്ചറിവുകളിൽ സ്വയം നേർത്തു പോവുന്നുണ്ട്.
          ഭൂതകാലത്തോട് വൈകാരികമായി കെട്ടു പിണഞ്ഞിരിക്കുന്നുണ്ടെങ്കിലും ആ കാലത്തിന്റെ ഓർമ്മകളും, ഭാഷയും നദയ്ക്ക് അവ്യക്തമാണെന്നത് പ്രേക്ഷകനെ സന്ദേഹിപ്പിക്കുന്നുണ്ട്. സിനിമയുടെ അവസാന ഭാഗത്ത് നദ കണ്ടുമുട്ടുന്ന പലസ്തീൻകാരിയുടെ വാക്കുകളിലെ വേദനയും, നിരാശയും, പ്രതീക്ഷയുമെല്ലാം നദയുടെയും മുഖത്ത് പ്രതിഫലിച്ചു കാണാവുന്നത് പിഴുതെറിയപ്പെടുന്നവന്റെ മനസ്സിന്റെ സമാനത കാരണമാവാം. കുടിയേറ്റത്തിന്റെയും, പലായനത്തിന്റെയും വിജയ-പരാജയങ്ങൾക്കപ്പുറം ജീവിതാനുഭവങ്ങളുടെ വൈകാരികമായ താദാത്മ്യപ്പെടലും, ഐക്യപ്പെടലുമാവാം അത്. വീടിന്റെ ചുമരുകളിൽ നദ വായിച്ചെടുത്ത GO HOME എന്ന വാക്ക് എന്തായിരിക്കാം അവളുടെ ഹൃദയത്തോട് മന്ത്രിച്ചത്‌. വീട് എന്നത് അവളെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ ഏതാണ്.........
         ഫർഹാനിയുടെ മികച്ച പ്രകടനമാണ് സിനിമയെ ആകർഷകമാക്കുന്നത്. ഡ്രാമ GENRE ഇഷ്ടപ്പെടുന്നവർക്കായി ഈ  സിനിമ സജസ്റ്റ് ചെയ്യുന്നു.

Wednesday, 22 April 2020

UNTIL THE BIRDS RETURN (2017)


FILM : UNTIL THE BIRDS RETURN (2017)
GENRE : DRAMA
COUNTRY : ALGERIA
DIRECTOR :KARIM MOUSSAOUI
        ഓരോ വ്യക്തിയും പലതരം അനുഭവങ്ങളുടെ സമ്മേളനമാണ്. ഇവ്വിധം വ്യക്തിയുടെയും, സമൂഹങ്ങളുടെയും അനുഭവങ്ങളുടെ കലവറകളെ തൊട്ടറിഞ്ഞു സർഗാത്മകതയുടെ ഇളംചൂടിനാൽ പുനരുജ്ജീവിപ്പിച്ചു കൊണ്ട് തന്നെയാണ് പലരീതിയിൽ നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള കലാസൃഷ്ടികൾ സംഭവിച്ചിട്ടുള്ളത്. ഭാഷയും, ദേശവുമെല്ലാം അനുഭവിപ്പിക്കുന്ന ഭേദങ്ങൾ തന്നെയാണ് ആവർത്തിക്കപ്പെടുമ്പോഴും മടുപ്പിക്കാതെ പലതിനേയും ആസ്വദിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. അനുഭവങ്ങളുടെ പുതു കാഴ്ചകളിൽ ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളും, വിഹ്വലതകളും, പ്രതീക്ഷകളും മിന്നിമറയുമ്പോൾ തന്നിലേക്ക് തന്നെ പലയാവർത്തി പ്രേക്ഷകൻ നോക്കുന്നത് എല്ലാ ഭാഷാ - ദേശാന്തരങ്ങൾക്കുമപ്പുറം മനുഷ്യാവസ്ഥകളുടെ ഏകമുഖം കാരണമാവാം. ആസ്വാദനങ്ങൾക്കപ്പുറം ചില ഓളം വെട്ടലുകൾ ഏല്പിക്കുന്നുവെന്നതും സിനിമകളെ പ്രസക്തമാക്കുന്ന വസ്തുതയാണുതാനും.
          അൾജീരിയൻ സിനിമയായ UNTIL THE BIRDS RETURN മൂന്ന് വ്യക്തികളുടെ ജീവിതത്തിലെ ചില സാഹചര്യങ്ങളെ മൂന്ന് ഭാഗങ്ങളായി അവതരിപ്പിക്കുന്നു. ഓരോ കഥാപാത്രവും / അനുഭവങ്ങളും മറ്റൊന്നിൽ നിന്ന് വ്യതിരിക്തതയോടെ വേറിട്ട് നിൽക്കുന്നു. മധ്യവയസ്സ് പിന്നിട്ട ഒരു ബിൽഡർ, വിവാഹിതയാകാൻ പോകുന്ന ഒരു യുവതി, വിവാഹത്തിനായി ഒരുങ്ങുന്ന ഒരു ഡോകടർ എന്നിവരാണ് മൂന്ന് പ്രധാന കഥാപാത്രങ്ങൾ. മൂന്ന് പേരും നിലകൊള്ളുന്ന വർത്തമാനാവസ്ഥയെ അസ്വസ്ഥമാക്കുന്ന തരത്തിൽ ഭൂതകാലം അവരെ അള്ളിപ്പിടിച്ചിരിക്കുകയാണ്. പരിഹാരങ്ങളിലും, തീരുമാനങ്ങളിലും വേരറ്റു പോവുന്നതിനപ്പുറം മാനങ്ങളടങ്ങിയതാണ് അവരുടെ പ്രശ്നങ്ങൾ. കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന പ്രേക്ഷകനും അവരുടെ അകമനസ്സിന്റെ സംഘർഷങ്ങളെ ശ്രവിക്കാം. മൂന്നു ഭാഗങ്ങളായി അവതരിപ്പിച്ചത്തിൽ രണ്ടാമത്തെ ഭാഗം എല്ലാം കൊണ്ടും മികച്ചു നിന്നു എന്ന് പറയാം. എല്ലാ തടസ്സങ്ങളെയും വകഞ്ഞൊഴുകുന്ന ജീവിതത്തിന്റെ സവിശേഷതയെന്നോണം ഓരോ സെഗ്മന്റിൽ നിന്നും മറ്റൊന്നിലേക്കുള്ള കൂടുമാറ്റം ചലനാത്മകമായി തന്നെയാണ് സംവിധാനിച്ചിരിക്കുന്നത്.
         ഒരു പുതിയ കഥയുടെ തുടക്കത്തെ സൂചിപ്പിച്ചു കൊണ്ട്, ഇനിയും പറയാനുണ്ടെന്ന ഓർമ്മപ്പെടുത്തലോടെയാണ് സിനിമ പിൻവാങ്ങുന്നത്. ജീവിതത്തിന്റെ നിലയ്ക്കാത്ത ഓളങ്ങളിൽ എത്രയോ അനുഭവങ്ങൾ ഇനിയും കരയ്ക്കടിയും, അവയിൽ എത്രയെണ്ണത്തിന് സർഗാത്മകതയുടെ ചൂടേൽക്കുമെന്ന് കാത്തിരിക്കാം.......  

I’M A KILLER (2016)


FILM : I’M A KILLER (2016)
COUNTRY : POLAND
GENRE : DRAMA !!! THRILLER
DIRECTOR : MACIEJ PIEPRZYCA
             "BASED ON TRUE EVENTS", സീരിയൽ കില്ലർ, ത്രില്ലർ എന്നീ ലേബലുകൾ കണ്ടു ചാടിവീഴാത്തതാണ് നല്ലത്. ഈ മൂന്നു കാര്യങ്ങളും സിനിമയോട് ചേർന്ന് നിൽക്കുന്നവയാണെങ്കിലും പ്രേക്ഷകന്റെ മുൻവിധികളെ തൃപ്തിപ്പെടുത്തുമോ എന്നകാര്യത്തിലുള്ള  സംശയമാണ് അത്തരമൊരു അഭിപ്രായത്തിനു കാരണം. 1970 കളുടെ പശ്ചാത്തലത്തിൽ സ്ത്രീകൾ  കൊലചെയ്യുപ്പെടുന്ന  ഒരു സീരിയൽ കില്ലിംഗ് സംഭവത്തിന്റെ സാഹചര്യമാണ് സിനിമയുടേത്. തുടർച്ചയായ കൊലപാതകങ്ങളുൾക്കു മുന്നിൽ നിസ്സഹായരായി നിൽക്കുകയാണ് പോലീസ്. ഒരു ഉന്നത നേതാവിന്റെ ബന്ധുകൂടി കൊലയ്ക്കിരയാവുന്നതോടെ പോലീസധികാരികൾക്കുമേൽ സമ്മർദ്ദം കൂടുകയാണ്. കുറ്റാന്വേഷണത്തിന്റെ ചുമതല താരതമ്യേന അനുഭവസമ്പത്തു കുറഞ്ഞ JANUSZ നെ ഏൽപ്പിക്കുകയാണ്. തുടർന്നുള്ള സംഭവവികാസങ്ങളാണ് സിനിമയെ നയിക്കുന്നത്.
        മറഞ്ഞിരിക്കുന്ന ഒരു കുറ്റവാളിയെ വേട്ടയാടി പിടികൂടുന്ന ഒരു കഥാതന്തുവല്ല ഈ സിനിമയിലുള്ളത്. കാലഘട്ടത്തിന്റെ രാഷ്ട്രീയവും, അധികാര ഘടനകളും, സാമൂഹിക ജീവിത ചിത്രങ്ങളുമെല്ലാം സിനിമയുടെ ഒഴുക്കിനൊപ്പം തെളിഞ്ഞു നിൽക്കുന്നുണ്ട്. ഒരു കാലഘട്ടത്തിന്റെ രീതികളെ പ്രതിനിധീകരിക്കുന്ന നിമിഷങ്ങൾ ശക്തമായ രാഷ്ട്രീയ സൂചനകളെന്ന പോലെ ഇന്നും വിട്ടൊഴിയാത്ത യാഥാർത്യമായി തുടരുന്നു എന്നതാണ് സത്യം. നുണകളിലും, അർദ്ധസത്യങ്ങളിലും നിർമ്മിച്ചെടുക്കുന്ന അധികാരങ്ങളും പ്രശസ്തിയും പോലെ ചരിത്രങ്ങളും പലപ്പോഴും ഉറപ്പില്ലാത്ത തൂണുകളിലാണ് എഴുന്നു നിൽക്കുന്നതെന്ന് വിളിച്ചു പറയാനും സിനിമ മറക്കുന്നില്ല. ഉദ്വേഗം നിറഞ്ഞ വഴികളിലൂടെ ഈ സിനിമ പ്രേക്ഷകനെ നടത്തുന്നില്ലെങ്കിലും തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്താൻ സിനിമയ്ക്കാവുന്നുണ്ട് എന്ന് തന്നെയാണ് തോന്നിയത്

Friday, 17 April 2020

THE FAREWELL (2019)


FILM : THE FAREWELL (2019)
GENRE : DRAMA !!! COMEDY
COUNTRY : CHINA
DIRECTOR : LULU WANG
          
         തിരക്കുകളുടെ ലോകത്ത്‌  കടിഞ്ഞാൺ പൊട്ടിയപോലെ നിയന്ത്രണം വിട്ടോടിയിരുന്ന മനുഷ്യസമൂഹം , അവനവന്റെ കുടുംബങ്ങളിലേയ്ക്, പ്രിയപ്പെട്ടവരിലേയ്ക്ക് കണ്ണും , കാതും തിരിച്ചു നിൽക്കുന്ന ഇപ്പോഴുള്ള സവിശേഷ സാഹചര്യത്തിൽ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നു ഈ സിനിമ. തിരക്കുകൾ കാരണം എന്ത് നഷ്ടപ്പെടുന്നു, എന്ത് നേടുന്നു എന്നീ ചിന്തകൾക്കുപരി സ്നേഹത്തിന്റെ / ബന്ധങ്ങളുടെ കരുതലുകളിലേയ്ക്ക് ആർദ്രതയോടെ നോക്കിനിൽക്കായി എന്നതാണ് ഈ സിനിമ എന്നോടൊപ്പം ഉപേക്ഷിച്ച അനുഭവം. നിരവധി അന്താരാഷ്ട്ര വേദികളിലടക്കം പുരസ്കാരങ്ങളും, അംഗീകാരങ്ങളും നേടിയ ചൈനീസ് ചിത്രം "ദി  വെൽ" ആണ് ഈ കുറിപ്പിലൂടെ പരിചയപ്പെടുത്തുന്ന സിനിമ.
           മക്കളും അവരുടെ കുടുംബങ്ങളും വിദേശത്തു കഴിയുന്ന ഒരു സ്ത്രീയ്ക്ക് ഗുരുതരമായ "ക്യാൻസർ"  ഡയഗണോസ്‌ ചെയ്യപ്പെടുകയാണ്. വിവരമറിഞ്ഞ മക്കൾ കുടുംബ സമേതം നാട്ടിലെത്തുകയാണ്. മാതാവിനെ അസുഖത്തെ കുറിച്ച് അറിയിക്കാതെ വരുന്നതിനായി പേരക്കുട്ടികളിൽ ഒരാളുടെ വിവാഹം എന്ന നുണയൊരുക്കിയാണ് എല്ലാവരുമൊത്തുചേരുന്നത്. കുടുംബാംഗങ്ങളുടെ കൂടിച്ചേരലിന്റെ നിമിഷങ്ങളുടെ പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങൾ, വ്യക്തി ബന്ധങ്ങൾ, സാംസ്‌കാരിക മൂല്യങ്ങൾ എന്നിവയെല്ലാം സിനിമയ്ക്കുള്ളിൽ മിന്നിമറയുന്നു. സാമൂഹികവും, സാമ്പത്തികവുമായ മാറ്റങ്ങളെ പിന്നിടുമ്പോഴും സാംസ്‌കാരിക മൂല്യങ്ങളും, സ്വത്വങ്ങളും ചേർത്തു പിടിക്കേണ്ടതിന്റെ സൂചനകളെ വ്യക്തമാക്കുന്നുണ്ട് സിനിമയിലെ സന്ദർഭങ്ങളും , സംഭാഷണങ്ങളും. ഈസ്റ്റ്-വെസ്റ്റ് എന്നീ സാസ്കാരികതകളെയും വാച്യമായി തന്നെ താരതമ്യപ്പെടുത്തുകയും ചെയ്യുന്നത് കാണാം. അമേരിക്കയെന്ന വാക്ക് കേൾക്കുമ്പോഴെല്ലാം പുതു തലമുറയിൽ നിന്നുതിരുന്ന ആകാംഷയും, ആവേശവും നിറഞ്ഞ ചോദ്യങ്ങളും അവയോടുള്ള "ബില്ലിയുടെ" നിസ്സംഗത നിറഞ്ഞ പ്രതികരണങ്ങളും പ്രേക്ഷകർക്കു വായിച്ചെടുക്കാവുന്ന അർഥതലങ്ങളിലേക്ക് തന്നെയാണ് നടന്നു കയറുന്നത്.
          ഏത് പുതുവേഷങ്ങളിലേയ്ക്ക് കുടിയേറിയാലും അതിനുള്ളിൽ നിന്ന് നമ്മെ പുറത്തിടുന്ന സാഹചര്യങ്ങളെ അപ്രതീക്ഷിതമായി ജീവിതം നമുക്ക് നേരെ നീട്ടുമെന്ന്  സിനിമ ദൃശ്യമാക്കുന്നു. അവിടെ തീരുമാനങ്ങളിലേക്ക് നമ്മെ പിടിച്ചു നടത്തുന്നത് നമ്മുടെ യഥാർത്ഥ സാംസ്‌കാരിക അംശങ്ങളായിരിക്കുമെന്നും സിനിമ ഓർമ്മിപ്പിക്കുന്നു. അമേരിക്കയിൽ താമസമാക്കിയ ബില്ലിയും മുത്തശ്ശിയും തമ്മിലുള്ള ഗാഢബന്ധമാണ് സിനിമയിലെ പ്രധാന കഥാതന്തു. അവരുടെ സംഭാഷണങ്ങളെ മുൻനിർത്തി തലമുറകളുടെ കാഴ്ചപ്പാടുകളും , സാംസ്‌കാരിക അന്തരങ്ങളും പ്രേക്ഷരിലേക്ക് പകരുവാനും സിനിമ ബോധപൂർവ്വം ശ്രമിക്കുന്നതായി തോന്നി.
      ഗൗരവമേറിയ ഒരു സാഹചര്യത്തിന് ചുറ്റുമാണ് സിനിമയും, കഥാപാത്രങ്ങളും നിറഞ്ഞു നിൽക്കുന്നതെങ്കിലും ദുഃഖാർത്തമായ രീതികളെ പിൻപറ്റാതെ ആസ്വാദ്യകരമായി , മനസ്സു നിറയുന്ന അനുഭവമായി സിനിമയെ അവതരിപ്പിച്ചു എന്നതാണ് ഈ സിനിമയുടെ പ്ലസ് പോയിന്റ്.