Monday, 28 November 2016

YELLOW FLOWERS ON THE GREEN GRASS (2015)



FILM : YELLOW FLOWERS ON THE GREEN GRASS (2015)
GENRE : DRAMA
COUNTRY : VIETNAM
DIRECTOR : VICTOR VU

            ഗൃഹാതുരതയുടെ മധുരമൂറുന്ന സ്മരണകളാണ് ബാല്യം വിഷയമായുള്ള സിനിമകൾ നൽകാറുള്ളത്. കുട്ടിക്കാലവും, ഗ്രാമീണതയുടെ സൗന്ദര്യവും ഒത്തുചേരുമ്പോൾ കണ്ണും, മനസ്സും നിറയുമെന്ന കാര്യത്തിൽ സംശയം വേണ്ട. വിക്ടർ വ്യൂ എന്ന വിയറ്റ്നാം സംവിധായകന്റെ ഈ സിനിമ അനുഭവിപ്പിക്കുന്നതും നാം കൊതിക്കുന്ന ഈ മനോഹരമായ കോമ്പിനേഷൻ തന്നെയാണ്.
             പച്ചപ്പിന്റെ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യത്തിൽ മുങ്ങിനിൽക്കുന്ന വിയറ്റ്‌നാം വില്ലേജിന്റെ പശ്ചാത്തലത്തിൽ മൂന്നു കുട്ടികളുടെ ബാല്യകാലാനുഭവങ്ങളാണ് സിനിമ പങ്കുവെയ്ക്കുന്നത്. ഗ്രാമീണ ജീവിതത്തിന്റെ സ്പന്ദനങ്ങളെ മികവുറ്റ രീതിയിൽ പ്രേക്ഷകനിലേക്കു പകരുന്ന ഈ സിനിമയിലെ പല ദൃശ്യങ്ങളും നഷ്ടബോധത്തോടെയാണ് നമുക്ക് കണ്ടിരിക്കാനാവുക. മണ്ണും, ഇലകളും, കാറ്റും, അരുവികളും, പാറകളും, പ്രാണികളും, മഴയും, കഥകളും കളിക്കൂട്ടുകാരാകുന്ന ബാല്യത്തിന്റെ മടിത്തട്ടിലേക്ക് ഒന്നുകൂടി ഇറങ്ങിച്ചെല്ലുവാൻ മനസ്സിനെ വല്ലാതെ കൊതിപ്പിക്കുന്നു ഈ സിനിമയിലെ കാഴ്ചകൾ. കുസൃതികളും, സന്തോഷങ്ങളും, പിണക്കങ്ങളും, പ്രണയവുമായി കുട്ടികളുടെ ബാല്യം നിറയുന്നത് കാണുമ്പോൾ സമയരഥത്തിലേറി പിന്നോട്ടു ചലിക്കാൻ ഓരോ പ്രേക്ഷകനും ആഗ്രഹിച്ചു പോവുന്നു. നിഷ്ക്കളങ്കത നിറഞ്ഞ ബാല്യാനുഭവങ്ങൾക്കിടയിൽ ത്യാഗത്തിന്റെയും, സാഹോദര്യത്തിന്റെയും മാനുഷിക മൂല്യങ്ങളെ കണ്ടുമുട്ടാനും അവർക്കാവുന്നു.
             നന്മ തങ്ങി നിൽക്കുന്ന ഗ്രാമീണ ജീവിതത്തിന്റെ മാസ്മരികമായ സൗന്ദര്യം പൂർണ്ണതയിൽ ആവാഹിച്ച ക്യാമറയും, പശ്ചാത്തല സംഗീതവും തന്നെയാണ് സിനിമയുടെ കഥയില്ലായ്മ പ്രേക്ഷകനെ അലട്ടാതിരിക്കുന്നതിന്റെ കാരണം. കാണാതെ പോകരുത് ഈ മനോഹര ചിത്രം.....


Sunday, 27 November 2016

MAGALLANES (2015)



FILM : MAGALLANES (2015)
COUNTRY : PERU
GENRE : DRAMA !!! THRILLER
DIRECTOR : SALVADOR DEL SOLAR

                     ഭൂതകാലം പലപ്പോഴും അപ്രതീക്ഷിതമായാണ് വർത്തമാന കാലത്തിലേക്ക് കടന്നു വരിക. ചിലകാഴ്ച്ചകളോ, വാക്കുകളോ, സംഭവങ്ങളോ ആണ് അവയുടെ കടന്നു വരവിന് വഴിതെളിക്കുന്നത്. ചിലത് ഉപദ്രവകരമല്ലാത്ത ഒരെത്തിനോട്ടമാകുമ്പോൾ മറ്റുചിലതു പ്രശ്നങ്ങളുടെ ചുഴികൾ തീർക്കുകയും ചെയ്യും. MAGALLANES-ന്റെ ജീവിതത്തിലേക്ക് കഴിഞ്ഞുപോയ കാലത്തിന്റെ ഓർമ്മകൾ വീണ്ടുമവതരിച്ചത് പ്രശ്നങ്ങളേകിക്കൊണ്ടാണ്.
MAGALLANES - ഭൂതവും, വർത്തമാനവും
      നിറമില്ലാത്ത ദിനങ്ങളിലൂടെയാണ് ഇപ്പോൾ MAGALLANES കടന്നു പോകുന്നത്. ദാരിദ്ര്യത്തിന്റെയും, നിസ്സഹായതയുടെയും അകമ്പടിയോടു കൂടിയ ജീവിതത്തെ ഭൂതകാലത്തിന്റെ അവശേഷിപ്പായ വിധേയത്വവും വിട്ടൊഴിയുന്നില്ല. ലിമയുടെ (തലസ്ഥാന നഗരം) തെരുവുകളിൽ ഒരു ടാക്സി ഡ്രൈവറായാണ് അയാൾ ദിവസത്തിന്റെ അറ്റങ്ങൾ ചേർത്തുവെയ്ക്കുന്നത്. പട്ടാളക്കാരനായിരുന്ന പഴയകാലവും നല്ലതായിരുന്നില്ല എന്ന സൂചനയാണ് ഓർമ്മകളുടെ തികട്ടൽ അയാളിൽ വരുത്തുന്ന ഭാവമാറ്റങ്ങളിൽ തെളിയുന്നത്.
ഡ്രാമയും, ത്രില്ലും
            ത്രില്ലറിന്റെ ചടുലതയില്ലെങ്കിലും ഡ്രാമയെന്ന ലേബലിൽ തളച്ചിടാവുന്നതല്ല ഈ സിനിമ. ആകാംഷ ജനിപ്പിക്കുന്ന സാഹചര്യങ്ങളിലേക്ക് സിനിമയെ നയിക്കുന്ന മുഹൂർത്തങ്ങൾ സൃഷ്ടിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് MAGALLANES-ന്റെ ചെയ്തികളാണ്. ഏവരും മറക്കാനാഗ്രഹിക്കുന്ന കാര്യങ്ങളെ വർത്തമാന സാഹചര്യങ്ങളിലേക്ക് വലിച്ചിഴക്കേണ്ടി വന്നത് അയാളുടെ അവസ്ഥകൾ മൂലമായിരുന്നു. എന്നാൽ MAGALLANES-ന്റെ കണക്കുകൂട്ടലുകൾ പിഴക്കുന്നിടത്ത്‌ സിനിമ ഡ്രാമയെന്ന വിശേഷണം കുടഞ്ഞെറിയുന്നു.
 CELINA-യും, ഓർമ്മകളും
            നടുക്കമാണ് അവളെ സംബന്ധിച്ചിടത്തോളം ഭൂതകാലം സമ്മാനിക്കുന്നത്. പട്ടാളക്കാരനായിരുന്ന MAGALLANES വർഷങ്ങൾക്കു ശേഷം വീണ്ടുമവളെ കണ്ടുമുട്ടുമ്പോൾ അസ്വസ്ഥനാകുന്നതിന്റെ രഹസ്യങ്ങൾ മാത്രം മതി അവളുടെ നടുക്കത്തിന്റെ ആഴമറിയാൻ. ആഭ്യന്തര കലാപങ്ങളുടെ പശ്ചാത്തലങ്ങളേക്കൂടി ഓർമ്മയിലേക്ക് ക്ഷണിക്കാൻ CELINA-യെന്ന പാത്രസൃഷ്ടിയിലൂടെ സാധിച്ചിട്ടുണ്ടാകണം. ചരിത്രം പറയാതെ പോയ സത്യങ്ങളേയും, കേൾക്കാതെ പോയ രോദനങ്ങളേയും CELINA-യുടെ ദുരിതപൂർണ്ണമായ ജീവിതം പ്രതിനിധീകരിക്കുന്നതായ് തോന്നി. ബോധപൂർവ്വം ഓരോ സമൂഹവും മറവിക്ക്‌ വിട്ടുകൊടുക്കുന്ന തിന്മകളെ ഓർമ്മപ്പെടുത്തുന്ന കഥാപാത്രങ്ങളാകുന്നു CELINA-യും, അവളുടെ അനുഭവങ്ങളും.
സിനിമയെക്കുറിച്ച്‌
         സംവിധായകന്റെ ആദ്യസിനിമയാണെന്നത് പ്രശംസനീയമാണെന്നാണ് എന്റെ പക്ഷം. പ്രമേയത്തിന് പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും അവതരണവും, MAGALLANES എന്ന കഥാപാത്രവും സിനിമയ്ക്ക് താങ്ങാവുന്നു. നടുക്കമുണർത്തുന്ന ഓർമ്മകളുടെ വേദനയിൽ അലറിക്കരഞ്ഞോടുന്ന CELINAയുടെ ദൃശ്യം സിനിമയിലെ മികച്ച രംഗമാകുന്നു. സ്‌ക്രീനിനെ ഡയഗണലായ് പകുത്തു കൊണ്ട് നിൽക്കുന്ന ഇരുട്ട് പൊതിഞ്ഞ കുന്നിൻ ചെരുവിൽ മുട്ടുകുത്തി നിൽക്കുന്ന സെലീനയുടെ പിറകിലായി മറ്റൊരു പകുതിയിൽ രാത്രിവെളിച്ചങ്ങളിൽ കുളിച്ചു നിൽക്കുന്ന ലിമ നഗരത്തെയും കാണാം.......


Sunday, 30 October 2016

BABA JOON (2015)



FILM : BABA JOON (2015)
GENRE : DRAMA
COUNTRY : ISRAEL
DIRECTOR : YUVAL DELSHAD

                        ജന്മനാട്ടിൽ നിന്ന് പിഴുതെറിയപ്പെടുന്നവയാണ് ഓരോ കുടിയേറ്റക്കാരന്റെയും ജീവിതം. സംസ്കാരവും, പാരമ്പര്യവുമെല്ലാം പുതിയ സാഹചര്യങ്ങളിൽ അവരിൽ നിന്ന് വേർപ്പെടുകയോ, ദുർബലപ്പെടുകയോ ചെയ്യുകയാണ് പതിവ്. ഇസ്രായേലിലേക്ക് ജീവിതം പറിച്ചുനട്ട ഒരു ഇറാനിയൻ ജൂത കുടുംബത്തിന്റെ കഥയാണ് BABA JOON പറയുന്നത്. വർഷങ്ങൾക്ക് മുൻപ് കുടിയേറിയ ബാബ, അയാളുടെ മകൻ (ITZHAK), പേരമകൻ(MOTI) എന്നീ കഥാപാത്രങ്ങളിലൂടെ  മൂന്നു തലമുറകളെയാണ് സിനിമയുടെ പ്രമേയ അവതരണത്തിനായ്‌ ഒരുക്കിയിട്ടുള്ളത്. കുടുംബത്തിന്റെ പാരമ്പരാഗത തൊഴിൽ തന്നെയാണ് ബാബ ഇസ്രയേലിലും തുടരുന്നത്. രണ്ടാം തലമുറയിലൂടെ അത് മൂന്നാം തലമുറയിലേക്ക് കൈമാറാനുള്ള മുന്നൊരുക്കങ്ങളാണ് സിനിമ പങ്കുവെയ്ക്കാൻ ശ്രമിക്കുന്ന ആശയങ്ങളെ കണ്ടെത്താനുള്ള നിമിഷങ്ങളാകുന്നത്.
         തന്റെ പിതാവിന്റെ രീതികളെ പിന്തുടരുന്ന ITZHAK മകന്റെ താൽപര്യങ്ങളെയും, കഴിവുകളേയും കണ്ടില്ലെന്ന് നടിക്കുന്നു. MOTI-യുടെ മാതാവും, ITZHAK-ന്റെ സഹോദരനും പ്രമേയത്തെ സ്വാധീനിക്കുന്ന ശക്തമായ കഥാപാത്രങ്ങൾ തന്നെയാകുന്നു. പിതൃ-പുത്ര ബന്ധത്തിന്റെ സങ്കീർണ്ണതകളെ വിലയിരുത്താനിരിക്കുമ്പോൾ, സംസ്കാരവും, പാരമ്പര്യവും ഇടംപിടിക്കുന്നു എന്ന യാഥാർത്യമാണ് ഇത്തരം സിനിമകൾ പകരുന്നത്. പിതാവിനും, മകനുമിടയിൽ ആത്മ സംഘർഷമനുഭവിക്കുന്ന ITZHAK-ഉം , ബാബയുടെ ശാഠ്യങ്ങൾ കാരണം നാടുവിട്ട ശേഷം തിരിച്ചെത്തിയിട്ടുള്ള DARIYAS-ഉം ചിന്തയിലും, പ്രവർത്തനങ്ങളിലും വിരുദ്ധചേരികളിൽ നിലകൊള്ളുന്നു. കുടിയേറ്റവുമായി ബന്ധപ്പെട്ട കൂടുതൽ തലങ്ങളിലേക്ക് വികസിപ്പിക്കാനുള്ള സാധ്യതകളുണ്ടായിട്ടും പ്രമേയത്തെ ഒതുക്കി നിർത്തിയതായി തോന്നി. വിദേശ സിനിമകൾ തേടിപ്പിടിച്ചു കാണുന്നവരെ നിരാശരാക്കാത്ത അനുഭവം തന്നെയാകും BABA JOON എന്ന് പ്രതീക്ഷിക്കുന്നു.


Sunday, 23 October 2016

FLOCKING (2015)



FILM  : FLOCKING (2015)
GENRE : DRAMA !!! THRILLER
COUNTRY : SWEDEN
DIRECTOR : BEATA GARDELER 

                      "BASED ON REAL INCIDENTS" അല്ലെങ്കിൽ "THRILLER" എന്നിങ്ങനെയുള്ള സവിശേഷതകൾ സിനിമയോട് ചേർന്നു നിൽക്കുമ്പോൾ പ്രേക്ഷകരുടെ കണ്ണ് പതിയാനുള്ള സാധ്യത കൂടുതലാണ്. അത്തരം സിനിമകളോടുള്ള ആകർഷണം തന്നെയാണ് എന്നെയും FLOCKEN എന്ന സ്വീഡിഷ് സിനിമയുടെ പ്രേക്ഷകനാക്കിയത്. IMDB-യിൽ ഈ സിനിമയുടെ ജോണർ കൊടുത്തിട്ടുള്ളത് ഡ്രാമ/ത്രില്ലർ എന്നാണ്. 
        സഹപാഠിയിൽ നിന്ന് ലൈംഗിക പീഡനത്തിന് ഇരയായി എന്ന ആരോപണം ഉന്നയിക്കുന്ന ജെന്നിഫറിനെ അവിശ്വസിക്കുന്ന സമൂഹത്തെയാണ് നമുക്ക് കാണാനാവുന്നത്. ആരോപണത്തിന്റെ ശരി-തെറ്റുകളിലേക്ക് സിനിമയെ ഒതുക്കി നിർത്താതെ, സമൂഹത്തിന്റെ പ്രതികരണങ്ങളെ സ്പഷ്ടമായി അവതരിപ്പിക്കാനാണ് സിനിമ ശ്രമിക്കുന്നത്. സാമൂഹ്യ ജീവിതത്തിന്റെ അനിവാര്യതകളെ ദ്യോതിപ്പിക്കുന്ന സന്ദർഭങ്ങളെ സൃഷ്ടിക്കാനുതകുന്ന വിധം ഗ്രാമീണ പശ്ചാത്തലത്തിണ് ഈ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. ഒറ്റപെടലിന്റെയും, അവഗണയുടെയും, പരിഹാസങ്ങളുടെയും രൂക്ഷതയെ അസ്വസ്ഥജനകമായ രീതിയിൽ പ്രേക്ഷകനിലേക്കു പടർത്താൻ അത്തരം കാഴ്ചകൾ സഹായകമാകുന്നു. പ്രമേയത്തിന് അനുസൃതമായ ഒരു മൂഡ് ക്രിയേറ്റ് ചെയ്യുന്നതിൽ സിനിമാറ്റോഗ്രഫിയും, അവതരണവും മുഖ്യ പങ്കു വഹിക്കുന്നു. പ്രതീക്ഷിച്ച രീതിയിലുള്ള  ത്രില്ലിംഗ് എലമെൻറ്സ് ഒന്നുമില്ലെങ്കിലും ആദ്യാവസാനം കാഴ്ച്ചക്കാരനെ പിടിച്ചിരുത്തുന്ന ഒരു ആകാംഷ സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. ആൾക്കൂട്ടങ്ങളുടെ (സമൂഹം) തീരുമാനങ്ങളും/മനസ്സും ഉരുത്തിരിയുന്ന രീതികളും അതിന്റെ അടിച്ചേൽപ്പിക്കലുകളും സിനിമയുടെ പ്രമേയത്തിന് എല്ലായിടത്തുമുള്ള സാന്നിധ്യത്തിന് അടിവരയിടുന്നു. സിനിമയുടെ ക്ളൈമാക്‌സും നമ്മൾ പ്രതീക്ഷിച്ച  രീതിയിലല്ല  അവസാനിക്കുന്നത്. സിനിമയുടെ സ്വഭാവം മനസ്സിലാക്കി കണ്ടാൽ ഇഷ്ടമാവുന്ന ഒരു കാഴ്ച തന്നെയാണ് FLOCKEN.


Monday, 10 October 2016

FUTURE LASTS FOREVER (2011)



FILM : FUTURE LASTS FOREVER (2011)
GENRE : DRAMA
COUNTRY : TURKEY
DIRECTOR : OZCAN ALPER

             ഇംഗ്ളീഷേതര വിദേശ സിനിമകളുടെ കാര്യമെടുക്കുമ്പോൾ എന്റെ കാഴ്ച കൂടുതൽ തറച്ച നാടുകളിലൊന്നാണ് തുർക്കി. മനോഹരമായ സിനിമാറ്റോഗ്രാഫിയും CEYLAN-നെ പോലെയുള്ള സംവിധായകരുടെ സാന്നിധ്യവുമാണ് അതിനിടയാക്കിയത്. 2008-ൽ പുറത്തിറങ്ങിയ AUTUMN എന്ന മികച്ച ഒരു സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ടർക്കിഷ് സംവിധായകനായ OZCAN ALPER-ന്റെ FUTURE LASTS FOREVER എന്ന സിനിമയെയാണ് ഈ കുറിപ്പിലൂടെ പരിചയപ്പെടുത്തുന്നത്. ഈ സിനിമ 90-കളിലെ തുർക്കിയെ ചരിത്രപരമായും, രാഷ്ട്രീയപരമായും അവതരിപ്പിക്കുന്നു.
        സംഗീതത്തിൽ ഗവേഷണം നടത്തുന്ന SUMRO എന്ന യുവതിയും, അവളുടെ യാത്രയിൽ കണ്ടുമുട്ടുന്ന അഹ്‌മദ് എന്ന യുവാവുമാണ് പ്രധാന കഥാപാത്രങ്ങൾ. SUMRO തേടുന്ന ദുഃഖസാന്ദ്രമായ ഈരടികളും, ശബ്ദങ്ങളും, അഹമെദ് എന്ന സുഹൃത്തും സിനിമയുടെ / സിനിമയിലെ രാഷ്ട്രീയത്തിന്റെ ഉള്ളിൽ തന്നെ നിലകൊള്ളുന്നവയാകുന്നു. SUMRO-യുടെ അന്വേഷണങ്ങളുടെ പലമാനങ്ങളിലേക്ക് സൂചനകളായി സിനിമയുടെ ആദ്യ നിമിഷങ്ങളിലെ രംഗങ്ങളെ സംവിധായകൻ അവതരിപ്പിക്കുന്നുണ്ടെങ്കിലും, സിനിമയുടെ രാഷ്ട്രീയമായ ചുവടുകൾ സുദൃഢമാവുമ്പോഴാണ് ഊഹങ്ങൾക്കപ്പുറമുള്ള വ്യക്തത അവയ്ക്ക് കൈവരുന്നത്. കുർദ്ദിഷ് കോൺഫ്ലിക്റ്റിന്റെ പശ്ചാത്തലത്തെ അടയാളപ്പെടുത്തുന്ന ഈ സിനിമയുടെ ഒരു പക്ഷത്തേക്കുള്ള ചായ്‌വ് വളരെ പ്രകടമാണ്. അവിടത്തെ ചരിത്ര യാഥാർഥ്യങ്ങളെക്കുറിച്ചുള്ള അജ്ഞത സിനിമയുടെ നിലപാടിനെ വിലയിരുത്താനുള്ള അവസരം നിഷേധിക്കുന്നു. സംവിധായകന്റെ വ്യക്തിപരമായുള്ള താല്പര്യങ്ങളോ, അനുഭവങ്ങളോ ആവാം സിനിമയെ ഒരു പക്ഷത്തേക്ക് ചേർത്തു നിർത്തിയത് എന്ന് അനുമാനിക്കാം. ചിലയിടങ്ങളിൽ സിനിമയ്ക്ക് ഒരു ഡോക്യുമെന്ററി സ്റ്റൈൽ കൈവരുന്നുണ്ടെങ്കിലും ആസ്വാദനത്തിന് കല്ലുകടിയായി മാറുന്നില്ല. സിനിമയെ കേവലം ആസ്വാദനോപാധി എന്ന നിലയിൽ മാത്രം പരിഗണിക്കുന്നവർക്ക് ഈ സിനിമ രസിക്കണമെന്നില്ല എന്ന സൂചനയോടെ നിർത്തുന്നു.


Sunday, 25 September 2016

HOLLOW CITY (2004)


FILM : HOLLOW CITY (2004)
GENRE : DRAMA
COUNTRY : ANGOLA
DIRECTOR : MARIO JOAO GANGA
                     വ്യത്യസ്ത രാജ്യങ്ങളിലെ സിനിമകൾ തപ്പിപ്പിടിച്ച് കാണാറുള്ളത് പുതുമയ്ക്ക് വേണ്ടി മാത്രമല്ല, അവിടങ്ങളിലെ വൈവിധ്യമാർന്ന കൾച്ചറൽ എലമെന്റുകളെ മനസ്സിലാക്കാനും കൂടിയാണ്. അംഗോളൻ സിനിമയായ HOLLOW CITY എന്നിലെ സിനിമാ പ്രേക്ഷകൻ പ്രതീക്ഷിച്ച രീതിയിലുള്ള ഒന്നായിരുന്നില്ല. വേറിട്ട കാഴ്ചകൾക്കും , താളങ്ങൾക്കും പഞ്ഞമില്ലാത്ത ആഫ്രിക്കൻ മണ്ണിലേക്ക് കണ്ണ് തുറക്കുമ്പോഴുള്ള പുതുമ ഈ സിനിമയും നൽകാതിരിക്കുന്നില്ല. അംഗോളൻ തലസ്ഥാനമായ ലുവാണ്ടയുടെ പശ്ചാത്തലത്തിൽ NDALA എന്ന കുട്ടിയുടെ അനുഭവങ്ങളെ പിന്തുടർന്നുള്ള  ഏതാനും ദിനങ്ങളാണ് സിനിമയിലുള്ളത്. അംഗോളൻ സിവിൽ വാർ കാലഘട്ടമാണ് കഥാസന്ദർഭമാവുന്നത്. യുദ്ധ മേഖലയിൽ നിന്ന് കന്യാസ്‌ത്രീയ്‌ക്കൊപ്പം ലുവാണ്ടയിൽ വിമാനമിറങ്ങുന്ന NDALA എന്ന ബാലൻ അവരുടെ കണ്ണുവെട്ടിച്ചു നഗരക്കാഴ്ചകളിൽ ലയിച്ചു ചേരുകയാണ്. കാൽനടയായുള്ള അവന്റെ യാത്രയിൽ വന്നു ചേരുന്ന സൗഹൃദങ്ങളും, ജീവിതക്കാഴ്ചകളുമാണ് ലുവാണ്ടയുടെ മിടിപ്പുകളായി ഈ സിനിമ പകരുന്നത്. പ്രമേയവും. ക്യാമറയും ദരിദ്ര പരിസരങ്ങളിൽ ഉടക്കി നിൽക്കാറുള്ള പതിവ് ആഫ്രിക്കൻ കാഴ്ചകളിൽ നിന്ന് വ്യത്യസ്തമാണ് HOLLOW CITY.


Friday, 23 September 2016

A MAN CALLED OVE (2015)



FILM : A MAN CALLED OVE (2015)
GENRE : DRAMA !!! COMEDY
COUNTRY : SWEDEN
DIRECTOR : HANNES HOLM

                 A MAN CALLED OVE എന്ന സിനിമയെക്കുറിച്ച്‌ പറയാനൊരുങ്ങുമ്പോൾ OVE എന്ന വ്യക്തിയിൽ നിന്ന് തുടങ്ങണം. കാരണം, ഈ സിനിമ അയാൾക്കു ചുറ്റുമാണ് കറങ്ങുന്നത്. അയാളുടെ രീതികളും, ചെയ്തികളുമാണ് സിനിമയുടെ ഗതിയെയും, ദിശയെയും, ഉള്ളടക്കത്തെയും നിയന്ത്രിക്കുന്നത്. സാഹചര്യങ്ങളാണ് ഒരാളുടെ സ്വഭാവം രൂപപ്പെടുത്തുന്നത് എന്ന് പറയാറുണ്ടെങ്കിലും, നമ്മുടെ സ്വഭാവം പലതരം സാഹചര്യങ്ങൾ നമുക്ക് ചുറ്റും സൃഷ്ടിക്കും എന്നതും ഒരു യാഥാർത്യമാണ്. ഈ രണ്ടു വീക്ഷണങ്ങൾക്കും  OVE-യുടെ ജീവിതം സാധൂകരണം നൽകുന്നു എന്നതാണ് സിനിമയെക്കുറിച്ച് പറയാനുള്ള ആമുഖം.
      ക്ഷിപ്രകോപിയായ, ചിട്ടകളിലും-ശീലങ്ങളിലും ഉറഞ്ഞുപോയ വൃദ്ധനായ ഒറ്റയാനെയാണ് OVE എന്ന കഥാപാത്രത്തിൽ കണ്ടുമുട്ടാനാവുക. വിശ്രമജീവിതം നയിക്കുന്ന അയാൾ ജീവിതത്തെ കൈയൊഴിയാനുള്ള ശ്രമങ്ങളിലേക്ക് തിരിയുമ്പോഴാണ് പുതിയ അയൽക്കാരെത്തുന്നത്. നമുക്കറിയാത്ത OVE എന്ന മനുഷ്യനെയും, അയാളുടെ ഭൂതകാലത്തേയും അവരിലൂടെയാണ് നമ്മളും അറിയുന്നത്. കഥാപാത്രങ്ങളിൽ ഒരാൾക്ക് പേർഷ്യൻ ഐഡൻറിറ്റി വ്യക്തമായി നൽകിയത് ബോധപൂർവ്വം തന്നെയാണെന്ന് തോന്നി. അഭയാർത്ഥികളും, കുടിയേറ്റക്കാരും സമൂഹത്തിന്റെ കെട്ടുറപ്പിലേക്കും, സന്തോഷങ്ങളിലേയ്ക്കും വഴിതെളിയിക്കുന്ന നല്ലസാന്നിദ്ധ്യമാണെന്ന സന്ദേശവും സിനിമ പങ്കുവെയ്ക്കുന്നു. ഫ്ലാഷ്ബാക്കുകളിലൂടെയും മറ്റും കഥപറയുന്ന  ഈ സിനിമ ഇതേ പേരിലുള്ള വിഖ്യാതമായ ഒരു നോവലിന്റെ ദൃശ്യഭാഷ്യമാണ് എന്നാണ് മനസ്സിലാക്കാനായത്. ചിരിയും, നോവും നൽകി മനസ്സിനെ തഴുകി A MAN CALLED OVE അവസാനിക്കുമ്പോൾ നല്ല ഒരു സിനിമ കാണാനായി എന്ന സന്തോഷമാണ് കൂട്ടിനെത്തുന്നത്. അതുകൊണ്ടു തന്നെയാണ് ഇങ്ങനെയൊരു ചെറു കുറിപ്പെഴുതിയതും.......