Wednesday, 27 May 2020

GO HOME (2015)


FILM : GO HOME (2015)
COUNTRY: FRANCE !!! LEBANON
GENRE : DRAMA
DIRECTOR : JIHANE CHOUAIB
             "GO HOME", സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ ഇതൊരു മടങ്ങിപ്പോക്കാണ്. അവ്യക്തമായ ഓർമ്മകളിൽ തപ്പിത്തടഞ്ഞു ഭൂതകാലത്തിലേക്ക്, തിരിച്ചറിവുകളിലേയ്ക്ക്, വെളിച്ചം വീഴ്‌ത്തേണ്ട സംശയങ്ങളിലേയ്ക്ക്, പിറന്ന മണ്ണിലേക്ക്, സർവ്വോപരി അവനവനിലേക്ക്. GOLSHIFTHE FARHANI മുഖ്യവേഷത്തിലെത്തുന്ന ഈ സിനിമ ലെബനൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
        ഫ്രാൻസിൽ കുടുംബത്തിനൊപ്പം കഴിയുന്ന നദ എന്ന യുവതി തന്റെ ജന്മനാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തന്റെ ബാല്യകാലം കഴിച്ചു കൂട്ടിയ വീടിന്റെ താക്കോലുമായി കയറിച്ചെല്ലുന്ന അവളെ കാത്തിരിക്കുന്നത് , ചപ്പുചവറുകൾ നിറഞ്ഞ, പലരീതിയിൽ അതിക്രമിക്കപ്പെട്ട നിലയിലുള്ള ഒരു പഴയ വീടാണ്. അവിടെ കയറി താമസം തുടങ്ങുന്ന അവളെ അസ്വസ്ഥമാക്കുന്നത് തന്റെ മുത്തശ്ശന് എന്ത് സംഭവിച്ചു എന്ന ചിന്തയാണ്. ആ ചോദ്യമാണ് അവളെ അലട്ടുന്നതും, നയിക്കുന്നതും. നദയെ തേടി സഹോദരൻ എത്തുന്നതോടെ സിനിമ കുറച്ചു കൂടി എൻഗേജിങ് ആകുന്നു. കാരണം, അവളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു ലക്ഷ്യമാണ് അവനുള്ളത്‌. ഫ്ലാഷ്ബാക്കുകളിലൂടെ പലയാവർത്തി കാണിച്ചു തരുന്ന നദയുടെ അവ്യക്തമായ ഓർമ്മകൾ ഓരോ തവണയും അവൾക്കെന്ന പോലെ പ്രേക്ഷകനും കൂടുതൽ വ്യക്തതയേകുന്നു. മുൻവിധികളിൽ കുരുങ്ങിപ്പോയ അവളുടെ ചിന്തകളും, ശാഠ്യങ്ങളും തിരിച്ചറിവുകളിൽ സ്വയം നേർത്തു പോവുന്നുണ്ട്.
          ഭൂതകാലത്തോട് വൈകാരികമായി കെട്ടു പിണഞ്ഞിരിക്കുന്നുണ്ടെങ്കിലും ആ കാലത്തിന്റെ ഓർമ്മകളും, ഭാഷയും നദയ്ക്ക് അവ്യക്തമാണെന്നത് പ്രേക്ഷകനെ സന്ദേഹിപ്പിക്കുന്നുണ്ട്. സിനിമയുടെ അവസാന ഭാഗത്ത് നദ കണ്ടുമുട്ടുന്ന പലസ്തീൻകാരിയുടെ വാക്കുകളിലെ വേദനയും, നിരാശയും, പ്രതീക്ഷയുമെല്ലാം നദയുടെയും മുഖത്ത് പ്രതിഫലിച്ചു കാണാവുന്നത് പിഴുതെറിയപ്പെടുന്നവന്റെ മനസ്സിന്റെ സമാനത കാരണമാവാം. കുടിയേറ്റത്തിന്റെയും, പലായനത്തിന്റെയും വിജയ-പരാജയങ്ങൾക്കപ്പുറം ജീവിതാനുഭവങ്ങളുടെ വൈകാരികമായ താദാത്മ്യപ്പെടലും, ഐക്യപ്പെടലുമാവാം അത്. വീടിന്റെ ചുമരുകളിൽ നദ വായിച്ചെടുത്ത GO HOME എന്ന വാക്ക് എന്തായിരിക്കാം അവളുടെ ഹൃദയത്തോട് മന്ത്രിച്ചത്‌. വീട് എന്നത് അവളെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ ഏതാണ്.........
         ഫർഹാനിയുടെ മികച്ച പ്രകടനമാണ് സിനിമയെ ആകർഷകമാക്കുന്നത്. ഡ്രാമ GENRE ഇഷ്ടപ്പെടുന്നവർക്കായി ഈ  സിനിമ സജസ്റ്റ് ചെയ്യുന്നു.

Wednesday, 22 April 2020

UNTIL THE BIRDS RETURN (2017)


FILM : UNTIL THE BIRDS RETURN (2017)
GENRE : DRAMA
COUNTRY : ALGERIA
DIRECTOR :KARIM MOUSSAOUI
        ഓരോ വ്യക്തിയും പലതരം അനുഭവങ്ങളുടെ സമ്മേളനമാണ്. ഇവ്വിധം വ്യക്തിയുടെയും, സമൂഹങ്ങളുടെയും അനുഭവങ്ങളുടെ കലവറകളെ തൊട്ടറിഞ്ഞു സർഗാത്മകതയുടെ ഇളംചൂടിനാൽ പുനരുജ്ജീവിപ്പിച്ചു കൊണ്ട് തന്നെയാണ് പലരീതിയിൽ നമ്മെ വിസ്മയിപ്പിച്ചിട്ടുള്ള കലാസൃഷ്ടികൾ സംഭവിച്ചിട്ടുള്ളത്. ഭാഷയും, ദേശവുമെല്ലാം അനുഭവിപ്പിക്കുന്ന ഭേദങ്ങൾ തന്നെയാണ് ആവർത്തിക്കപ്പെടുമ്പോഴും മടുപ്പിക്കാതെ പലതിനേയും ആസ്വദിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. അനുഭവങ്ങളുടെ പുതു കാഴ്ചകളിൽ ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളും, വിഹ്വലതകളും, പ്രതീക്ഷകളും മിന്നിമറയുമ്പോൾ തന്നിലേക്ക് തന്നെ പലയാവർത്തി പ്രേക്ഷകൻ നോക്കുന്നത് എല്ലാ ഭാഷാ - ദേശാന്തരങ്ങൾക്കുമപ്പുറം മനുഷ്യാവസ്ഥകളുടെ ഏകമുഖം കാരണമാവാം. ആസ്വാദനങ്ങൾക്കപ്പുറം ചില ഓളം വെട്ടലുകൾ ഏല്പിക്കുന്നുവെന്നതും സിനിമകളെ പ്രസക്തമാക്കുന്ന വസ്തുതയാണുതാനും.
          അൾജീരിയൻ സിനിമയായ UNTIL THE BIRDS RETURN മൂന്ന് വ്യക്തികളുടെ ജീവിതത്തിലെ ചില സാഹചര്യങ്ങളെ മൂന്ന് ഭാഗങ്ങളായി അവതരിപ്പിക്കുന്നു. ഓരോ കഥാപാത്രവും / അനുഭവങ്ങളും മറ്റൊന്നിൽ നിന്ന് വ്യതിരിക്തതയോടെ വേറിട്ട് നിൽക്കുന്നു. മധ്യവയസ്സ് പിന്നിട്ട ഒരു ബിൽഡർ, വിവാഹിതയാകാൻ പോകുന്ന ഒരു യുവതി, വിവാഹത്തിനായി ഒരുങ്ങുന്ന ഒരു ഡോകടർ എന്നിവരാണ് മൂന്ന് പ്രധാന കഥാപാത്രങ്ങൾ. മൂന്ന് പേരും നിലകൊള്ളുന്ന വർത്തമാനാവസ്ഥയെ അസ്വസ്ഥമാക്കുന്ന തരത്തിൽ ഭൂതകാലം അവരെ അള്ളിപ്പിടിച്ചിരിക്കുകയാണ്. പരിഹാരങ്ങളിലും, തീരുമാനങ്ങളിലും വേരറ്റു പോവുന്നതിനപ്പുറം മാനങ്ങളടങ്ങിയതാണ് അവരുടെ പ്രശ്നങ്ങൾ. കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന പ്രേക്ഷകനും അവരുടെ അകമനസ്സിന്റെ സംഘർഷങ്ങളെ ശ്രവിക്കാം. മൂന്നു ഭാഗങ്ങളായി അവതരിപ്പിച്ചത്തിൽ രണ്ടാമത്തെ ഭാഗം എല്ലാം കൊണ്ടും മികച്ചു നിന്നു എന്ന് പറയാം. എല്ലാ തടസ്സങ്ങളെയും വകഞ്ഞൊഴുകുന്ന ജീവിതത്തിന്റെ സവിശേഷതയെന്നോണം ഓരോ സെഗ്മന്റിൽ നിന്നും മറ്റൊന്നിലേക്കുള്ള കൂടുമാറ്റം ചലനാത്മകമായി തന്നെയാണ് സംവിധാനിച്ചിരിക്കുന്നത്.
         ഒരു പുതിയ കഥയുടെ തുടക്കത്തെ സൂചിപ്പിച്ചു കൊണ്ട്, ഇനിയും പറയാനുണ്ടെന്ന ഓർമ്മപ്പെടുത്തലോടെയാണ് സിനിമ പിൻവാങ്ങുന്നത്. ജീവിതത്തിന്റെ നിലയ്ക്കാത്ത ഓളങ്ങളിൽ എത്രയോ അനുഭവങ്ങൾ ഇനിയും കരയ്ക്കടിയും, അവയിൽ എത്രയെണ്ണത്തിന് സർഗാത്മകതയുടെ ചൂടേൽക്കുമെന്ന് കാത്തിരിക്കാം.......  

I’M A KILLER (2016)


FILM : I’M A KILLER (2016)
COUNTRY : POLAND
GENRE : DRAMA !!! THRILLER
DIRECTOR : MACIEJ PIEPRZYCA
             "BASED ON TRUE EVENTS", സീരിയൽ കില്ലർ, ത്രില്ലർ എന്നീ ലേബലുകൾ കണ്ടു ചാടിവീഴാത്തതാണ് നല്ലത്. ഈ മൂന്നു കാര്യങ്ങളും സിനിമയോട് ചേർന്ന് നിൽക്കുന്നവയാണെങ്കിലും പ്രേക്ഷകന്റെ മുൻവിധികളെ തൃപ്തിപ്പെടുത്തുമോ എന്നകാര്യത്തിലുള്ള  സംശയമാണ് അത്തരമൊരു അഭിപ്രായത്തിനു കാരണം. 1970 കളുടെ പശ്ചാത്തലത്തിൽ സ്ത്രീകൾ  കൊലചെയ്യുപ്പെടുന്ന  ഒരു സീരിയൽ കില്ലിംഗ് സംഭവത്തിന്റെ സാഹചര്യമാണ് സിനിമയുടേത്. തുടർച്ചയായ കൊലപാതകങ്ങളുൾക്കു മുന്നിൽ നിസ്സഹായരായി നിൽക്കുകയാണ് പോലീസ്. ഒരു ഉന്നത നേതാവിന്റെ ബന്ധുകൂടി കൊലയ്ക്കിരയാവുന്നതോടെ പോലീസധികാരികൾക്കുമേൽ സമ്മർദ്ദം കൂടുകയാണ്. കുറ്റാന്വേഷണത്തിന്റെ ചുമതല താരതമ്യേന അനുഭവസമ്പത്തു കുറഞ്ഞ JANUSZ നെ ഏൽപ്പിക്കുകയാണ്. തുടർന്നുള്ള സംഭവവികാസങ്ങളാണ് സിനിമയെ നയിക്കുന്നത്.
        മറഞ്ഞിരിക്കുന്ന ഒരു കുറ്റവാളിയെ വേട്ടയാടി പിടികൂടുന്ന ഒരു കഥാതന്തുവല്ല ഈ സിനിമയിലുള്ളത്. കാലഘട്ടത്തിന്റെ രാഷ്ട്രീയവും, അധികാര ഘടനകളും, സാമൂഹിക ജീവിത ചിത്രങ്ങളുമെല്ലാം സിനിമയുടെ ഒഴുക്കിനൊപ്പം തെളിഞ്ഞു നിൽക്കുന്നുണ്ട്. ഒരു കാലഘട്ടത്തിന്റെ രീതികളെ പ്രതിനിധീകരിക്കുന്ന നിമിഷങ്ങൾ ശക്തമായ രാഷ്ട്രീയ സൂചനകളെന്ന പോലെ ഇന്നും വിട്ടൊഴിയാത്ത യാഥാർത്യമായി തുടരുന്നു എന്നതാണ് സത്യം. നുണകളിലും, അർദ്ധസത്യങ്ങളിലും നിർമ്മിച്ചെടുക്കുന്ന അധികാരങ്ങളും പ്രശസ്തിയും പോലെ ചരിത്രങ്ങളും പലപ്പോഴും ഉറപ്പില്ലാത്ത തൂണുകളിലാണ് എഴുന്നു നിൽക്കുന്നതെന്ന് വിളിച്ചു പറയാനും സിനിമ മറക്കുന്നില്ല. ഉദ്വേഗം നിറഞ്ഞ വഴികളിലൂടെ ഈ സിനിമ പ്രേക്ഷകനെ നടത്തുന്നില്ലെങ്കിലും തുടക്കം മുതൽ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരുത്താൻ സിനിമയ്ക്കാവുന്നുണ്ട് എന്ന് തന്നെയാണ് തോന്നിയത്

Friday, 17 April 2020

THE FAREWELL (2019)


FILM : THE FAREWELL (2019)
GENRE : DRAMA !!! COMEDY
COUNTRY : CHINA
DIRECTOR : LULU WANG
          
         തിരക്കുകളുടെ ലോകത്ത്‌  കടിഞ്ഞാൺ പൊട്ടിയപോലെ നിയന്ത്രണം വിട്ടോടിയിരുന്ന മനുഷ്യസമൂഹം , അവനവന്റെ കുടുംബങ്ങളിലേയ്ക്, പ്രിയപ്പെട്ടവരിലേയ്ക്ക് കണ്ണും , കാതും തിരിച്ചു നിൽക്കുന്ന ഇപ്പോഴുള്ള സവിശേഷ സാഹചര്യത്തിൽ മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നു ഈ സിനിമ. തിരക്കുകൾ കാരണം എന്ത് നഷ്ടപ്പെടുന്നു, എന്ത് നേടുന്നു എന്നീ ചിന്തകൾക്കുപരി സ്നേഹത്തിന്റെ / ബന്ധങ്ങളുടെ കരുതലുകളിലേയ്ക്ക് ആർദ്രതയോടെ നോക്കിനിൽക്കായി എന്നതാണ് ഈ സിനിമ എന്നോടൊപ്പം ഉപേക്ഷിച്ച അനുഭവം. നിരവധി അന്താരാഷ്ട്ര വേദികളിലടക്കം പുരസ്കാരങ്ങളും, അംഗീകാരങ്ങളും നേടിയ ചൈനീസ് ചിത്രം "ദി  വെൽ" ആണ് ഈ കുറിപ്പിലൂടെ പരിചയപ്പെടുത്തുന്ന സിനിമ.
           മക്കളും അവരുടെ കുടുംബങ്ങളും വിദേശത്തു കഴിയുന്ന ഒരു സ്ത്രീയ്ക്ക് ഗുരുതരമായ "ക്യാൻസർ"  ഡയഗണോസ്‌ ചെയ്യപ്പെടുകയാണ്. വിവരമറിഞ്ഞ മക്കൾ കുടുംബ സമേതം നാട്ടിലെത്തുകയാണ്. മാതാവിനെ അസുഖത്തെ കുറിച്ച് അറിയിക്കാതെ വരുന്നതിനായി പേരക്കുട്ടികളിൽ ഒരാളുടെ വിവാഹം എന്ന നുണയൊരുക്കിയാണ് എല്ലാവരുമൊത്തുചേരുന്നത്. കുടുംബാംഗങ്ങളുടെ കൂടിച്ചേരലിന്റെ നിമിഷങ്ങളുടെ പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങൾ, വ്യക്തി ബന്ധങ്ങൾ, സാംസ്‌കാരിക മൂല്യങ്ങൾ എന്നിവയെല്ലാം സിനിമയ്ക്കുള്ളിൽ മിന്നിമറയുന്നു. സാമൂഹികവും, സാമ്പത്തികവുമായ മാറ്റങ്ങളെ പിന്നിടുമ്പോഴും സാംസ്‌കാരിക മൂല്യങ്ങളും, സ്വത്വങ്ങളും ചേർത്തു പിടിക്കേണ്ടതിന്റെ സൂചനകളെ വ്യക്തമാക്കുന്നുണ്ട് സിനിമയിലെ സന്ദർഭങ്ങളും , സംഭാഷണങ്ങളും. ഈസ്റ്റ്-വെസ്റ്റ് എന്നീ സാസ്കാരികതകളെയും വാച്യമായി തന്നെ താരതമ്യപ്പെടുത്തുകയും ചെയ്യുന്നത് കാണാം. അമേരിക്കയെന്ന വാക്ക് കേൾക്കുമ്പോഴെല്ലാം പുതു തലമുറയിൽ നിന്നുതിരുന്ന ആകാംഷയും, ആവേശവും നിറഞ്ഞ ചോദ്യങ്ങളും അവയോടുള്ള "ബില്ലിയുടെ" നിസ്സംഗത നിറഞ്ഞ പ്രതികരണങ്ങളും പ്രേക്ഷകർക്കു വായിച്ചെടുക്കാവുന്ന അർഥതലങ്ങളിലേക്ക് തന്നെയാണ് നടന്നു കയറുന്നത്.
          ഏത് പുതുവേഷങ്ങളിലേയ്ക്ക് കുടിയേറിയാലും അതിനുള്ളിൽ നിന്ന് നമ്മെ പുറത്തിടുന്ന സാഹചര്യങ്ങളെ അപ്രതീക്ഷിതമായി ജീവിതം നമുക്ക് നേരെ നീട്ടുമെന്ന്  സിനിമ ദൃശ്യമാക്കുന്നു. അവിടെ തീരുമാനങ്ങളിലേക്ക് നമ്മെ പിടിച്ചു നടത്തുന്നത് നമ്മുടെ യഥാർത്ഥ സാംസ്‌കാരിക അംശങ്ങളായിരിക്കുമെന്നും സിനിമ ഓർമ്മിപ്പിക്കുന്നു. അമേരിക്കയിൽ താമസമാക്കിയ ബില്ലിയും മുത്തശ്ശിയും തമ്മിലുള്ള ഗാഢബന്ധമാണ് സിനിമയിലെ പ്രധാന കഥാതന്തു. അവരുടെ സംഭാഷണങ്ങളെ മുൻനിർത്തി തലമുറകളുടെ കാഴ്ചപ്പാടുകളും , സാംസ്‌കാരിക അന്തരങ്ങളും പ്രേക്ഷരിലേക്ക് പകരുവാനും സിനിമ ബോധപൂർവ്വം ശ്രമിക്കുന്നതായി തോന്നി.
      ഗൗരവമേറിയ ഒരു സാഹചര്യത്തിന് ചുറ്റുമാണ് സിനിമയും, കഥാപാത്രങ്ങളും നിറഞ്ഞു നിൽക്കുന്നതെങ്കിലും ദുഃഖാർത്തമായ രീതികളെ പിൻപറ്റാതെ ആസ്വാദ്യകരമായി , മനസ്സു നിറയുന്ന അനുഭവമായി സിനിമയെ അവതരിപ്പിച്ചു എന്നതാണ് ഈ സിനിമയുടെ പ്ലസ് പോയിന്റ്.  

Thursday, 16 April 2020

MOMMO (2009)


FILM : MOMMO (2009)
GENRE : DRAMA
COUNTRY : TURKEY
DIRECTOR : ATALAY TASDIKEN

             ബാല്യവും, ഗ്രാമീണതയും ഏത് പ്രാദേശികതയെ തൊട്ട് നിന്നാലും ഏവർക്കും ഗൃഹാതുരമായ ചെറു തണല്ലെങ്കിലും അത് ഏൽപ്പിക്കും. അകറ്റി നിർത്തലുകളുടെ വേദനകൾ പതുക്കെയെന്നവണ്ണം ആഴം കണ്ടെത്തുമ്പോഴും പരസ്പര സ്നേഹത്തിന്റെ-കരുതലിന്റെ മനോഹാരിതയിൽ അതിജീവനമെന്ന പ്രതീക്ഷയെ ചൂണ്ടി നിൽക്കുകയാണ് അഹമ്മദും ,സഹോദരിയായ അയ്സിയും. മാതാവിന്റെ മരണവും, പിതാവിന്റെ തിരസ്കരണവും, മുത്തശ്ശന്റെ ആവതില്ലായ്മയും നിറം മായ്ക്കുന്ന അവരുടെ ജീവിതത്തിന്റെ ആകുലതകളിൽ നമ്മുടെ കാഴ്ചകൾ തറഞ്ഞു നിൽക്കുമ്പോഴും സിനിമ ഹൃദ്യമാകുന്നത് കൂടപ്പിറപ്പിനോടുള്ള അഹമ്മദിന്റെ ആത്മബന്ധം കാണുമ്പോഴാണ്. ഫീൽഗുഡ് എന്ന് പറയാവുന്ന തരത്തിലുള്ള ഉള്ളടക്കമല്ലെങ്കിലും ഓർമ്മകളെ പിന്നോട്ടെറിഞ്ഞു ബാല്യത്തിന്റെ അടയാളങ്ങളെന്തെങ്കിലും ഓരോ പ്രേക്ഷകനും മുങ്ങിയെടുക്കുമെന്നുറപ്പ്. എല്ലാ അറുത്തുമാറ്റലുകളും വേദനയേകുമെന്ന യാഥാർത്യത്തിനു മുന്നിൽ കാഴ്ചയകന്ന് നിൽക്കുന്നത് പ്രേക്ഷകനും കൂടിയാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു "കൊച്ചുസിനിമ".

Sunday, 29 September 2019

YOMEDDINE (2018)


FILM : YOMEDDINE (2018)
COUNTRY : EGYPT
GENRE : COMEDY !!! DRAMA
DIRECTOR : A B SAHAWKY
              തിരസ്കരിക്കപ്പെട്ടവരുടെ പ്രതിനിധികളാണ്   ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങൾ. കുഷ്ഠരോഗം വന്നതിനാൽ ചെറുപ്പത്തിലേ കുടുംബാംഗങ്ങൾ ഉപേക്ഷിച്ചു പോയ "ലെപ്പർ കോളനിയിൽ" താമസിക്കുന്ന ബെഷായും, അനാഥനായ ഒബാമ എന്ന കുട്ടിയും തമ്മിലുള്ള സൗഹൃദവും , അവർ നടത്തുന്ന യാത്രയുമാണ് സിനിമയുടെ ഉള്ളടക്കം. മാലിന്യ കൂമ്പാരത്തിൽ നിന്നും വസ്തുക്കൾ പെറുക്കി വിൽക്കുന്നതാണ് അയാളുടെ ഉപജീവന മാർഗ്ഗം. രോഗം ബാക്കിവെച്ച അടയാളങ്ങൾക്കൊപ്പം ദൃശ്യമാകുന്ന വേദന കലർന്ന നിരാശയുടെ കാരണം അയാളെ വേർപിരിഞ്ഞു മരണത്തെ പുൽകിയ ഭാര്യയെക്കുറിച്ചുള്ള ഓർമ്മകളാണ്.  ആ ഒറ്റപ്പെടലിൽ തന്റെ വേരുകളെക്കുറിച്ചു ഓർക്കുകയാണ് അയാൾ. അവ തേടി യാത്രക്കൊരുങ്ങുകയാണ് ബെശായ്. കഴുതപ്പുറത്തേറി അയാൾ നടത്തുന്ന യാത്രയിൽ ഒബാമയും സൂത്രത്തിൽ ഒപ്പം കൂടുന്നു. ആ യാത്രാനുഭവങ്ങൾക്കൊപ്പമാണ്  സിനിമയുടെ പ്രയാണവും.
             ഇരുവരുടെയും യാത്രയിലുടനീളം സമൂഹത്തിന്റെ മാറ്റിനിർത്തലുകളെ കാണാം. ഇവ്വിധം സമൂഹത്തിന്റെ ഭാഗമാകാനാവാതെ കൈയ്യൊഴിയപ്പെടുന്ന ജനതയെയും, അവർ ചേർത്ത് പിടിക്കുന്ന വിഷമതകളെയും ദൈന്യത തുടിക്കുന്ന ഫ്രെയിമുകളില്ലാതെ തന്നെ പറയാനാവുന്നു എന്നതാണ് സിനിമയുടെ നല്ല വശങ്ങളിൽ ഒന്ന്. തിരസ്കരിച്ച ഇടങ്ങളിലേയ്ക്ക് തിരിച്ചു നടക്കുന്ന ബെശായ് ഉള്ളിൽ ഒളിപ്പിച്ചിരിക്കുന്ന പ്രതീക്ഷകൾ എന്തായിരിക്കാം,?.. അയാളുടെ മനസ്സ് എന്തെല്ലാം ചിന്തകളെയാവണം യാത്രയിൽ കൂടെ കൂട്ടിയിട്ടുണ്ടാവുക?.. അയാളുടെ ചുണ്ടുകളിൽ നിന്നും ഉതിർന്നു വീഴാൻ വെമ്പി നിൽക്കുന്ന ചോദ്യങ്ങൾ എന്തെല്ലാമായിരിക്കണം? ....എന്നിങ്ങനെ പ്രേക്ഷകന്റെ ചിന്തകളും പടരുകയാവും സിനിമയ്ക്കൊപ്പം. മുൻവിധികളും, യാഥാർത്യങ്ങളുമെല്ലാം കീഴ്മേൽ മറിയുന്ന ജീവിത യാത്രയിൽ , വെളിച്ചമടഞ്ഞ ജീവിതത്തെ മുന്നോട്ടു നയിക്കാൻ  സന്തോഷത്തിന്റെ ഒരു നേർത്ത വരയെയെങ്കിലും ബെശായ് കണ്ടുമുട്ടുമോ ?........
           പ്രധാന കഥാപാത്രങ്ങളുടെ ചേർച്ചയുള്ള പ്രകടനം , ചില ഓർമ്മപ്പെടുത്തലുകൾ, ചില നൊമ്പരങ്ങൾ, ചില ജീവിത പാഠങ്ങൾ എന്നിവയിലൂടെ പ്രേക്ഷകനെയും ഒപ്പം കൂട്ടുന്ന ഒരു കൊച്ചു സിനിമ. അതാണ് YOMEDDINE (2018)

Monday, 9 September 2019

A DRAGON ARRIVES!(2016)

FILM : A DRAGON ARRIVES!(2016)
COUNTRY : IRAN
GENRE : MYSTERY !! HORROR
DIRECTOR : MANI HAGHIGHI
       ഇറാനിയൻ സിനിമ എന്നു കേൾക്കുമ്പോൾ ലാളിത്യം കലർന്ന, സംഭാഷണ പ്രാധാന്യമുള്ള,  റിയലിസ്റ്റിക്കായുള്ള   സിനിമകളാണ് മനസ്സിലേക്കെത്തുക.  എന്നാൽ അത്തരം ബോധ്യങ്ങളെ ശിഥിലമാക്കുന്ന വേറിട്ട കാഴ്ചകളും അവിടന്നുണ്ടാകുന്നുണ്ട്.  അത്തരത്തിൽ ചൂണ്ടിക്കാണിക്കാവുന്ന ഒരു  സിനിമയെയാണ് ഈ കുറിപ്പിലൂടെ പരിചയപ്പെടുത്തുന്നത്. MANI HAGHIGHI-യുടെ A DRAGON ARRIVES ! (2016).

      സത്യം പറഞ്ഞാൽ മിസ്റ്ററി എന്ന ഒരു  വാക്കിൻ കണ്ണുടക്കിയത് കാരണമാണ് ഈ സിനിമ കാണാനിരുന്നത്.  എന്നാൽ ഒരു GENRE-ലും  ഒതുങ്ങിനിൽക്കാതെ പല GENRE-കളെ ബ്ലെൻഡ്  ചെയ്തു വേറിട്ട രീതിയിൽ ഒരുക്കിയെടുത്ത  സിനിമയായാണ് അനുഭവപ്പെടുക.  ഹൊറർ, ഫാൻറസി, മിസ്റ്ററി, ഡോക്യുമെൻററി എന്നിങ്ങനെ   നിലയുറപ്പിക്കാതെ  കളം  മാറ്റിച്ചവിട്ടുന്ന ഈ  സിനിമ പരീക്ഷണസിനിമകൾ ഇഷ്ടപ്പെടുന്നവർക്ക്  തീർച്ചയായും വേറിട്ട അനുഭവമാകും.

            വർത്തമാനം-ഭൂതകാലം, യഥാർത്ഥം-ഫിക്ഷൻ എന്നിങ്ങനെ കുഴഞ്ഞു മറിഞ്ഞു കിടക്കുന്ന സിനിമയും, കഥാപാത്രങ്ങളും സൂക്ഷ്മ ശ്രദ്ധ നൽകിയില്ലെങ്കിൽ വഴുതിപ്പോകും എന്നതിൽ സംശയമില്ല.  സിനിമയുടെ കഥാതന്തുവിനെ ചെറുതായൊന്ന് സ്പർശിക്കാതെ ഈ കുറിപ്പ് അർത്ഥവത്താകില്ലെന്നതിനാൽ അതും കൂട്ടിച്ചേർക്കുന്നു.  രാഷ്ട്രീയത്തടവുകാരെ നാടു കടത്തുന്ന ദ്വീപിൽ  മോചനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ   ആത്മഹത്യ ചെയ്യുന്ന ഒരാളുടെ മരണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ വന്നിരിക്കുകയാണ് ബാബക് . നൂറു വർഷങ്ങളോളമായി ആരെയും മറവു ചെയ്യാത്ത സെമിത്തേരിയോട്  ചേർന്നുള്ള ഉപേക്ഷിക്കപ്പെട്ട കപ്പലിൽ  അയാളുടെ മരണം  അവശേഷിപ്പിച്ച ദുരൂഹതകളെ  കണ്ടെത്താൻ ശ്രമിക്കുന്ന ബാബക്കിനെ  കാത്തിരിക്കുന്നത് കൂടുതൽ നിഗൂഢതകൾ ആയിരുന്നു.  ആ നാടും, നാട്ടുകാരും, സെമിത്തേരിയും ബാക്കി വെക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം തേടി ബാബക്ക് ഉൾപ്പെടെ മൂന്ന് യുവാക്കൾ നടത്തുന്ന ശ്രമങ്ങളും അതിനോട് അനുബന്ധമായി  ആനയിക്കപ്പെടുന്ന കാഴ്ചകളുമാണ് ഈ സിനിമ മുന്നോട്ടുവെക്കുന്ന ഫ്രെയിമുകൾ.

       സിനിമ നിലകൊള്ളുന്ന കാലഘട്ടം 1960-കളിലേതാണ്. INTELLIGENCE , COUNTER INTELLIGENCE   എന്നിങ്ങനെയുള്ള വാക്കുകൾ  ആ കാലഘട്ടത്തെ മുൻനിർത്തി വിശകലനം ചെയ്യാനുള്ളതാവണം.  ദ്വീപിലെ സെമിത്തേരിയുമായി ബന്ധപ്പെട്ട  വിഷ്വൽസും, ശബ്ദങ്ങളും മികച്ചുനിൽക്കുന്നു. നായകന്മാർക്ക് എന്നപോലെ പ്രേക്ഷകനും ഇല്യൂഷൻ ആയി അനുഭവപ്പെടുന്ന സർ-റിയൽ കാഴ്ചകളും സിനിമ സമ്മാനിക്കുന്നുണ്ട്.  സിനിമയെ  അതിൻറെ പൂർണ്ണതയിൽ  മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്ന സത്യം ബാക്കിനിൽക്കുമ്പോഴും , വേറിട്ട കാഴ്ചാനുഭവം എന്ന യാഥാർത്യം മുന്നോട്ടാഞ്ഞു തന്നെ നിൽക്കുന്നു.  പരീക്ഷണ സിനിമകൾ തേടി നടക്കുന്നവർക്ക്   ഈ സിനിമ തീർച്ചയായും സംതൃപ്തി നൽകുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ...