Friday, 10 October 2014

HOW MUCH FURTHER (2006)



FILM   : HOW MUCH FURTHER (2006)
GENRE   : DRAMA  !!!!! ROAD MOVIE
COUNTRY   : ECUADOR
DIRECTOR   : TANIA HERMIDA

            യാത്രകളും, കാഴ്ചകളും ഇഷ്ടപെടാത്തവർ ഉണ്ടാവില്ല. ആ ഇഷ്ടം തന്നെയാണ് റോഡ്‌ മൂവികൾ കാണുവാനുള്ള താൽപര്യത്തിനും  കാരണം. എന്നാൽ, പല റോഡ്‌ മൂവികളും കാഴ്ചകൾക്കപ്പുറം  ശക്തമായ ആശയ പ്രകാശനങ്ങൾക്ക്‌  വേദിയാകാറുണ്ട്. സാമൂഹിക അവസ്ഥകളും , രാഷ്ട്രീയ വീക്ഷണങ്ങളും ഇത്തരം സിനിമകളിൽ നമ്മുടെ മനസ്സിനൊപ്പം സഞ്ചാരികളാകാറുണ്ട്. സിനിമയുടെ സൗന്ദര്യത്തിനും , ഒഴുക്കിനും ഭംഗം വരുത്താത്ത രീതിയിൽ ഇത്തരം കാര്യങ്ങളെ  സിനിമാ കാഴ്ച്ചകളുമായും , കഥാപാത്രങ്ങളുമായും കൂട്ടിയിണക്കുക  എന്നത് സിനിമാ സൃഷ്ട്ടാക്കൾക്ക് വെല്ലുവിളി തന്നെയാണ. കണ്ണിനും, കാതിനും , മനസ്സിനും സുഖമേകുന്നതോടൊപ്പം പറയാനുള്ളത് വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യുന്ന മികച്ച യാത്രാ അനുഭവമാകുന്നു HOW MUCH FURTHER. ഇക്വഡോറിന്റെ  അതിമനോഹരമായ കുന്നിൻ പുറങ്ങളിലെ ഭൂപ്രകൃതിയെ ആവോളം നുകർന്നുള്ള യാത്രയുമാകുന്നു ഈ സിനിമ.
           അപരിചിതത്വത്തിന്റെ  സംഗമങ്ങൾ ഓരോ നിമിഷവും പാഞ്ഞെത്തുന്ന  യാത്രകൾ അസ്വാദ്യകരമാകുന്നത് അതിന്റെ അപ്രവച്ചനീയത കൊണ്ട് ആവാം. ഈ സിനിമയും, സിനിമയിലെ യാത്രയും മുന്നോട്ട് നീങ്ങുന്നത്‌ TRISTEZA ( ദുഃഖം എന്ന അർഥമുള്ള പേരിനുടമയായ ഇക്വഡോറുകാരി) , ESPERANZA (പ്രതീക്ഷ എന്ന അർഥമുള്ള സ്പെയിൻകാരിയായ ടൂറിസ്റ്റ്) എന്നീ വനിതകളിലൂടെയാണ്. CUENCA എന്ന പ്രദേശം ലക്ഷ്യം വച്ചുള്ള യാത്രയിൽ ബസ്സിൽ വെച്ച് യാദൃശ്ചികമായി കണ്ടു മുട്ടുകയും പരിചയപ്പെടുകയും ചെയ്യുന്നു ഇവർ. അപ്രതീക്ഷിതമായി കടന്നു വരുന്ന ദേശീയ സമരത്തിൽ ഗതാഗതം സ്തംഭിക്കുകയാണ്. തന്റെ ആണ്‍ സുഹൃത്തിന്റെ വിവാഹം തടസ്സപ്പെടുത്താനുള്ള തത്രപ്പാടിലുള്ള TRISTEZA -യും, ഇക്വഡോറിന്റെ സൗന്ദര്യം കണ്ണുകളിൽ ആവാഹിക്കാൻ വെമ്പി നിൽക്കുന്ന ESPERANZA-യും ലക്ഷ്യമണയാൻ മറ്റു പോംവഴികൾ തേടിയിറങ്ങുന്നു.  ഈ യാത്രയിലെവിടെയോ വച്ച് ജീസസ് എന്ന വ്യത്യസ്തനായ വ്യക്തിത്വം അവരുടെ  കൂടെ കൂടുന്നു. മുത്തശ്ശിയുടെ ചിതാ ഭസ്മം CUENCA-യിലെ നദിയിലോഴുക്കുക എന്നതാണ് അയാളുടെ യാത്രയുടെ ഉദ്ദേശ്യം.
               സിനിമ ഉന്നം വെയ്ക്കുന്ന വിഷയങ്ങളിലേയ്ക്ക്‌ വിരൽ ചൂണ്ടുന്നതിനു മുമ്പ് ഈ മൂവർ സംഘത്തിലെ ഓരോരുത്തരെ വരച്ചു നോക്കാം. ആശയാധിഷ്ടിത  കാഴ്ചപ്പാടുകളും , സോഷ്യലിസ്റ്റ് നിലപാടുകളും പ്രസരിപ്പിക്കുന്നവളും , നിലവിലുള്ള എല്ലാ സാമൂഹിക-രാഷ്ട്രീയ  രൂപങ്ങളെയും വെറുക്കുന്ന ബൌദ്ധികതയിലൂന്നിയ ചിന്തകൾ  വഹിക്കുന്ന ഉയർന്ന സാമൂഹിക നിലവാരം ധ്വനിപ്പിക്കുന്ന ഇക്വഡോർകാരിയാണ് TRISTEZA.  യാത്രകളിലൂടെ ആർജ്ജിച്ചെടുത്ത ലോക പരിചയവും , വ്യത്യസ്തങ്ങളായ സാമൂഹിക അവസ്ഥകളെയും കാഴ്ചകളെയും കൌതുകത്തോടെ ചേർത്ത് പിടിക്കുന്ന ഊർജ്ജസ്സ്വലത തുളുമ്പി നിൽക്കുന്നവളുമായ ESPERANZA . യാഥാർത്ഥ്യത്തിന്റെ നിഴലുകൾ ചിലപ്പോഴെങ്കിലും തെളിഞ്ഞ ചിന്തകൾ ഉതിർന്നു വീണ ശബ്ദ സാന്നിധ്യമാകുന്ന ജീസസ്. പ്രണയം , രാഷ്ട്രീയം, ഇക്വഡോറിന്റെ സാമൂഹിക ചുറ്റുപാടുകൾ എന്നിവയെയാണ് സിനിമ ലളിതമായി ചൂണ്ടിക്കാണിക്കുന്നത്. കഥാപാത്രങ്ങൾ വിരളമായ ഈ സിനിമയിൽ അവതരിപ്പിക്കപ്പെടുന്ന ഓരോ കഥാപാത്രങ്ങളും അതിനാൽ തന്നെ പ്രധാന്യമർഹിക്കുന്നവയുമാണ്. സിനിമയിൽ ഇവർ കണ്ടു മുട്ടുന്ന  വ്യക്തിത്വങ്ങളും , അവരുമായുള്ള സംഭാഷണങ്ങളും യാത്രയുടെ ഭാഗമായിട്ടുള്ളവയായി  തോന്നുമെങ്കിലും   , ഈ സംഭാഷണങ്ങളെ സൂക്ഷ്മ വിശകലനത്തിന്റെ അരിപ്പയിൽ അരിച്ചു നോക്കിയാൽ വിരുദ്ധങ്ങളായ വീക്ഷണ തലങ്ങളും, സാമൂഹിക പ്രാതിനിത്യങ്ങളും, പ്രതീക്ഷയറ്റ  ചിന്തകളും, സാമ്പത്തിക-സാംസ്കാരിക പ്രതിസന്ധികളും വ്യക്തമാവും.വിശ്വസനീയമായ ലാളിത്യത്തോടെ ഇക്വഡോർ എന്ന ലാറ്റിനമേരിക്കൻ രാജ്യത്തെ, അതിന്റെ ആകുലതകളെ,   യാഥാർത്ഥ്യങ്ങളെ പ്രേക്ഷകരിലെയ്ക്ക് പകരാൻ ഈ മനോഹര ചിത്രത്തിലൂടെ സംവിധായികയ്ക്ക്‌ കഴിഞ്ഞിരിക്കുന്നു.
              ലാറ്റിനമേരിക്കൻ  സിനിമകൾ ഇഷ്ട്ടപ്പെടാതിരിക്കാൻ കഴിയില്ല എന്ന് പറയുന്നത് വെറുതയല്ല. HOW MUCH FURTHER എന്ന ഈ സിനിമ , കാണാൻ ബാക്കിയുള്ള ലാറ്റിനമേരിക്കൻ  സിനിമകൾ തേടിയുള്ള യാത്രയിലേക്കാണ് നമ്മെ തള്ളിയിടുക.


Tuesday, 7 October 2014

YEELEN (BRIGHTNESS) 1987



FILM   : YEELEN (BRIGHTNESS) 1987
COUNTRY   : MALI
GENRE  : FANTASY  DRAMA
DIRECTOR  : SOULEYMANE CISSE

                ഞാൻ ഇതുവരെ കണ്ടിട്ടുള്ള ആഫ്രിക്കൻ സിനിമകളിലൊന്നും  നിഗൂഡാത്മകതയുടെ  ഇരുട്ടും , വെളിച്ചവും നിറഞ്ഞ ആഫ്രിക്കയുടെ ആത്മാവിനെ തൊട്ടറിയാൻ  കഴിഞ്ഞിട്ടില്ല. എന്നാൽ SOULEYMANE CISSE-യുടെ YEELEN (BRIGHTNESS) എല്ലാ അർഥത്തിലും  എന്റെ  ആഗ്രഹം സഫലമാക്കിയ  വിസ്മയക്കാഴ്ച്ചയായി. ആഫ്രിക്കയുടെ സംസ്കൃതിയുടെയും , പൈതൃകങ്ങളുടെയും എല്ലാ വശ്യതയും  കവിഞ്ഞൊഴുകിയ  സിനിമാ അനുഭവം. ആഫ്രിക്ക ഒരു അത്ഭുതമായി തോന്നിയിട്ടുള്ളവർക്ക് ഈ സിനിമയും അത്തരം അനുഭവം നൽകുമെന്ന് തീർച്ച.
     ബ്ലാക്ക് മാജിക്കും, ആഭിചാരങ്ങളും , കല്പിതമാകുന്ന  അതിമാനുഷത്വങ്ങളും നിറം പിടിപ്പിച്ച ആഫ്രിക്കയുടെ ഭൂതകാലത്തിലെവിടെയോ  കാലുറപ്പിച്  നമുക്ക് തുടങ്ങാം. മാലിയിലെ ബംബാര സമൂഹത്തിന്റെ പശ്ചാത്തലത്തിൽ അവതരിക്കുന്ന  ഈ സിനിമ വിദ്വേഷം തികട്ടി നിൽക്കുന്ന ഒരു പിതൃ-പുത്ര  പോരാട്ടത്തിന്റെ  കഥ പറയുന്നു. മറ്റുള്ളവർക്ക്മേൽ  അധീശത്വം സ്ഥാപിക്കാവുന്ന തരത്തിൽ മാന്ത്രിക സിദ്ധികളുള്ള  "സോമ" എന്ന  തന്റെ പിതാവിൽ നിന്നും രക്ഷ നേടാനുള്ള NIANKORO (മകൻ) എന്ന യുവാവിന്റെ ശ്രമങ്ങളാണ് സിനിമയിലുടനീളം. NIANKORO , മാന്ത്രിക സിദ്ധികൾക്ക് ഉടമയാണെങ്കിലും തന്റെ പിതൃസഹോദരനെ കണ്ടെത്തി അയാളുടെയും കൂടി സഹായത്തോടെ കരുത്തനായ പിതാവിനെ എതിരിടുകയാണ് അയാളുടെ ലക്ഷ്യം. ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിനിടയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് നമുക്ക് ദൃശ്യ വിരുന്നാകുന്നത്.
             വേഷ-വാസ-ആചാര-ഭൂപ്രകൃതി  എന്നിവയിലെ ആഫ്രിക്കൻ  സൗന്ദര്യത്തെ അനുഭവിപ്പിക്കാൻ ഈ സിനിമയ്ക്കായി. "മാജിക് പോസ്റ്റ്‌" , "കൊറെ വിംഗ്"    എന്നിങ്ങനെ നാമകരണം ചെയ്യപ്പെട്ടിട്ടുള്ള മാന്ത്രിക മരനിർമ്മിതികൾ ,  കുല ചിഹ്നങ്ങളും (ഫെറ്റിഷ്) , വിചിത്ര  വിശ്വാസങ്ങളും വേരുറച്ചു പോയ സമൂഹത്തിലെ അവിഭാജ്യക്കാഴ്ച്ചകളാകുന്നു. യുവാവിനൊപ്പം സിനിമ വിശ്രമിക്കുന്ന ഇടങ്ങളിലെല്ലാം വൈവിധ്യമാർന്ന  സമൂഹങ്ങളും , അവരുടെ ജീവിതത്തെയും അടയാളപ്പെടുത്തുന്ന കാഴ്ചകളും  നിറയുന്നു.
              നമ്മെ പിടിച്ചുലയ്ക്കുന്ന ആദ്യ രംഗത്തിനു മുൻപ് സ്ക്രീനിൽ നിറഞ്ഞ അനേകം വാക്കുകളിൽ മനസ്സിൽ പതിഞ്ഞത് ആദ്യം തെളിഞ്ഞ "താപം" , "അഗ്നി" , "പ്രകാശം" എന്നീ മൂന്ന് വാക്കുകളാണ്. അത് കൊണ്ട് തന്നെ എവിടെയും ഇവരെ തെരയുന്ന ജിജ്ഞാസ നമ്മുടെ കണ്ണുകളെ കീഴടക്കിയെന്നും വരാം. ആഭിചാര ക്രിയകളിലും, കൊല്ലന്റെ ആലയിലും, ഭക്ഷണം പാകം ചെയ്യുന്ന ഇടങ്ങളിലും, ശത്രുവിനെതിരെ പോരാട്ടത്തിന്റെ പ്രതിരോധം തീർക്കുന്ന  അടർക്കളങ്ങളിലും  സാന്നിധ്യമറിയിക്കുന്ന  "അഗ്നിയെ"  സംഹാരത്തിന്റെയും , നില നിൽപ്പിന്റെയും  വിരുദ്ധ ധ്രുവങ്ങളിലേയ്ക്ക് കൂട്ടികൊണ്ടു പോകാമെന്ന് സിനിമ വ്യക്തമാക്കുന്നു.
               സിനിമയിലെ ദൃശ്യങ്ങളും, വാക്കുകളും ,ചിഹ്നങ്ങളും,  ചെയ്തികളും   പലപ്പോഴും പലതിന്റെയും പ്രതീകങ്ങളായി തോന്നിയെങ്കിലും , അവ   പ്രാദേശിക ഐതിഹ്യങ്ങളിൽ നിന്നും , വിശ്വാസങ്ങളിൽ നിന്നും കടം കൊണ്ടവയായതിനാൽ  അവയെ പൂർണ്ണമായി വായിചെടുക്കാനായില്ല. സിനിമയുടെ അന്ത്യരംഗങ്ങളിലൊന്നിൽ  സോമയോട് (പിതാവ്)   അശരീരി കണക്കെ മന്ത്രിക്കപ്പെടുന്ന വാചകങ്ങളിൽ  ശക്തി, അധികാരം, നന്മ, വിശ്വാസം , അനീതി എന്നീ വാക്കുകൾ പെറുക്കിയെടുക്കാനായതിനാൽ സിനിമ കേവലം ഫാന്റസിക്കപ്പുറം ആഫ്രിക്കൻ ജനതയോടോ , നമ്മളോടോ  മറ്റെന്തോ സംവദിക്കാൻ ശ്രമിക്കുന്നതായും തോന്നി.
            സിനിമയുടെ അവസാന ദൃശ്യങ്ങളെന്ന പോലെ, സിനിമയുടെ പേരും എന്റെ ചിന്തകളിൽ കിടന്ന് വെളിച്ചം കിട്ടാതെ അലയുകയാണ്.........അന്ധകാരം നിറഞ്ഞ ചിന്തകളിൽ വെളിച്ചത്തിന്റെ കിരണങ്ങൾ വന്നണയും എന്ന പ്രതീക്ഷയിൽ, ആഫ്രിക്കയുടെ ആത്മാവിനെ സ്പർശിക്കുന്ന ഈ സിനിമയെക്കുറിച്ചുള്ള കുറിപ്പിന് വിരാമമിടുന്നു. 


Sunday, 5 October 2014

DEATH OF A SHADOW (2012)



FILM  :  DEATH OF A SHADOW (2012) – (SHORT FILM)
COUNTRY :  BELGIUM
GENRE  :  SHORT  FANTASY  DRAMA (20 MINUTES)
DIRECTOR  : TOM VAN AVERMAET

              "ചെറുതാണ് മനോഹരം" എന്ന് പലപ്പോഴും തോന്നാറുണ്ട്. കവിതകളും , കഥകളും ഈ വാക്കുകളെ അന്വർത്ഥമാക്കിയിട്ടുമുണ്ട്. വിസ്മയമുണർത്തുന്ന  ദൃശ്യാനുഭവം ചമച്ച ബെൽജിയൻ ഫാന്റസി  ഷോർട്ട് ഫിലിമായ "DEATH OF A SHADOW" ചെറുതിന്റെ മനോഹാരിതയെ  നമുക്ക് കാട്ടിത്തരുന്നു. സമയ ദൈർഘ്യത്തിലൊഴികെ  ബാക്കിയെല്ലാത്തിലും  വലുതിനോട് തോള് ചേർക്കാവുന്ന മികവ് ഈ  ലഘു ചിത്രം  കാണുമ്പോൾ  വ്യക്തവുമാണ്.
                      സയൻസ് ഫിക്ഷൻ  സിനിമകളെ അനുസ്മരിപ്പിക്കുന്ന ഫ്രൈമുകളിൽ തീർത്ത മായികക്കാഴ്ചകൾ  നമുക്ക് പകരുന്നത് വിചിത്രവും , നവ്യവുമായ അനുഭവങ്ങളാണ്. മരണത്തിന്റെ നിഴലുകൾ ശേഖരിക്കുന്നയാൾക്കും  , അയാളുടെ അടിമ പോലെ നിഴലുകളെ തന്റെ കൈയ്യിലുള്ള ഉപകരണത്തിലേയ്ക്ക് ആവാഹിക്കുന്ന NATHAN എന്ന  സൈനികനുമൊപ്പം ഈ  വിചിത്ര ലോകത്തിലെ  സഞ്ചാരികളാകുന്നു  നമ്മൾ. മരണം തളച്ചിടുന്ന നിഴലുകളുടെ ശേഖരണവും, കാലം ആനയിക്കുന്ന പഴഞ്ചൻ  നിഴലുകളും , ദാരുണാന്ത്യങ്ങളും മൃഗീയതയും സൃഷ്ടിക്കുന്ന ഉത്കൃഷ്ടതകളും  വിചിത്രങ്ങളായ പുതു കാഴ്ച്ചകളാകുന്നു.
               മരണത്തിന്റെ നിഴലുകളെ ഒപ്പിയെടുക്കുന്ന  NATHAN-ന്റെ  ദൌത്യങ്ങൾക്കു  പിന്നിൽ ജീവിതത്തോടുള്ള ആർത്തിയല്ല  , മറിച്ച്  മരണത്തിന്റെ നിശ്ചലതയിലുറച്ച നിഴലിൽ നിന്നും മോചനം കാംക്ഷിക്കുന്ന അനുരാഗ നിമഗ്നമായ  ഹൃദയത്തിന്റെ  ആഗ്രഹങ്ങളാണ്. മരണത്തിന്റെ വശ്യത കുടികൊള്ളുന്ന 10000  നിഴലുകളുടെ വില കൽപ്പിക്കപെടുന്ന  അയാളുടെ ജീവിതത്തിന്റെ വീണ്ടെടുപ്പിനായുള്ള അവസാന ഉദ്യമത്തിൽ അസൂയയോ , വെറുപ്പോ മേൽക്കൈ നേടുന്നതായി തോന്നി. മരണത്തിന്റെയും , ജീവിതത്തിന്റെയും നിഴലുകൾ വേർത്തിരിയുന്ന  വാതിൽപ്പടിയിൽ  ത്യാഗത്തിന്റെ സ്ഥിരം ക്ലീഷേകളെ  താലോലിച്ച്  NATHAN  മരണത്തിൽ നിന്നും,  ജീവിതത്തിലൂടെ വീണ്ടും മരണത്തിന്റെ നിഴലുകളിലെയ്ക്ക്  ചേക്കേറുന്നു.
              "യഥാർത്ഥം" എന്ന വാക്കിനെ ചിന്തകളിൽ നിന്ന് അകറ്റി നിർത്തിയായിരിക്കണം  ഈ കാഴ്ചയിലേയ്ക്ക് പ്രവേശിക്കേണ്ടത്. കാഴ്ച്ചക്കാരനെ  മുഴുവൻ സമയവും കൂടെനിർത്തുന്ന , സങ്കീർണ്ണമെന്ന തോന്നലുളവാക്കുമെങ്കിലും  "ഫാന്ടസിയാണെന്ന" തിരിച്ചറിവിൽ ലാളിത്യം കൈവരുന്ന അപൂർവ്വമായ  ദൃശ്യാനുഭവമാണ് DEATH OF A SHADOW. സിനിമയുടെ സാങ്കേതിക വശങ്ങൾ പുലർത്തിയ  ഉയർന്ന നിലവാരം ഓരോ രംഗങ്ങളും സാക്ഷ്യപ്പെടുത്തുന്നു. മരണം "ഏക സത്യമായി" നില കൊള്ളുന്ന  യാഥാർത്ഥ്യത്തിൽ വസിക്കുന്ന നമുക്ക് മുന്നിൽ ജീവിത-മരണങ്ങളുടെ നിഴൽ നാടകങ്ങൾ തീർക്കുന്ന ഈ ലഘുചിത്രം കാണാതെ പോകുന്നത് നഷ്ടം തന്നെയെന്നു തീർച്ച.
               സിനിമ കണ്ടവർക്കും , കാണാത്തവർക്കും  ഈ കുറിപ്പ് അപൂർണ്ണമായ ഒന്നായി തോന്നാം. കാരണം , ഈ സിനിമയെ മാറി നിന്ന് നോക്കിയപ്പോൾ ഞാൻ കണ്ട നിഴലുകളിൽ ചിലത് മാത്രമാണ് ഇവിടെ അക്ഷരരൂപം  ആർജ്ജിച്ചിട്ടുള്ളൂ. നിങ്ങളുടെ ആസ്വാദനത്തിന്റെ തീവ്രതയ്ക്ക് മേൽ  കരിനിഴൽ വീഴ്ത്താതെ ബാക്കി നിഴലുകളെ ഞാൻ ഇരുട്ടിൽ തന്നെ നിർത്തുന്നു.  


Monday, 22 September 2014

THE GOLDEN DREAM (2013)



FILM  : THE GOLDEN DREAM (2013)
GENRE  : DRAMA !!  ROAD MOVIE
COUNTRY : MEXICO
DIRECTOR : DIEGO QUEMADA- DIEZ
                    സ്വപ്നങ്ങളെ പിന്തുടർന്ന് സമൃദ്ദിയുടെ വിളനിലങ്ങളിലേയ്ക്ക്  കുതിക്കുവാനുള്ള മനുഷ്യന്റെ അഭിനിവേശം ചിലപ്പോൾ ചരിത്രമാകാറുണ്ട്. അടയാളപ്പെടുത്താനാകാതെ  മാഞ്ഞുപോകുന്ന  സഹസ്രങ്ങളുടെ ദുരിത പർവ്വങ്ങൾക്ക് മുകളിൽ എഴുന്ന് നിൽക്കുന്ന അപൂർവ്വങ്ങളായ സ്വപ്ന സാഫല്യങ്ങളെയാണ്  തുടർന്നുള്ള തലമുറകൾ ഏറ്റു പാടുന്നതും , അഗ്നിയായി ഉള്ളിൽ കെടാതെ സൂക്ഷിക്കുന്നതും. സുന്ദരവും , സമ്പന്നവുമായ ഒരു സുവർണ്ണ സ്വപ്നത്തിനു പിറകെ കാലടികൾ തീർക്കാൻ യുവത്വത്തിന് ചോദന നൽകുന്നതും ഇത്തരം സ്തുതി ഗീതങ്ങൾ തന്നെയാകണം.
                  അമേരിക്കയെന്ന  സ്വപ്നഭൂമി (?) തേടി  യാത്രയാകുന്ന മൂന്നു "ഗ്വാട്ടിമാലക്കാരായ" യുവതയുടെ ആവേശകരമായ അനുഭവം പ്രേക്ഷകന് പകരുന്ന THE GOLDEN DREAM(2013) എന്ന മെക്സിക്കൻ സിനിമ , റോഡ്‌ മൂവി വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്. ഗ്വാട്ടിമാല , മെക്സിക്കോ എന്നിവയുടെ പ്രാന്തതയിലൂടെ ചിന്നം വിളിച്ചു പായുന്ന യന്ത്ര പുഴുവിന് മുകളിലിരുന്ന് അവർ കാണുന്ന കാഴ്ചകളും , നേരിടുന്ന നടുക്കമുണർത്തുന്ന  യാഥാർത്ഥ്യങ്ങളും  കാതങ്ങൾക്കിപ്പുറം  നമ്മുടെ ഉള്ളിലും അലയടിക്കുന്ന തരത്തിൽ ഈ യാത്രയിലേയ്ക്ക് നമ്മെയും പിടിച്ചുയർത്തുന്ന ദൃശ്യാനുഭവമായി മാറുന്നു ഈ സിനിമ.
                   ചേരി ജീവിതം തീർക്കുന്ന ദാരിദ്ര്യ- കൂനകളിൽ നിന്നും വമിക്കുന്ന ദുർഗന്ധം മൂലം "നിൽക്കുന്നത്" പോലും അസഹനീയമാകുമ്പോഴാണ് , സ്വപ്നങ്ങളെ പിന്തുടരാനുള്ള ലളിത യുക്തിയിലേയ്ക്ക് ജുവാൻ, സാറ, സാമുവൽ എന്നിവർ പിച്ചവെയ്ക്കുന്നത്. ഓസ്‌വ്വാൾഡോ  എന്ന പേരിൽ ആണ്‍വേഷം  കെട്ടിയാണ് സാറ യാത്രയ്ക്കൊരുങ്ങുന്നത്. ഈ മൂവർ സംഘത്തിലേയ്ക്ക് ഭാഷയറിയാത്ത CHAUK  എന്ന റെഡ് ഇന്ത്യൻ യുവാവ്‌ കൂടിയെത്തുമ്പോൾ , ഈ  സിനിമയിലെ ചേരുവകൾക്ക് വേണ്ട നാൽവർ  സംഘമായി അവർ പരിണമിക്കുന്നു. ഇത്തരം യാത്രകൾ അതിന്റെ കഠിന യാഥാർത്യങ്ങളെ പുൽകുമ്പോഴും  ഒരു പിന്മാറ്റത്തെക്കുറിച്ച്  അവർ ചിന്തിക്കാത്തത്, അവരെ ഈ യാത്രകളിലെയ്ക്ക് നയിക്കുന്ന നിറം കുറഞ്ഞ ജീവിത സാഹചര്യങ്ങൾ തന്നെയാണെന്ന് മനസ്സിലാക്കാം. ശക്തിയെയും, മനക്കരുത്തിനെയും  ചേർത്ത് പിടിക്കുന്ന "ഡാർവീനിയൻ"  നീതിയുടെ വിളയാട്ട ഭൂമികളാണ് നമുക്ക് ഈ യാത്രയിൽ എങ്ങും തെളിഞ്ഞു കാണാനാവുന്നത്. എച്ചില് തിന്നു ജീവിക്കുന്നവനെ കൊള്ളയടിക്കുന്ന കൊടും ക്രൂരത രംഗപ്രവേശം നടത്തുന്ന ഫ്രൈമുകൾ നമ്മിൽ വെറുപ്പിന്റെയും , നൊമ്പരങ്ങളുടെയും നിശ്വാസങ്ങൾ തീർക്കുന്നവയായിരുന്നു. സ്നേഹവും, വിശ്വാസവും, വഞ്ചനയും ആപേക്ഷികവും അവസരോചിതവുമായ  അപ്രവചനീയതയായി  അവതരിക്കുന്നത് നടുക്കമുണർത്തുന്നു. ഈ ദുർഘട പാതയിലെ ഇരുണ്ട  യാഥാർത്യങ്ങളെ  അവർ എങ്ങനെ  നേരിടുന്നുവെന്നതും , ഈ യാത്രയുടെ  അന്ത്യവുമാണ് നമുക്കായി ഈ സിനിമ ഒരുക്കിയ സസ്പെൻസ്.
                      ദേശാന്തര ഗമനങ്ങളെ  അധികരിച്ചുള്ള ഇത്തരം റോഡ്‌ മൂവികൾ കാണുമ്പോൾ സാധാരണ മനസ്സിൽ പതിയാറുള്ള കാഴ്ചകൾക്കപ്പുറം , ഹൃദയത്തെ സ്പർശിക്കുന്ന ഒരു സിനിമാ കാഴ്ചയാണ് THE GOLDEN DREAM. ഒരു പക്ഷെ സത്യത്തിന്റെ നിഴലുകൾ ഈ സിനിമ കാണിക്കുന്ന ജീവിതങ്ങളിൽ പതിഞ്ഞത്  മൂലമാകാം അങ്ങനെ തോന്നിയത്. പല രംഗങ്ങളും, പല നിലവിളികളും , പല മുഖങ്ങളും  ഈ വിധത്തിൽ ഇന്നും ലോകത്ത് തുടർക്കഥയാകുന്നുണ്ടല്ലോ എന്ന ചിന്തയാണ് സിനിമ കണ്ടതിനു ശേഷം മനസ്സിനെ വേട്ടയാടുന്ന അസ്വസ്ഥതയുടെ  കാരണം. ജീവിതം പലർക്കും കരുതി വെച്ചിരിക്കുന്ന വിചിത്രങ്ങളായ സമ്മാനപ്പൊതികളെക്കുറിച്ച്  ഓർമിപ്പിക്കുന്ന ഈ സിനിമയെ മികച്ച ഒരു റോഡ്‌ മൂവിയായി പരിഗണിക്കാം. എല്ലാവർക്കും ആസ്വദിക്കാവുന്ന സിനിമയെന്ന ലേബൽ നൽകി ഈ സിനിമയെ നിങ്ങളുടെ കാഴ്ചകൾക്കും , അഭിപ്രായങ്ങൾക്കുമായി മുന്നിലേയ്ക്ക് നീക്കി നിർത്തി വിടവാങ്ങുന്നു               

Thursday, 18 September 2014

IN BLOOM (GRZELI NATELI DGEEBI) 2013

FILM : IN BLOOM (GRZELI NATELI DGEEBI) 2013
COUNTRY : GEORGIA
GENRE : DRAMA
DIRECTORS : NANA EKVTIMISHVILI , SIMON GROSS
  ആദ്യ വാക്ക്
            നമുക്ക് പരിചിതമല്ലാത്ത സാഹചര്യങ്ങൾ സുലഭമായ ഒരു ദേശത്തിന്റെ പ്രാദേശികതയിൽ മുക്കിയെടുത്ത വിഷയത്തെ കഥാസന്ദർഭങ്ങൾ കോർത്ത്‌ , കഥാപാത്രങ്ങളിലൂടെ ജീവനേകി  അവതരിപ്പിക്കുമ്പോൾ കൈവരാറുള്ള (മിക്കപ്പോഴും) യൂണിവേഴ്സാലിറ്റിയുടെ കാരണമെന്തെന്ന്  പലപ്പോഴും ചിന്തിക്കാറുണ്ട്. ഇത്തരം സിനിമകൾ മനസ്സിൽ അവശേഷിപ്പിക്കാറുള്ള ചിന്തകൾക്ക് ചൂട് പിടിക്കുമ്പോൾ ജീവിത സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന ചൂളയിൽ ഉരുകിയൊലിക്കുന്ന  മനുഷ്യവൈകാരികതയുടെ  സമാനത തെളിഞ്ഞു വരുന്നതായി കാണാം. അതുകൊണ്ട് തന്നെയാണ് ഏതു ഭാഷയിലും , ഏതു നിറക്കൂട്ടിലും  അവതരിച്ചാലും  അവയുടെ അപരത്വത്തെ  നമുക്കിടയിലോ,  നമുക്ക് ചുറ്റിലോ മറ്റൊരു പ്രാദേശികത ആവേശിച്ചതായി  നമുക്ക് തിരിച്ചറിയാനാവുന്നത്. ഈ ചിന്തകളെ എന്നിൽ ആവർത്തിച്ച് ഉണർത്തിയ  IN BLOOM എന്ന ജോർജിയൻ സിനിമയാണ് ഇത്തവണ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.

ഇനി സിനിമയിലേയ്ക്ക്

               ഈ സിനിമ EKA , NATIA  എന്നീ പെണ്‍കുട്ടികളുടെ  തീവ്ര സൗഹൃദത്തിലൂന്നിയ ജീവിതത്തെയാണ് അവതരിപ്പിക്കുന്നത്‌. USSR-ന്റെ നാശവും , ജോർജിയ- അബ്ഖാസിയ തർക്കവും കൂട്ടിമുട്ടുന്ന ഒരു കാലത്തിലെ(1992)  TIBILISI എന്ന ജോർജിയൻ നഗരത്തിന്റെ പശ്ചാത്തലമാണ് സിനിമയിലുള്ളത്. ഇങ്ങനെയുള്ള രാഷ്ട്രീയ കാരണങ്ങളാൽ സ്വാഭാവികമായി ഉരുത്തിരിയുന്ന സാമൂഹിക സാഹചര്യങ്ങളിലാണ് നാം അവരെയും അവരുടെ സൗഹൃദത്തെയും കണ്ടുമുട്ടുന്നത്. സുഖകരമല്ലാത്ത ഗൃഹാന്തരീക്ഷത്തിലും, അപകടകരങ്ങളായ പൊതു ഇടങ്ങളിലും  സഹനത്തിന് പകരം ചെറുത്തു നിൽപ്പിന്റെ കാഴ്ചകളാണ് അവരുടെ സൗഹൃദം   നമുക്ക് നൽകുന്നത്. ഏതു പാറയിലും കിളിർക്കുന്ന ചെടി പോലെ പ്രണയം ഇവിടെയും സാന്നിധ്യമറിയിക്കുന്നു. സ്കൂളിലേയ്ക്കുള്ള  വഴിയോരങ്ങളിലെ ഏതാനും രംഗങ്ങളിലൂടെ അവതരിപ്പിക്കപെടുന്ന NATIA-LADO പ്രണയത്തിന്റെ വിചിത്രമായ ഭാവിയും , NATIA-യുടെ വിവാഹവും , അത് സൃഷ്ടിക്കുന്ന പുതിയ സാഹചര്യങ്ങളുമാണ് സിനിമയെ അന്ത്യത്തിലേയ്ക്ക്‌ നയിക്കുന്നത്.

സിനിമയെക്കുറിച്ചുള്ള  എന്റെ  ചിന്തകൾ

                     സിനിമ പ്രതിനിധീകരിക്കുന്ന കാലഘട്ടത്തിലെ സാഹചര്യങ്ങൾ സൃഷ്ട്ടിച്ച സാമൂഹിക അരക്ഷിതാവസ്ഥയുടെ നിഴലുകൾ സിനിമയിൽ എല്ലായിടത്തും കാണാം. പൊതുസ്ഥലങ്ങളിൽ അപകടങ്ങൾ നിറഞ്ഞു നിൽക്കുന്ന സാധാരണത്വത്തെ തിരിച്ചറിയുമ്പോഴാണ്‌  LADO-NATIA ക്ക് നൽകുന്ന സ്നേഹ സമ്മാനത്തെയും , അവരുടെ പ്രണയത്തിന്റെ തീവ്രതയെയും  നമുക്ക് ഉൾക്കൊള്ളാനാവുക. ദുരിതമയമായ ദാരിദ്ര്യം സിനിമയിൽ ഇല്ലെങ്കിലും, ഇല്ലായ്മയുടെ നേർത്ത ധ്വനി ചില രംഗങ്ങളിൽ കേൾക്കാം. ഭാര്യയെ മർദിക്കുന്ന ഭർത്താവ് എന്ന സ്ഥിരം ഗാർഹിക ഭീകരതയ്ക്കപ്പുറത്തേക്ക് , പുരുഷ കേന്ദ്രീകൃത സമൂഹത്തിലെ സ്ത്രീ വിലാപങ്ങളെ ഈ സിനിമ വ്യക്തമായി അടയാളപ്പെടുത്തുന്നു. പകൽ വെളിച്ചത്തിൽ നടക്കുന്ന അക്രമത്തിന്റെ പരിസമാപ്തിയായി   NATIA-യുടെ വിവാഹം വന്നണയുമ്പോൾ,  എല്ലാവരിലും (EKA-യെ ഒഴിച്ച്)    പ്രതിഫലിച്ച സ്വാഭാവികത അവിശ്വസനീയമായി തോന്നിയെങ്കിലും, ചിരപരിചിതമായ ഇത്തരം സാഹചര്യങ്ങളോട് ചെറുത്തു നിൽക്കാനുള്ള സ്ത്രീ സമൂഹത്തിന്റെ നിസ്സഹായതയാണ് സ്വഭാവികതയായി അവരിൽ പ്രതിഫലിക്കുന്നത് എന്ന് മനസ്സിലാക്കുമ്പോൾ അതിനും വിശ്വസനീയതയുടെ ആവരണം കൈവരുന്നു.   അക്രമത്തിനു  മൌനാനുമതി നൽകും വിധം നിസ്സംഗത പുലർത്തിയ സമൂഹത്തിനു നേരെ അക്രോശിച്ച  EKA-യിൽ വന്നു ചേരുന്ന പ്രഹരവും ഈ സാമൂഹിക യാഥാർത്ഥ്യം തന്നെയാണ് വിളിച്ചു പറയുന്നത്.
                           സിനിമയിൽ TIBILISI-ലെ മുതിർന്ന തലമുറയെ ആകമാനം ഗ്രസിച്ച അസന്തുഷ്ടിയുടെയും ,  അസ്വസ്ഥതകളുടെയും  സ്വത്വം തന്നെയാണ് സമൂഹത്തിനെയും പ്രതിനിധീകരിക്കുന്നത്. അത് യാദൃശ്ചികതയായി  കരുതാനും  സാധിക്കില്ല. KOPLA  എന്ന ബാലന് തന്നോടുള്ള  വെറുപ്പിന്റെ കാരണം തേടുന്ന EKA തിരിച്ചറിയുന്നത്‌, മുൻ തലമുറകളിൽ നിന്ന്  പുതു തലമുറയിലേയ്ക്ക് പടർന്നു കൊണ്ടിരിക്കുന്ന  ഭൂതകാല ബാധകളെക്കുറിച്ചാണ്. സിനിമയുടെ അവസാന ഭാഗങ്ങളിൽ പക്വമാർന്ന  തീരുമാനങ്ങളിലൂടെ  ശക്തിയാർജ്ജിക്കും വിധം ഉയർന്നു നിൽക്കാൻ EKA എന്ന കഥാപാത്രത്തിനാവുന്നതും ഈ തിരിച്ചറിവുകൾ മൂലമാവാം എന്ന് കരുതേണ്ടിയിരിക്കുന്നു.
            സിനിമയിലെ ദൃശ്യങ്ങളുടെ വിന്യാസം  സിനിമയ്ക്ക് ചേരും വിധം ലളിതവും, മനോഹരവുമായിരുന്നു . ഓവർ ഡ്രമാറ്റിക്ക്  ആകാത്ത വിധത്തിൽ വളരെ തന്മയത്വത്തോടെയാണ് EKA&NATIA  എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.  അതിനാൽ തന്നെ അവരുടെ പ്രകടനം പ്രത്യേകം പരാമർശിക്കേണ്ടതുമാണ്.

അവസാന വാക്ക് 


                     അതി നാടകീയതയുടെ അരോചകത്വം ഈ സിനിമയെ ഗ്രസിചിട്ടില്ലെങ്കിലും DRAMATIC  ELEMENTS  കുറച്ചു കൂടി ഉൾപ്പെടുത്തേണ്ട ഭാഗങ്ങളെ ബോധപൂർവ്വം  ഒഴിവാക്കിയതായി തോന്നി. പല ഫിലിം ഫെസ്ടിവലുകളിലും  പ്രേക്ഷക പ്രശംസകളും , അവാർഡുകളും നേടിയ ഈ സിനിമയ്ക്ക് എന്റെ വ്യക്തിപരമായ വീക്ഷണത്തിലും  "മികച്ചത്" എന്ന  വിശേഷണമാണ്  ഞാൻ നൽകുക. പരിചിതമായ ഒരു തീം നമുക്ക് അപരിചിതമായ സാംസ്കാരിക സാമൂഹികതയിൽ വിശകലനം ചെയ്യുന്ന ഈ സിനിമാ അനുഭവം ഡ്രാമ സ്നേഹികൾ നഷ്ടപ്പെടുത്തില്ല എന്ന് കരുതുന്നു.     

Friday, 12 September 2014

KORKORO (LIBERTE) 2009

FILM  : KORKORO (LIBERTE) 2009
GENRE  : DRAMA
COUNTRY  : FRANCE
DIRECTOR  : TONY GATLIF
             "KORKORO" അഥവാ "സ്വാതന്ത്ര്യം" , ഒരു പാട് അർഥതലങ്ങളും  അർഥവിന്യാസങ്ങളും ബഹിർഗമിക്കുന്ന സന്തോഷ-സന്താപങ്ങളുടെ കണ്ണീർ കിനിയുന്ന ഈ വാക്കാണ്‌ ഫ്രഞ്ച് സംവിധായകനായ ടോണി ഗാറ്റ്ലിഫ് തന്റെ സിനിമയ്ക്ക്‌ നൽകിയിരിക്കുന്നത്. പരിഷ്കൃത സമൂഹത്തിലെ സ്ഥാപനവൽക്കരിക്കപ്പെട്ട  സാമൂഹിക നിർമ്മിതികളോട് പുറം തിരിഞ്ഞ് നിൽക്കുന്ന ജിപ്സി ജീവിതങ്ങളുടെ പശ്ചാത്തലത്തിൽ ഈ വിഷയം അവതരിപ്പിച്ചത് സിനിമയെ കൂടുതൽ മികവുറ്റതാക്കി. സ്വാതന്ത്ര്യത്തിന്റെയും അസ്വാതന്ത്ര്യതിന്റെയും  പ്രകാശവും , ഇരുളും ഒരു പോലെ നമ്മെ അനുഭവിപ്പിക്കുന്ന, സ്വാതന്ത്ര്യത്തിന്റെ രുചി വീണ്ടും ഓർമിപ്പിച്ച , പ്രമേയപരമായി സങ്കീർണതകളില്ലാത്ത,നാടകീയതയുടെ അതിപ്രസരമില്ലാത്ത, വിഷയത്തോട് നീതി പുലർത്തുന്ന , സംവിധായകന്റെ മുദ്ര എങ്ങും പതിഞ്ഞ മികച്ച സിനിമാ അനുഭവമാണ് KORKORO
                രണ്ടാം ലോക മഹായുദ്ധം പശ്ചാത്തലമാക്കിയെടുത്ത ഈ സിനിമ ഫ്രാൻസിലൂടെ സഞ്ചരിക്കുന്ന റൊമാനിയൻ ജിപ്സികളുടെ കഥ പറയുന്നു. യഥാർത്ഥ സംഭവങ്ങളെ അവലംബിച്ച് ചിത്രീകരിച്ച ഈ സിനിമ , അധികമൊന്നും ഡോക്യുമെന്റ് ചെയ്യപ്പെടാത്ത നാസികളുടെ ജിപ്സി വേട്ടയെക്കുറിച്ചുള്ള സത്യങ്ങളിലെയ്ക്ക് നമ്മെ നയിക്കുന്നു. വിറകൊള്ളുന്ന  മുള്ളുവേലികളോട്  സമരസപ്പെട്ട്‌ കുതറിയൊഴുകുന്ന ജിപ്സി താളത്താൽ ആരംഭിക്കുന്ന ആദ്യ ദൃശ്യം , ഹോളോകാസ്റ്റ്  സിനിമകളിലെ സ്ഥിരം കാഴ്ചകളാൽ  സമ്പന്നമായ മറ്റൊരു സിനിമയാകും എന്ന സംശയം തോന്നിപ്പിച്ചെങ്കിലും , അവയിൽ നിന്നെല്ലാം വ്യത്യസ്തമായി സ്വാതന്ത്ര്യത്തെയും , ദുർബലങ്ങളായ  പ്രതിരോധങ്ങളെയും വ്യക്തമായി അടയാളപ്പെടുത്താൻ ഈ സിനിമയ്ക്കാവുന്നു.ജീവിതം സഞ്ചാരമാകുന്ന ജിപ്സികൾക്ക് അടയ്ക്കപ്പെടുന്ന   പാതകളും, തടസ്സപ്പെടുന്ന യാത്രകളുമാണ് ഹനിയ്ക്കപ്പെടുന്ന സ്വാതന്ത്ര്യം എന്ന് വ്യക്തമാക്കുന്നു ഈ സിനിമ. സ്ഥിരമായ താമസ ഇടങ്ങളില്ലാതെ കാറ്റിനെ പോലെ ഒഴുകിയകലുന്ന ജിപ്സികളെ പുതിയ നിയമങ്ങളുടെ പിൻബലത്തിൽ അറസ്റ്റ് ചെയ്യുവാൻ ശ്രമിക്കുകയാണ് നാസികൾ. എന്നാൽ ഗ്രാമത്തിലെ മേയറും , മൃഗ ഡോക്ടറുമായ "തിയോഡർ " സ്വന്തമായ തീരുമാനങ്ങളിലൂടെ , അനുഭാവപൂർണ്ണമായ ചെയ്തികളിലൂടെ നിയമത്തിന്റെ കുരുക്കുകളിൽ നിന്നും അവരെ രക്ഷിക്കാനുള്ള ശ്രമങ്ങളിലാണ്. പക്ഷെ ജിപ്സി സ്വത്വത്തിന്റെ അന്ത:ചോദനകൾ  തളച്ചിടാൻ കഴിയാത്തവയായതിനാൽ , ഈ സിനിമ അവർക്കൊപ്പം ചരിത്രം രേഖപ്പെടുത്തിയ യാഥാർത്ഥ്യങ്ങളിലെയ്ക്ക് മുന്നേറുന്നു. ഈ സഞ്ചാരികളെ പിന്തുടർന്നെത്തുന്ന  CLAUDE  എന്ന ബാലൻ സ്വാതന്ത്ര്യാഭിവാഞ്ചയുടെ  മറ്റൊരു പ്രതീകമായി നിലകൊള്ളുന്നു. ഗ്രാമത്തിലെ ക്ലാർക്ക് , ടീച്ചർ എന്നീ വ്യക്തിത്വങ്ങൾ സമ്മേളിക്കുന്ന MISS LUNDI  പ്രതിരോധത്തിന്റെ ദീപ്ത താരകമായി ചരിത്രത്തിൽ ഇടം നേടിയ വനിതയെ തന്നെ ഓർമിപ്പിക്കുന്നു.
                      ജിപ്സി ജീവിതത്തിന്റെയും, സ്വാതന്ത്ര്യത്തിന്റെയും വന്യമായ അനുഭൂതി നമുക്ക് ഏറ്റവും അനുഭവവേദ്യമാകുന്നത് "TALOCHE" എന്ന കഥാപാത്രത്തിലൂടെയാണ്. ഭീതിയും , സന്തോഷവും, ദേഷ്യവും, നിരാശയും , സ്വാതന്ത്ര്യത്തിന്റെ രുചിയും നമ്മുടെ ഉള്ളുലയ്ക്കുന്ന വിധത്തിൽ അനുഭവിപ്പിക്കാൻ TALOCHE-യുടെ  CHARACTERISATION വളരെ സഹായിച്ചതായി തോന്നി.സിനിമയിലെ ഹ്യൂമറും , ട്രാജഡിയും ഒരു പോലെ ആവേശിക്കുന്ന കഥാപാത്രമായി TALOCHE  ഉയർന്നു നിൽക്കുന്നു. വാഷ്ബേസിനിലെ  കെട്ടിക്കിടക്കുന്ന വെള്ളം ഒഴുക്കിക്കളയുന്ന  രംഗം സിനിമ പങ്കു വെയ്ക്കുന്ന ജീവിതങ്ങളുമായും , സ്വാതന്ത്ര്യ സങ്കൽപങ്ങളുമായും  കൂട്ടി വായിക്കേണ്ടതാണെന്ന് തോന്നി.ഇരുമ്പു വേലികൾക്കുള്ളിൽ ഭ്രാന്തമായ ജൽപനങ്ങളായി അലിഞ്ഞില്ലാതാകുന്ന സ്വാതന്ത്ര്യത്തെയും ഈ സിനിമ നമുക്ക് മുന്നിൽ നിവർത്തിയിടുന്നു.
                വംശവെറി  പൂണ്ട നാസികളുടെ ഭീകരത നടനമാടുന്ന സിനിമകളിൽ നിന്നും വ്യത്യസ്തമായി വിഷാദാത്മകമായ ഒരു വിഷയത്തെ തന്റെ തനതു ശൈലിയിൽ വിഷയത്തിന്റെ ഗൌരവം  നഷ്ടപ്പെടുത്താതെ നല്ല രീതിയിൽ കൈകാര്യം ചെയ്യാനായി എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. ജൂതരെ പോലെ , നാസികളുടെ വംശീയ ഭ്രാന്തിന്റെ പരാക്രമങ്ങൾ പേറേണ്ടി വന്ന ഒരു ജനതയെക്കൂടി  ഈ സിനിമ ചൂണ്ടിക്കാട്ടുന്നു.
                 ഒരു സംഗീതകാരൻ കൂടിയായ സംവിധായകൻ തന്റെ ഇതര സിനിമകളിലേതുപോലെ ഈ സിനിമയിലും മികച്ച BACKGROUND MUSIC  കരുതി വെച്ചിരിക്കുന്നു. വയലിൻ എന്ന സംഗീത ഉപകരണത്തിന്റെ  മേൽകോയ്മ ഈ ശബ്ദ മേളങ്ങൾക്കിടയിൽ വേറിട്ട്‌ കേൾക്കാം. GATLIF MOVIE  എന്ന് ഉറപ്പിച്ചു പറയാവുന്ന വിധത്തിൽ അവതരിപ്പിക്കപ്പെട്ട ഈ സിനിമ അദ്ദേഹത്തിന്റെ സിനിമാ ശൈലിയുടെ ആരാധകർക്ക് വളരെ ആസ്വാദ്യകരമാകും. മഹത്തരമായ സിനിമ എന്ന് പറയാനാവില്ലെങ്കിലും , ഇത്തരം വിഷയങ്ങളെ ഈ വിധത്തിൽ മനോഹരമായി കൈകാര്യം ചെയ്യുന്ന സംവിധായകരും സിനിമകളും വിരളമായതിനാൽ  , ഒരു മികച്ച സിനിമ എന്ന് "KORKORO"-യെ നിസ്സംശയം വിളിക്കാം.

Tuesday, 2 September 2014

A SMALL SEPTEMBER AFFAIR (2014)



FILM  : A SMALL SEPTEMBER AFFAIR (BI KUCUK EYLUL MESELESI-(2014)
GENRE  : ROMANTIC DRAMA
COUNTRY  : TURKEY
DIRECTOR  : KEREM DEREN
                  വികാര വിക്ഷോഭങ്ങളുടെ  കയങ്ങളിലാഴ്ത്തുന്ന  ഡ്രാമകളും , വിസ്മയവും  ആകസ്മികതയും ആവേശവും ഓടിയെത്തുന്ന ത്രില്ലറുകളും , നിഗൂഡതതയുടെ  ഭയപ്പെടുത്തുന്ന നിശബ്ദതയിൽ ശ്വാസം മുട്ടിക്കുന്ന  ഹൊററുകളും , "അഡ്രിനാലിൻ"   ഉയർച്ച-താഴ്ച്ചകളെ  പുൽകുന്ന ആക്ഷൻ -ADVENTURE-കളും,  അനുഭവിപ്പിക്കാത്ത കുളിർമയുടെ ചാറ്റൽമഴയായാണ്‌  റൊമാന്റിക്‌ സിനിമകൾ  വന്നെത്താറുള്ളത്. ഏതു സാംസ്കാരികതയുടെ മേലങ്കിയണിഞ്ഞാലും  മനുഷ്യ വൈകാരികത പുലർത്തുന്ന  സാമ്യങ്ങൾ ഏറ്റവും തീവ്രമായി വെളിവാകുന്നത് പ്രണയ സിനിമകളിലാണെന്ന്  പറയാം. പ്രണയസിനിമാ വിരോദികൾ  ആക്ഷേപമായി ഉന്നയിക്കാറുള്ള  ഈ  "ഏകത്വ ഭാവം" തന്നെയാണ് അവയുടെ സ്വീകാര്യതയുടെ നിദാനവും.
                  2014-ൽ പുറത്തിറങ്ങിയ ടർകിഷ് സിനിമയായ A SMALL SEPTEMBER AFFAIR (BI KUCUK EYLUL MESELESI) പ്രണയ സിനിമകളുടെ പതിവ് ചിട്ടവട്ടങ്ങളിൽ  നിന്ന് വഴിമാറി സഞ്ചരിക്കുന്ന ഒന്നായി തോന്നി. . MYSTERYയുടെ ചെറിയ സാന്നിദ്ധ്യം സിനിമയെ കൂടുതൽ ആസ്വദ്യകരമാക്കുന്നു. അത്യധികം ആഹ്ലാദവതിയും , ആരും ഹൃദയതാളമാക്കാൻ  കൊതിക്കുന്ന പ്രസരിപ്പും കലർത്തി  അവതരിപ്പിക്കപ്പെടുന്ന EYLUL ആണ് സിനിമയുടെ സ്പന്ദനം. ജീവിതത്തോടുള്ള അവളുടെ പ്രണയം വ്യക്തമാകുന്ന ആദ്യ രംഗങ്ങൾക്ക് ശേഷം , അവൾ നേരിടുന്ന ഒരു  ACCIDENT ജീവൻ കവർന്നില്ലെങ്കിലും , മറ്റെന്തോ അവളിൽ നിന്നെടുക്കുന്നു.  ACCIDENT-നു മുമ്പുള്ള സെപ്തംബർ മാസം അവളുടെ ഓർമ്മകളിൽ നിന്നും മായ്ച്ചുകളയപ്പെടുന്നു. ശാരീരിക ആരോഗ്യം വീണ്ടെടുക്കുന്ന അവളോട്‌ എല്ലാവരും "എല്ലാം ശരിയായി" എന്ന് ആവർത്തിക്കുമ്പോഴും , ഒരു പ്രശ്നം അവളെ വേട്ടയാടുന്നതായി  നമുക്ക് അനുഭവപ്പെടുന്നു. അവളിലും അത് അവ്യക്തമായി മിന്നി മറയുന്നു. സുഹൃത്തിനെ  പഴയ ഊർജ്ജസ്വലതയുടെ  രൂപങ്ങളിലെയ്ക്ക് തിരിച്ചു കൊണ്ട് വരാനായി ശ്രമിക്കുന്ന BERREK അവളോടൊപ്പം  മനോഹരമായ ഒരു ബീച്ചിലെത്തുകയാണ്.
                            എന്നാൽ അവിടെവച്ച് EYLUL കണ്ടുമുട്ടുന്ന  TEKIN എന്ന ചിത്രകാരൻ പറയുന്ന കഥകളിലൂടെ മാഞ്ഞുപോയ സെപ്തംബർ മാസത്തെ വീണ്ടെടുക്കുകയാണ് അവൾ. ചിത്രകാരനായ TEKIN അവൾക്കു മുന്നിൽ  അവതരിപ്പിക്കുന്ന ദിനങ്ങൾ ദൃശ്യങ്ങളായി  നാം കാണുന്നു. പരിഷ്കാരി നായിക , സാധാരണക്കാരൻ നായകൻ എന്നീ സ്ഥിരം "ക്ലിഷേ"  എത്തിനോക്കുന്നുണ്ടെങ്കിലും , പുതു മോടിയും ,പുതു നിറവും നൽകി   സൃഷ്ടിച്ച വ്യത്യസ്ത മടുപ്പുളവാക്കുന്നില്ല. വിചിത്രമായ സ്വഭാവ സവിശേഷതകൾ നിറഞ്ഞ TEKIN യഥാർത്ഥത്തിൽ ആരാണ്?..... മായ്ക്കപ്പെട്ട സെപ്തംബർ മാസത്തെ അവളുടെ സുഹൃത്തുക്കൾ ഭയക്കുന്നതെന്തിന്?.... അവൾ തന്റെ പ്രണയം വീണ്ടെടുക്കുമോ ?... ഇത്തരം ചോദ്യങ്ങളുടെ ഉത്തരം എന്നതിലുപരി  ഈ സിനിമ നമ്മെ പുതയ്ക്കുന്ന കുളിർമ്മയെയാണ്  ഞാൻ ഇഷ്ടപ്പെട്ടത്.
                   പ്രണയ സിനിമകളുടെ അനിവാര്യതകളായ തെളിച്ചമുള്ള  ഫ്രൈമുകളും , മനം കവരുന്ന വരികൾ അണിനിരക്കുന്ന  മൂളിപ്പാട്ടുകളും , കർണ്ണപടങ്ങളെ  മൃദുവായി കമ്പനം ചെയ്യിച്ച് നിർമ്മലതയുടെ സുഖം  നമ്മെ  ഓർമിപ്പിക്കുന്ന  ലളിതമായ പശ്ചാത്തല സംഗീതവും ഈ സിനിമയിലും അന്യമല്ല. സിനിമയുടെ വിഷ്വൽ ക്വാളിറ്റിയും മറ്റു സാങ്കേതിക വശങ്ങളും പരാമർശം അർഹിക്കുന്ന വിധത്തിൽ മികച്ചു നിന്നു.
                   EYLUL-TEKIN  എന്നീ കഥാപാത്രങ്ങൾക്ക്  ഹൃദയത്തെ സ്പർശിക്കുന്ന രീതിയിൽ ജീവനേകി, സിനിമയുടെ വൈകാരിക തലത്തിലേയ്ക്ക് നമ്മെ നയിക്കുന്ന  അഭിനേതാക്കൾ അഭിനന്ദനമർഹിക്കുന്നു. ഞാൻ വാക്കുകളിൽ അവതരിപ്പിച്ചതിൽ നിന്നും വ്യത്യസ്തമായ  അനുഭവമായിരിക്കും നിങ്ങളെ കാത്തിരിക്കുന്നത്  എന്നത് തീർച്ചയാണ്. കാരണം , ചില ഒളിച്ചുവെയ്ക്കലുകൾ എന്റെ വരികളിൽ നടത്തിയില്ലെങ്കിൽ സിനിമയുടെ പൂർണ്ണമായ ആസ്വാദനം നിഷേധിക്കലാകുമെന്ന് തോന്നി. പ്രണയ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക്  ആസ്വദിക്കാവുന്ന ഒരു ലളിതമായ സിനിമയെന്ന വിശേഷണം ഈ സിനിമയ്ക്ക്‌ നൽകി നിർത്തുന്നു.