FILM : PURE COOLNESS (2007)
COUNTRY : KYRGYZSTAN
GENRE : DRAMA !!! COMEDY
DIRECTOR : ERNEST ABDYJAPAROV
സെൻട്രൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വളരെ കുറച്ചു സിനിമകളെ കണ്ടിട്ടുള്ളൂ. ഭൂപ്രകൃതിയും, ജീവിത രീതികളും, സംസ്കാരവുമെല്ലാം വ്യത്യസ്തമായ അവരുടെ ഗ്രാമീണ ജീവിതത്തിന്റെ കാഴ്ചകൾ നിറഞ്ഞ സിനിമകളോട് പ്രത്യേക ഇഷ്ടവും തോന്നാറുണ്ട്. ഈ കുറിപ്പിലും അത്തരമൊരു സിനിമയാണ് ഇടം പിടിക്കുന്നത്. കിർഗിസ്ഥാൻ സിനിമയായ "പ്യുവർ കൂൾനെസ്സ് ". പട്ടണത്തിൽ നിന്നും അസീമ ഭാവി വരനായ മുറാത്തിനൊപ്പം അവന്റെ ഗ്രാമത്തിലേക്ക് വന്നെത്തുകയാണ്. എന്നാൽ ഗ്രാമത്തിൽ അവളെ കാത്തിരുന്നത് അവൾ സ്വപ്നത്തിൽ പോലും കരുതാത്ത കാര്യങ്ങളായിരുന്നു. വധുവിനെ തട്ടിക്കൊണ്ടുപോകാൻ നിയോഗിക്കപ്പെട്ടവർക്ക് ആളുമാറി കിഡ്നാപ്പ് ചെയ്യപ്പെടുന്ന അവളുടെ അവസ്ഥ ആ നാടിൻറെ സാംസ്കാരിക രീതികളും / ആചാരങ്ങളും കാരണം സങ്കീർണ്ണമാവുകയാണ്.
സ്ത്രീവിരുദ്ധമായ ഇത്തരം ഗോത്രാചാരങ്ങൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഒറ്റപ്പെട്ടെങ്കിലും നടക്കുന്നു എന്നത് നടുക്കമുണർത്തുന്നു. ആധുനിക സമൂഹത്തിലും ഇതുമായി ചേർത്തുവെയ്ക്കാവുന്ന വകഭേദങ്ങൾ ഉണ്ടെന്നതും തള്ളിക്കളയാനാവില്ല. എന്തായാലും ഈ സിനിമ ആ ഒരു പ്രശനത്തിലേക്കല്ല ഫോക്കസ് ചെയ്യുന്നത്. ഹാസ്യാത്മകമായി കിർഗിസ്ഥാൻ ഗ്രാമീണതയുടെ പരമ്പരാഗത രീതികളെ അവതരിപ്പിച്ച സിനിമ വ്യത്യസ്ത സംസ്കാരങ്ങളെ അറിയാൻ കൊതിക്കുന്ന സിനിമാസ്വാദകർക്ക് തീർച്ചയായും ഇഷ്ടമാകും.