Monday, 23 November 2020

DIRTY HANDS (2014)

 

FILM : DIRTY HANDS (2014)

COUNTRY : COLOMBIA

GENRE : THRILLER !!! DRAMA

DIRECTOR : JOSEF WLADYKA

         നമ്മൾക്ക് പരിചിതമല്ലാത്ത കാഴ്ചകൾ അവിശ്വസനീയമായി തോന്നാം. അവ സത്യങ്ങളാണെന്ന തിരിച്ചറിവിൽ ആ കാഴ്ചകൾ നമ്മെ അസ്വസ്ഥമാക്കിയെന്നും വരാം. നമ്മളറിയാത്ത തീക്ഷ്‌ണമായ യാഥാർഥ്യങ്ങളിലേക്ക് വെളിച്ചം തൂകുന്ന ഒരു സിനിമയാണ് DIRTY HANDS. ലോകത്തിലെ മയക്കുമരുന്ന് മാഫിയയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ കൊളംബിയയിലെ ഒരു തീരപ്രദേശവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കടത്താണ് സിനിമയുടെ പ്രമേയം. പണത്തിനു വേണ്ടി മയക്കുമരുന്ന് കടത്തിന്റെ ഭാഗമാവുന്ന രണ്ടു മീൻപിടുത്തക്കാരായ യുവാക്കളാണ് പ്രധാന കഥാപാത്രങ്ങൾ. അവരുടെ യാത്രയിൽ നേരിടേണ്ടി വരുന്ന സംഭവങ്ങളാണ് സിനിമയെ മുന്നോട്ടു നയിക്കുന്നത്.

     ഈ സിനിമ ഒരിക്കലും മയക്കുമരുന്ന് കടത്തിനെ മഹത്വവൽക്കരിക്കുന്നില്ല എന്ന് പറയാം. അവിടങ്ങളിലെ ജീവിതത്തിന്റെ നേർചിത്രങ്ങളെന്ന രീതിയിൽ സാമൂഹികാവസ്ഥകളേയും സിനിമ വരച്ചിടുന്നു. കഥാപാത്രങ്ങളുടെ ജയ-പരാജയങ്ങൾക്കപ്പുറം സിനിമ ബാക്കിയാക്കുന്നത് നിർവ്വികാരതയാണ്. നമുക്ക് പരിചിതമല്ലാത്ത ലോകങ്ങളിലെ കാഴ്ചകളിലേക്ക് ഫോക്കസ് ചെയുന്ന മികച്ച ഒരു സിനിമ.


       

   


Sunday, 22 November 2020

ONDOG (2019)

 

FILM : ONDOG (2019)

COUNTRY : MONGOLIA

GENRE : DRAMA

DIRECTOR : WANG QUAN’AN

                   സിനിമയുടെ ആദ്യ രംഗങ്ങളിൽ കാണുന്ന മൃതദേഹവും , കൊലപാതക സൂചനകളും സിനിമയേക്കുറിച്ചു നൽകിയ പ്രതീക്ഷകളെ അസ്ഥാനത്താക്കിയാണ് പതിയെ സിനിമ മുന്നേറുന്നത്. മംഗോളിയയുടെ വശ്യമായ പുൽമേടുകളും അവിടങ്ങളിലെ ജീവിത രീതികളും ദർശിക്കാവുന്ന സിനിമ വിജനമായ പ്രദേശത്തു ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന യുവതിയുടെ ചുറ്റുപാടുകളിലേക്കാണ് ശ്രദ്ധയൂന്നുന്നത്. മരണം, ജനനം എന്നീ ജീവിത ദ്വന്ദങ്ങളെ തെളിമയോടെ അടയാളപ്പെടുത്തുന്ന സിനിമ ജീവിതത്തിന്റെ ചാക്രികതയെയും, അതിജീവന ത്വരയേയുമെല്ലാം സൂചനകളായി മുന്നോട്ടുവെയ്ക്കുന്നു. കഥ എന്ന് പറയാൻ കാര്യമായി ഒന്നുമില്ലെങ്കിലും സിനിമയിലെ കാഴ്ചകളെയും , കഥാപാത്രങ്ങളെയും , സംഭാഷണങ്ങളേയുമെല്ലാം കോർത്തെടുക്കാവുന്ന ജീവിതത്തിന്റെ ഇഴകളേയാണ് സൂക്ഷ്‌മവായനയിൽ പ്രേക്ഷകന് കണ്ടെടുക്കാനാവുക.

Saturday, 21 November 2020

THE MAN WHO BOUGHT THE MOON (2018)

 

FILM : THE MAN WHO BOUGHT THE MOON (2018)

GENRE : COMEDY

COUNTRY : ITALY

DIRECTOR : PAOLO ZUCCA

          യാഥാർത്യങ്ങളുടെയും, ഭാവനകളുടേയും സാധ്യതകളെ സ്ട്രെച്ച്  ചെയ്യുമ്പോഴാണ് പുതുമകൾ നിറഞ്ഞ കാഴ്ചകൾ പ്രേക്ഷകർക്ക് ലഭിക്കുന്നത്. കഥയും, അവതരണവുമെല്ലാം വേറിട്ട അനുഭവ തലം സമ്മാനിക്കുന്നത് അങ്ങനെയുള്ള ശ്രമങ്ങളിലൂടെയാണ്. പ്രേക്ഷകന്റെ ആസ്വാദനത്തിന്റെ തലങ്ങളും പുനർ നിർവ്വചിക്കപ്പെടുന്നത്  അയാളുടെ കാഴ്ചകളും, അവ ചെലുത്തുന്ന ചിന്തകളും അയാളിലെ പ്രേക്ഷകനെ പരിണമിപ്പിക്കുമ്പോഴാണ്. എല്ലാതരം സിനിമകളെയും ആ സിനിമ ആവശ്യപ്പെടുന്ന തലത്തിൽ ആസ്വദിക്കുമ്പോഴാണ് ഒരു നല്ല സിനിമാസ്വാദകനെന്ന് തീർപ്പ് കൽപ്പിക്കാനാവുക എന്ന് ചുരുക്കം.
            THE MAN WHO BOUGHT THE MOON യാഥാർത്യത്തെ പലപ്പോഴും കൈയൊഴിഞ്ഞു നമ്മെ  രസിപ്പിക്കുന്ന കാഴ്ചകളാണ് ഒരുക്കിയിട്ടുള്ളത്. "ചന്ദ്രൻ" സ്വന്തമാണെന്ന അവകാശവാദം നടത്തുന്ന സാർഡീനിയൻ നിവാസിയെക്കുറിച്ചുള്ള അന്വേഷണത്തിന് അധികാരികൾ ഒരു ചാരനെ നിയോഗിക്കാൻ തീരുമാനിക്കുകയാണ്. അതിന്റെ തുടർച്ചയെന്നോണമുണ്ടാകുന്ന കാര്യങ്ങളാണ് സിനിമയുടെ പ്ലോട്ടിനെ വ്യത്യസ്തമാക്കുന്നത്. സിനിമയുടെ വിശദാംശങ്ങളിലേക്ക് കടന്ന് രസം കളയുന്നില്ല. തമാശകളും, രസകരങ്ങളായ ദൃശ്യങ്ങളും നിങ്ങൾ തന്നെ കണ്ടറിയൂ................

Saturday, 14 November 2020

ICE CREAM , I SCREAM (2005)

 

FILM : ICE CREAM , I SCREAM (2005)

COUNTRY : TURKEY

GENRE : COMEDY

DIRECTOR : YUKSEL AKSU

           ഒരു ചെറുപുഞ്ചിരിയെങ്കിലും എല്ലായ്പ്പോഴും നിലനിർത്തി കണ്ടു തീർക്കാവുന്ന ചില സിനിമകളുണ്ട്. ആകസ്മികതയെയും, ഉദ്വേഗ നിമിഷങ്ങളേയുമൊന്നും കണ്ടുമുട്ടാനാവാത്ത പാതയിലൂടെ പ്രേക്ഷകനെയും കൂടെ കൂട്ടുന്ന സിനിമകൾ. അത്തരമൊരു സിനിമയാണ് തുർക്കി സിനിമയായ ICE CREAM , I SCREAM. സ്വന്തമായി എല്ലാ ചേരുവകളും  ചേർത്ത് ഐസ്ക്രീം ഉണ്ടാക്കി വിൽക്കുന്ന അലി എന്ന ഗ്രാമീണൻ, തന്റെ നാട്ടിൽ സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുന്ന വമ്പൻ ഐസ്ക്രീം കമ്പനിയുമായി തന്നാലാവും വിധം മത്സരിക്കാൻ തീരുമാനിക്കുകയാണ്. തന്നെ തളർത്താൻ കമ്പനികൾ ശ്രമിക്കുന്നു എന്ന് ഉറച്ചു വിശ്വസിക്കുന്ന അയാളുടെ വാഹനം മോഷണം പോകുന്നതോടെ സ്ഥിതിഗതികൾ കൂടുതൽ രസകരമാകുന്നു. അഭിനേതാക്കൾ ഭൂരിഭാഗവും പ്രൊഫഷണലുകൾ അല്ലെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. പ്രധാന കഥാപാത്രമായി നിറഞ്ഞു നിന്ന നടന്റെ പ്രകടനം ഏറെ ആസ്വാദ്യകരമായിരുന്നു. ഒരു കോമഡി സിനിമ എന്ന് ഒഴുക്കൻ മട്ടിൽ വിധിയെഴുതാമെങ്കിലും മുതലാളിത്തം, സോഷ്യലിസം, കമ്യുണിസം , മതം എന്നിങ്ങനെ പല വിഷയങ്ങളെയും സിനിമയുടെ സ്വാഭാവികമായ ഒഴുക്കിനോട് ചേർച്ചയോടെ ഉൾച്ചേർത്തത് കൈയ്യടി അർഹിക്കുന്നു. ICE CREAM I SCREAM എന്ന ഈ സിനിമ ആ വർഷത്തെ തുർക്കിയുടെ ഓസ്കാർ സബ്‌മിഷനായിരുന്നു എന്നതും ചെറിയ രീതിയിൽ അത്ഭുതപ്പെടുത്തി.  

Sunday, 4 October 2020

RETABLO (2017)

 

FILM : RETABLO (2017)

COUNTRY : PERU

GENRE : DRAMA

DIRECTOR : ALVARO DELGADO APARICIO

        ലാറ്റിനമേരിക്കൻ സിനിമകളോട് ഒരു പ്രത്യേക ഇഷ്ട്മാണ്. RETABLO എന്ന പെറുവിയൻ സിനിമയും നിരാശപ്പെടുത്തിയില്ല. RETABLO എന്ന പേര് തന്നെ ഒരു കലയെയാണ് സൂചിപ്പിക്കുന്നത്. ആൾതാമസം കുറവുള്ള ഒരുഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ NOE എന്ന കലാകാരന്റെയും കുടുംബത്തിന്റെയും ജീവിത പരിസരങ്ങളെയാണ് ഈ സിനിമ ഫ്രെയിമിൽ നിറയ്ക്കുന്നത്. ചെറിയ ശില്പങ്ങൾ നിർമ്മിച്ച് അതുകൊണ്ട്  മനോഹരമായി അലങ്കരിച്ച ബോക്സുകൾ ഉണ്ടാക്കുന്ന മികച്ച കലാകാരനാണ് NOE. തന്റെ പാത പിന്തുടരണമെന്ന് അയാൾ ആഗ്രഹിക്കുന്ന സെഗുണ്ടോ എന്ന മകനും , ഭാര്യയും അടങ്ങുന്നതാണ് അയാളുടെ കുടുംബം. അച്ഛനും മകനും ചേർന്ന് തങ്ങളുടെ സൃഷ്ടികൾ നഗരത്തിൽ വിറ്റഴിച്ചാണ് കുടുംബം മുന്നോട്ട് നീങ്ങുന്നത്. സ്വച്ഛമായ അവരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന ചില രഹസ്യങ്ങൾ മറനീക്കി വെളിച്ചത്തു വരുന്നതോടെ സിനിമയും ഗതിമാറി ഒഴുകുന്നു.
        സിനിമയെ ഗതി മാറ്റുന്ന പ്ലോട്ട് എലമെന്റിനൊപ്പം ഗ്രാമീണ ജീവിതത്തിന്റെ രീതികളും, സാംസ്കാരിക തീർപ്പുകളും സിനിമയിലെ വേറിട്ട കാഴ്ചകളാകുന്നു. സിനിമ ബാക്കിയാക്കുന്ന ചിന്തകൾ പലതാകാം, എന്നിരുന്നാലും പെറുവിയൻ ഗ്രാമീണതയുടെ കാഴ്ചകൾ മനസ്സിൽ തങ്ങി നിൽക്കുക തന്നെ ചെയ്യും.

Tuesday, 22 September 2020

ZER (2017)

 FILM : ZER (2017)

COUNTRY : TURKEY

GENRE : DRAMA

DIRECTOR : KAZIM OZ

    യാത്രകൾ എല്ലായ്പ്പോഴും അനുഭവങ്ങളും, തിരിച്ചറിവുകളും സമ്മാനിക്കുന്നവയാണ്. മനുഷ്യന്റെ കണ്ടെത്താനുള്ള, അറിയാനുള്ള ദാഹം തന്നെയാണ് എല്ലാ പ്രതികൂല അവസ്ഥകളെയും താണ്ടാനുള്ള ഇന്ധനങ്ങളായി വർത്തിക്കുന്നതും. zer ഒരു യാത്രയാണ്. ഭൂതകാലത്തിലേക്ക് , ഓർമ്മകളിലേക്ക്, സ്വന്തം കുടുംബത്തിന്റെ വേരുകൾ തേടി ജാൻ എന്ന ചെറുപ്പക്കാരന്റെ യാത്ര. അമേരിക്കയിൽ വസിക്കുന്ന സംഗീത വിദ്യാർത്ഥിയാണ് ജാൻ. ചികിത്സാർത്ഥം അമേരിക്കയിലെത്തുന്ന മുത്തശ്ശിയുടെ അവസാന നിമിഷങ്ങളിൽ ഒരിക്കൽ മാത്രം jan-നായി അവർ പാടിയ ഒരു പാട്ടിന്റെ ഉറവിടം തേടുകയാണ് അവൻ. ജാനിന്റെ ജിജ്ഞാസകളോട് കുടുംബാംഗങ്ങൾ മുഖം തിരിക്കുമ്പോൾ തുർക്കിയുടെ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുകയാണവൻ.
           തുർക്കിയിലെ കാഴ്ചകളിലേക്ക് ക്യാമറ തിരിയുമ്പോഴാണ് സിനിമ ആസ്വാദ്യകരമാകുന്നത്. യാത്രയിൽ കണ്ടുമുട്ടുന്ന മനുഷ്യരും, പങ്കു കൊള്ളുന്ന ആഘോഷങ്ങളുമെല്ലാം അവനെന്ന പോലെ നമുക്കും പുതുമയുള്ളതാകുന്നു. കഴിഞ്ഞ കാലത്തിന്റെ വേദനിപ്പിക്കുന്ന ചില ഏടുകളെ സ്പർശിക്കുന്ന  സിനിമ ചരിത്ര സത്യങ്ങളെ മറവിയുടെ കയങ്ങളിൽ നിന്ന് ഓർമ്മയിലേക്ക് ഒന്നുകൂടി ഉയർത്തുന്നു. ഗ്രാമീണതയുടെ സ്വച്ഛവും, സുന്ദരവുമായ കാഴ്ചകൾ കണ്ടറിഞ്ഞു കൊണ്ട് ജാനിനൊപ്പം നമ്മളും യാത്ര ചെയ്യുന്ന ഒരു ഫീൽ ... ഒരു പാട്ട് ചരിത്രത്തിലേക്കുള്ള പാലമാകുന്നു ഇവിടെ..............


 

Sunday, 13 September 2020

AZALI (2018)

FILM : AZALI (2018)

COUNTRY : GHANA

GENRE : DRAMA

DIRECTOR : KWEBENA GYANASH

        എല്ലാ കാഴ്ചകളും ആസ്വാദ്യകരമല്ല. ചിലത് വേദനയായി മനസ്സിൽ പതിയുന്നവയാണ്. ആഫ്രിക്കൻ ജീവിതത്തിന്റെ പരുക്കൻ കാഴ്ചകളിലേക്ക് ക്യാമറ തിരിക്കുന്ന ഘാന സിനിമ AZALI-യും അങ്ങനെയുള്ള കാഴ്ചകളെയാണ് ഫ്രെയിമുകളിൽ കാണിച്ചു തരുന്നത്.
         ദാരിദ്ര്യം എന്ന  ദുരിതം നയിക്കുന്ന ദൈന്യതയാർന്ന ജീവിതാനുഭവങ്ങളിലേക്ക് നിസ്സഹായതയോടെ ആമിന കയറിച്ചെല്ലുന്നത് അരക്ഷിതമായ പെൺജീവിതങ്ങളുടെ അടയാളപ്പെടുത്തലാകുന്നു. ഗ്രാമമെന്നോ / നഗരമെന്നോ വ്യത്യാസമില്ലാതെ ദാരിദ്ര്യം സമ്മാനിക്കുന്ന അവസ്ഥകളെ ചൂഷണം ചെയ്യാനായി കഴുകൻ കണ്ണുകളോടെ വട്ടമിടുന്ന ചൂഷകരെ ഇവിടെയും കാണാനാവുന്നു. നഗരത്തിലെ തിരക്കുകളിൽ ഒറ്റപ്പെടുന്ന ആമിനയെന്ന പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥപറയുന്ന ഈ സിനിമ  മനുഷ്യക്കടത്ത് , ലൈംഗിക ചൂഷണങ്ങൾ എന്നിങ്ങനെയുള്ള പലതരം സാമൂഹിക വിപത്തുകളിലേക്ക് വിരൽ ചൂണ്ടുന്നു. ദാരിദ്ര്യം വേരുപിടിച്ച ഏത് ഇടങ്ങളിലും സഹജമായ യാഥാർത്യങ്ങളാണ് ഈ സിനിമ പങ്കുവെയ്ക്കുന്നത്. ഭാവനയുടെ തിരയിളക്കങ്ങളിൽ രൂപപ്പെടുത്തിയ ഒരു കഥാപാത്രമല്ല ആമിന, നീറുന്ന ജീവിതങ്ങളുമായി മല്ലടിക്കുന്ന അനേകം നിസ്സഹായതകളുടെ പ്രതീകം കൂടിയാകുന്നു അവൾ.