FILM : STORY OF PAO (2006)
COUNTRY : VIETNAM
GENRE : DRAMA
DIRECTOR : NGO QUANG HAI
സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ ഇത് PAO-യുടെ കഥയാണ്. PAO-യുടെ ജീവിതാനുഭവങ്ങളെ മധ്യത്തിൽ നിർത്തി കഥപറയുന്ന ഈ സിനിമയിൽ, അവളുടെ കണ്ണുകളിലൂടെ മറ്റു കഥാപാത്രങ്ങളിലേക്കും ക്യാമറ പതിയുന്നു. പ്രകൃതി മനോഹരമായ വിയറ്റ്നാമീസ് ഗ്രാമത്തിന്റെ പശ്ചാത്തലമാണ് ഈ സിനിമയ്ക്കുള്ളത്. ഗ്രാമീണ ജീവിതങ്ങളെയും, വിയട്നാമിന്റെ സാംസ്‌കാരിക പൈതൃകങ്ങളേയും കണ്ടുമുട്ടാവുന്ന ജീവിത ചിത്രങ്ങൾക്കിടയിൽ വിഷമിച്ചു നിൽക്കുന്ന PAO-യെ നമുക്ക് കാണാം. പെറ്റമ്മയ്ക്കും, പോറ്റമ്മയ്ക്കും ഇടയിൽ ജീവിത യാഥാർത്യങ്ങളുടെയും, മനഃസംഘർഷങ്ങളുടെയും വിഷമതകൾ മറികടക്കാൻ പാടുപെടുന്ന അവൾ, മനസ്സുകൊണ്ടും, ശരീരം കൊണ്ടും പിന്നിടുന്ന പാതകൾക്കൊടുവിൽ സ്വയം നവീകരിക്കപ്പെടുന്നുണ്ട്. പലപ്പോഴും സിനിമകൾക്ക് വിരാമമാകുന്നത് ഉത്തരങ്ങളിലോ, ശുഭപര്യവസാനങ്ങളിലോ കഥ ഉടക്കുന്നതിനാൽ ആവണമെന്നില്ല. ജീവിതത്തെയും, സ്നേഹത്തെയുമെല്ലാം വ്യത്യസ്ത തലങ്ങളിൽ ഉൾക്കൊള്ളാൻ പാകത്തിൽ പരുവപ്പെടുന്ന മനസ്സിന്റെ സ്വച്ഛതയിലും സിനിമകളും, കഥകളും വിടപറയാറുണ്ട്. അനുഭവങ്ങൾ പുതുക്കിയെടുക്കുന്ന മനസ്സും ചിന്തകളും പേറുന്ന PAO-യ്‌ക്കൊപ്പമാണ് ഈ സിനിമ നമ്മുടെ കാഴ്ചകളിൽ നിന്ന് ഒളിക്കുന്നത്.
സുന്ദരമായ പ്രകൃതി ദൃശ്യങ്ങളും, ശ്രാവ്യസുഖദായകമായ പശ്ചാത്തല സംഗീതവും സിനിമയെ നല്ല അനുഭവമാക്കുന്നു. എനിക്ക് ഇത്തരം സിനിമകൾ കാണുന്നത് മനസ്സിന് സുഖമേകുന്ന കാര്യമാണ്... നിങ്ങൾക്കോ?.... കണ്ടിട്ട് പറയൂ.....