Friday, 2 January 2026

HONEYGIVER AMONG THE DOGS (2016)

 FILM : HONEYGIVER AMONG THE DOGS (2016)

COUNTRY : BHUTAN

GENRE : MYSTERY

DIRECTOR : DECHEN RODER



    ഭൂട്ടാനിലെ പച്ചപുതച്ച മലനിരകളുടെ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന HONEYGIVER AMONG THE DOGS എന്ന പതിഞ്ഞ താളത്തിലുള്ള മിസ്റ്ററി സിനിമയെയാണ് ഈ കുറിപ്പിൽ പരിചയപ്പെടുത്തുന്നത്. ഒരു ബുദ്ധിസ്റ്റ് സന്യാസിനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷിക്കാനെത്തിയതാണ് കിൻലി എന്ന ഡിറ്റക്ടീവ്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന 'ചോദൻ' എന്ന നിഗൂഢത നിറഞ്ഞ സ്ത്രീയെ അന്വേഷിച്ചെത്തിയിരിക്കുന്ന 'കിൻലി' തന്നെ അവൾക്കൊപ്പം ഒരു യാത്രയാരംഭിക്കുകയാണ്. ഈ തിരോധാനത്തിനു പിറകിലുള്ള യാഥാർത്യം തേടുകയാണ് അയാളുടെ ലക്ഷ്യം. സാമൂഹികമായ ചിന്തകളും, ദുരകളും, സ്പിരിച്വൽ എലമെന്റുകളും സിനിമയിൽ കണ്ടെടുക്കാവുന്നതാണ്. വളരെ പതിഞ്ഞ താളത്തിൽ ഉദ്വേഗം നിറയുന്ന നിമിഷങ്ങളില്ലാതെ അവതരിപ്പിച്ച ഒരു സിംപിൾ മിസ്റ്ററി എന്ന് ഒറ്റവാക്കിൽ പറയാം.


Saturday, 27 December 2025

SIRAT (2025)

FILM : SIRAT (2025)

COUNTRY : SPAIN

GENRE : DRAMA !! ADVENTURE !! MYSTERY

DIRECTOR : OLIVER LAXE


      ഒരു റോഡ് മൂവി എന്ന് ഒറ്റവാക്കിൽ പറഞ്ഞുവെക്കാവുന്ന ഒന്നല്ല SIRAT. മകളെ അന്വേഷിച്ചു മൊറോക്കൻ മരുഭൂമിയിൽ എവിടെയോ നടക്കുന്ന ഒരു സംഗീത പരിപാടിയിൽ എത്തിയിരിക്കുകയാണ് ലൂയിസും അയാളുടെ മകൻ എസ്തബാൻ എന്ന ബാലനും. മകളെ കണ്ടെത്താൻ കഴിയാത്ത അയാൾ അവിടെയുള്ള ചിലരിൽ നിന്നും മറ്റെവിടെയോ നടക്കുന്ന വേറെയൊരു പാർട്ടിയെ കുറിച്ചറിയുന്നു. മകളെ കണ്ടെത്താമെന്ന പ്രതീക്ഷയോടെ അയാൾ ചിലയാളുകൾക്കൊപ്പം യാത്ര തുടരാൻ തീരുമാനിക്കുകയാണ്. മരുഭൂമിയുടെ ശാന്തവും, രൗദ്രവുമായ മുഖങ്ങളെല്ലാം തെളിയുന്ന ഭൂപ്രതലങ്ങളിലൂടേയും , വരണ്ട മലനിരകളിലൂടെയും നടത്തുന്ന യാത്രക്കിടയിൽ സംഭവിക്കുന്ന അപ്രതീക്ഷിതങ്ങളായ സംഭവ വികാസങ്ങളിലൂടെയാണ് സിനിമയും നീങ്ങുന്നത്. സിനിമയിലെ കഥാപാത്രങ്ങളും , സംഭാഷണങ്ങളുമെല്ലാം യാത്രയ്‌ക്കൊപ്പം നമ്മുടെ ചിന്തകളെ സ്പർശിച്ചുകൊണ്ടാണ് മുന്നേറുന്നത്. സിനിമയുടെ കഥാപരിസരം സാധ്യമാക്കുന്ന തീക്ഷ്‌ണമായ വിഷ്വലുകൾക്ക് മുകളിൽ നിൽക്കുന്നതാണ് സിനിമയുടെ പശ്ചാത്തല സംഗീതം. ഹൃദയമിടിപ്പ് പോലെ സിനിമയുടെ ഗതിയോടും, സിനിമയുടെ നിഗൂഢാത്മകതയോടും ചേർന്ന് നിൽക്കുന്ന സംഗീതം വേറിട്ട അനുഭവമേകുന്നു. യുദ്ധം, ജീവിതം, കുടുംബം, മരണം എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളിലേക്ക് സിനിമ വഴിവെട്ടിപ്പോകുന്നുണ്ട്. ഈ സിനിമ ഇതര സിനിമകളിൽ നിന്നും അടർന്നു നിൽക്കുന്നത് വേറിട്ട കാഴ്ചകളും, ശബ്ദവിന്യാസങ്ങളും അനുഭവിപ്പിക്കുന്ന പ്രത്യേകമായ ഒരു ദൃശ്യ-ശ്രാവ്യ അനുഭവം പ്രേക്ഷകനുണ്ടാവുന്നത് കാരണമാണ്.

Tuesday, 27 May 2025

WHO DO I BELONG TO

 FILM : WHO DO I BELONG TO

GENRE : DRAMA

COUNTRY : TUNISIA

DIRECTOR : MERYAM JOOBEUR

              "ദൃശ്യങ്ങൾ സംസാരിക്കുന്ന, ആശയം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകനെ ആഴത്തിൽ സ്പർശിക്കുന്ന ഒരു സിനിമാനുഭവം"- ഒറ്റവാചകത്തിൽ ഈ ടുണീഷ്യൻ സിനിമയെ അങ്ങനെ വിശേഷിപ്പിക്കാം. തീവ്രവാദം വ്യക്തിയിലും, കുടുംബത്തിലും, സമൂഹത്തിലും ഏൽപ്പിക്കുന്ന ആഘാതങ്ങളെ സൂക്ഷ്മതലത്തിൽ ഒരു ടുണീഷ്യൻ കുടുംബത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നു ഈ സിനിമ. AICHA-BRAHIM ദമ്പതികളുടെ മൂന്ന് ആൺമക്കളിൽ രണ്ടുപേർ isis-ൽ ചേരാൻ പോകുന്നതോടെ കുടുംബാന്തരീക്ഷം താളം തെറ്റുന്നു. അതിൽ ഒരാളുടെ മാത്രം മടങ്ങിവരവ് കുടുംബത്തെ കൂടുതൽ സംഘർഷങ്ങളിലേക്ക് വഴിനടത്തുന്നതിനോടൊപ്പം ഉത്തരം കിട്ടാത്ത ധാരാളം ചോദ്യങ്ങളും അവശേഷിപ്പിക്കുന്നു. AICHA-യുടെ തോന്നലുകൾ, സ്വപ്‌നങ്ങൾ, തേടലുകൾ, ചിന്തകൾ എന്നിവയ്‌ക്കൊപ്പം നമ്മളും യാത്രചെയ്യുമ്പോൾ മകനെ പൊതിഞ്ഞു നിൽക്കുന്ന നിഗൂഢതയ്ക്ക് പിന്നിലുള്ള സത്യങ്ങളെ വെളിച്ചത്തിലേക്ക് നീക്കിനിർത്താൻ നമുക്കും സാധിക്കുന്നു. യാഥാർത്ഥവും, അയഥാർത്ഥവുമായ ഇമേജുകൾ നിറയുന്ന ഫ്രെയിമുകളോട് ചേർന്ന് നിൽക്കുന്ന പശ്ചാത്തലസംഗീതവും സിനിമയെ മികച്ച ദൃശ്യാനുഭവമാക്കുന്നു.


Monday, 26 May 2025

PRAYERS FOR THE STOLEN (2021)

 FILM : PRAYERS FOR THE STOLEN (2021)

GENRE : DRAMA

COUNTRY : MEXICO

DIRECTOR : TATIANA HUEZO


            സമൂഹത്തെ ഗ്രസിക്കുന്ന അസ്വസ്ഥതകളും, കൊള്ളരുതായ്മകളും അവിടങ്ങളിലെ കുട്ടികളുടെ നിഷ്കളങ്കമായ ബാല്യകാലത്തെയും , സന്തോഷങ്ങളെയും അപഹരിക്കുന്ന കാഴ്ച ലോകത്തിന്റെ ഏത് കോണിലും വ്യത്യസ്തമല്ല എന്ന ഓർമ്മപ്പെടുത്തലാകുന്നു ഈ മെക്സിക്കൻ സിനിമ.

         അന, മരിയ, പൗള എന്നീ 3 പെൺകുട്ടികളുടെ സൗഹൃദവും, ജീവിതവും മുൻനിർത്തി ഒരു മെക്സിക്കൻ മലയോര ഗ്രാമത്തിലെ സാമൂഹികാവസ്ഥയെ അടയാളപ്പെടുത്തുന്നു ഈ സിനിമ. അഴിമതി, മയക്കുമരുന്നു മാഫിയ, മിലിട്ടറി, തട്ടിക്കൊണ്ടുപോകൽ എന്നിങ്ങനെയുള്ള ആകുലതകളുടെ മേഘം എല്ലായ്പ്പോഴും തങ്ങിനിൽക്കുന്ന സാമൂഹിക ചുറ്റുപാടുകളിൽ ഇവരുടെ നിറംകെട്ട ബാല്യം ഭീതിയോടെ കിതച്ചും, പകച്ചും നിൽക്കുന്നു. കുട്ടികൾക്കൊപ്പം സ്വസ്ഥതയിലേക്ക് വളരാതെ സമൂഹം മാറ്റമില്ലാതെ തുടരുമ്പോൾ ആശങ്കകളുടെ കൂട്ട് ഒഴിയുന്നുമില്ല. നിരാശ ആവേശിച്ച മുഖങ്ങളും, ഭയം തളം കെട്ടിനിൽക്കുന്ന മനസ്സും പേറി ജീവിതം തള്ളിനീക്കുന്ന അമ്മമാരുടെ പ്രതിനിധിയാകുന്നു പൗളയുടെ അമ്മ. പതിഞ്ഞ താളത്തിൽ ദൃശ്യഭംഗിയോടെ അവതരിപ്പിച്ചിരിക്കുന്ന സിനിമ നിവർത്തിവെയ്ക്കുന്ന യാഥാർത്യങ്ങൾ, സിനിമ കാലൂന്നുന്ന സാമൂഹിക പരിസരങ്ങളെ ഇന്നും വിട്ടൊഴിഞ്ഞിട്ടില്ല എന്നത് അസ്വസ്ഥതയേകുന്നു.

Tuesday, 29 March 2022

DAWN OF WAR (2020)

FILM : DAWN OF WAR (2020)

GENRE : HISTORY !! THRILLER

COUNTRY : ESTONIA

DIRECTOR : MARGUS PAJU

        വിസ്മയിപ്പിക്കുന്ന വസ്തുതകളാൽ സമ്പന്നമാണ് ചരിത്രം. പിറകിലേക്ക് തള്ളിമാറ്റിയെങ്കിലും നമ്മളിലേക്ക് പല രീതിയിൽ വന്നണയുന്ന യാഥാർത്യവുമാണ് ചരിത്രം. ചരിത്രത്തിലെ ഏടുകൾ സിനിമയുടെ ഫ്രെയിമുകളിലേക്ക് ചേക്കേറുമ്പോഴും  ഭൂതകാലത്തിന്റെ കാഴ്ചകളോടൊപ്പം വിസ്മയാനുഭൂതിയുടെ നിമിഷങ്ങളും പ്രേക്ഷകന് സമ്മാനിക്കാറുണ്ട്. 1930-കളിലെ എസ്തോണിയൻ പശ്ചാത്തലത്തിൽ രണ്ടാം ലോകമഹായുദ്ധം പടിവാതിലിൽ എത്തിനിൽക്കുന്ന സാഹചര്യത്തിലുള്ള ചില ചരിത്ര വസ്തുതകളെയാണ് DAWN OF WAR എന്ന എസ്തോണിയൻ സിനിമ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഒരു എസ്പിയണാജ്  ത്രില്ലർ എന്ന് പറയാവുന്ന സിനിമയിൽ ഫെലിസ് കാങ്ർ എന്ന എസ്തോണിയൻ ഇന്റലിജൻസ് ഓഫിസർ തന്റെ ചുറ്റിലുമുള്ളവർക്കിടയിൽ നിന്നും ഒരു ചാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് . ശത്രുവാരെന്നോ, മിത്രമാരെന്നോ തിരിച്ചറിയാനാവാത്ത വിധം കഥാപാത്രങ്ങളും, അവരുടെ ചെയ്തികളും , ഭാവങ്ങളും നിറയുന്ന സിനിമയിൽ ഉന്നത അധികാരികളുടെ സമ്മർദം മാത്രമല്ല ഫെലികിനെ ഈ ഉദ്യമത്തിലേക്ക് വലിച്ചടുപ്പിക്കുന്നത്. അയാൾക്ക് അയാളുടേതായ കാരണങ്ങളുണ്ടെന്നത് സിനിമയിൽ ഫ്ലാഷ് ബാക്കുകളിലേക്ക് തെന്നിപ്പോവുന്ന ഫ്രെയിമുകൾ വ്യക്തമാക്കുന്നു. കഥ പറയുന്ന കാലഘട്ടത്തെ നല്ല രീതിയിൽ സ്‌ക്രീനിലേക്കെത്തിക്കുന്ന സിനിമ നല്ല ഒരു അനുഭവം തന്നെയാകുന്നു 


Monday, 29 March 2021

THE PRESENT (2020)

 

FILM : THE PRESENT (2020)

GENRE : SHORT !!! DRAMA

COUNTRY : PALESTINE

DIRECTOR : FARAH NABULSI

          അധിനിവേശത്തിന്റെയും, സൈനിക അധീശത്വത്തിന്റെയും ചുറ്റുപാടുകളിൽ "സ്വാതന്ത്ര്യം" എത്രമാത്രം ദുസ്സഹവും, ദുരിതമയവുമാണെന്ന് ഒരു സാധാരണക്കാരന്റെ ജീവിതത്തിലെ ഒരു സാധാരണ സംഭവത്തെ മുൻനിർത്തി വ്യക്തതയോടെ വരച്ചുകാണിക്കുന്നു ദി പ്രെസന്റ് . ഫലസ്തീനികളുടെ ദിനേനയുള്ള ജീവിതത്തിലേക്ക്, സിനിമ പകരുന്ന കാഴ്ചകളെ ചേർത്ത് വെയ്ക്കുമ്പോഴാണ് ക്രൂരമായ യാഥാർത്യങ്ങളുടെ വ്യാപ്തിയെ മനസ്സിലാക്കാനാവുക. വിവേചനങ്ങളുടെ, മാനുഷികരാഹിത്യങ്ങളുടെ ആവർത്തനങ്ങൾ ഉളവാക്കുന്ന ട്രോമകൾ തലമുറകളിലേക്ക് അരിച്ചിറങ്ങി  വേദനയുടെ നനവ് തീർക്കുന്നത് പ്രേക്ഷകനെയും അസ്വസ്ഥനാക്കുന്നു. കുറഞ്ഞ വാക്കുകളിലൂടെയും, ദൃശ്യങ്ങളിലൂടെയും ശക്തമായ ഒരു ഇമ്പ്രഷൻ പ്രേക്ഷകനിൽ ബാക്കിയാക്കുന്ന മികച്ച ഒരു ദൃശ്യാനുഭവം.

Wednesday, 17 February 2021

OTAC (2020)

 

FILM : OTAC (2020)

COUNTRY : SERBIA

GENRE : DRAMA

DIRECTOR : SRDAN GOLUBOVIC

    നിയമത്തിന്റെ നൂലാമാലകളെ ക്രൂരമായി അടിച്ചേൽപ്പിക്കുന്ന ബ്യുറോക്രസിയുടെ ചിത്രമാണ് സെർബിയൻ സിനിമയായ OTAC കാണിച്ചു തരുന്നത്. സാമൂഹ്യസുരക്ഷാ വകുപ്പിന്റെ കസ്റ്റഡിയിലാകുന്ന മക്കളെ വിട്ടുകിട്ടുന്നതിനായുള്ള പിതാവിന്റെ ശ്രമങ്ങളാണ് സിനിമയുടെ ഉള്ളടക്കം. ഒരു വേദനയായി പ്രേക്ഷകന്റെ മനസ്സിലേക്കും സിനിമയുടെ ഉള്ളടക്കത്തിലേക്കും അനായാസം നടന്നു കയറുന്നുണ്ട് ആദ്യരംഗം. ദാരിദ്ര്യത്തിന്റെ നിസ്സഹായതയെ നിരന്തരം മുറിവേൽപ്പിച്ച് ആനന്ദിക്കുന്ന ഉദ്യോഗസ്ഥവൃന്ദങ്ങൾക്കും, സംവിധാനങ്ങൾക്കും മുന്നിൽ നിക്കോളോയുടെ ദൈന്യതയെ നോക്കിനിൽക്കാനേ പ്രേക്ഷകന് കഴിയൂ. തന്നിൽ നിന്നും അകറ്റി നിർത്തപ്പെട്ട പ്രിയപ്പെട്ടവരെ തിരിച്ചുപിടിക്കാൻ, അവരോടുള്ള കരുതലിനെ ഉറക്കെ വിളിച്ചുപറയാൻ, നീതിയുടെ വെളിച്ചത്തെ പ്രതീക്ഷിച്ച് മിനിസ്റ്ററുടെ പക്കൽ പരാതി സമർപ്പിക്കാൻ കാൽനടയായി യാത്രയാവുകയാണ് നിക്കോളോ ..........

    ആദ്യ രംഗങ്ങളിലൂടെ സൃഷ്ടിച്ച ഇന്റൻസിറ്റിയെ വേണ്ട വിധം ഡെവലപ്പ് ചെയ്യാൻ കഴിഞ്ഞോ എന്ന സംശയം ബാക്കിയാവുന്നുണ്ടെങ്കിലും, പ്രധാന കഥാപാത്രത്തിന്റെ പ്രകടനം മനസ്സിനെ സ്പർശിക്കുന്ന അനുഭവമാകുന്നുണ്ട്. ദാരിദ്ര്യം എന്നതിനെ വ്യക്തിയിലേക്ക് ചേർത്ത് നിർത്തി, സമൂഹത്തിന്റെ / സംവിധാനങ്ങളുടെ ബാധ്യതയെ കയ്യൊഴിഞ്ഞ് അവന്റെ ചെറിയ സന്തോഷങ്ങളെ പോലും സ്വാർത്ഥതയോടെ അപഹരിക്കുന്ന കാഴ്ചകളിലൂടെ പ്രേക്ഷകനെ നയിക്കുന്ന OTAC കൂടുതൽ പ്രേക്ഷകശ്രദ്ധ അർഹിക്കുന്നു എന്ന് തീർച്ചയായും പറയാം.