ഇന്നലെ കണ്ട സിനിമകൾ
ഒരു ദിവസം കാണാനിടയായി എന്നതിനപ്പുറം യാതൊരു സാമ്യവുമില്ലാത്ത രണ്ടു സിനിമകളെയാണ് ഇന്ന് പരിചയപെടുത്താൻ ഉദ്ദേശിക്കുന്നത്. ഒന്ന്, ഗ്രാമീണതയുടെ സാസ്കാരിക പശ്ചാത്തലത്തിൽ നിലയുറപ്പിക്കുമ്പോൾ, മറ്റൊന്ന് നാഗരികതയുടെ എല്ലാ കുടിലതകളെയും വരച്ചുകാട്ടുന്നു.
FILM : DILBER’S EIGHT DAYS (2008)
COUNTRY : TURKEY
GENRE : DRAMA
DIRECTOR : CEMAL SAN
ദിൽബർ എന്ന ഗ്രാമീണ യുവതിയുടെ ജീവിതത്തിലെ 8 ദിനങ്ങളാണ് സിനിമയുടെ ഉള്ളടക്കം. ബാല്യകാല സുഹൃത്തായ അലിയെ വിവാഹം കഴിക്കാനുള്ള തീവ്ര മോഹവുമായി കഴിയുന്ന അവളുടെ സ്വപ്നങ്ങൾക്കു മേൽ കരിനിഴൽ വീഴുകയാണ്. കടുത്ത തീരുമാനങ്ങളെ പുൽകേണ്ടി വരുന്ന അവളുടെ ജീവിതം അപ്രതീക്ഷിത വഴികളിലേക്ക് തെന്നി നീങ്ങുന്നു. സന്തോഷവും, സങ്കടവും, ദുരന്തവുമെല്ലാം ഇടം കണ്ടെത്തുന്ന ദിൽബറിന്റെ ജീവിതത്തിലെ തുടർന്നുള്ള ദിനങ്ങളിലെ കാഴ്ചകളാണ് നമ്മെ കാത്തിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലങ്ങളുടെ സാംസ്കാരിക പഴമകളെ നുകരാനാവുന്ന ലാളിത്യമാർന്ന ആഖ്യാനമാണ് സിനിമയ്ക്കുള്ളത്. സിനിമയുടെ തുടക്കം നമ്മളിൽ ഉളവാക്കുന്ന ആകാംഷയെ പിൻപറ്റി കണ്ടുതീർക്കാവുന്ന ഒരു സിംപിൾ സിനിമയാണ് DILBER'S EIGHT DAYS.
FILM : THE DARK SIDE OF THE MOON (2015)
GENRE : THRILLER
COUNTRY : GERMANY
DIRTECTOR : STEPHAN RICK
ഒരുദിവസം ഒന്നിലധികം സിനിമകൾ കാണുമ്പോൾ വ്യത്യസ്ത GENRE-കൾ തെരെഞ്ഞെടുക്കന്ന ശീലമാണുള്ളത്. അങ്ങനെ സെലക്ട് ചെയ്ത ഈ ജർമ്മൻ ത്രില്ലറിലേക്കു എന്നെ വലിച്ചടുപ്പിച്ച ഘടകം MORITZ BLEIBTREU എന്ന നടന്റെ സാന്നിദ്ധ്യമാണ്. ഒരു മരുന്ന് കമ്പനിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന URS BLANK എന്ന കേന്ദ്രകഥാപാത്രത്തെയാണ് BLEIBTREU അവതരിപ്പിക്കുന്നത്. ആഘോഷ രാവുകളിലൊന്നിൽ ഉപയോഗിക്കുന്ന MUSHROOM DRUG അയാളെ അക്ഷരാർത്ഥത്തിൽ മാറ്റി മറിക്കുന്നു. മനസ്സിനെ വന്യതയുടെ ഓരങ്ങളിലൂടെ വലിച്ചിഴക്കുന്ന ഈ മാറ്റങ്ങൾ അയാളുടെ വ്യക്തിജീവിതത്തെയും പ്രൊഫഷണൽ ജീവിതത്തെയും ഒരുപോലെ സങ്കീർണ്ണമാക്കുന്നു. ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്ന സിനിമയുടെ ക്ലൈമാക്‌സും മോശമെന്ന് പറയാനാവില്ല. ഈ സിനിമയുടെ പ്ലസ് പോയിന്റായി എടുത്തു പറയാവുന്നത് ഛായാഗ്രഹണം തന്നെയാണ്. സിനിമയുടെ പ്രത്യേക തരത്തിലുള്ള മൂഡ് നിലനിർത്താൻ ഉതകുന്ന രീതിയിലുള്ള രംഗങ്ങൾ സിനിമയ്ക്ക് മാറ്റ് കൂട്ടി. കാടിന്റെ ഷോട്ടുകൾ അതിമനോഹരമായിരുന്നു. കടിഞ്ഞാൺ കൈവിട്ട മനസ്സിനെയും ചുമന്ന് നടക്കുന്ന പ്രധാന കഥാപാത്രത്തെ BLEIBTREU മികവുറ്റ രീതിയിൽ പകർന്നാടി.
ഈ കുറിപ്പിലൂടെ പരിചയപെടുത്തിയ രണ്ടു സിനിമകളും പ്രമേയത്തിലും, ആഖ്യാനത്തിലും താരതമ്യം ചെയ്യാനാവാത്ത വിധം അകന്നു നിൽക്കുന്നവയാണെങ്കിലും, ഒരു തവണ കണ്ടാസ്വദിക്കാവുന്ന കാഴ്ചകളെന്ന വിശേഷണം ഇരു സിനിമകളും അർഹിക്കുന്നു.
ഈ കുറിപ്പിലൂടെ പരിചയപെടുത്തിയ രണ്ടു സിനിമകളും പ്രമേയത്തിലും, ആഖ്യാനത്തിലും താരതമ്യം ചെയ്യാനാവാത്ത വിധം അകന്നു നിൽക്കുന്നവയാണെങ്കിലും, ഒരു തവണ കണ്ടാസ്വദിക്കാവുന്ന കാഴ്ചകളെന്ന വിശേഷണം ഇരു സിനിമകളും അർഹിക്കുന്നു.