FILM : THE WHITE MEADOWS (2009)
COUNTRY : IRAN
GENRE : DRAMA
DIRECTOR : MOHAMMED
RASOULOF

ചില സിനിമകൾ പകരുന്ന ദൃശ്യാനുഭൂതിയെ "VISUALLY STUNNING" എന്ന് വിശേഷിപ്പിച്ചാൽ പോലും കുറഞ്ഞു പോകും. കണ്ണഞ്ചിപ്പിക്കുന്ന ഫ്രൈമുകൾക്കൊപ്പം ചാട്ടുളി പോലെ ചിന്തകളിലെയ്ക്ക് ആഴ്ന്നിറങ്ങുന്ന പ്രതീക കാഴ്ച്ചകളാലും ഉത്കൃഷ്ടമായ ഒരു കലാസൃഷ്ടിയുടെ രൂപ ഭാവങ്ങളണിയുന്ന THE WHITE MEADOWS എന്ന ഇറാൻ സിനിമയും അത്തരത്തിലുള്ള ഒന്നാണ്. ഗ്രീക്ക് ചലച്ചിത്രകാരനായ തിയോ ആഞ്ജലോപോളസിന്റെ സിനിമകളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ വിരുന്നാണ് MOHAMMED RASOULOF പ്രേക്ഷകർക്കായി ഒരുക്കിയിട്ടുള്ളത്.
ഉപ്പു കലർന്ന തടാകത്തിലൂടെ ദ്വീപുകളിൽ നിന്നും ദ്വീപുകളിലേക്കു തന്റെ തോണി തുഴഞ്ഞു പോവുകയാണ് റഹ്മത്ത്. ഓരോ ദ്വീപിലെയും നിവാസികളുടെ കണ്ണുനീർ ശേഖരിക്കുകയാണ് അയാളുടെ ജോലി. ശേഖരിക്കുന്ന കണ്ണുനീർ അയാൾ എന്ത് ചെയ്യുമെന്നുള്ള കാര്യത്തെക്കുറിച്ച് അജ്ഞരാണ് ദ്വീപ് നിവാസികൾ. ഓരോ ദ്വീപിലെയും വിചിത്രങ്ങളായ കാഴ്ചകളും, അവ ബാക്കിയാക്കുന്ന ആകാംഷയും പ്രേക്ഷകരെ അയാളുടെ യാനപാത്രത്തിലെ അദൃശ്യരായ സഞ്ചാരികളാക്കുന്നു.
കാണുന്നവയെക്കുറിച്ച് ഉറക്കെ വിളിച്ചു പറയാൻ സ്വാതന്ത്ര്യമില്ലാത്ത ഇടങ്ങളിലെ കലയും, കലാകാരനും അക്ഷരങ്ങളുടെയും, കാഴ്ചകളുടെയും നിശബ്ദ നിലവിളികൾ തീർക്കുന്നത് ഈ സിനിമയിലൂടെ അനുഭവിക്കാനാവുന്നു. കാഴ്ചകളുടെ അന്തരാർഥങ്ങൾ വ്യക്തവും, ശക്തവുമാകുമ്പോൾ സിനിമ വിപ്ലവമാകുന്നു. കടലിനെ ചുവപ്പായി വരച്ച ചിത്രകാരനും, ജിജ്ഞാസയുടെയും , എതിർപ്പിന്റെയും , യുവത്വത്തിന്റെയും പ്രതീകമായ യുവാവും നേരിടുന്ന ദുരനുഭവങ്ങളും , യുവാവിൽ സാന്ദർഭികമായി അടിച്ചേൽപ്പിക്കുന്ന മൂകതയും-ബധിരതയും ഭരണകൂടം സൃഷ്ടിച്ച സാമൂഹിക വ്യവസ്ഥിതിയുടെ നേർ ചിത്രങ്ങളാകുന്നു. അണിയിച്ചൊരുക്കപ്പെടുന്ന കുരങ്ങനും, കലാകാരന്റെ കാഴ്ച്ചകളെ സമൂഹത്തിന്റെ ശരികളിലേക്ക് വലിച്ചിഴക്കാനുള്ള ചികിത്സകളും , വിചിത്ര ആചാരങ്ങളിലുറച്ച ദ്വീപ് നിവാസികളും അവഗണിക്കാവുന്ന കാഴ്ചകളല്ല.
അവസാന നിമിഷങ്ങളിൽ രംഗം കയ്യേറുന്ന കഥാപാത്രങ്ങൾ അവശേഷിപ്പിക്കുന്ന ചിന്തകൾ നമ്മെ വിട്ടൊഴിയുന്നില്ല. വ്യാഖ്യാനങ്ങളുടെ ദുഷ്ക്കരമായ പാതയാണ് നമുക്ക് മുന്നിൽ തെളിയുന്നത്. ഈ സിനിമയെ കുറിച്ചുള്ള എന്റെ ചിന്തകൾ ഇനിയും ഒടുങ്ങിയിട്ടില്ല. അതിനാൽ വിശദമായ ഉൾവായനയ്ക്കും, ആഴമേറിയ വ്യാഖ്യാനങ്ങൾക്കും ഞാൻ അശക്തനാണ്.
ജനങ്ങളെ രസിപ്പിക്കുക എന്നതു മാത്രമല്ല, ജനപക്ഷത്ത് നിന്ന് ശബ്ദിക്കുക എന്നതും കലാകാരന്റെയും സിനിമയുടെയും ധർമ്മമാണ് എന്ന് ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തുന്നു THE WHITE MEADOWS.