Tuesday, 27 January 2026

DJ AHAMET (2025)

 FILM : DJ AHAMET (2025)

GENRE : COMEDY !!! DRAMA

COUNTRY : NORTH MACEDONIA

DIRECTOR : GEORGI M UNKOVSKI



       ഒരു നോർത്ത് മാസിഡോണിയൻ ഉൾഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന മനോഹരമായ  സിനിമയാണ് DJ AHAMET. അവിടത്തെ ഗ്രാമീണ ജീവിതത്തിന്റെ  സാംസ്‌കാരിക അംശങ്ങൾ നിറഞ്ഞു നിൽക്കുന്ന സിനിമയിൽ സംഗീതവും ഒരു പ്രധാന കഥാപാത്രമായി നിലകൊള്ളുന്നു. അഹമ്മദും, പിതാവും, സംസാരിക്കാത്ത അനിയനും അടങ്ങുന്ന കുടുംബം ചെമ്മരിയാടുകളെ വളർത്തിയും, പുകയില വിറ്റുമാണ്‌ ഉപജീവനം നടത്തുന്നത്. ഗ്രാമത്തിലേക്ക് പുതുതായി വരുന്ന അയ എന്ന പെൺകുട്ടിയും അഹമ്മദും പ്രണയിതരാകുന്നതിന്  പിറകിൽ  അവരുടെ അഭിരുചികളും കാരണമാകുന്നുണ്ട്. ഗ്രാമീണതയുടെ എല്ലാ ദൃശ്യസൗന്ദര്യവും കാണാനാവുന്നതോടൊപ്പം യാഥാസ്തികതയുടെ അതിരുകളും, വേലിക്കെട്ടുകളും പലവിധത്തിൽ സിനിമയിൽ സാന്നിധ്യമാകുന്നുണ്ട്. സംഗീതവും, നൃത്തവും, പ്രണയവുമെല്ലാം ചിട്ടവട്ടങ്ങൾക്ക് പുറത്താകുന്ന സാമൂഹികക്രമത്തിൽ , അത്തരം കാഴ്ചപ്പാടുകൾക്ക് മേലെ പറക്കാൻ 'അയക്കും' , അഹമ്മദിനും കഴിയുമോ എന്നത് സിനിമയിൽ നിന്ന് തന്നെ കണ്ടറിയുന്നതാണ് ഉചിതം.....  


Tuesday, 13 January 2026

IN THE LAND OF BROTHERS (2024)

 FILM : IN THE LAND OF BROTHERS (2024)

COUNTRY : IRAN

GENRE : DRAMA

DIRECTOR : RAHA AMIRFAZLI , ALIREZA GHASEMI



    യുദ്ധങ്ങളും, രാഷ്ട്രീയ അസ്ഥിരതകളുമെല്ലാം മനുഷ്യനെ തള്ളിയിടുന്നത് പലതരം ജീവിതാവസ്ഥകളിലേക്കാണ്. സങ്കല്പിക്കാനാവാത്ത ജീവിതപരിസരങ്ങളിൽ എരിഞ്ഞു തീരുവാനും, അടയാളങ്ങളില്ലാതെ അലിഞ്ഞു തീരുവാനും വിധിക്കപ്പെട്ട നിരവധി ജീവിതങ്ങളേയും മനുഷ്യാവസ്ഥകളെയും ഓർമിപ്പിക്കുന്നു ഇറാനിയൻ സിനിമയായ IN THE  LAND OF BROTHERS. 
    അഭയാർത്ഥി ജീവിതത്തിന്റെ പലതരം ദുർഘട സന്ധികളിലൂടെ സഞ്ചരിക്കുന്ന സിനിമ വിവിധ ദശകങ്ങളിലേയ്ക്ക് കാലൂന്നുമ്പോഴും  ആശങ്കകളും, സ്വത്വ പ്രതിസന്ധികളുമെല്ലാം കഥാപാത്രങ്ങളെ നിഴലുപോലെ പിന്തുടരുന്നു എന്ന യാഥാർഥ്യം തെളിഞ്ഞു നിൽക്കുന്നു. പരസ്പര ബന്ധമുള്ള മൂന്നു കഥാപാത്രങ്ങളുടെ ജീവിതങ്ങളെ വ്യത്യസ്ത ടൈംലൈനിൽ അവതരിപ്പിക്കുന്നതിലൂടെ അഭയാർത്ഥി ജീവിതങ്ങളുടെ സാമൂഹികമായ പരിണാമവും അനാവൃതമാകുന്നു. മുഹമ്മദും, ലൈലയും, ക്വസവുമെല്ലാം നടന്നു തീർത്ത പാതകളിൽ ദുഃഖസാന്ദ്രമായ ശേഷിപ്പുകൾക്കപ്പുറം ജീവിതത്തിന്റെ  വർണ്ണങ്ങളെ കണ്ടുമുട്ടാനാവുന്നില്ല. സാഹചര്യങ്ങൾ അടിച്ചേൽപ്പിച്ച അവരുടെ ജീവിതത്തിലെ നിസ്സഹായതയുടെ / നിരാശയുടെ / തകർന്ന സ്വപ്നങ്ങളുടെ / അസ്തമിച്ച പ്രതീക്ഷകളുടെയെല്ലാം  പതിഞ്ഞ തേങ്ങലുകൾ അവരിൽ തന്നെയൊടുങ്ങുന്നു.
    ചൂഷണങ്ങളും , നഷ്ടങ്ങളും, വേദനകളുമെല്ലാം ജീവശ്വാസം പോലെ ഒപ്പം നടക്കുന്ന അഭയാർത്ഥി ജീവിതത്തിന്റെ  വേറിട്ട കാഴ്ചകളിലേക്ക് ക്യാമറ തിരിക്കുന്ന ഈ സിനിമ  മനസ്സിൽ ഒരു നൊമ്പരമായി അവശേഷിക്കുന്നു. കഥാപാത്രങ്ങളുടെ മികച്ച പ്രകടനങ്ങളും, അളന്നു മുറിച്ച സംഭാഷണങ്ങളും , മികച്ച സിനിമാറ്റോഗ്രഫിയും, ശ്രദ്ധയാകർഷിക്കുന്ന സൗണ്ട് ട്രാക്കുമെല്ലാം ഈ സിനിമയെ മികച്ച ദൃശ്യാനുഭവമാക്കുന്നു.


Saturday, 10 January 2026

THE GREAT YAWN OF HISTORY (2024)

 FILM : THE GREAT YAWN OF HISTORY (2024)

COUNTRY : IRAN

GENRE : DRAMA

DIRECTOR : ALIYAR RASTI


    പ്രതീക്ഷകളാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്. അതിന്റെ തീവ്രതയെ നിർണ്ണയിക്കുന്നത് പിന്നിട്ട അനുഭവങ്ങളും, വഴികളും കൂടിയായിരിക്കും. സ്വപ്നത്തിൽ ആവർത്തിച്ചു വരുന്ന ഗുഹയെയും, നിധിയെയും തേടിയിറങ്ങാൻ ബെയ്തുള്ള തീരുമാനിക്കുന്നതും പ്രതീക്ഷകളുടെ ചിറകിലേറി തന്നെയാണ്. അയാൾക്ക് ഒരു സഹായിയായി ഷോജ കൂടെ ചേരുമ്പോൾ അവരുടെയും സിനിമയുടെയും യാത്രയാരംഭിക്കുകയാണ്.
    തന്റെ സഹായിയെ കണ്ടെത്തുന്നതിനായി ബെയ്തുള്ള നടത്തുന്ന ശ്രമവും, അഭിമുഖങ്ങളും സിനിമ കേവലം ഒരു ട്രഷർ ഹണ്ട് അല്ല എന്ന് ആദ്യമേ പറഞ്ഞുവെയ്ക്കുന്നു. മതവും, ധാർമ്മിക ബോധങ്ങളും മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ബെയ്തുള്ള സഹായിയെ വിരുദ്ധ ധ്രുവത്തിൽ നിന്നും കണ്ടെടുക്കുന്നത് യാദൃശ്ചികമല്ല എന്ന് പ്രേക്ഷകനും വഴിയേ ബോധ്യപ്പെടുന്നുണ്ട്. ഇറാനിലെ മലനിരകളിലും, മരുഭൂമികളിലൂടെയും ഇക്കോ ടൂറിസ്റ്റുകൾ എന്ന വ്യാജേന ഗുഹകൾ തേടിയലയുന്ന ഇരുവർക്കുമിടയിലെ മൗനം വെടിയുന്ന നിമിഷങ്ങളിലെ സംഭാഷണങ്ങൾ  അവരെയും സിനിമയെയും കൂടുതൽ മനസ്സിലാക്കാനുള്ള സൂചനകളാവുന്നു. ധാർമ്മിക ബോധം, സാമൂഹികാവസ്ഥ, സുരക്ഷിതത്വം, സാമ്പത്തികം എന്നിങ്ങനെ സിനിമയ്ക്കൊപ്പം ചിന്തയിലൂടെ മിന്നിമറയുന്ന തോന്നലുകൾ സിനിമയുടെ ജീവനാഡിയും , തുടർച്ചയുമായി പ്രേക്ഷകനിലേക്ക് പടർത്താൻ സംവിധായകനായിട്ടുണ്ട് എന്ന് ഉറപ്പിച്ചു പറയാം.


Saturday, 3 January 2026

COMMITMENT HASAN (2021)

 FILM : COMMITMENT HASAN (2021)

COUNTRY : TURKEY

GENRE : DRAMA

DIRECTOR : SEMIH KAPLANOGLU



    മനുഷ്യ മനസ്സിന്റെ സൂക്ഷ്‌മ തലങ്ങളെയും, ഭാവങ്ങളെയും വിവിധ കഥാപാത്രങ്ങളിലൂടെ മനോഹരമായ ദൃശ്യങ്ങൾക്കിടയിൽ ദൃശ്യവത്കരിച്ചിരിക്കുന്ന തുർക്കിഷ് സിനിമയാണ് സെമീഹ് കപ്ലനോഗ്ലുവിന്റെ COMMITMENT HASAN. പിതാവിൽ നിന്നും പാരമ്പര്യമായി ലഭിച്ച കൃഷിയിടത്തിൽ കൃഷിചെയ്ത് ജീവിക്കുകയാണ് ഹാസനും കുടുംബവും. ഭാര്യയും, വേലക്കാരിയായ പെൺകുട്ടിയുമാണ് വീട്ടിലെ നിലവിലുള്ള അംഗങ്ങൾ. ഹാസന്റെ കൃഷിയിടത്തിന്റെ  മധ്യത്തിൽ വലിയ ഒരു ഇലക്ട്രിക് പോസ്റ്റ് സ്ഥാപിക്കാനിരിക്കുകയാണ് എന്ന വിവരം അയാളെ അസ്വസ്ഥനാക്കുന്നിടത്തു നിന്നാണ് സിനിമ താളം കണ്ടെത്തുന്നത്. 
    തന്റെ കൃഷിയിടം നഷ്ടമാകുമെന്ന ആശങ്കയിൽ അതിന് തടയിടാനുള്ള അയാളുടെ ശ്രമങ്ങൾക്കൊപ്പം മനസ്സുകൊണ്ട് നമ്മളും ഐക്യപ്പെടുന്നു. എന്നാൽ, ഹാസന്റെ മുഖത്ത് തെളിയുന്ന നിസ്സഹായതയ്ക്കപ്പുറം അയാളുടെ ഉള്ളിലുള്ള സ്വാർത്ഥതകളെ നമുക്ക് പതിയെ കണ്ടുമുട്ടാനാവുന്നു. ഭാര്യ എമിനും ഇക്കാര്യത്തിൽ അയാളുടെ സ്വഭാവത്തിന്റെ ഓരത്തു നിൽക്കുന്നവളാണെന്ന് ചില സീനുകൾ അടിവരയിടുന്നുണ്ട്.
    തിരിച്ചറിവുകൾക്കും, പ്രായശ്ചിത്തത്തിനും , വൈകിയെത്തുന്ന നല്ല തോന്നലുകൾക്കുമെല്ലാം മുകളിൽ ഭൂതകാലത്തിന്റെ നിഴൽ മായ്ച്ചു കളയാനാവാത്തവിധം പതിഞ്ഞു കിടക്കുമെന്ന് സിനിമ കാണിച്ചുതരുന്നു. മെക്കയിലേക്ക് തീർത്ഥാടനത്തിനായി ഇരുവർക്കും അവസരം ലഭിക്കുന്നതോടെയാണ് അവനവനിലേക്കും, പിന്നിട്ട കാലങ്ങളിലേക്കും, ചെയ്തികളിലേക്കും ഹാസന്റെ മനസ്സ് സഞ്ചരിച്ചു തുടങ്ങുന്നത്. സ്വാർത്ഥതയിൽ ശൂന്യമാകുന്ന ഹൃദയവും, അന്ധമാകുന്ന കണ്ണുകളും , നിർവ്വികാരതയെ പുൽകുന്ന മനസ്സും ജീവിതത്തിലെ വിലപ്പെട്ട പലതിനെയും വീണ്ടെടുക്കാനാവാത്ത വിധം അകലങ്ങളിലേക്ക് നഷ്ടപ്പെടുത്തുമെന്ന് സിനിമ പറഞ്ഞുവെയ്ക്കുന്നു.
    അഭിനേതാക്കളുടെ മികവുറ്റ പ്രകടനങ്ങൾക്കൊപ്പം സിനിമയുടെ ആകർഷണീയതയായി നിലകൊള്ളുന്നത് ഗംഭീരമായ സിനിമാറ്റോഗ്രാഫിയാണ്‌. ഗ്രാമീണതയുടെ തെളിമയിൽ അത്രയൊന്നും തെളിച്ചമില്ലാത്ത മനസ്സിന്റെ സഞ്ചാരപഥങ്ങളെ വിവിധ സാഹചര്യങ്ങളിലൂടെ വരച്ചിടാൻ സംവിധായകനാകുന്നു എന്നതാണ് സിനിമയുടെ മേന്മ.


Friday, 2 January 2026

HONEYGIVER AMONG THE DOGS (2016)

 FILM : HONEYGIVER AMONG THE DOGS (2016)

COUNTRY : BHUTAN

GENRE : MYSTERY

DIRECTOR : DECHEN RODER



    ഭൂട്ടാനിലെ പച്ചപുതച്ച മലനിരകളുടെ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന HONEYGIVER AMONG THE DOGS എന്ന പതിഞ്ഞ താളത്തിലുള്ള മിസ്റ്ററി സിനിമയെയാണ് ഈ കുറിപ്പിൽ പരിചയപ്പെടുത്തുന്നത്. ഒരു ബുദ്ധിസ്റ്റ് സന്യാസിനിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷിക്കാനെത്തിയതാണ് കിൻലി എന്ന ഡിറ്റക്ടീവ്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന 'ചോദൻ' എന്ന നിഗൂഢത നിറഞ്ഞ സ്ത്രീയെ അന്വേഷിച്ചെത്തിയിരിക്കുന്ന 'കിൻലി' തന്നെ അവൾക്കൊപ്പം ഒരു യാത്രയാരംഭിക്കുകയാണ്. ഈ തിരോധാനത്തിനു പിറകിലുള്ള യാഥാർത്യം തേടുകയാണ് അയാളുടെ ലക്ഷ്യം. സാമൂഹികമായ ചിന്തകളും, ദുരകളും, സ്പിരിച്വൽ എലമെന്റുകളും സിനിമയിൽ കണ്ടെടുക്കാവുന്നതാണ്. വളരെ പതിഞ്ഞ താളത്തിൽ ഉദ്വേഗം നിറയുന്ന നിമിഷങ്ങളില്ലാതെ അവതരിപ്പിച്ച ഒരു സിംപിൾ മിസ്റ്ററി എന്ന് ഒറ്റവാക്കിൽ പറയാം.