FILM : BLIZZARD OF SOULS AKA THE RIFLEMAN (2019)
COUNTRY : LATVIA
GENRE : HISTORY !! WAR !! DRAMA
DIRECTOR : DZINTARS DREIBERGS
വിജയ പരാജയങ്ങളുടെ മുകളിൽ നഷ്ടങ്ങളുടെയും, വേദനകളുടെയും ആർത്തനാദങ്ങൾ മുഴങ്ങിക്കേൾക്കുന്നവയാണ് ഓരോ യുദ്ധമുഖങ്ങളും. കുരുതിനിലങ്ങളിൽ മൃഗചോദനയുടെ തേറ്റകളുന്തി രക്തം തേടിയിറങ്ങുന്ന കൂട്ടങ്ങളിൽ ബാക്കിയാകുന്നവർക്ക് പറയാനാവുന്ന കഥകളാണ് പലപ്പോഴും ചരിത്രം. തകർച്ചകളും, രൂപീകരണങ്ങളും ചരിത്രത്താളുകളിൽ തെളിഞ്ഞു നിൽക്കുന്നത് അനവധി മനുഷ്യരക്തം ഒഴുക്കിയാണെന്ന ഓർമ്മപ്പെടുത്തലാണ് ഓരോ യുദ്ധസിനിമയും ആവർത്തിക്കുന്നത്.
ഒന്നാം ലോകമഹായുദ്ധത്തിന്റെയും , ലാത്‌വിയൻ സ്വാതന്ത്ര്യത്തിന്റെയും പശ്ചാത്തലത്തിൽ ഒരു യുവസൈനികന്റെ വീക്ഷണ കോണിലൂടെ യുദ്ധത്തെ അവതരിപ്പിക്കുന്ന സിനിമയാണ് ദി റൈഫിൾമാൻ. അമ്മയെ നഷ്ടപ്പെട്ടതിന് പ്രതികാരം ചെയ്യാൻ എന്ന കാരണത്താൽ സൈന്യത്തിൽ ചേരുന്ന പതിനേഴുകാരനായ ARTURS-നു നഷ്ടങ്ങളുടെയും, തിരിച്ചറിവിന്റെയും ദിനങ്ങളാണ് എതിരിടേണ്ടി വരുന്നത്. മരണഗന്ധം മാത്രം നിറഞ്ഞു നിൽക്കുന്ന യുദ്ധക്കളങ്ങളിൽ ലക്ഷ്യം കാണാതെ മുന്നേറുന്ന സൈനികരുടെ പ്രതീക്ഷയറ്റ മുഖങ്ങളിൽ നിഴലിക്കുന്ന ഭീതി എല്ലായിടത്തും, എല്ലാകാലത്തും കണ്ടുമുട്ടാവുന്നത് തന്നെയാവണം. അനിശ്ചിതത്വങ്ങളും , ആകസ്മികതകളും നടമാടുന്ന യുദ്ധങ്ങൾ എത്രമാത്രം ക്രൂരമാണെന്ന് ഒരിക്കൽക്കൂടി ചൂണ്ടിക്കാണിക്കുന്നു ദി റൈഫിൾമാൻ.
മനുഷ്യൻ നടന്നു തീർത്ത യുദ്ധക്കളങ്ങളെ ചരിത്രത്തിന്റെ വീഥികളിൽ കണ്ടുമുട്ടുമ്പോൾ ഒരു നെടുവീർപ്പാണ് ബാക്കിയാവുന്നത് . ഇന്നും ആ വഴികൾ അവസാനിച്ചിട്ടില്ലെന്ന തിരിച്ചറിവ് പകരുന്ന വേദനയാണ് നെടുവീർപ്പിന് കൂട്ടാവുന്നത്........