FILM : OBLIVION
VERSES (2017)
GENRE : DRAMA
COUNTRY : CHILE
DIRECTOR : ALIREZA
KHATAMI

ഇറാനിയൻ സംവിധായകനായ ALIREZA KHATAMI ലാറ്റിനമേരിക്കൻ രാജ്യമായ ചിലിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ സിനിമയെന്നതാണ് OBLIVION VERSES എന്ന സിനിമയുടെ ഒരു പ്രത്യേകത. ഒരു പഴയ മോർച്ചറിയുടെ നടത്തിപ്പുകാരനായ വൃദ്ധനാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രം. സ്വന്തം പേരുൾപ്പെടെ ഒരു പേരും ഓർമ്മയിൽ നിൽക്കാത്ത, എന്നാൽ മറ്റെല്ലാ കാര്യങ്ങളും വളരെ സൂക്ഷ്മതയോടെ ഓർത്തെടുക്കുന്ന അയാളിലും, മറവു ചെയ്യപ്പെടുന്ന ഓരോരുത്തരുടെയും ജീവിതകഥ പറയുന്ന അന്ധനായ കുഴിവെട്ടുകാരനിലും നിഴലിക്കുന്ന AMBIGUITY തന്നെയാണ് സിനിമയിലുടനീളം കാണാനാവുന്നത്. ഒരു കഥാപാത്രത്തിനും പേരില്ലെന്നതുപോലെ, പ്രാദേശിക പശ്ചാത്തലം ഏതെന്നതും സിനിമ വ്യക്തമാക്കുന്നില്ല. എന്നിരുന്നാലും, സിനിമയിലെ രാഷ്ട്രീയ സൂചനകളെ പല രാജ്യങ്ങളിലെയും സ്വേച്ഛാധിപത്യ ഭൂതകാലങ്ങളോട് കൂട്ടിവായിക്കാം. വിപ്ലവകാരികളുടെയും, പ്രതിഷേധക്കാരുടെയും മൃതദേഹങ്ങളെ ഒളിപ്പിക്കാനുള്ള ഇടമാക്കി മോർച്ചറിയെ മാറ്റുന്ന രഹസ്യ പോലീസിന്റെ പാതിരാ റൈഡും, സംഭാഷണങ്ങളിൽ നിന്നും, കഥാപാത്രങ്ങളിൽ നിന്നും ചുരണ്ടിയെടുക്കാവുന്ന രാഷ്ട്രീയാവസ്ഥകളെ കുറിക്കുന്ന ഭീതികളും പോയകാലങ്ങളെ കുറിച്ചും, ഇന്നും നിലകൊള്ളുന്ന ഒറ്റപ്പെട്ട യാഥാർത്യങ്ങളെ കുറിച്ചുമുള്ള സിനിമയുടെ മർമ്മരങ്ങളാകുന്നു. നന്മയും, ആത്മാർത്ഥതയുമെല്ലാം നിയമവിരുദ്ധവും അസ്വീകാര്യവുമായ വ്യവസ്ഥിതിയുടെ ഇരയായി പുറന്തള്ളപ്പെടുന്ന അയാൾ, മോർച്ചറിയിൽ അവശേഷിക്കുന്ന ഏക മൃതദേഹം അർഹമായ രീതിയിൽ സംസ്കരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതാണ് സിനിമയുടെ ഇതിവൃത്തം.
വളരെ സ്ലോ ആയ ഒരു രീതിയാണ് സിനിമയുടേത്. സംഭാഷണങ്ങൾ കുറവായ ഈ സിനിമയിലെ ഫ്രെയിമുകൾ പലതും സൂക്ഷ്മതയോടെ വിശകലനം ചെയ്യേണ്ട വിധം സിംബോളിക് ആയാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. റിയലായ കഥാപാത്രങ്ങൾക്കൊപ്പം അൺറിയൽ കഥാപാത്രങ്ങളും, സംഭവങ്ങളുമെല്ലാം ഉൾച്ചേർന്നു വരുന്നത് സിനിമയെ പല തലങ്ങളിലേക്ക് വികസിപ്പിക്കാൻ കാരണമാകുന്നു. റേഡിയോയിൽ കേൾക്കുന്ന തിമിംഗലങ്ങളെ കുറിച്ചുള്ള വാർത്തകളും, ആകാശത്തിൽ പറന്നുയരുന്ന ഏകനായ തിമിംഗലവുമെല്ലാം ദുർഗ്രാഹ്യമായ ചിത്രങ്ങളാകുന്നു. തീരത്തു ചത്തൊടുങ്ങുന്ന തിമിംഗലങ്ങളും, അതിജീവിക്കുന്ന തിമിംഗലവും, സ്വന്തക്കാരെ പിരിയാൻ കഴിയാത്ത അവയുടെ പ്രകൃതവുമെല്ലാം ശബ്ദവും, ദൃശ്യങ്ങളുമായി പ്രേക്ഷകനിലേക്കു സൂചനകളായി വന്നുചേരുന്നത്, കുടുംബം നഷ്ടപ്പെട്ട അയാളുടെ ഏകാന്തമായ ജീവിതത്തെ ചിന്തകളിൽ നിറയ്ക്കാനായിരുന്നോ എന്നതാണ് എന്നിലുണർന്ന സംശയം. അബ്ബാസ് കൈരാസ്തോമിയെ ഓർമിപ്പിച്ച ഈ സിനിമ എല്ലാത്തരം പ്രേക്ഷകർക്കും ചേർന്നതല്ല എന്ന കാര്യം പറയുന്നതിനോടൊപ്പം, ഈ കുറിപ്പിൽ പറഞ്ഞതിനപ്പുറം ആഴം ഈ സിനിമയ്ക്കുണ്ട് എന്ന ഓർമ്മപ്പെടുത്തലോടെ നിർത്തുന്നു.