FILM : MY MAGIC (2008)
COUNTRY : SINGAPORE
, (LANGUAGE : TAMIL)
GENRE : DRAMA
DIRECTOR : ERIC KHOO

സിനിമയുടെ ലാളിത്യവും, ആസ്വാദനത്തിന്റെ ഭിന്നതലങ്ങളും
സിനിമകൾ പല രീതിയിലാണ് നമ്മുടെ ഇഷ്ടം പിടിച്ചു പറ്റുന്നത്. ദൃശ്യഭാഷയുടെ വ്യാകരണങ്ങൾക്ക് പുതിയ അർത്ഥതലങ്ങളൊരുക്കി നമ്മുടെ സിനിമാക്കാഴ്ചകളെ നവീകരിക്കുന്ന സിനിമാന്വേഷണങ്ങളേയും, ലാളിത്യത്തിൽ ചാലിച്ചുള്ള ഹൃദയസ്പർശിയായ അവതരണങ്ങളെയും ഒരു നല്ല സിനിമാസ്വാദകൻ ഒരു പോലെ നെഞ്ചിലേറ്റുമെന്ന് പറയാം. സിനിമ ഒളിപ്പിച്ചു വെച്ച ചില ആസ്വാദന അംശങ്ങളെ കാഴ്ചകൾക്കിടയിൽ നിന്ന് കണ്ടെടുക്കുന്നതിന് ദൃശ്യകലയെ (സിനിമയെ) ആഴത്തിൽ പരിചയപ്പെടേണ്ടതുണ്ട്. സംസാരിക്കുന്ന ദൃശ്യങ്ങളും, കാഴ്ചയുടെ വ്യാഖ്യാനങ്ങളും രൂപപ്പെടുത്തിയെടുക്കുന്ന ആസ്വാദനതലം കേവലക്കാഴ്ച്ചയിൽ തൃപ്തിയടയുന്നവരുടെ ആസ്വാദനത്തിനു വെളിയിലാണ് നങ്കൂരമിടുന്നത്. സിനിമയുടെ ആസ്വാദനവുമായി ബന്ധപ്പെടുത്തി ഇത്തരം സൂചകങ്ങൾ നിരത്താമെങ്കിലും, സിനിമ ഒരു ശക്തമായ മാധ്യമമായി നിലകൊള്ളുന്നതിന്റെ പ്രധാന കാരണം ഏവർക്കും രസിക്കാവുന്ന ലാളിത്യത്തിലും അതിനെ അണിയിച്ചൊരുക്കാം എന്നതു തന്നെയാണ്.
MY MAGIC, എന്റെ കണ്ണിലൂടെ
സാങ്കേതികതയുടെ അതിപ്രസരമോ, സങ്കീർണ്ണതയുടെ കെട്ടുപാടുകളോ ഇല്ലാതെ പിതൃ-പുത്ര ബന്ധത്തെ ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന സിനിമയാണ് MY MAGIC. ചെറിയ മാജിക് ട്രിക്കുകളും, സാഹസിക പ്രകടനങ്ങളും സിനിമയിൽ ഇടം പിടിക്കുന്നെങ്കിലും സിനിമ ഉന്നം വെയ്ക്കുന്ന വിഷയത്തെ അവയൊന്നും അപ്രസക്തമാക്കുന്നില്ല. മുഴുക്കുടിയനായ ഫ്രാൻസിസും , പഠനത്തിൽ മിടുക്കനായ രവിയുമാണ് യഥാക്രമം സിനിമയിലെ അച്ഛനും, മകനും. അമ്മയില്ലാത്ത കുട്ടിയുടെ കാര്യങ്ങളിലൊന്നും ശ്രദ്ധിക്കാത്ത പിതാവിനെ "GOOD FOR NOTHING" എന്നാണ് മകൻ വിശേഷിപ്പിക്കുന്നത്. മകന്റെ സ്നേഹവും, വിശ്വാസവും വീണ്ടെടുക്കുവാനും, തന്റെ അവസ്ഥ മകന് വരാതിരിക്കാനും ജീവിതത്തിൽ ചില തിരുത്തലുകൾ വരുത്താൻ ഫ്രാൻസിസ് നിർബന്ധിതനാവുന്നു. പിന്നിലുപേക്ഷിച്ച പലതും പൊടിതട്ടിയെടുക്കേണ്ടത് സാഹചര്യം സൃഷ്ടിക്കുന്ന അനിവാര്യതയാകുന്നു.
ബന്ധങ്ങൾ ആവശ്യപ്പെടുന്ന വൈകാരികതയെ ഫലപ്രദമായി അടയാളപ്പെടുത്താൻ സിനിമയ്ക്കാവുന്നു. മകനോടുള്ള ഫ്രാന്സിസിന്റെ സ്നേഹം പ്രതിഫലിപ്പിക്കുന്ന രംഗങ്ങൾ തന്മയത്വം നിറഞ്ഞവായിരുന്നു. ബാറിൽ വെച്ച് കണ്ടുമുട്ടുന്ന യുവതിയുമായുള്ള സംഭാഷണങ്ങൾ ഫ്രാൻസിസിന്റെ നന്മയും, നിഷ്കളങ്കതയും ദ്യോതിപ്പിക്കാനുള്ള ശ്രമങ്ങൾ എന്നിവയ്ക്കപ്പുറം വളർത്താൻ സംവിധായകൻ ശ്രമിച്ചില്ല എന്ന് തോന്നി. മകന് വന്നു ഭവിക്കാനിടയുള്ള നഷ്ടങ്ങളെ തുലനപ്പെടുത്താനുള്ള ഫ്രാൻസിസിന്റെ മുൻകരുതലുകളായും അവയെ വേണമെങ്കിൽ വ്യാഖ്യാനിക്കാം. മകന്റെ മനസ്സിൽ വളരുന്ന താര പരിവേഷവും, മുഖത്ത് വിടരുന്ന പുഞ്ചിരിയും രക്ഷിതാക്കൾക്ക് ഈ സിനിമ നൽകുന്ന സന്ദേശങ്ങളാകുന്നു.
സിഗപ്പൂരിന്റെ പശ്ചാത്തലവും, ഇന്ത്യൻ കഥാപാത്രങ്ങളും, തമിഴിന്റെ സാന്നിധ്യവും സിനിമയുടെ പ്രത്യേകതയാകുന്നു. കാനിലെ വിഖ്യാതമായ പാംദോർ പുരസ്കാരത്തിനായുള്ള മത്സരത്തിലേക്ക് സെലക്ട് ചെയ്യപ്പെട്ട ആദ്യ സിംഗപ്പൂർ സിനിമയെന്ന സവിശേഷതയും MY MAGIC-ന് അവകാശപ്പെട്ടതാണ്. വെറും 75 മിനുട്ട് മാത്രം ദൈർഘ്യമുള്ള ഈ സിനിമ നിങ്ങളെ നിരാശരാക്കില്ല എന്നാണ് എന്റെ പ്രതീക്ഷ.