FILM : CETVRTY COVEK
/ THE 4TH MAN (2007)
COUNTRY : SERBIA
GENRE : CRIME !!! MYSTERY
DIRECTOR : DEJAN ZECEVIC
സിനിമയിലെ പല രംഗങ്ങളും എവിടെയൊക്കെയോ കണ്ടവയായി തോന്നിയെങ്കിലും, ഓർമ്മകളെ അധികം ചികയാൻ ശ്രമിക്കാതെ സിനിമ ആസ്വദിക്കാനാണ് എന്റെ മനസ്സ് മന്ത്രിച്ചത്. മറവി തന്നെയാണ് സിനിമയിലേയും പ്രധാന പ്രശ്‌നം. തലയിൽ വെടിയേറ്റത് കാരണം അബോധാവസ്ഥയിലായിരുന്ന "മേജർ" സ്വബോധത്തിലേക്ക് ഉണരുകയാണ്. ഓർമ്മയുടെ ഭാരം ഉപേക്ഷിച്ചാണ് അയാൾ ഉണരുന്നത്. തന്നെക്കുറിച്ചോ, കുടുംബത്തെ സംബന്ധിച്ചോ ഒന്നും ഓർത്തെടുക്കാൻ അയാൾക്കാവുന്നില്ല. കുടുംബത്തെ ഇല്ലായ്മ ചെയ്തതും, അയാളെ വെടിവെച്ചിട്ടതും ആരെന്ന സൂചന നൽകുന്ന അജ്ഞാതനാണ് അയാളുടെ ഇപ്പോഴുള്ള ചെയ്തികളെ നിയന്ത്രിക്കുന്നത്. കൈവിട്ടുപോയ ഓർമ്മകളിലേക്കും, തന്റെ സ്വത്വത്തിലേക്കും തിരിച്ചെത്താൻ ഒരു "നാലാമനെ"ക്കൂടി അയാൾക്ക് കണ്ടെത്തേണ്ടതായുണ്ട്. ഈ അന്വേഷണം തന്നെയാണ് സിനിമയുടെ മിസ്റ്ററി. വലിച്ചു നീട്ടലില്ലാത്ത അവതരണവും, മോശമല്ലാത്ത സിനിമാറ്റോഗ്രഫിയും, ഓർമ്മകൾ പോലും അകന്നു നിൽക്കുന്ന നിർവ്വികാര മനസ്സിനുടമയായ പ്രധാന കഥാപാത്രവും ചേരുമ്പോൾ ഒരു തവണ കണ്ടിരിക്കാവുന്ന കൊച്ചു ത്രില്ലറാവുന്നു THE 4TH MAN.