Tuesday, 4 April 2017

THREE SEASONS (1999)



FILM : THREE SEASONS (1999)
COUNTRY : VIETNAM
GENRE : DRAMA
DIRECTOR : TONY BUI

                 വിയറ്റ്നാമീസ്-അമേരിക്കൻ സംയുക്ത സംരംഭം എന്ന നിലയിലുള്ള ഈ സിനിമയിലേക്ക് എന്നെ ആകർഷിച്ചത് മനോഹരമായ പോസ്റ്ററും, ബേസിക് പ്ലോട്ടുമാണ്. എങ്കിലും, എന്റെ പ്രതീക്ഷയിൽ നിന്ന് വ്യത്യസ്തമായി വിയട്നാമിന്റെ ഭൂതകാലത്തെയും, വർത്തമാനകാലത്തെയും, വരാനിരിക്കുന്ന കാലത്തെയും കുറിച്ചുള്ള സൂചനകൾ തുളുമ്പുന്ന ദൃശ്യങ്ങളാൽ സമ്പന്നമായ ഒരു സിനിമയായാണ് ത്രീ സീസൺസ് അനുഭവപ്പെട്ടത്.
    പഴമയുടെയും, തനിമയുടെയും കളങ്കമില്ലാത്ത സൗരഭ്യവും, നടപ്പുകാലത്തിന്റെ യാഥാർത്യങ്ങളും, ആധുനികതയുടെ കെട്ടുകാഴ്ച്ചകൾക്കൊപ്പം ഓടിയെത്താൻ കൊതിക്കുന്ന മനസ്സുകളും ഭാഗമാകുന്ന വിയറ്റ്നാമീസ് നഗരത്തിന്റെ പശ്ചാത്തലത്തിൽ പല ജീവിതങ്ങളെ ഇടകലർത്തി അവതരിപ്പിക്കുന്നു THREE SEASONS. വെളുത്ത താമരകൾ നിറഞ്ഞ കുളത്തിന്റെ മധ്യത്തിലുള്ള വീട്ടിൽ ഏകാന്തജീവിതം നയിക്കുന്ന കവിയും, കുളത്തിലെ താമര മൊട്ടുകൾ നഗരത്തിലെത്തിച്ചു വിറ്റഴിക്കുന്ന യുവതിയും, അനാഥത്വത്തിന്റെയും, ഇല്ലായ്മകളുടെയും ഭാരം പേറി തെരുവിൽ അലയുന്ന ബാലനും, ശരീരം വിറ്റിട്ടാണെങ്കിലും സമ്പന്ന ജീവിതം നയിക്കണമെന്ന ചിന്തകളിൽ അഭിരമിക്കുന്ന യുവതിയും, ജീവിതത്തിന്റെ വേഗതയ്‌ക്കൊപ്പം സൈക്കിൾ റിക്ഷയുമായ് കിതച്ചോടുന്ന നല്ല ചിന്തകളും, നല്ല മനസ്സും കൈമുതലായുള്ള യുവാവും സിനിമയിലെ നിമിഷങ്ങളെ കാർന്നു തിന്നാനുള്ള വെറും സാന്നിദ്ധ്യങ്ങളല്ല.
          ദാരിദ്ര്യത്തിന്റെ നെടുവീർപ്പുകൾക്കൊപ്പം പാശ്ചാത്യവൽക്കരണത്തിന്റെ ചടുലമായ മാറ്റങ്ങളെ  ദൃശ്യങ്ങളിലൂടെയും, വാക്കുകളിലൂടെയും ചൂണ്ടിക്കാണിക്കുന്നു സംവിധായകൻ. ചുട്ടുപഴുത്ത വേനലിൽ കരിമ്പിൻ ജ്യൂസ് നുകരുന്നവർക്ക് പിറകിൽ കാണാനാവുന്ന COCO-COLAയുടെ വമ്പൻ ബോർഡിനു പ്രേക്ഷകനോട് പലതും സംവദിക്കാനുണ്ട്. പ്ലാസ്റ്റിക് പൂക്കളുമായ് നീങ്ങുന്നവർക്കിടയിൽ വിറ്റഴിക്കാനാവാത്ത താമരമൊട്ടുകളുമായ് നിൽക്കുന്ന യുവതിയും സംവിധായകൻ ബോധപൂർവ്വം ഒരുക്കിയ സന്ദർഭമായി തോന്നി. തനിമയെ വിട്ടൊഴിയുന്ന സമൂഹമനസ്സിനെ അടയാളപ്പെടുത്തിയ ഇത്തരം കാഴ്ചകളിലൂടെയാണ് ഈ സിനിമ ശബ്ദിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ഉപേക്ഷിച്ചു പോയ മകളെ തേടിയെത്തിയിരിക്കുന്ന അമേരിക്കൻ പട്ടാളക്കാരൻ തിരുത്തലിന്റെ പ്രതീകമായ് നിലകൊള്ളുന്നു. തിരിച്ചറിവിന്റെയോ, ലക്ഷ്യപ്രാപ്തിയുടെയോ ഇടങ്ങളിലേക്ക് കഥാപാത്രങ്ങളെ നയിച്ചുകൊണ്ടാണ് സംവിധായകൻ ഈ ദൃശ്യാനുഭവത്തിന് തിരശ്ശീലയിടുന്നത്.


1 comment:

  1. തനിമയെ വിട്ടൊഴിയുന്ന സമൂഹമനസ്സിനെ അടയാളപ്പെടുത്തിയ ഇത്തരം കാഴ്ചകളിലൂടെയാണ് ഈ സിനിമ ശബ്ദിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ഉപേക്ഷിച്ചു പോയ മകളെ തേടിയെത്തിയിരിക്കുന്ന അമേരിക്കൻ പട്ടാളക്കാരൻ തിരുത്തലിന്റെ പ്രതീകമായ് നിലകൊള്ളുന്നു. തിരിച്ചറിവിന്റെയോ, ലക്ഷ്യപ്രാപ്തിയുടെയോ ഇടങ്ങളിലേക്ക് കഥാപാത്രങ്ങളെ നയിച്ചുകൊണ്ടാണ് സംവിധായകൻ ഈ ദൃശ്യാനുഭവത്തിന് തിരശ്ശീലയിടുന്നത്.

    ReplyDelete