FILM : DAWN OF WAR (2020)
GENRE : HISTORY !! THRILLER
COUNTRY : ESTONIA
DIRECTOR : MARGUS PAJU
വിസ്മയിപ്പിക്കുന്ന വസ്തുതകളാൽ സമ്പന്നമാണ് ചരിത്രം. പിറകിലേക്ക് തള്ളിമാറ്റിയെങ്കിലും നമ്മളിലേക്ക് പല രീതിയിൽ വന്നണയുന്ന യാഥാർത്യവുമാണ് ചരിത്രം. ചരിത്രത്തിലെ ഏടുകൾ സിനിമയുടെ ഫ്രെയിമുകളിലേക്ക് ചേക്കേറുമ്പോഴും ഭൂതകാലത്തിന്റെ കാഴ്ചകളോടൊപ്പം വിസ്മയാനുഭൂതിയുടെ നിമിഷങ്ങളും പ്രേക്ഷകന് സമ്മാനിക്കാറുണ്ട്. 1930-കളിലെ എസ്തോണിയൻ പശ്ചാത്തലത്തിൽ രണ്ടാം ലോകമഹായുദ്ധം പടിവാതിലിൽ എത്തിനിൽക്കുന്ന സാഹചര്യത്തിലുള്ള ചില ചരിത്ര വസ്തുതകളെയാണ് DAWN OF WAR എന്ന എസ്തോണിയൻ സിനിമ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഒരു എസ്പിയണാജ് ത്രില്ലർ എന്ന് പറയാവുന്ന സിനിമയിൽ ഫെലിസ് കാങ്ർ എന്ന എസ്തോണിയൻ ഇന്റലിജൻസ് ഓഫിസർ തന്റെ ചുറ്റിലുമുള്ളവർക്കിടയിൽ നിന്നും ഒരു ചാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് . ശത്രുവാരെന്നോ, മിത്രമാരെന്നോ തിരിച്ചറിയാനാവാത്ത വിധം കഥാപാത്രങ്ങളും, അവരുടെ ചെയ്തികളും , ഭാവങ്ങളും നിറയുന്ന സിനിമയിൽ ഉന്നത അധികാരികളുടെ സമ്മർദം മാത്രമല്ല ഫെലികിനെ ഈ ഉദ്യമത്തിലേക്ക് വലിച്ചടുപ്പിക്കുന്നത്. അയാൾക്ക് അയാളുടേതായ കാരണങ്ങളുണ്ടെന്നത് സിനിമയിൽ ഫ്ലാഷ് ബാക്കുകളിലേക്ക് തെന്നിപ്പോവുന്ന ഫ്രെയിമുകൾ വ്യക്തമാക്കുന്നു. കഥ പറയുന്ന കാലഘട്ടത്തെ നല്ല രീതിയിൽ സ്‌ക്രീനിലേക്കെത്തിക്കുന്ന സിനിമ നല്ല ഒരു അനുഭവം തന്നെയാകുന്നു