FILM : CLANDESTINE CHILDHOOD (2011)
GENRE : HISTORY!!! DRAMA
COUNTRY : ARGENTINA
DIRECTOR : BENJAMIN AVILA
ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുന്ന സിനിമകൾ കാണുമ്പോൾ സിനിമ സമർത്ഥിക്കാൻ ഉദ്ദേശിക്കുന്നതെന്ത് എന്ന ജിജ്ഞാസയുണ്ടാകാറുണ്ട്. സിനിമ ഒരു പഠനോപാധിയാകുന്ന ഇത്തരം കാഴ്ച്ചകളിൽ വീക്ഷണങ്ങളും, വിശകലനങ്ങളും വസ്തുതകളുമായി സ്വരച്ചേർച്ചയിൽ എത്തുന്നുണ്ടോ എന്ന സംശയവും ദുരീകരിക്കേണ്ടതായി വരും. 1970-കളിൽ അർജന്റീനയിലെ മിലിട്ടറി ഭരണത്തിന്റെ പശ്ചാത്തലത്തിൽ വിപ്ലവകാരികളുടെ കുടുംബ ജീവിതത്തിന്റെ ഏടുകളിലേയ്ക്ക് വെളിച്ചം വിതറുന്ന സിനിമയാണ് CLANDESTINE CHILDHOOD. "RESISTANCE MOVEMENT" പ്രമേയമായുള്ള സിനിമകളിൽ നിന്ന് വിഭിന്നമായി ബാല്യത്തിന്റെ കണ്ണിലൂടെ ഗൌരവതരമായ പ്രമേയത്തെ അവതരിപ്പിക്കുന്നു ഈ സിനിമ. നിശ്വാസങ്ങളിൽ പോലും പോരാട്ടവും, മരണവും, സ്വാതന്ത്ര്യവും അനുഭവിക്കാവുന്ന ദിനങ്ങളിൽ പ്രണയത്തിന്റെ നനുത്ത സ്പർശം "ഏർണസ്ടോയെ" തലോടുന്ന മനോഹാരിതയിൽ വിപ്ലവത്തെ നമ്മുടെ കാഴ്ചയിൽ നിന്ന് മറയ്ക്കാതെ തന്നെ പിറകിൽ നിർത്താൻ സിനിമയ്ക്ക് കഴിയുന്നു. പ്രാദേശികതയ്ക്കപ്പുറം ആസ്വാദ്യകരമാകുന്ന തരത്തിൽ സ്വീകാര്യത ആർജ്ജിക്കാൻ സിനിമയെ പ്രാപ്തമാക്കിയ ഘടകവും ഇത് തന്നെയാവണം. രഹസ്യങ്ങൾക്കിടയിൽ കുരുത്ത ബാല്യം സൃഷ്ടിച്ച മറകൾക്കുള്ളിലകപ്പെട്ട ഏർണസ്ടോയുടെ മനസ്സിന്റെ അകത്തളങ്ങളിലേക്കുള്ള പ്രണയത്തിന്റെ അധിനിവേശം പക്വതയുടെയും, പ്രകടന പരതയുടെയും അളവുകൾക്കതീതമായ പ്രണയ സൗന്ദര്യം പൊഴിക്കുന്നു. സിനിമയുടെ മിടിപ്പുകൾക്കൊപ്പം സ്പന്ദിച്ച പശ്ചാത്തല സംഗീതവും വളരെ മികച്ച അനുഭവമേകുന്നു.
സംവിധായകന്റെ ജീവിതാംശങ്ങൾ അടങ്ങിയ ഈ സിനിമ വേദനകളും, നഷ്ടങ്ങളും സമ്മാനിച്ച ഒരു കാലഘട്ടത്തിന്റെ വേറിട്ട അടയാളപ്പെടുത്തലാകുന്നു.
സംവിധായകന്റെ ജീവിതാംശങ്ങൾ അടങ്ങിയ ഈ സിനിമ വേദനകളും, നഷ്ടങ്ങളും സമ്മാനിച്ച ഒരു കാലഘട്ടത്തിന്റെ വേറിട്ട അടയാളപ്പെടുത്തലാകുന്നു.